Friday, August 10, 2007

തപാല്‍ ശിപായി

ഞാന്‍ കരുണാകരന്‍ നായര്‍.കഴിഞ്ഞ നാലു പതിറ്റാണ്ട്‌ കാലം തപാല്‍ ഉരുപ്പടികള്‍ സമയോചിതമായി എന്റെ നാട്ടുകാര്‍ക്ക്‌ എത്തിച്ചു കൊണ്ടിരുന്ന ഒരു തപാല്‍ ശിപായി.സത്യത്തില്‍ ഞങ്ങള്‍ തപാല്‍ ശിപായിമാര്‍ അല്ലേ നാടിന്റെ ഹ്യദയസ്പന്ദനം ഓരോ നിമിഷവും അറിയുന്നത്‌.ഇന്നത്തെ അവസ്ഥയല്ല പറഞ്ഞു വരുന്നത്‌. ഇന്ന് ഇമെയിലും,ചാറ്റും,എസ്‌ എം എസും ഉള്ളപ്പൊ തപാല്‍ ശിപായിമാര്‍ക്ക്‌ യാതൊരു പ്രാധാന്യവുമില്ലല്ലോ. എന്റെ വരവുകാത്തിരിക്കുന്ന എത്രയോപേരൊരുകാലത്തു ഈ നാട്ടിലുണ്ടായിരുന്നെന്നറിയാമോ?,
"എന്റെ കുട്ടീടെ കത്തു വന്നിട്ടൊണ്ടോ കണാരാ?.അവന്റെ ഒരു വിവരവുമില്ലല്ലോ ന്റീശ്വരാ.. നീ തിരികെ വരുമ്പൊ ഇങ്ങോട്ടെന്ന് കേറണേ ,ഞാന്‍ ഇല്ലാന്റ്‌ വാങ്ങി വച്ചിട്ടൊണ്ട്‌"
കാര്‍ത്ത്യായനി തള്ളയുടെ വിളിയാ കേട്ടത്‌. പാവം ഒറ്റയ്ക്കാ താമസിക്കുന്നത്‌.മരുമകള്‍ ശശികല മരിച്ചിട്ട്‌ രണ്ടു കൊല്ലം തികയുന്നു.മഞ്ഞപിത്തം കൂടിയാ മരിച്ചത്‌. എന്തായിരുന്നു അവളുടെ ഒരു സൌന്ദര്യം? ഇതു വഴി പോകുമ്പോള്‍ എന്നെ കാത്തിരിക്കുന്ന അവളെ കാണുന്നത്‌ എനിക്കുമൊരു ഹരമായിരുന്നു.മരിക്കുമ്പോള്‍ ഭര്‍ത്താവ്‌ രാഘവന്‍ ജോലിസ്ഥലത്തായിരുന്നു. കമ്പിയടിക്കാന്‍ ഞാനായിരുന്നല്ലോ പട്ടണത്തില്‍ പോയത്‌.അല്ല എന്നിട്ടെന്താ പ്രയോജനം?, രാഘവനു വരാന്‍ പറ്റിയില്ലല്ലോ, അതിര്‍ത്തിയിലെവിടെയോ ഡ്യൂട്ടിയിലാരുന്ന രാഘവനെ വിവരം അറിയിക്കാന്‍ അല്‍പം താമസമുണ്ട്‌,ക്ഷമിക്കുക എന്നായിരുന്നു ഹെഡ്‌ ഓഫിസില്‍ നിന്നും കിട്ടിയ വിവരം. അങ്ങനെ അവസാനമായി പോലും അവളെ ഒന്നു കാണാന്‍ രാഘവനായില്ല.തിരികെ പോകുമ്പോള്‍ തള്ളയുടെ വീട്ടിലൊന്നു കേറണം.രാഘവനെഴുതുമ്പൊള്‍ വന്നു മറ്റൊരു കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കണം.അല്ലെങ്കിതന്നെ ഈ ബന്ധത്തില്‍ കുട്ടികളൊന്നുമില്ലല്ലോ. അതൊരു കണക്കിനുപറഞ്ഞാ ഭാഗ്യം .
അല്ല രാത്രിയിലെ മഴ വയലുകളെ ഒന്നു മാറ്റിയെടുത്തിട്ടുണ്ടല്ലോ. തോടു നിറച്ചും വെള്ളമാണല്ലോ.സൈക്കിള്‍ ഇവിടെ വച്ചിട്ട്‌ ആ കുഞ്ഞു വരമ്പിലൂടെയാ ഇനിയുള്ള നടത്തം. അങ്ങേക്കരയില്‍ ഒരു റോഡുണ്ട്‌.ഇവിടെ മണ്ണിട്ടു റോഡ്‌ പണിയാന്‍ പോകുന്നുവെന്ന് പറഞ്ഞിട്ട്‌ കാലം കുറെയായി. ഹും സര്‍ക്കാരിന്റെ കാര്യമല്ലേ നടക്കുമ്പോ നടന്നു.
"ഹ നട കാളേ...ഇമ്പ ഇമ്പ" ഖാദറുമോലാളീടെ ശബ്ദമാ കേട്ടത്‌."ഇന്നെന്താ കാളെയുംകൊണ്ട്‌ ഒറ്റയ്ക്കിറങ്ങീരിക്ക്യാ"."അല്ലാ കണാരനോ? എന്തു പറയാനാ മഴപെയ്തതോടുകൂടി പണിക്കാരെ കിട്ടാനില്ലാതായി, ആ കേശവന്‍ വരാന്നേറ്റതാ, കാലത്തെ ആളെ വിട്ടിരിക്കുന്നു അവനു സുഖമില്ലാന്ന്.."
