Sunday, September 1, 2013

മാറേണ്ടത്.. ഇനി നമ്മള്‍ തന്നെ?



അടുത്തിടെ യു എ ഇയില്‍ അലൈനിലുള്ള അല്‍മറായിയുടെ ഫാം ഹൌസ് സന്ദര്‍ശിക്കാന്‍ പോയ ഒരു സംഘത്തോടൊപ്പം കൂടാന്‍ എനിക്കും എന്റെ കുടുംബത്തിനും  സന്ദര്‍ഭം ലഭിച്ചു. പശുക്കളെ ശാസ്ത്രീയമായി പരിചരിക്കുന്നതും അവയുടെ പാല്‍ കറന്നെടുത്ത് സംഭരിക്കുന്നതും കണ്ടു മനസിലാക്കാനുള്ള ഈ സന്ദര്‍ഭം ശരിക്കും അറിവിന്റെ ഒരു മുതല്‍ക്കൂട്ടായിരുന്നു. സന്ദര്‍ശനം കഴിഞ്ഞ് തിരികെ ബസില്‍ ഒരു ചര്‍ച്ച കയറിപ്പോള്‍ ഒരു ചര്‍ച്ച.  
ഈ ഫാം കണ്ടിട്ട് നമ്മുടെ നാട്ടില്‍ ഇതുപോലെ ഒരു ചെറിയ സംരഭം തുടങ്ങിയാല്‍ കൊള്ളാമെന്ന് ആര്‍ക്കെങ്കിലും തോന്നിയോ?

തികച്ചും സന്ദര്‍ഭോചിതമായ ആ ചര്‍ച്ചാവിഷയത്തിലേക്ക് ഞാനും ശ്രദ്ധ കേന്ദ്രീകരിച്ചു.
 
 
 
 

അങ്ങനെ ഒരു സംരഭത്തിന് ആഗ്രഹമുണ്ടെങ്കില്‍ അത് കേരളത്തില്‍ തുടങ്ങുക എന്നത് ആന മണ്ടത്തരമാണെന്നായിരുന്നു അവിടെ ഉണ്ടായിരുന്ന അഭിപ്രായപ്രകടനങ്ങളെല്ലാം.  കമ്മ്യൂണിസ്റ്റുകള്‍ ഉള്ള നമ്മുടെ മലയാള മണ്ണില്‍ ഒരു ബിസിനസിനും സാധ്യതയില്ല.സമരങ്ങളുടെയും ഹര്‍ത്താലുകളുടെയും നാട്ടില്‍ ബിസിനസോ? ഒരു ലൈസന്‍സ് അംഗീകരിച്ചെടുക്കണമെങ്കില്‍ തന്നെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പു തേയും. കൈക്കൂലി കൊടുത്ത് ഉദ്യോഗസ്ഥകൂട്ടങ്ങളുടെ ത്യപ്തിവരുത്താന്‍ തന്നെ മൂലധനം ഒരുപാട് ചിലവാകും.തൊഴിലാളി യൂണിയനുകളുടെ നോട്ടകൂലി. ഇങ്ങനെ ഒരുപാട് കാരണങ്ങളുമായി വരാന്‍ അവിടെ യുണ്ടായിരുന്ന പ്രവാസി സുഹ്യത്തുക്കള്‍ മത്സരിക്കുകയായിരുന്നു. മോഹന്‍ ലാലിന്റെ വരവേല്പ് സിനിമ തന്നെ എടുത്തുകാട്ടി ചിലര്‍.
 
 
 
ഇത്തരം അഭിപ്രായങ്ങള്‍ പത്രം ,സിനിമ, അഭിമുഖങ്ങള്‍ എന്നിവയിലൂടെ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളായി. തൊണ്ണൂറ് ശതമാനം മലയാളികള്‍ക്കും ഇതെല്ലാമറിയാം. എല്ലാവരും ഇത് പ്രതിവിധിയില്ലാത്ത വിഷയമായി തള്ളികളയുന്നു. വരുന്ന തലമുറയും മലയാളിയുടെ ഇത്തരം ശീലങ്ങളെ അതുപോലെ തന്നെ കൊണ്ടുപോയി അന്യസംസ്ഥാനങ്ങളില്‍ പ്രവാസമനുഷ്ടിക്കുന്ന തലമുറകള്‍ സ്യഷ്ടിക്കാന്‍ ശ്രമിക്കുകയാണു ചെയ്യാന്‍ പോകുന്നത്.
 
