Wednesday, December 12, 2007

ഞാന്‍ സ്വര്‍ഗ്ഗത്തില്‍....

ഇതൊരു വെറും കഥയല്ല ....സംഭവകഥയാണ്.

ഞാന്‍ മുംബയിലായിരുന്ന കാലത്ത് എന്റെ കൂടെ ജോലി ചെയ്തിരുന്ന സുഹ്യത്തിന്റെ അനുഭവ കഥ.രണ്ടു ദിവസം ജോലിക്ക് വരാതിരുന്ന അവന്‍ മൂന്നാം നാള്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞ കഥ.പൊതുവേ മദ്യത്തിനെ പ്രണയിക്കുന്ന എന്റെ സുഹ്യത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ..“ ടാ ഞാന്‍ ഉച്ചയ്ക്ക് 2 മണിക്കേ തുടങ്ങി. ശനിയാഴ്ച ബാക്കിയിരുന്നതില്‍ 2 പെഗ്ഗ് അടിക്കാനുള്ളതുണ്ടായിരുന്നു. അപ്പഴാ ജോസിന്റെ വിളി ഇന്ന് ലവന്റെ ബര്‍ത്തഡേയാണ് ക്യത്യം 4 മണിക്ക് അന്ദേരി സ്റ്റേഷനില്‍ അവനെത്തുമെന്ന് ഞാന്‍ പോയി പിക്ക് ചെയ്യണമെന്ന്. പിന്നെ ഏതെങ്കിലുമൊരു ബാറില്‍ പോയി ആഘോഷിക്കാമെന്ന് .
ഞാന്‍ ക്യത്യം 4 മണിക്ക് സ്റ്റേഷനില്‍ ഹാജരായി. അല്ലേലും മദ്യപിക്കാന്‍ ആരു വിളിച്ചാലും ക്യത്യ നിഷ്ട ഞന്‍ പാലിക്കും.
ലവന്‍ വന്നപ്പോ 5 മണി കഴിഞ്ഞു. തെറി പറയാന്‍ തുടങ്ങുമ്പോഴേക്കും അവന്‍ വായ പൊത്തി.
പ്ലീസ് ടാ നല്ല ദിവസമായിട്ട്...
പിന്നെ ഞാനെന്റെ ഇരുചക്രം സ്റ്റാര്‍ട്ട് ചെയ്തു. മാന്യന്മാരായ ഞങ്ങള്‍ ജന്മദിനങ്ങള്‍ ആഘോഷിക്കാറുള്ള തറവാട്ടമ്പലത്തില്‍ ആസനമുറപ്പിക്കാനുള്ള ലൊക്കേഷന്‍ ഫിക്സ് ചെയ്തു.അമ്യത് ഗ്ലാസുകളില്‍ നിറയാന്‍ തുടങ്ങി.പിന്നെ ഞങ്ങള്‍ പറക്കാനും. അവന്റെ ഓഫിസില്‍ പുതിയതായി വന്ന മഹിളാ രത്നത്തിന്റെ അംഗലാവണ്യം മുതല്‍ എന്റെ ഓഫിസിലെ മുരടനായ കിഷോറിനിട്ട് ഒരു തട്ട് കൊടുക്കാനുള്ള മാര്‍ഗം വരെ ചര്‍ച്ചാ വിഷയമായി.


സമയം 10മണി, ഇനി എന്റേ കൂട്ടിലേക്കു തന്നെ ചേക്കാറാമെന്ന് തീരുമാനമായി.വീണ്ടും എന്റെ ദ്വിചക്രവാഹനം സവാരിക്കു റെഡിയായി. മുന്നോട്ട് അവന്‍ ഒഴുകി നീങ്ങുകയായിരുന്നു കൊതുമ്പു വള്ളം പോലെ. മുംബയിലെ റോഡുകള്‍ മഴപെയ്യാതെ വെള്ളം നിറഞ്ഞിരുന്നു. ബസുകള്‍ക്ക് ടയറില്ലായിരുന്നു. അതേ അവയും പായി കപ്പല്‍ പോലെ നീങ്ങുന്നു.എന്റെ കണ്ണുകള്‍ ആരോ തിരുമ്മി അടയ്ക്കുന്നതു പോലെ. മുന്നിലതാ സൈലന്റായി ഒരു ബോട്ട് എനിക്കു നേരെ വരുന്നു. എന്നാ വലത്തോട്ടല്പം മാറ്റി വിട്ടു കളയാം