അല്ല ആ ഇടവഴിയില്‍ തന്നെ നില്‍പുണ്ടല്ലോ റോസകുട്ടി. ഇളം ചുമപ്പ്‌ പവാടയും, കറുത്ത ബ്ലൗസും ഇളം മഞ്ഞ ഹാഫ്‌ സാരിക്കുള്ളില്‍ മറച്ചു വച്ചിരിക്കുന്ന കുഞ്ഞുമാറും.കല്യാണനിശ്ചയം കഴിഞ്ഞെപിന്നെ പെണ്ണിത്തിരി തെളിഞ്ഞിട്ടുണ്ട്‌.
റോസകുട്ടിടെ കല്യാണനിശ്ചയം രണ്ടുമാസം മുമ്പ്‌ കഴിഞ്ഞതാണു. പയ്യന്‍ ഗല്‍ഫിലാന്നാ കേട്ടത്‌.രണ്ടാഴ്ച മുമ്പ്‌ ഞാനിതുവഴി വന്നപ്പോള്‍ ഇതുപോലെ അവളിവിടെ നില്‍പ്പുണ്ടായിരുന്നു.
"എഴുത്തുണ്ടോ കണാരേട്ടാ? "എന്ന ചോദ്യയവുമായി
“എന്റെ കുട്ടിയെ ണ്ടെങ്കി ഞാന്‍ തന്നെ അങ്ങു കൊണ്ടു തരില്ലെ? കുട്ടിയെന്തിനാ ഇവിടെ വന്നു നില്‍ക്കുന്നെ?"
"അതല്ല എനിക്കു കത്തെഴുതാന്ന് പുള്ളിക്കാരന്‍ പറഞ്ഞിട്ടുണ്ടായിരുന്നു അമ്മച്ചി അറിയാതെ അതെന്റെ കയ്യില്‍ തന്നെ തരണമെന്ന് പറയാനാ ഞാനിവിടെ കണാരേട്ടനെ കാത്തു നിന്നേ.."
ഞാനൊന്നു ചിരിച്ചു....
"എന്താ കണാരേട്ടന്‍ ഒന്നും പറയാത്തെ ചുമ്മാ വേണ്ട, കത്തൊന്നിനു നാലണ വച്ചു തരാം."
അങ്ങനെ ആ കരാര്‍ തുടങ്ങി. ഖത്തറിലെ ബേബ്ബിച്ചായന്‍ റോസകുട്ടിക്ക്‌ കത്തെഴുതേണ്ടത്‌,ഇപ്പൊ റോസകുട്ടിക്കെന്നതു പോലെ എന്റെയും ആവശ്യമാണു. ഇന്നിപ്പോ ഒരു കത്തുണ്ട്‌.പക്ഷേ ചോദിച്ചപാടെ അങ്ങു കൊടുത്താല്‍ ഈ പെണ്ണിന്റെ ചിണുങ്ങല്‍ കേള്‍ക്കാന്‍ പറ്റില്ലല്ലോ.അതെ അതും എനിക്കൊരു രസമാണു.
"ഇന്നും റോസയ്ക്കു കത്തൊന്നുമില്ലേ കണാരേട്ടാ?"
"എന്റെ കുട്ട്യേ പുള്ളിക്കാരന്‍ അയച്ചാലല്ലെ കണാരേട്ടനു കൊണ്ടുതരാന്‍ പറ്റൂ. അവിടത്തെ തിരക്കിനിടയില്‍ പുള്ളിക്കാരനു റോസകുട്ടിയെ ഓര്‍ക്കാന്‍ എവിടാ സമയം? "
റോസകുട്ടിയുടെ മുഖം വാടി,പിന്നെ മുഖത്തേക്കു വീണ മുടി പിന്നിലൊതുക്കികൊണ്ടു തലയും കുനിച്ച്‌ തിരിഞ്ഞു നടക്കാന്‍ തുടങ്ങി.
"അതേ റോസാമേരിക്ക്‌ ഒരു എയര്‍മെയിലുണ്ട്‌ പോന്നവഴിക്ക്‌ ഒന്നു കൊടുത്തേക്കാമോ?"
മുഖത്തു വെട്ടം വീണു.ദാ പാഞ്ഞുവരുന്നു.
" നില്‍ക്ക്‌ നില്‍ക്ക്‌ ആദ്യം കരാര്‍ പ്രകാരമുള്ള നാലണ എടുക്കട്ടെ, പിന്നെയാവാം കത്തു കൈപ്പറ്റുന്നത്‌."
റോസക്കുട്ടി തന്റെ കുഞ്ഞു മണിപേഴ്സ്‌ തുറന്നു. നാലണ എടുത്തു നീട്ടി.ഞാനതു വാങ്ങി പോക്കറ്റിലിട്ടു. മനപൂര്‍വ്വം ബാഗിനുള്ളിലെ കത്തുകള്‍ പരതി.അവളുടെ മുഖത്തെ ആകാംഷ കാണാന്‍ എന്തു രസമാണെന്നോ?.
അല്ലെങ്കിലും എനിക്കറിയില്ലെ റോസകുട്ടീടെ കത്തെവിടെയാ ഞാന്‍ മാറ്റി വച്ചിരിക്കുന്നതെന്ന്.

