Friday, July 17, 2009

ജീവസ്മരണകള്‍ 1



“നീ വരണുണ്ടോ മുത്തശ്ശീടെ കൂടെ തറവാട്ടിലേക്ക്? ഇപ്പോള്‍ സ്കൂളില്ലല്ലോ? രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ തന്നെ കൊണ്ടാക്കാം ഇവിടെ”

ഞാന്‍ തല കുലുക്കി. ഒറ്റ ദിവസം കൊണ്ട് മുത്തശ്ശിയുമായി അത്രയ്ക്ക് അടുത്തു പോയിരുന്നു ഞാന്‍.

“അവിടെ ആരൊക്കെയുണ്ടെന്ന് അറിയോ നിനക്ക്? അതെങ്ങനാ സ്വന്ത ബദ്ധങ്ങളെല്ലാം ഇട്ടെറിഞ്ഞ നിന്റെ അമ്മയ്ക്കും അച്ഛനും അതൊക്കെ പറഞ്ഞു തരാന്‍ സമയവും കാണില്ലല്ലോ?
ഹും .........ഞാനൊന്ന് ചോദിച്ചു നോക്കട്ടെ നിന്റെ അമ്മയോട്? ഒരു പേരക്കുട്ടി എന്ന അവകാശത്തില് എനിക്ക് രണ്ടു ദിവസം നിന്നെ ക്കൊണ്ട് താമസിപ്പിക്കാന്‍ കഴിയോന്നറിയില്ല കുട്ടിയേ?”
പിന്നെയും മുത്തശ്ശി വല്ലാണ്ട് സംസാരിച്ചു കൊണ്ടിരുന്നു. എനിക്കിഷ്ടമായിരുന്നു മുത്തശ്ശീടെ സംസാരം കേള്‍ക്കാന്‍. ചിലപ്പോള്‍ കഥകള്‍. പണ്ടത്തെ രാജാക്കന്മാരുടെ കഥകള്‍. അവരില്‍ ചിലരൊക്കെ ദൈവങ്ങള്‍ ആയിരുന്നു പോലും. മലയാള പാഠ പുസ്തകത്തില്‍ ചെറുശ്ശേരി ക്യഷ്ണനെ വര്‍ണ്ണിച്ച് പാടുന്ന പാട്ട്, ഒരിക്കല്‍ വീട്ടിലിരുന്ന് പഠിച്ചപ്പോള്‍ അച്ഛന്‍ ദേഷ്യപ്പെടുന്നതു കേട്ടു.
“ ഹും..ഭഗവാനാണു പോലും, ഇത്തരം വിഡ്ഡിത്തങ്ങളും നമ്മുടെ മോന്‍ പഠിക്കണമല്ലോന്നോര്‍ക്കുമ്പോഴാ”

“നമ്മളും ഇതൊക്കെ പഠിച്ചതല്ലേ ജലീല്‍?, ഇതൊക്കെ വിഡ്ഡിത്തങ്ങളാന്ന് മനസിലാക്കുന്നതു വരെ മോനും പഠിക്കട്ടെ” അമ്മയുടെ മറുപടി അച്ഛനെ തണുപ്പിച്ചു.

കുട്ടിക്കാലത്തു തന്നെ ഞാന്‍ മനസിലാക്കിയിരുന്നു അച്ഛന്റെയും അമ്മയുടെയും ശത്രുവാണ് ദൈവമെന്ന്. ഇരുവരുടെയും തറവാട്ടുമായി ഒരു ബദ്ധവുമില്ലാത്ത കുടുംബമായിരുന്നു ഞങ്ങളുടേത്. കോളേജില്‍ വച്ച് കണ്ടുമുട്ടി തന്നിഷ്ടപ്രകാരം വിവാഹിതരായവരാണ് അച്ഛനും അമ്മയുമെന്ന് മാത്രമേ എനിക്കറിയാവൂ.

അമ്മയോടൊപ്പം കാറില്‍ വരുമ്പോഴായിരുന്നു മുത്തശ്ശിയും ഒരു പെണ്‍കുട്ടിയുംകൂടി നടന്നുപോകുന്നത് കണ്ടത്. അമ്മ വണ്ടി നിറുത്തി മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു. അമ്മയെ ഒരു നിമിഷം നോക്കിയിട്ട് മുത്തശ്ശി കെട്ടി പിടിക്കുകയായിരുന്നു.പിന്നെ എന്നെ നോക്കിയ മുത്തശ്ശി എന്റെ കയ്യില്‍ പിടിച്ചു. അപരിചതത്ത്വമാകാം ഞാന്‍ കയ്യ് പിന്നോട്ട് വലിച്ചു.