ടപ്പ്. ഇവിടെയും കല്ലടയാറ്റിലെ പോലെ പാറയോ?
**************************************************************

മരണം ഉറക്കത്തേ പോലയാണെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ആ ഉറക്കത്തിലാണ്. കണ്ണ് തുറക്കാന്‍ ശ്രമിച്ചു.കണ്ണ് എനിക്കില്ലേ?ഞാനിപ്പോള്‍ ആത്മാവ് മാത്രമായിരിക്കുന്നു. എന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നടന്നു കാണുമോ? എന്റെ ബോഡി നാട്ടിലെത്തിച്ചിട്ടുണ്ടാവുമോ?നൂറില്‍പ്പരം സംശയങ്ങള്‍ എന്റെ ആത്മാവിനുണ്ടായി തുടങ്ങി. ചെയ്ത പാവങ്ങള്‍ വച്ചു നോക്കിയാല്‍ നരക കവാടത്തിനു മുമ്പിലാവും ഞാന്‍.എങ്കിലും എന്നെ പറ്റി ഓര്‍ത്ത് ആരെങ്കിലും കരയാനുണ്ടാവുമോ വീട്ടില്‍.
എന്റെ ആത്മാവിന് കാഴ്ച ലഭിക്കാന്‍ തുടങ്ങി. ചുറ്റും ശോഭയാര്‍ന്ന പ്രകാശം . പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന പൂച്ചെടികള്‍ എന്ത് മനോഹരമായി നിരന്ന് നില്‍ക്കുന്നു.പുല്‍പ്പരപ്പുകളെ മനോഹരമായ രൂപങ്ങളില്‍ വെട്ടി ഒരുക്കിയിരിക്കുന്നു,
അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍. ഇഷ്ട ഭോജനം ലഭിക്കുന്ന സുന്ദരിമാരായ പെണ്ണുങ്ങള്‍ ഉള്ള സ്വര്‍ഗത്തില്‍ ഞാന്‍ . ദൈവമേ അപ്പോള്‍ ഞാന്‍ ചെയ്ത പാപങ്ങളൊന്നും അത്ര നിലവാരമുള്ള പാപങ്ങള്‍ ആയിരുന്നില്ല അല്ലേ?

പതുക്കെ ഞാന്‍ എഴുന്നേറ്റു. പുല്‍പ്പരപ്പുകള്‍ക്ക് അപ്പുറത്ത് ഒരു റോഡ്. റോഡില്‍ ഒരു ബസ് ങേ ബസ് നമ്പര്‍ .... ഇത് അന്ധേരി കുര്‍ല ബസ് അല്ലേ?അപ്പോള്‍ ....ഇത്.............

ഞാന്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണത് മുംബയിലെ ലീല ഹോട്ടലിന്റെ ഗാര്‍ഡനിലായിരുന്നുവെന്നും റോഡില്‍ വീണ ജോസിനെ ആരൊ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നും ആരുടെയും കണ്ണില്‍ പെടാത്ത ഞാന്‍ ഒരു രാത്രി ആ ഗാര്‍ഡനിലുറങ്ങിയെന്നും തിരിച്ചറിയാന്‍ അധികസമയം വേണ്ടി വന്നില്ല