8 comments:

SUNISH THOMAS said...

നന്നായിട്ടുണ്ട്. തേങ്ങ എന്‍റെ വക.

മാണിക്യം said...

ഈമെയിലും മൊബയിലും ഇല്ലാതിരുന്നാഒരു കാലത്തു അന്നും അസ്തിയേ പിടിച്ചാ പ്രണയങ്ങളുണ്ടായിരുന്നു,മയൂര സന്ദേശങ്ങളും മേഘസന്ദെശങ്ങളും കൈ മാറുന്നഹൃദയങ്ങളുടെ നടുവില്‍ തിളങ്ങിയാ ആ തപാല്‍ ശിപായി എത്ര എത്ര സ്വപനങ്ങള്‍ കൈ മാറി.. ..നന്നായി കണാരെട്ടനെ ഒര്‍മ്മിച്ചതു, എത്രയൊ നിറം പിടിപ്പിച്ചാ പ്രണയങ്ങളുടെ നടും തൂണായിരുന്നു കണാരെട്ടന്മാര്‍,.കത്തെഴുതുകെം വയിചു കെള്‍പ്പിക്കുകയും..പ്രണയങ്ങള്‍ക്ക നിശബ്ദസാക്ഷ്യത്വം വഹിക്കുകയും ചെയ്താകണരേട്ടന്മാര്‍ക്ക് അഭിവാദ്യ്ങ്ങള്‍ കനല്‍ ചൂടാവട്ടെ!

ജോസ്‌മോന്‍ വാഴയില്‍ said...

ഹേയ് മൂസാക്കാ.... കലക്കി... എനിഷ്‌ടപ്പെട്ടു...!! ഞാനറിഞ്ഞില്ലാ മൂസാക്കയിലൊരു എഴുത്തുകാരന്‍ ഉറങ്ങി കിടക്കുന്നത്...!!! ബാക്കിയുണ്ടെന്നറിഞ്ഞു... വേഗം അതും എഴുതണേ...!!!!

വായിക്കാനുള്ള ആക്രാന്തം കൊണ്ടാ...!!!

പൂച്ച സന്ന്യാസി said...

മൂസക്കാ, തുടക്കം ഉഗ്രന്‍ ! മനസ്സിലുള്ളത് കുറച്ചുകൂടി ഭാവനയില്‍, പുറം ലോകത്തിന് കാട്ടികൊടുക്കുക.ആ സംത്യപ്തി ഒന്ന് വേറെ തന്നെ, എല്ലാ ഭാവുകങ്ങളും...

കനല്‍ said...

നന്ദി കമന്റിയ എല്ലാവര്‍ക്കും

ഹരിയണ്ണന്‍@Hariyannan said...

കനലെരിയുന്നതുകാണാന്‍ നല്ലഭംഗി...
എഴുത്തിനും കനലിന്റെ ഭംഗി..


ഇനിയൊരു സംശേം...പുള്ളേ ഈ കനലില് തന്ന അല്ലേടേ നമ്മള് പപ്പടം ചുടണതും....?!ഹിഹി

Anonymous said...

hi

നരിക്കുന്നൻ said...

തപാൽ ശിപായി കലക്കി. ഇമെയിലും ഇന്റർനെറ്റും എസ്.എം.എസും ഒക്കെ വളർന്ന് പന്തലിച്ചെങ്കിലും പോസ്റ്റുമാന്റെ കയ്യിൽ നിന്നും സ്വന്തം മേല്വിലാസത്തിൽ വരുന്ന കത്ത് കൈപറ്റുക ഒരു രസം തന്നെയാ. ഒരു രോമാഞ്ചം.

മലയാളം ടൈപ്പ് ചെയ്യാന്‍?