“പൊയ്ക്കോടാ... ഇതാ നിന്റെ മുത്തശ്ശി, നീ പറയാറില്ലെ ജീവ, നിനക്ക് മാത്രം മുത്തശ്ശിയും ആന്റിയും അങ്കിളുമൊന്നുമില്ലേയെന്ന്?”

മുത്തശ്ശിയോട് ചേര്‍ന്ന് നില്‍ക്കാതിരിക്കാന്‍ പിന്നെ ബലപ്രയോഗമൊന്നും നടത്തിയില്ല. മുത്തശ്ശി എന്റെ നെറുകയില്‍ ഉമ്മ വച്ചു.

അമ്മയും മുത്തശ്ശിയും പിന്നെ ഒരുപാട് സംസാരിച്ചു.അനിതേച്ചി എന്നോടും സംസാരിച്ചു. നീണ്ടമുടിയുള്ള നെറ്റിയില്‍ ചന്ദനം തൊട്ട അനിതേച്ചി എന്റെ കസിനാണെന്ന് അമ്മ പറഞ്ഞു തന്നു.അനിതേച്ചി ഏഴിലാണ് പഠിക്കുന്നത്, ഇനി എട്ടിലാവും. ഞാന്‍ മൂന്നിലായിരുന്നു വെക്കേഷന്‍ കഴിഞ്ഞാല്‍ നാലിലാവുമെന്ന് പറഞ്ഞപ്പോള്‍ അനിതേച്ചി ചിരിച്ചു.
പിന്നെ കയ്യിലിരുന്ന പൊതി അഴിച്ച് പായസം പോലെ ഒന്ന് എന്റെ കയ്യില്‍ തന്നു. അവര്‍ അമ്പലത്തില്‍ പോയി വരികയാണത്രേ. ആ പായസം അമ്പലത്തിലെ പ്രസാദമാ‍ണെന്ന് അനിതേച്ചി.

“എന്നും അമ്പലത്തില്‍ പോയാ എന്നും കിട്ട്വോ ഇത്?”
എന്റെ ചോദ്യം കേട്ട് അനിതേച്ചി ചിരിച്ചു.

“നീ പായസകൊതിയനാ?”

“ഞാന്‍ അമ്പലത്തില്‍ പോയിട്ടില്ല... അതോണ്ട് ചോദിച്ചതാ.” ഞാന്‍ ന്യായികരിച്ചു.

“അമ്മയ്ക്കൊന്ന് രണ്ടു ദിവസം എന്റെ കൂടെ വന്ന് നില്‍ക്കാന്‍ സാധിക്കുമോ? ഏട്ടനോട് ചോദിക്കണമായിരിക്കും. എനിക്ക് തോന്നുന്നത് ഏട്ടനിപ്പോ എന്നോട് പഴയ വിരോധമൊന്നും ഇല്ലെന്നാ. ഞാനൊരിക്കല്‍ കണ്ടിരുന്നു. പാര്‍ട്ടിയുടെ വനിതാ സമ്മേളനത്തിന്റെ സ്റ്റേജില്‍ ഞാന്‍ വേദിയിലായിരുന്നു ഞാന്‍ . ഏട്ടന്‍ വേദിക്കരികിലുള്ള റോഡില്‍ നിന്ന് എന്നെ നോക്കുന്നത് കണ്ടു. ഞാന്‍ കണ്ടപ്പോഴേക്കും മുഖം തിരിച്ചു നടന്നകന്നു.”

“ഇല്ല ഇപ്പോള്‍ അവന്‍ നിന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കാറില്ല. മുന്‍പോക്കെ ദേഷ്യത്തോടെ നിന്നെ പറ്റി പറയുമായിരുന്നു. നീയുണ്ടാക്കിയ മാനക്കേട് ചില്ലറയല്ലല്ലോ?”

“അമ്മേ മാനവും അഭിമാനവുമെല്ലാം മനുഷ്യന്‍ തന്റെ അഹങ്കാരം ചേര്‍ത്ത് കെട്ടിപടുക്കുന്ന ചില്ലുകൊട്ടാരങ്ങളാ... നമുക്കത് വിടാം, അമ്മയ്ക്ക് ഒന്ന് വരാന്‍ പറ്റ്വോ...ഒന്ന് രണ്ട് ദിവസം എന്റെ കൂടെ നില്‍ക്കാന്‍?”