 
 
 
അസംത്യപ്തരായ തൊഴിലാളികള്‍ പണിയെടുക്കുന്ന ഏത് രാജ്യത്തെ തൊഴില്‍ ശാലകളിലും സമരങ്ങള്‍ ഉണ്ടാകാം, ഉണ്ടാകുന്നുമുണ്ട്. ഇവിടെ അത് പണിമുടക്കിനു പകരം കൂട്ട പിരിഞ്ഞുപോകലുകളായി മാറുന്നുവെന്ന വ്യത്യാസം മാത്രം.  പല തൊഴിലുടമകളും പരസ്യമായി അംഗീകരിക്കാന്‍ തയ്യാറായല്ലെങ്കിലും, അവര്‍ നേരിടുന്ന കാര്യം തന്നെയാണിത്. എന്നാല്‍ പിന്നീട് അവര്‍ ശമ്പള വര്‍ദ്ധനവു നടത്തി പുതിയ ആള്‍ക്കാരെ നിയമിക്കുന്നതും സര്‍വ്വസാധാരണമാണ്.തൊഴിലാളികളുടെ ജോലിയിലും ശമ്പളത്തിലുമുള്ള സുരക്ഷ, അതാത് ഗവണ്മെന്റുകള്‍ തന്നെ ഉറപ്പ് വരുത്തുന്നുണ്ട്. നമ്മുടെ നാട്ടില്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഉണ്ടായ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തെ ആര്‍ക്കും കമ്മ്യൂണിസ്റ്റുകളുടെ അനാവശ്യസമരം എന്ന് ദുര്‍വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല.
 
 
കേരളത്തിനെ അല്ലെങ്കില്‍ ഇന്ത്യയെ തന്നെ ബാധിച്ചിരിക്കുന്ന മറ്റൊരു പ്രശ്നമെന്ന് നാം പലപ്പോഴും അപലപിക്കാറുള്ളത് ഭരണസംവിധാനങ്ങളിലുള്ള കൈക്കൂലി  തന്നെയാണ്. ആധുനികലോകത്ത് കൈക്കൂലിക്കാരെ വകവരുത്തുവാന്‍ നൂതനമായ പല സംവിധാനങ്ങളുമുണ്ട്. അത് നടപ്പിലാക്കുവാന്‍ നമ്മുടെ ഗവണ്മെന്റുകള്‍ക്ക് കഴിയാത്തതാണ് നമ്മുടെ ഏറ്റവും വലിയ ബലഹീനത.  യു എ ഇ യില്‍ അടുത്ത കാലത്ത് നടപ്പിലാക്കിയതായി ഞാന്‍ കണ്ട രണ്ടു സംവിധാനങ്ങളാണ്‍ സി.സി ടിവിയും , ഇ ദിര്‍ഹവും. നമ്മുടെ സെക്രട്ടറി ഓഫീസിലുള്ള സിസിടിവി സംവിധാനം അടുത്തിടെ ചര്‍ച്ചാവിഷയമായത് ഓര്‍ക്കുമല്ലോ?  എന്തായാലും അത്തരമൊരു വിഷയത്തിന്റെ പേരിലെങ്കിലും ആ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചത് സ്വീകാര്യം തന്നെ. എല്ലാ ഓഫീസുകളിലും ഈ സംവിധാനം നടപ്പിലാക്കിയാല്‍ നമ്മുടെ ഉദ്യോഗസ്ഥന്മാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാം. സര്‍ക്കാര്‍  സര്‍വ്വീസിലേക്കുള്ള ഫീസുകള്‍  ക്യാഷ് അല്ലാതെ, ബാങ്കുകള്‍ വഴിയോ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ ആകുമ്പോള്‍ കൈക്കൂലി വിനിമയം ഒരു പരിധി വരെ തടയാം.
(കൂടാതെ റെസിപ്റ്റ്, ചെലാന്‍ തുടങ്ങിയ ഹാര്‍ഡ് ഡോക്യുമെന്റുകള്‍ ഒഴിവാക്കം).
 