Monday, August 20, 2007

കല്ലറയ്ക്കുള്ളിലെ ചലനം

ഞാനന്ന് 8 ലൊ 9 ലൊ പഠിക്കുന്നു.എന്റെ വീടിന്റെ മുന്നില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയാണ്.അതിന്റെ മുന്നിലായി അല്പം വിസ്ത്യതമായ മുറ്റമുണ്ട്.പള്ളിയില്‍ പ്രാര്‍ത്ഥനപരിപാടികള്‍ ഇല്ലാത്ത സമയങ്ങളില്‍ ഞങ്ങള്‍ കുട്ടികള്‍ മടലും, പന്തുമായി വന്നു ക്രിക്കറ്റ്, ചിലപ്പോ കിളിത്തട്ട്, സെവന്‍ഡീസ് , കുഴിപ്പന്ത്, കുട്ടിയുംകോലും തുടങ്ങിയ കളികള്‍ കൊണ്ട് ക്രിസ്തുരാജനെ സന്തോഷിപ്പിക്കും. അദ്ദേഹത്തിന്റെ മുഖത്തു നോക്കിയാ അറിയാം ഒരു ചിരി. അത് എത്രയോ പ്രാവശ്യം ഞാന്‍ കണ്ടിരിക്കുന്നു.

അന്ന് പതിവുപോലെ സ്കൂള്‍ കഴിഞ്ഞു അവിടെ കൂടി. അംഗ സംഖ്യ കുറവ്. ക്രിസ്തുവിനെ കൂടി കൂട്ടിയാലും കിളിത്തട്ടിന് ആളു തികയില്ല. ക്രിക്കറ്റിന് നോ ബാള്‍...ബാളില്ല. പിന്നെ വന്നവര്‍ സൊറ പറഞ്ഞിരുന്നു സമയം കളഞ്ഞു. ഈ ഒത്തുചേരല്‍ കല്ലറകള്‍ സ്ഥിതി ചെയ്യുന്ന സെമിത്തേരി ഭാഗത്തായിരുന്നു.സമയം കൊഴിഞ്ഞുകൊണ്ടിരുന്നു.

ഓരോരുത്തരായി കൂടണയാനായി പിരിയാന്‍ തുടങ്ങി. ഇപ്പോള്‍ ഞാനും രാജേഷും പിന്നെ ഒന്നും മിണ്ടാതെ ക്രിസ്തു രാജനും. എനിക്കു കുറച്ചു നേരം കൂടി ഇരിക്കണമെന്നു തോന്നി. എന്റെ ഇരിപ്പ് ജീവിച്ചിരുന്നപ്പോള്‍ ഉന്നതന്മാരായ വ്യക്തികളില്‍ പെട്ട ഒരാളുടെ കല്ലറയുടെ മുകളിലാണ്. കോണ്‍ക്രീറ്റ് കൊണ്ട് കെട്ടിപൊക്കി, മുകളില്‍ സുന്ദരിമാരായ രണ്ടു മാലാഖമാര്‍. ഇവര്‍ക്കിടയില്‍ സുന്ദരനാണെന്ന് സ്വയം പറയാറുള്ള ഞാന്‍ ആസനമുറപ്പിച്ചത്. “അണ്ണാ ഞാന്‍ പോവുകയാ”. എന്റെ കത്തിയടി നിന്നപ്പോ രാജേഷ് എഴുന്നേറ്റ് പൊടിയും തട്ടി ഇറങ്ങി.
അല്പനേരം കൂടി കഴിഞ്ഞ് വീട്ടിലേക്ക് ചേക്കാറാമെന്ന് തോന്നി എനിക്ക്. ഞാനെന്റെ ചിന്താമണ്ഡലങ്ങളില്‍ ,വോട്ട് തെണ്ടിയിറങ്ങുന്ന സ്ഥാനാര്‍ത്ഥിയെ പോലെ അലഞ്ഞു നടന്നു. സന്ധ്യ പകലിനെ വിഴുങ്ങാന്‍ തുടങ്ങി.
പെട്ടന്നാണത് സംഭവിച്ചത്. ഞാനിരുന്ന കല്ലറ ഒരു മുഴക്കത്തോടെ ഒന്നിളകിയത്.ഞാന്‍ ഞെട്ടിയെണീറ്റ് ചാടിയിറങ്ങി. പിന്നെ ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു.

