Wednesday, December 12, 2007

ഞാന്‍ സ്വര്‍ഗ്ഗത്തില്‍....

ഇതൊരു വെറും കഥയല്ല ....സംഭവകഥയാണ്.

ഞാന്‍ മുംബയിലായിരുന്ന കാലത്ത് എന്റെ കൂടെ ജോലി ചെയ്തിരുന്ന സുഹ്യത്തിന്റെ അനുഭവ കഥ.രണ്ടു ദിവസം ജോലിക്ക് വരാതിരുന്ന അവന്‍ മൂന്നാം നാള്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞ കഥ.പൊതുവേ മദ്യത്തിനെ പ്രണയിക്കുന്ന എന്റെ സുഹ്യത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ..“ ടാ ഞാന്‍ ഉച്ചയ്ക്ക് 2 മണിക്കേ തുടങ്ങി. ശനിയാഴ്ച ബാക്കിയിരുന്നതില്‍ 2 പെഗ്ഗ് അടിക്കാനുള്ളതുണ്ടായിരുന്നു. അപ്പഴാ ജോസിന്റെ വിളി ഇന്ന് ലവന്റെ ബര്‍ത്തഡേയാണ് ക്യത്യം 4 മണിക്ക് അന്ദേരി സ്റ്റേഷനില്‍ അവനെത്തുമെന്ന് ഞാന്‍ പോയി പിക്ക് ചെയ്യണമെന്ന്. പിന്നെ ഏതെങ്കിലുമൊരു ബാറില്‍ പോയി ആഘോഷിക്കാമെന്ന് .
ഞാന്‍ ക്യത്യം 4 മണിക്ക് സ്റ്റേഷനില്‍ ഹാജരായി. അല്ലേലും മദ്യപിക്കാന്‍ ആരു വിളിച്ചാലും ക്യത്യ നിഷ്ട ഞന്‍ പാലിക്കും.
ലവന്‍ വന്നപ്പോ 5 മണി കഴിഞ്ഞു. തെറി പറയാന്‍ തുടങ്ങുമ്പോഴേക്കും അവന്‍ വായ പൊത്തി.
പ്ലീസ് ടാ നല്ല ദിവസമായിട്ട്...
പിന്നെ ഞാനെന്റെ ഇരുചക്രം സ്റ്റാര്‍ട്ട് ചെയ്തു. മാന്യന്മാരായ ഞങ്ങള്‍ ജന്മദിനങ്ങള്‍ ആഘോഷിക്കാറുള്ള തറവാട്ടമ്പലത്തില്‍ ആസനമുറപ്പിക്കാനുള്ള ലൊക്കേഷന്‍ ഫിക്സ് ചെയ്തു.അമ്യത് ഗ്ലാസുകളില്‍ നിറയാന്‍ തുടങ്ങി.പിന്നെ ഞങ്ങള്‍ പറക്കാനും. അവന്റെ ഓഫിസില്‍ പുതിയതായി വന്ന മഹിളാ രത്നത്തിന്റെ അംഗലാവണ്യം മുതല്‍ എന്റെ ഓഫിസിലെ മുരടനായ കിഷോറിനിട്ട് ഒരു തട്ട് കൊടുക്കാനുള്ള മാര്‍ഗം വരെ ചര്‍ച്ചാ വിഷയമായി.


സമയം 10മണി, ഇനി എന്റേ കൂട്ടിലേക്കു തന്നെ ചേക്കാറാമെന്ന് തീരുമാനമായി.വീണ്ടും എന്റെ ദ്വിചക്രവാഹനം സവാരിക്കു റെഡിയായി. മുന്നോട്ട് അവന്‍ ഒഴുകി നീങ്ങുകയായിരുന്നു കൊതുമ്പു വള്ളം പോലെ. മുംബയിലെ റോഡുകള്‍ മഴപെയ്യാതെ വെള്ളം നിറഞ്ഞിരുന്നു. ബസുകള്‍ക്ക് ടയറില്ലായിരുന്നു. അതേ അവയും പായി കപ്പല്‍ പോലെ നീങ്ങുന്നു.എന്റെ കണ്ണുകള്‍ ആരോ തിരുമ്മി അടയ്ക്കുന്നതു പോലെ. മുന്നിലതാ സൈലന്റായി ഒരു ബോട്ട് എനിക്കു നേരെ വരുന്നു. എന്നാ വലത്തോട്ടല്പം മാറ്റി വിട്ടു കളയാം

ടപ്പ്. ഇവിടെയും കല്ലടയാറ്റിലെ പോലെ പാറയോ?
**************************************************************

മരണം ഉറക്കത്തേ പോലയാണെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ആ ഉറക്കത്തിലാണ്. കണ്ണ് തുറക്കാന്‍ ശ്രമിച്ചു.കണ്ണ് എനിക്കില്ലേ?ഞാനിപ്പോള്‍ ആത്മാവ് മാത്രമായിരിക്കുന്നു. എന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നടന്നു കാണുമോ? എന്റെ ബോഡി നാട്ടിലെത്തിച്ചിട്ടുണ്ടാവുമോ?നൂറില്‍പ്പരം സംശയങ്ങള്‍ എന്റെ ആത്മാവിനുണ്ടായി തുടങ്ങി. ചെയ്ത പാവങ്ങള്‍ വച്ചു നോക്കിയാല്‍ നരക കവാടത്തിനു മുമ്പിലാവും ഞാന്‍.എങ്കിലും എന്നെ പറ്റി ഓര്‍ത്ത് ആരെങ്കിലും കരയാനുണ്ടാവുമോ വീട്ടില്‍.
എന്റെ ആത്മാവിന് കാഴ്ച ലഭിക്കാന്‍ തുടങ്ങി. ചുറ്റും ശോഭയാര്‍ന്ന പ്രകാശം . പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന പൂച്ചെടികള്‍ എന്ത് മനോഹരമായി നിരന്ന് നില്‍ക്കുന്നു.പുല്‍പ്പരപ്പുകളെ മനോഹരമായ രൂപങ്ങളില്‍ വെട്ടി ഒരുക്കിയിരിക്കുന്നു,
അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍. ഇഷ്ട ഭോജനം ലഭിക്കുന്ന സുന്ദരിമാരായ പെണ്ണുങ്ങള്‍ ഉള്ള സ്വര്‍ഗത്തില്‍ ഞാന്‍ . ദൈവമേ അപ്പോള്‍ ഞാന്‍ ചെയ്ത പാപങ്ങളൊന്നും അത്ര നിലവാരമുള്ള പാപങ്ങള്‍ ആയിരുന്നില്ല അല്ലേ?

പതുക്കെ ഞാന്‍ എഴുന്നേറ്റു. പുല്‍പ്പരപ്പുകള്‍ക്ക് അപ്പുറത്ത് ഒരു റോഡ്. റോഡില്‍ ഒരു ബസ് ങേ ബസ് നമ്പര്‍ .... ഇത് അന്ധേരി കുര്‍ല ബസ് അല്ലേ?അപ്പോള്‍ ....ഇത്.............

ഞാന്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണത് മുംബയിലെ ലീല ഹോട്ടലിന്റെ ഗാര്‍ഡനിലായിരുന്നുവെന്നും റോഡില്‍ വീണ ജോസിനെ ആരൊ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നും ആരുടെയും കണ്ണില്‍ പെടാത്ത ഞാന്‍ ഒരു രാത്രി ആ ഗാര്‍ഡനിലുറങ്ങിയെന്നും തിരിച്ചറിയാന്‍ അധികസമയം വേണ്ടി വന്നില്ല

മലയാളം ടൈപ്പ് ചെയ്യാന്‍?