വെള്ളിയാഴ്ച ദിനത്തിലെ പതിവ് പാചകപരീക്ഷണവും ജുമാപ്രാര്‍ത്ഥന ,ഉച്ചയൂണും കഴിഞ്ഞ് ഉച്ചമയക്കത്തിനായി കിടക്കയെ സമീപിച്ചു. “ടാ നിന്റെ മൊബയില് ചിലക്കുന്നു“ എന്ന സഹമുറിയന്റെ വിളികേട്ട് ക്ഷമിക്കണം ഞാന്‍ ഉടനെയെത്താം എന്ന ക്ഷമാപണം കിടയ്ക്കക്കു നല്‍കിയിട്ട് ഞാന്‍ അടുത്ത മുറിയിലിരിക്കുന്ന എന്റെ മൊബയില്‍ കൈക്കലാക്കിയപ്പോഴേക്കും അതിന്റെ പാട്ട് നിലച്ചിരുന്നു.
ഹരിയണ്ണനാണ് മിസ്കീന്‍ കാള്‍ ചെയ്തിരിക്കുന്നതെന്ന് മനസിലായപ്പോള്‍ തിരിച്ചു വിളി നടത്തി.
ടാ നീ വരുന്നില്ലേ? നീയല്ലേ പറഞ്ഞത് പോകുമ്പോള്‍ വിളിക്കണമെന്ന്
ഞാന്‍ എന്റെ ഓര്‍മ്മയില്‍ പരതി... എവിടെ പോകുന്ന കാര്യമാണ് അണ്ണന്‍ പറയുന്നത്?
ടാ ബ്ലോഗേഴ്സ് മീറ്റ് ... ഞങ്ങള്‍ ഇവിടെ റെഡിയായി നില്‍ക്കുകയാ.
അണ്ണാ ഒരു പതിനഞ്ച് മിനിറ്റ് ഞാന്‍ ഇതാ ഞാനെത്തി...
പിന്നെയുള്ള പ്രകടനങ്ങള്‍ ദ്രുതഗതിയിലായിരുന്നു.വലിച്ചുകേറ്റിയ പാന്റ് തിരിച്ചാണെന്ന് മനസിലായത് അത്അരയിലെത്തിയപ്പോഴാണ്.വലിച്ചൂരി നേരെയാക്കി. കിടക്കയോട് സോറി ഡാ പറഞ്ഞിറങ്ങി. മുടിചീകിയൊതുക്കിയത് ലിഫ്റ്റിനുള്ളില്‍ വച്ച്. ഹരിയണ്ണന്‍ പറഞ്ഞ സ്ഥലത്ത് ഓടിയെത്തിയപ്പോഴേക്കും പതിനഞ്ച് മിനിറ്റ് കഴിഞ്ഞിരുന്നു.അവിടെ ഹരിയണ്ണന്‍ ഒരു വണ്ടിയുമായി കാത്തു നില്‍ക്കുന്നു. ഞാന്‍ ആ വണ്ടിയില്‍ കയറി അതിനുള്ളിലുള്ള സീറ്റുകളിലെല്ലാം തിരഞ്ഞു. എവിടെ ഹരിയണ്ണന്‍ പറഞ്ഞ കുറുമാനും വഴിപോക്കനും.
അവര് ചാര്‍ജ്ജ് ചെയ്യാന്‍ പോയിരിക്കുകയാ.., നീ ഡോറടയ്ക്ക് നമുക്കങ്ങോട്ട് പോകാം.
വണ്ടി മറ്റൊരിടത്ത് നിറുത്തി ഞങ്ങള്‍ അവരെയും കാത്ത് ഇരുന്നു. അല്പം കൂടി താമസിക്കാമായിരുന്നു എന്ന് എനിക്ക് തോന്നിയ നിമിഷം.