വീടിനു മുന്നിലെത്തിയപ്പോഴാണ് ശ്വാസം വീണത്. തൊണ്ട വരണ്ടിരുന്നു. വെള്ളം കുടിക്കുമ്പോള്‍ , “എടാ തണുത്ത വെള്ളം ഇങ്ങനെ കുടിക്കാതെടാ, രാത്രി ചുമ ഇനിയും മാറിയിട്ടില്ല” എന്ന് അമ്മ പിറു പിറുക്കുന്നുണ്ടായിരുന്നു.പൂമുഖത്ത് എത്തിയപ്പോള്‍ പപ്പ ആരോടൊ സംസാരിക്കുന്നുണ്ടായിരുന്നു.
“ ഭൂമികുലക്കം ഞാന്‍ വണ്ടിയിലാരുന്നോണ്ട് അറിഞ്ഞില്ല ഇവിടെ എങ്ങനെ ഉണ്ടായിരുന്നു.”

എന്താണ് സംഭവിച്ചതെന്ന് എന്റെ ബുദ്ധിയില്‍ തെളിയാന്‍ തുടങ്ങിയത് അപ്പഴായിരുന്നു.

Sunday, August 19, 2007

ജന്നി

നാലു കൊല്ലം മുമ്പാണ് സംഭവം നടക്കുന്നത്.
എന്റെ മാമന് എന്റെ അതേ പ്രായമുള്ള ഒരു മകനുണ്ട്. ഞാന്‍ ടാ സൂറേന്ന് വിളിക്കും. സുധീര്‍.
പത്താം ക്ലാസ് രണ്ട് കോല്ലം കൊണ്ട് പഠിച്ച് ജയിച്ചു കാണിച്ചവന്‍. മാമന്റെ പെട്ടെന്നുള്ള മരണം കുടുംബകാര്യങ്ങള്‍ അവന്റെ ചുമലിലാക്കി. മാമന്‍ നടത്തി പോന്നിരുന്ന ഒരു സര്‍ക്കാര്‍ കാര്യാലയം അവന്‍ ഏറ്റെടുക്കേണ്ടി വന്നു. മറ്റൊന്നുമല്ല ഒരു റേഷന്‍ കട.

ഈ കട അല്പം ദൂരെയാണ് . വീട്ടില്‍ നിന്നു 45 കി മി അകലെ.പാവങ്ങള്‍ , കൂടുതലും ഗിരിജനങ്ങള്‍ മാത്രം ഉള്ള നാട്ടിലാണ് ഈ കട.പോകുന്ന വഴി ഒരു 6-7 കി. മീ ഓളം ഉള്‍വനപ്രദേശം. മൂകമായ അന്തരീക്ഷം. പൊട്ടി പൊളിഞ്ഞ റോഡ്.വൈദ്യുതി എന്നു പറഞ്ഞാല്‍ എന്താണ് എന്ന് അവിടുത്തെ കുട്ടികള്‍ക്ക് കേട്ടറിവ് മാത്രം.