 
 
ഇതുപോലെ  മറ്റൊരു  മാര്‍ഗ്ഗമാണ് ഓണ്‍ലയിന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള സംവിധാനങ്ങള്‍ എല്ലാ ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളിലും നടപ്പില്‍ വരുത്തുകയെന്നത്. അടുത്ത ചില കാലയളവിനുള്ളില്‍ ഇത് നടപ്പിലാകുമെന്നാണ് എനിക്ക് തോന്നുനത്.  ഇപ്പോള്‍ നമ്മുടെ പാസ്പോര്‍ട്ട് അപേക്ഷകള്‍ ഈ രീതിയിലാണ് പ്രോസസിങ് ചെയ്യപ്പെടുന്നത്.വിവിധ വകുപ്പുകളിലേക്ക് നാം സമര്‍പ്പിക്കുന്ന ഏത് അപേക്ഷകളും ഓരോ ഓണ്‍ലയിന്‍ ഫയലായ് മാറുകയും, അത് ഏത് നിമിഷവും ട്രാക്ക് ചെയ്യാ‍ന്‍ കഴിയുകയും ചെയ്യുമ്പോള്‍  , നമ്മുടെ ഭരണസംവിധാനം മുഖ്യന്‍ പറയുന്നപോലെ സുതാര്യമാകും.
പിന്നെ ജനസമ്പര്‍ക്കമില്ലാതെ നമ്മുടെ മുഖ്യന്മാര്‍ക്ക് സ്വന്തം ഓഫിസില്‍ ഇരുന്നുകൊണ്ട് തന്നെ കാലങ്ങളായി അനങ്ങാതെ കിടക്കുന്ന ഫയലുകള്‍ ഒരൊറ്റ ബട്ടണ്‍ അമര്‍ത്തി കണ്ടെത്താനും, അത് എന്ത് കൊണ്ട് അല്ലെങ്കില്‍  ആരുടെ അനാസ്ഥകൊണ്ട്  താമസിക്കുന്നുവെന്നും അറിയാനും, താല്‍പ്പര്യമുണ്ടെങ്കില്‍ ഒരൊറ്റദിവസം കൊണ്ട് തീര്‍പ്പു കല്‍പ്പിക്കാനും കഴിയും.
“വിശദമായി അന്വേഷിക്കട്ടെ അതെന്താണെന്ന് ഞാന്‍ പഠിച്ചിട്ട് അറിയിക്കാമെന്ന” പൊതുപല്ലവി ഒഴിവാക്കാം.
 
 
 
നോക്ക് കൂലി വാങ്ങുന്ന യൂണിയനുകള്‍  ഈ കാലഘട്ടത്തില്‍ ഒറ്റപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവരുടെ ചെയ്തികളെ ഒറ്റക്കെട്ടായി നേരിടാനും ഇന്ന് വഴിയുണ്ട്. അത്തരം തടസങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍, അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ക്ഴിയുമെങ്കില്‍ ചിത്രം സഹിതം പൊതുസമൂഹത്തില്‍ തുറന്നുകാട്ടുക. അതിന് മീഡിയകള്‍ അല്ലെങ്കില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുക. തീര്‍ച്ചയായും നിങ്ങളെ സഹായിക്കുന്ന യുവസമൂഹം ഉയര്‍ന്നുവരും ഫലമുണ്ടാകും
നമ്മള്‍ പറഞ്ഞു തുടങ്ങിയ വിഷയം വ്യവസായ സംരഭങ്ങള്‍ തുടങ്ങാനുള്ള നൂലാമാലകിലുള്ള അത്യപ്തിയെപ്പറ്റി ആയിരുന്നുവല്ലോ?  അത്തരം അഭിപ്രായങ്ങളില്‍ ഇനിയും ചടഞ്ഞിരിക്കേണ്ട ആവശ്യമില്ല പ്രതീക്ഷകള്‍ക്ക് വകയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പുതിയ  സംരഭങ്ങള്‍ തുടങ്ങുമ്പോള്‍ അതെങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വ്യക്തമായ പ്ലാനിങ്ങുണ്ടാവണം. അതില്‍ ഒരു പരിധിവരെയെങ്കിലും സംത്യപ്തരായ തൊഴിലാളികള്‍,പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം.  മാലിന്യമെങ്ങനെ സംസ്ക്കരിക്കണമെന്ന് പ്ലാനിങ്ങില്ലാതെ ഒരു സംരഭം തുടങ്ങിയിട്ട് അത് പിന്നീട് പൊതുസമൂഹത്തില്‍ പ്രശ്നങ്ങള്‍ സ്യഷ്ടിക്കുമ്പോള്‍ അതിനെ കമ്മ്യൂണിസ്റ്റുകള്‍  ഒന്നും അനുവദിക്കുന്നില്ല എന്ന് വ്യാഖാനിക്കുന്നവരും വിരളമല്ല നമ്മുടെ കേരളത്തില്‍.
 
 
 
 
 

മലയാളം ടൈപ്പ് ചെയ്യാന്‍?