“ഞാന്‍ വരാടീ... പക്ഷെ ഞാന്‍ അവനോടൊന്ന് ചോദിക്കട്ടെ, നിന്റെ ഏട്ടനോട്?”

“ഏട്ടന്‍ സമ്മതിച്ചാല്‍ ദേ.. ഇവളെ കൊണ്ട് എന്നെ ഒന്ന് വിളിപ്പിക്കൂ..” അനിതേച്ചിയുടെ ചെള്ളയിലൊന്ന് നുള്ളിക്കൊണ്ട് അമ്മ തുടര്‍ന്നൂ.
“ നീയങ്ങ് വളര്‍ന്നല്ലോടി...ങും വല്യ പെണ്ണായി പോയി . ഇന്നാള്‍ക്കെന്റെ മടിയില്‍ മൂത്രമൊഴിച്ചോളാ”
അനിതേച്ചി നാണത്തോടെ പുഞ്ചിരിച്ചു


മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ അനിതേച്ചി വിളിച്ചു. മുത്തശ്ശി വീട്ടിലേക്ക് വരുന്നുവെന്ന് കേട്ടപ്പോള്‍ അമ്മ വളരെ സന്തോഷിച്ചു. മുത്തശ്ശിക്കായ് കിടയ്ക്ക ഒരുക്കുമ്പോള്‍ എന്നോട് ചോദിച്ചു.
“ജീവാ ... മുത്തശ്ശീ വന്നാല്‍ പിന്നെ, നിനക്ക് മുത്തശ്ശീടെ കൂടെ ഇവിടെ കിടന്നുകൂടെ?”

ഞാന്‍ , തലയാട്ടി. പിന്നെയുമുണ്ടായിരുന്നു ഒരുക്കങ്ങള്‍ ഒരുപാട്. മുറ്റമടിക്കലും, മുറി വ്യത്തിയാക്കലുമൊക്കെ കഴിഞ്ഞപ്പോഴും അമ്മയാകെ തളര്‍ന്നിരുന്നു.എങ്കിലും മുഖം കൂടുതല്‍ പ്രസന്നമായിരുന്നു.

“ജീവ.. നിന്റെ കളിയൊക്കെ ഇനി വെളിയില്‍.. ഇവിടെയൊന്നും വ്യത്തീകേടാക്കരുത്. മുത്തശ്ശിയുടെ വായില്‍ നിന്ന് കണക്കിന് കേള്‍ക്കും”

അമ്മയുടെ വാക്കില്‍ നിന്ന് , മുത്തശ്ശിയെ കുറിച്ച് ഒരു ചെറിയ ഭയം എന്റെ മനസില്‍ പൊന്തിവന്നു. അച്ഛനോടും അമ്മ കയര്‍ക്കുന്നതു കേട്ടു. പത്രവായനക്കിടയില്‍ സിഗററ്റ് കത്തിച്ചിട്ടിട്ട കൊള്ളി ആഷ് ടേയില്‍ ഇടാത്തതിന്.

“ദേ .. ജലീല്‍, രണ്ട് ദിവസത്തേക്ക് ഈ ശീലം വേണ്ടാട്ടോ? അമ്മയ്ക്ക് പിടിക്കില്ല.”

“സോറി ദിവ്യേ... അമ്മ വരുന്നൂന്ന് കേട്ട് നീയിപ്പോ, രണ്ട് ദിവസം മാറി താമസിക്കാന്‍ പറയോന്നാ എന്റെ പേടി?”

“അമ്മയ്ക്ക് അമ്മയുടേതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്.. ദയവു ചെയ്ത് ജലീല്‍ തര്‍ക്കിക്കാന്‍ പോകരുത്.”

“ഇല്ലടോ.. തന്റെ അമ്മ എന്തു പറഞ്ഞാലും യേസ് പറഞ്ഞേക്കാം പോരെ?, എന്തായാലും നമ്മളോടുള്ള വിരോധം തീര്‍ന്ന് വരുകയല്ലേ? അതിനുള്ള ആശ്വാസം എനിക്കുമുണ്ടടോ”
രാവിലെ പതിനൊന്ന് മണിയോടെയാണ് മുത്തശ്ശിയെ വിളിച്ചോണ്ട് അമ്മ വന്നത്.
വന്നതു മുതല്‍ മുത്തശ്ശി അമ്മയോട് നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. അമ്മ അച്ഛനോടൊപ്പം ഇറങ്ങി പോന്നതിനു ശേഷമുള്ള തറവാട്ടിലെ വിശേഷങ്ങളാണെന്ന് തോന്നുന്നു മുത്തശ്ശി വള്ളി പുള്ളി തെറ്റാതെ അമ്മയോട് വിശദീകരിച്ചത്.