ഈ സംഭവം ഒരു ഓണക്കാലത്തായിരുന്നു. അവിട്ടം നാള്‍ .ഓണക്കാല കലാപരിപാടികള്‍ സംഘടിപ്പിച്ച് ഷൈന്‍ ചെയ്യാമെന്ന എന്റെ ആഗ്രഹത്തിനെ മങ്ങലേല്പിച്ചു കൊണ്ട് എനിക്ക് വീട്ടുകാര്‍ ഒരു നിയോഗം ഏല്പിച്ചു.സൂറിനെ സഹായിക്കുക.പല ചവിട്ടുനാടകങ്ങളും എന്റെ മാതാപിതാക്കളുടെ മുമ്പില്‍ ചിലവാകില്ല എന്നു മനസിലായപ്പോള്‍ ,ഒടുവില്‍ ഞാന്‍ ആ കര്‍ത്തവ്യം ഏറ്റെടുത്തു.
സൂറിന്റെ കൂടെ കച്ചവടത്തില്‍ സഹായിക്കുക.ആളൊരു രസികനാണ്. തമാശകള്‍ നിസാരമായി വന്നുകൊണ്ടിരിക്കും.
അന്ന് കടയില്‍ തിരക്കൊഴിഞ്ഞപ്പോള്‍ 8മണി. നാളെ കച്ചവടമില്ല. പണം എണ്ണി നോക്കി 15000രുപയോളം. അപ്പോ പോകാം ഞാന്‍ തിരക്കു കൂട്ടി. ഉടനെ സൂറ്
“ഇന്നിനി പോകുന്നത് ശരിയല്ലാ. വനത്തിലൂടെ ഒറ്റയ്ക്ക് അതു ഇത്രയും രൂപയുമായി. ഇടയ്ക്കു
വച്ച് നമ്മൂടെ യമഹാ പണിമുടക്കിയാല്‍ .ആനയിറങ്ങുന്ന സ്ഥലമാ.”
ഇപ്പോള്‍ ഞാന്‍ ഞെട്ടി.
ഇല്ലാ എങ്കി നാളെ . പക്ഷെ എന്റെ ഓണാഘോഷ പരിപാടി ......... കാട്ടാന . ...........
ഒടുവില്‍ സൂറിന്റെ തീരുമാനത്തിനു വിട്ടു. കാട്ടു പ്രേതങ്ങളെ എങ്ങനേയും അഡ്ജസ്റ്റ് ചെയ്യാം.പക്ഷേ........കാട്ടാനകളുടെ മുന്നില്‍ എന്തു കാട്ടാനാ...
ആ ദിവസവും അവിടെ തങ്ങി. അതി രാവിലേ ഞങ്ങള്‍ യമഹാ പണിപ്പെട്ടു സ്റ്റാര്‍ട്ട് ചെയ്തു.മുന്നില്‍ ഞാനും പിന്നില്‍ ബാഗ് സുരക്ഷിതമായി പിടിച്ച് സൂറും. ഞങ്ങള്‍ വനത്തിലേക്കു പ്രവേശിച്ചു. സമയം 5 :30 എന്നാലും വനത്തിനുള്ളില്‍ അര്‍ദ്ധരാത്രിപോലെ .യമഹായുടെ ഹെഡ് ലയിറ്റ് നന്നായി പ്രകാശിക്കുന്നുണ്ട്. പക്ഷെ റോഡിന്റെ ഗുണം കൊണ്ട് 29- 30 ആണ് സ്പീഡ്. (ഊഹകണക്കാ) .
പുറകില്‍ ഒരു വാഹനത്തിന്റെ ശബ്ദം കേട്ടതു പോലെ ....മഞ്ഞുപിടിച്ച റിയര്‍വ്യൂ മിറര്‍ ഒന്നും വ്യക്തമാവുന്നില്ല.
“ സൂറെ ആരാടാ നമ്മടെ പിറകില്‍”
“നോക്കട്ടടാ”
"ടാ ഒരു ജന്നി"
ഞാന്‍ ഞെട്ടി യമഹാ ഇരച്ചു ആക്സിലേറ്റര്‍ ഇനിയും മേലോട്ടില്ല.
എന്നാലും എന്തായിരിക്കും ഈ ജന്നി. കാട്ടിലെ ഏതെങ്കിലും കുഴപ്പകാരായ
ജീവികളുടെ വിളിപ്പേരാകും. ഭയം കൊണ്ട് ചോദിക്കാനും പറ്റുന്നില്ല.
ആ 6 കി. മീ എങ്ങനെ കഴിഞ്ഞുവെന്ന് എന്റെ യമഹാക്കറിയാം,ഞാന്‍ ഞാന്‍ ഇന്നേ വരെ ചോദിച്ചിട്ടില്ല.
അതാ അവിടെ ഒരു ചായക്കട കുറെ ആളുകള്‍ ...അവിടെ നിറുത്തിരണ്ടു ചായക്കു പറഞ്ഞിട്ട് ഞാന്‍ റോഡിലേക്ക് നോക്കി ഒരു മിനിബസ് വന്ന് യമഹായ്ക്കടുത്ത് പാര്‍ക്ക് ചെയ്യുന്നു. അതില്‍ നിന്നും കുറെ സുന്ദരന്മാരും രണ്ട് മൂന്നുസുന്ദരിമാരും ഇറങ്ങി.
ഞാനതിന്റെ മുകളിലെ ബോര്‍ഡ് വായിച്ചു.
ജനനി നാടകട്രൂപ്പ്.