അതാ വരുന്നു രണ്ടു പേര്‍ . കുറുമാനെ തിരിച്ചറിയാം കഷണ്ടിയില്‍ സ്വന്തം പ്രതിബിംബം കാണുമ്പോള്‍ എന്ന എന്റെ ആശയം വഴിതെറ്റി. രണ്ടുപേര്‍ക്കും കഷണ്ടിയില്ല. ബുള്‍ഗാന്‍ താടി വച്ച ഒരു രൂപത്തിന് കുറുമാന്റെ ഛായ ഉള്ളതുപോലെ. ബ്ലോഗ് പ്രൊഫയിലില്‍ കണ്ട കുറുമാന്റെ ചിത്രം വീണ്ടും വീണ്ടും റീസ്റ്റോര്‍ ചെയ്തു നോക്കിയിട്ടും എനിക്ക് ഒന്നും പിടികിട്ടിയില്ല.
പിന്നീടുള്ള സംസാരത്തില്‍ നിന്നാണ് എന്റെ മുന്‍പിലുള്ള സീറ്റില്‍ ഇരിക്കുന്ന ആ മനുഷ്യന്‍ കുറുമാന്‍ എന്ന ബ്ലോഗര്‍ മാത്രമല്ല ഒരു വിഗ്ഗര്‍ കൂടി ആയ വിവരം അറിഞ്ഞത്. കാതടപ്പിക്കുന്ന ശബ്ദം ആയിരുന്നു കുറുമാന്‍ ചേട്ടന്റേത്. ആ ശബ്ദത്തിനു ശേഷം അടുത്തിരിക്കുന്ന വഴിപോക്കന്റെ ശബ്ദം ശ്രവിക്കാന്‍ ഞാനല്പം ബുദ്ധിമുട്ടി. ഞാന്‍ മൂസയാണെന്നും കനലാണെന്റെ ബ്ലോഗ് നാമമെന്നും പറഞ്ഞപ്പോള്‍ അങ്ങനെയും ഒരു ബ്ലോഗുണ്ടോയെന്ന മനസിലെ ചോദ്യത്തെ അടിച്ചിരുത്തികൊണ്ട് അവര്‍ ഞാന്‍ കണ്ടിട്ടുണ്ടെന്ന് മറുപടി നല്‍കി.
വാഹനം ഓടിച്ചിരുന്നത് ഹരിയണ്ണനായിരുന്നെങ്കിലും ക്യാപ്റ്റനായി ഇരുന്ന് വഴിപറഞ്ഞു കൊടുത്തിരുന്നത് കുറുമാന്‍ ചേട്ടനായിരുന്നു.
ഒടുവില്‍ ക്രീക്ക് പാര്‍ക്കില്‍ ഗേറ്റ് നമ്പര്‍ 2 കണ്ടെത്താന്‍ ഹരിയണ്ണന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ , സ്വന്തം വാഹനം താന്‍ തന്നെ ഓടിച്ചാലെ യഥാര്‍ത്ഥവഴി കണ്ടെത്താന്‍ കഴിയുമെന്ന് കുറുമാന്‍ ചേട്ടന്റെ ആഹ്വാനം. ഹരിയണ്ണന്‍ സാരഥിസ്ഥാനം കുറുമാന് കൈമാറി.ഗേറ്റ് നമ്പര്‍ 2വിനായുള്ള അന്വേഷണം ഞങ്ങളെ കൊണ്ട് ചെന്നെത്തിച്ചത് ക്രീക്ക് പാര്‍ക്കും കഴിഞ്ഞ് ദഹ്റയില്‍ . ഒടുവില്‍ നോയൂ ടേണ്‍ സിഗ്നലിലെ ചുമന്ന വെട്ട് നമ്മള്‍ കണ്ടില്ലാന്ന് വിചാരിക്കൂ എന്ന് പറഞ്ഞുകൊണ്ട് കുറുമാന്‍ ചേട്ടന്‍ ഒരു ജംഗ് ഷനില്‍ യു ടേണ്‍ ഭംഗിയായി നിര്‍വഹിച്ചു. ചോദിച്ച് ചോദിച്ച് വീണ്ടും ആദ്യയമെത്തിയ ക്രീക്ക് പാര്‍ക്കിലെ ഗേറ്റ്നമ്പര്‍ 5 ല്‍ എത്തി.
ഗേറ്റ് നമ്പര്‍ 2 നായുള്ള അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു.ചോദിച്ച് ചോദിച്ച് പോകാമെന്ന ഡയലോഗ് കുറമാന്‍ തുടര്‍ന്നു കൊണ്ടിരുന്നു.