സന്ധ്യയായപ്പോള്‍ മുത്തശ്ശിയെന്നോടൊപ്പം കൂടി.സിറ്റൌട്ടില്‍ ഇരുന്നു കൊണ്ട് എന്നോട് ചോദിച്ചു,


“ വിളക്കുണ്ടെങ്കില്‍ മോന്‍ പോയി ഒരെണ്ണം എടുത്തുകൊണ്ട് വാ”


ഞാന്‍ ഉള്ളില്‍ പോയി , അമ്മയോട് ചോദിച്ചു,


“ മുത്തശ്ശി വിളക്ക് ചോദിക്കുന്നു... അമ്മേ”


“അമ്മയും എന്നോടൊപ്പം പുറത്തേക്ക് വന്നു, വിളക്കില്ലല്ലോ അമ്മേ,ഞാനതങ്ങ് മറന്നു. നാളെ തന്നെ ഒന്ന് വാങ്ങാം”

“നീ എനിക്ക് വേണ്ടി ഇനി വാങ്ങണ്ട ദിവ്യേ... നീ കോളേജില്‍ പോകുന്നതിനുമുമ്പ് വരെ ഉമ്മറത്ത് വിളക്ക് വയ്ക്കാന്‍ ഞാന്‍ ശീലിപ്പിച്ചിരുന്നു.അക്ഷരങ്ങള്‍ പഠിച്ചപ്പോള്‍ നിനക്ക് ദൈവം ഇല്ലാണ്ടായി, അതോ ജലീലിനെ കണ്ടപ്പോഴോ?”

അമ്മ നിസംഗമായി ചിരിച്ചു.

“ഞാനൊന്നും പറയണില്ല്യാ.. എന്നാലും നീ എല്ലാം തെറ്റായി പോയെന്ന് വിചാരിക്കുന്ന കാലം വരുമെന്ന് എനിക്കറിയാം ”


പിന്നെ മുത്തശ്ശി, പാ‍ട്ട് പോലെ എന്തൊക്കെയോ ആരോടെന്നില്ലാതെ പറയാന്‍ തുടങ്ങി, ഇടയ്ക്ക എന്നെ പിടിച്ച് മടിയിലേക്ക് കിടത്തി. മുത്തശ്ശിയുടെ മടിയില്‍ തല താഴ്ത്തി ഞാ‍നങ്ങനെ
കിടന്നു.


ഉണ്ണിയ്ക്ക് കഥ കേള്‍ക്കണോ?


ഹും... ഞാന്‍ മൂ‍ളി.


അഹങ്കാരിയായ അസൂരരാജാവ് ഹിരണ്യകശിപുവിന്റെയും പുത്രനായ പ്രഹ്ളാദ രാജകുമാരന്റെയും കഥയായിരുന്നു അന്ന് മുത്തശ്ശി പറഞ്ഞത്. നരസിംഹ അവധാരം പൂണ്ട മഹാവിഷ്ണുവിന്റെ ചലനങ്ങള്‍ വര്‍ണ്ണിക്കുമ്പോള്‍ മുത്തശ്ശിയുടെ ഭാവം എനിക്ക് ഒരിക്കലും മറക്കാനാവില്ല. എപ്പഴോ ഞാന്‍ ഉറങ്ങി പോയി.


അര്‍ദ്ധരാത്രിയായപ്പോള്‍ ഞാന്‍ ഉണര്‍ന്നു. പുറത്ത് ശക്തിയായ കാറ്റും മഴയുടെ ആരവവും. ജനാലകള്‍ കാറ്റില്‍ ശക്തിയായി അടയുന്ന ശബ്ദം കേട്ട് ഞാന്‍ ഭയന്നു. പെട്ടെന്ന് തെളിഞ്ഞ മിന്നലു ശക്തിയായ ഇടിനാദവും കേട്ട് ഞാന്‍ അലറിവിളിച്ചു. നിറുത്താതെ എന്റെ കരച്ചില്‍ കേട്ട് മുത്തശ്ശി ഉണര്‍ന്നെന്റെ അടുക്കല്‍ വന്നു ,എന്നെ ചേര്‍ത്ത് പിടിച്ചു.