Friday, August 10, 2007

തപാല്‍ ശിപായി

ഞാന്‍ കരുണാകരന്‍ നായര്‍.കഴിഞ്ഞ നാലു പതിറ്റാണ്ട്‌ കാലം തപാല്‍ ഉരുപ്പടികള്‍ സമയോചിതമായി എന്റെ നാട്ടുകാര്‍ക്ക്‌ എത്തിച്ചു കൊണ്ടിരുന്ന ഒരു തപാല്‍ ശിപായി.സത്യത്തില്‍ ഞങ്ങള്‍ തപാല്‍ ശിപായിമാര്‍ അല്ലേ നാടിന്റെ ഹ്യദയസ്പന്ദനം ഓരോ നിമിഷവും അറിയുന്നത്‌.ഇന്നത്തെ അവസ്ഥയല്ല പറഞ്ഞു വരുന്നത്‌. ഇന്ന് ഇമെയിലും,ചാറ്റും,എസ്‌ എം എസും ഉള്ളപ്പൊ തപാല്‍ ശിപായിമാര്‍ക്ക്‌ യാതൊരു പ്രാധാന്യവുമില്ലല്ലോ. എന്റെ വരവുകാത്തിരിക്കുന്ന എത്രയോപേരൊരുകാലത്തു ഈ നാട്ടിലുണ്ടായിരുന്നെന്നറിയാമോ?,
"എന്റെ കുട്ടീടെ കത്തു വന്നിട്ടൊണ്ടോ കണാരാ?.അവന്റെ ഒരു വിവരവുമില്ലല്ലോ ന്റീശ്വരാ.. നീ തിരികെ വരുമ്പൊ ഇങ്ങോട്ടെന്ന് കേറണേ ,ഞാന്‍ ഇല്ലാന്റ്‌ വാങ്ങി വച്ചിട്ടൊണ്ട്‌"
കാര്‍ത്ത്യായനി തള്ളയുടെ വിളിയാ കേട്ടത്‌. പാവം ഒറ്റയ്ക്കാ താമസിക്കുന്നത്‌.മരുമകള്‍ ശശികല മരിച്ചിട്ട്‌ രണ്ടു കൊല്ലം തികയുന്നു.മഞ്ഞപിത്തം കൂടിയാ മരിച്ചത്‌. എന്തായിരുന്നു അവളുടെ ഒരു സൌന്ദര്യം? ഇതു വഴി പോകുമ്പോള്‍ എന്നെ കാത്തിരിക്കുന്ന അവളെ കാണുന്നത്‌ എനിക്കുമൊരു ഹരമായിരുന്നു.മരിക്കുമ്പോള്‍ ഭര്‍ത്താവ്‌ രാഘവന്‍ ജോലിസ്ഥലത്തായിരുന്നു. കമ്പിയടിക്കാന്‍ ഞാനായിരുന്നല്ലോ പട്ടണത്തില്‍ പോയത്‌.അല്ല എന്നിട്ടെന്താ പ്രയോജനം?, രാഘവനു വരാന്‍ പറ്റിയില്ലല്ലോ, അതിര്‍ത്തിയിലെവിടെയോ ഡ്യൂട്ടിയിലാരുന്ന രാഘവനെ വിവരം അറിയിക്കാന്‍ അല്‍പം താമസമുണ്ട്‌,ക്ഷമിക്കുക എന്നായിരുന്നു ഹെഡ്‌ ഓഫിസില്‍ നിന്നും കിട്ടിയ വിവരം. അങ്ങനെ അവസാനമായി പോലും അവളെ ഒന്നു കാണാന്‍ രാഘവനായില്ല.