ഗേറ്റ്നമ്പര്‍ 2 ലെത്തിയെങ്കിലും പാര്‍ക്കിങ്ങിനായുള്ള കറക്കം നാലുതവണ തുടര്‍ന്നു. ഒടുവില്‍ യു എ ഇ നിയമം അനുവദിക്കാത്ത ഒരു പാര്‍ക്കിങ്ങില്‍ വാഹനത്തെ വിട്ടേച്ച് തിരികെ വരുമ്പോള്‍ അതാ ഒരു പാര്‍ക്കിങ് സ്ഥലം. യു എ ഈ പോലീസിന് ധര്‍മ്മം കൊടുക്കേണ്ട അവസ്ഥയില്‍ നിന്നും രക്ഷനേടാനായി അവിടെ ഞാനും കുറുമാനും ഞങ്ങളുടെ താല്‍ക്കാലികമായ ബോഡി പാര്‍ക്കിങ് ചെയ്തുകൊണ്ട് ഹരിയണ്ണനെ വണ്ടിയെടുത്തുകൊണ്ട് വരാനായി വിട്ടു. ഇടയ്ക്ക് വന്ന ഒരു മറാട്ടി ബോഡിപാര്‍ക്കിങ്ങിന്റെ പേരില്‍ കുറുമാനോട് ഉടക്കിയെങ്കിലും ഞങ്ങള്‍ ആ പാര്‍ക്കിങ് സ്ഥലം കവര്‍ന്നെടുത്തു.
ഗേറ്റിനുമുമ്പില്‍ വന്നു നിന്ന അതുല്യ ചേച്ചിയുടെ വാഹനത്തില്‍ നിന്ന് കാറ്ററിങ്ങ് സാധനങ്ങള്‍ അകത്തേക്ക് ചുമന്നുകൊണ്ട് ഞങ്ങള്‍ യു എ ഇ ബ്ലോഗേഴ്സ് മീറ്റുന്ന ലൊക്കേഷനിലെത്തിചേര്‍ന്നു.അല്പനേരത്തെ കുശലാന്വേഷണത്തിനു ശേഷം കൈപ്പള്ളിയുടെ വാക് ധോരണിയിലേക്ക് ഊളിയിടേണ്ടി വന്നു. ആ വാക് ധോരണിയെ നിയന്ത്രണത്തിലാക്കാന്‍ അവലുംവെള്ളവും കൈപ്പള്ളിയ്ക്ക് നല്‍കിയ ആരുടെയോ ശ്രമവും വിഫലമായി. ബ്ലോഗിലെ പ്രശസ്തരായ എഴുത്തുകാരെ എന്റെ കണ്ണുകള്‍ ആരാധനയോടെ നേരിട്ട് നൊക്കികണ്ട് സായൂജ്യമടഞ്ഞു. കുറുമാന്‍ , അതുല്യചേച്ചി,തറവാടി ,വഴിപോക്കന്‍ ,അപ്പു,അനില്‍ശ്രീ, അഗ്രജന്‍ ,രണ്ടാമന്‍ ,ദേവേട്ടന്‍ അങ്ങനെ ഞാന്‍ വായനയിലൂടെ മാത്രം അറിഞ്ഞിരുന്ന ഒരുപാട് മുഖങ്ങള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞ ഈ ദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ല.
ഞാന്‍ ആദ്യം കണ്ട മലയാളം ബ്ലോഗ് വിശാലമനസ്കന്റെ ആയിരുന്നു. ആ ചേട്ടനെയും ഒടുവില്‍ ഇന്നലെ കാണാന്‍ കഴിഞ്ഞു. സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിച്ച സംഘാടകര്‍ക്ക് നന്ദി.
തിരികെ കുറുമാന്റെ വാഹനത്തിലുള്ള യാത്രയും തമാശനിറഞ്ഞതായിരുന്നു. അതും കൂടി പറയാന്‍ നിന്നാല്‍ ഓഫിസ് പണി നടക്കില്ല .
നന്ദി!