മുത്തശ്ശി അപ്പോഴും സദ്യയ്ക്ക് എന്നെ മടിയിലിരുത്തി ജപിച്ച പോലെ രാമനാമം ഉരവിടുന്നുണ്ടായിരുന്നു. എന്റെ നിലവിളി വീണ്ടും ഉയര്‍ന്നപ്പോള്‍ അമ്മ, കതക് തുറന്ന് അകത്തേക്ക് വന്ന് വിളക്ക് തെളിച്ചു.ഞാന്‍ ഓടി ചെന്ന് അമ്മയെ കെട്ടിപിടിച്ചു നിലവിളിച്ചു.


അപ്പോഴും മുത്തശ്ശി രാമനാമം ഉരവിടുന്നുണ്ടായിരുന്നു. കാറ്റും മഴയും ശമിച്ചു. ഞാന്‍ അമ്മയുടെ അടുക്കല്‍ നിന്ന് തലതിരിച്ചു നോക്കിയപ്പോള്‍ മുത്തശ്ശി എന്റെ കൈകളില്‍ പിടിച്ച് കൊണ്ട് പറഞ്ഞു.


“ഇടിയും മഴയും വന്നാ , ആണ്‍കുട്ടികളിങ്ങനെ നിലവിളിക്കുകയാ ചെയ്യുന്നത്?
ഈശ്വരനെ വിളിക്കുകയാ വേണ്ടത് ജീവാ. ഈശ്വരന് മാത്രമേ ഈ പ്രപഞ്ച ശക്തികളെ നിയന്ത്രിക്കാനാവൂ കുട്ടിയേ. ”

അന്ന് ഞാന്‍ പിന്നെ അമ്മയുടെ കൂടായിരുന്നു കിടന്നത്. അല്ലെങ്കിലും ആ സമയങ്ങളില്‍ കാറ്റും പേമാരിയുമുള്ള രാവുകളില്‍ എന്റെ നിലവിളികള്‍ പതിവായിരുന്നു.


മുത്തശ്ശിയുടെ രാമജപങ്ങളും, കഥകളുമായി രണ്ടു ദിനങ്ങള്‍ കൂടി കടന്നുപോയി. ഒടുവില്‍ തിരികെ തറവാട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ മുത്തശ്ശി അച്ഛനോട് തന്നെ നേരിട്ടു ചോദിച്ചു.


“വിരോധം ഇല്ലേ, ജീവന്‍ എന്റെ കൂടെ വന്ന് രണ്ട് ദിവസം നില്‍ക്കട്ടെ... നിങ്ങള്‍ രണ്ടുപേരുടെയും തിരക്കിനിടയില്‍ അവന്റെ അവധിക്കാലം ഒറ്റയ്ക്കിരുന്ന് മടുക്കില്ലല്ലോ?”


അച്ഛന്‍ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അച്ഛന്‍ മുത്തശ്ശിയുമായി അധികം സംസാരിക്കില്ലാരുന്നു.
ഒടുവില്‍ അമ്മ തന്നെ പറഞ്ഞു.


“രണ്ട് ദിവസം കഴിയട്ടമ്മേ ... ഞാന്‍ കൊണ്ട് വരാം അവനെ. ”


മുത്തശ്ശിപോയിട്ട് ഒന്ന് രണ്ട് ദിവസമല്ല ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ്, ഒരിക്കല്‍ മുത്തശ്ശി അമ്മയെ വിളിച്ചു.


“ജീവന്റെ അവധിക്കാലം കഴിയാറായില്ലെ? സ്കൂള്‍ തുറക്കുന്നതിനുമുമ്പ് നീ അവനെ ഇങ്ങോട്ടൊന്ന് വിടുമോ? ഇവിടുള്ള അവന്റെ ബദ്ധുക്കളെയൊക്കെ അവനൊന്ന് അറിഞ്ഞിരിക്കട്ടടീ”


“അമ്മ പിണങ്ങാതെ? ഞാന്‍ അവനെ കൊണ്ട് വരാം”


“അതോ നിന്റെ കെട്ട്യോന്‍ സമ്മതിക്കില്ല്യാന്നാണോ? ”


“അതല്ലമ്മേ , ഞാന്‍ കൊണ്ട്വരാം അവനെ”


(തുടരും)

മലയാളം ടൈപ്പ് ചെയ്യാന്‍?