തിരികെ പോകുമ്പോള്‍ തള്ളയുടെ വീട്ടിലൊന്നു കേറണം.രാഘവനെഴുതുമ്പൊള്‍ വന്നു മറ്റൊരു കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കണം.അല്ലെങ്കിതന്നെ ഈ ബന്ധത്തില്‍ കുട്ടികളൊന്നുമില്ലല്ലോ. അതൊരു കണക്കിനുപറഞ്ഞാ ഭാഗ്യം .
അല്ല രാത്രിയിലെ മഴ വയലുകളെ ഒന്നു മാറ്റിയെടുത്തിട്ടുണ്ടല്ലോ. തോടു നിറച്ചും വെള്ളമാണല്ലോ.സൈക്കിള്‍ ഇവിടെ വച്ചിട്ട്‌ ആ കുഞ്ഞു വരമ്പിലൂടെയാ ഇനിയുള്ള നടത്തം. അങ്ങേക്കരയില്‍ ഒരു റോഡുണ്ട്‌.ഇവിടെ മണ്ണിട്ടു റോഡ്‌ പണിയാന്‍ പോകുന്നുവെന്ന് പറഞ്ഞിട്ട്‌ കാലം കുറെയായി. ഹും സര്‍ക്കാരിന്റെ കാര്യമല്ലേ നടക്കുമ്പോ നടന്നു.
"ഹ നട കാളേ...ഇമ്പ ഇമ്പ" ഖാദറുമോലാളീടെ ശബ്ദമാ കേട്ടത്‌."ഇന്നെന്താ കാളെയുംകൊണ്ട്‌ ഒറ്റയ്ക്കിറങ്ങീരിക്ക്യാ"."അല്ലാ കണാരനോ? എന്തു പറയാനാ മഴപെയ്തതോടുകൂടി പണിക്കാരെ കിട്ടാനില്ലാതായി, ആ കേശവന്‍ വരാന്നേറ്റതാ, കാലത്തെ ആളെ വിട്ടിരിക്കുന്നു അവനു സുഖമില്ലാന്ന്.."
അല്ല ആ ഇടവഴിയില്‍ തന്നെ നില്‍പുണ്ടല്ലോ റോസകുട്ടി. ഇളം ചുമപ്പ്‌ പവാടയും, കറുത്ത ബ്ലൗസും ഇളം മഞ്ഞ ഹാഫ്‌ സാരിക്കുള്ളില്‍ മറച്ചു വച്ചിരിക്കുന്ന കുഞ്ഞുമാറും.കല്യാണനിശ്ചയം കഴിഞ്ഞെപിന്നെ പെണ്ണിത്തിരി തെളിഞ്ഞിട്ടുണ്ട്‌.
റോസകുട്ടിടെ കല്യാണനിശ്ചയം രണ്ടുമാസം മുമ്പ്‌ കഴിഞ്ഞതാണു. പയ്യന്‍ ഗല്‍ഫിലാന്നാ കേട്ടത്‌.രണ്ടാഴ്ച മുമ്പ്‌ ഞാനിതുവഴി വന്നപ്പോള്‍ ഇതുപോലെ അവളിവിടെ നില്‍പ്പുണ്ടായിരുന്നു.
"എഴുത്തുണ്ടോ കണാരേട്ടാ? "എന്ന ചോദ്യയവുമായി
“എന്റെ കുട്ടിയെ ണ്ടെങ്കി ഞാന്‍ തന്നെ അങ്ങു കൊണ്ടു തരില്ലെ? കുട്ടിയെന്തിനാ ഇവിടെ വന്നു നില്‍ക്കുന്നെ?"
"അതല്ല എനിക്കു കത്തെഴുതാന്ന് പുള്ളിക്കാരന്‍ പറഞ്ഞിട്ടുണ്ടായിരുന്നു അമ്മച്ചി അറിയാതെ അതെന്റെ കയ്യില്‍ തന്നെ തരണമെന്ന് പറയാനാ ഞാനിവിടെ കണാരേട്ടനെ കാത്തു നിന്നേ.."
ഞാനൊന്നു ചിരിച്ചു....
"എന്താ കണാരേട്ടന്‍ ഒന്നും പറയാത്തെ ചുമ്മാ വേണ്ട, കത്തൊന്നിനു നാലണ വച്ചു തരാം."
അങ്ങനെ ആ കരാര്‍ തുടങ്ങി. ഖത്തറിലെ ബേബ്ബിച്ചായന്‍ റോസകുട്ടിക്ക്‌ കത്തെഴുതേണ്ടത്‌,ഇപ്പൊ റോസകുട്ടിക്കെന്നതു പോലെ എന്റെയും ആവശ്യമാണു. ഇന്നിപ്പോ ഒരു കത്തുണ്ട്‌.പക്ഷേ ചോദിച്ചപാടെ അങ്ങു കൊടുത്താല്‍ ഈ പെണ്ണിന്റെ ചിണുങ്ങല്‍ കേള്‍ക്കാന്‍ പറ്റില്ലല്ലോ.അതെ അതും എനിക്കൊരു രസമാണു.
"ഇന്നും റോസയ്ക്കു കത്തൊന്നുമില്ലേ കണാരേട്ടാ?"
"എന്റെ കുട്ട്യേ പുള്ളിക്കാരന്‍ അയച്ചാലല്ലെ കണാരേട്ടനു കൊണ്ടുതരാന്‍ പറ്റൂ. അവിടത്തെ തിരക്കിനിടയില്‍ പുള്ളിക്കാരനു റോസകുട്ടിയെ ഓര്‍ക്കാന്‍ എവിടാ സമയം? "
റോസകുട്ടിയുടെ മുഖം വാടി,പിന്നെ മുഖത്തേക്കു വീണ മുടി പിന്നിലൊതുക്കികൊണ്ടു തലയും കുനിച്ച്‌ തിരിഞ്ഞു നടക്കാന്‍ തുടങ്ങി.
"അതേ റോസാമേരിക്ക്‌ ഒരു എയര്‍മെയിലുണ്ട്‌ പോന്നവഴിക്ക്‌ ഒന്നു കൊടുത്തേക്കാമോ?"
മുഖത്തു വെട്ടം വീണു.ദാ പാഞ്ഞുവരുന്നു.
" നില്‍ക്ക്‌ നില്‍ക്ക്‌ ആദ്യം കരാര്‍ പ്രകാരമുള്ള നാലണ എടുക്കട്ടെ, പിന്നെയാവാം കത്തു കൈപ്പറ്റുന്നത്‌."
റോസക്കുട്ടി തന്റെ കുഞ്ഞു മണിപേഴ്സ്‌ തുറന്നു. നാലണ എടുത്തു നീട്ടി.ഞാനതു വാങ്ങി പോക്കറ്റിലിട്ടു. മനപൂര്‍വ്വം ബാഗിനുള്ളിലെ കത്തുകള്‍ പരതി.അവളുടെ മുഖത്തെ ആകാംഷ കാണാന്‍ എന്തു രസമാണെന്നോ?.
അല്ലെങ്കിലും എനിക്കറിയില്ലെ റോസകുട്ടീടെ കത്തെവിടെയാ ഞാന്‍ മാറ്റി വച്ചിരിക്കുന്നതെന്ന്.

മലയാളം ടൈപ്പ് ചെയ്യാന്‍?