Wednesday, November 26, 2008

കുട്ടന്റെ സങ്കടങ്ങള്‍...

കുട്ടന്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കം വരുന്നില്ല. അച്ഛന്‍ അമ്മയോട് ദേഷ്യപ്പെടുന്നു. കുട്ടനെ മാറ്റികിടത്തണമത്രേ. കുട്ടന്‍ മാറി കിടക്കില്ല.കുട്ടനു ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാവില്ലേ? അച്ഛനെന്താ അത് ആലോചിക്കാത്തത്?
അല്ലെങ്കിലും അച്ഛന് ഈയിടെയായി കുട്ടനോട് സ്നേഹമില്ല. അമ്മയോടും അതു തന്നെ.ഞങ്ങള്‍ എന്തു തെറ്റു ചെയതു . ഓഫീസില്‍ മാനേജറങ്കിള്‍ അച്ഛനെ വഴക്കു പറഞ്ഞത്രേ?കുട്ടനെ ഒരു ദിവസം ഓഫീസില്‍ കൊണ്ട് പോയിരുന്നുവെങ്കില്‍ ആ അങ്കിളിന്റെ തല എറിഞ്ഞു
പൊട്ടിക്കായിരുന്നു. നല്ല ഉരുളന്‍ കല്ലുണ്ടെങ്കില്‍ കുട്ടന്റെ ഉന്നം പിഴക്കില്ല.

ഈയിടെയായി അച്ഛന്‍ കുട്ടന് ചോക്ലേറ്റ് വാങ്ങി വരാനും മറക്കുന്നു. കുട്ടനോട് അച്ഛന് അത്രയ്ക്കു
ദേഷ്യമാ. പ്രോഗ്രസ് കാര്‍ഡിലെ ഏ ഗ്രേഡ് കൊണ്ട് കാണിച്ചിട്ടും അച്ഛന്‍ ഒരുമ്മ തന്നില്ല.അമ്മയാണെങ്കില്‍ നെറ്റിയില്‍ ഉമ്മ തന്നിട്ട് എന്റെ കുട്ടന്‍ എന്നും ഇങ്ങനെ തന്നെയാവണമെന്നു പറഞ്ഞു. ഇതിനൊക്കെ വേണ്ടിയല്ലേ കുട്ടന്‍ കഷ്ടപെട്ട് സ്കൂളില്‍ പോകുന്നത്. അല്ലാണ്ട് സ്കൂളില്‍ പോകാന്‍ കുട്ടന് ഇഷ്ടമുണ്ടായിട്ടാ?

ടിവി കാണുന്നതിനും അമ്മയെ അച്ഛന്‍ വഴക്കു പറഞ്ഞു. അമ്മയുടെ ഫേവറയിറ്റ് സീരിയല്‍ അല്ലേ
അത് . ആ സീരിയലിലെ സെലീനചേച്ചിയുടെ ഉണ്ണിയെ പോലാ ഞാനെന്ന് അമ്മ പറയാറുണ്ട്.
അമ്മയെ പോലെ അച്ഛനെന്താ എന്നെ സ്നേഹിക്കാത്തത്?

അമ്മ ഉറങ്ങിയെന്നാ തോന്നുന്നത് . അച്ഛന്റെയും അമ്മയുടെയും ഇടയില്‍ കിടന്ന് ഉറങ്ങാന്‍
കുട്ടനെന്തൊരു സുഖമാ? കുട്ടന്‍ കണ്ണുകള്‍ അടച്ചു. കണ്ണു തുറന്നാല്‍ അച്ഛന്‍ ഇനിയും ഒച്ച വെയ്ക്കും. ടാ
നിനക്ക് ഉറക്കമില്ലേന്ന്.
അച്ഛനും ഉറങ്ങിയെന്നു തോന്നുന്നു. ഇല്ല അച്ഛന്‍ ദേ എഴുന്നേല്‍ക്കുന്നു. മങ്ങിയ വെളിച്ചത്തില്‍ കുട്ടന്‍ കണ്ടു. അച്ഛന്‍ തന്നെ എടുത്ത് മാറ്റി കിടത്തുന്നു. സാരമില്ല എന്തായാലും ഇനിയും കരഞ്ഞു ബഹളം വെച്ചാല്‍ അച്ഛന്‍ അമ്മയെയും വഴക്കു പറയും. തന്റെ തെറ്റിനും പാവം അമ്മയല്ലേ ഈയിടെയായി വഴക്കു കേള്‍ക്കുന്നത്.കുട്ടന്‍ കണ്ണുകള്‍ അടച്ചു തന്നെ കിടന്നു. അച്ഛന്‍ അതാ അമ്മയുടെ അടുത്തേക്ക്. അമ്മയെ തല്ലാനായിരിക്കുമോ?. അമ്മയെ തല്ലിയാല്‍ കുട്ടന്‍ കരഞ്ഞു ബഹളം വെയ്ക്കുമെന്ന് കരുതി വഴക്കു പറഞ്ഞാലും അമ്മയെ അച്ഛന്‍ തല്ലാറില്ല. ചിലപ്പോള്‍ കുട്ടന്‍ ഉറങ്ങിയ തക്കത്തിന് അച്ഛന്‍....
അമ്മേ....
കുട്ടന്‍ ഉച്ചത്തില്‍ നിലവിളിച്ചു

Thursday, October 16, 2008

എന്റെ, സത്യാന്വേഷണ പരീക്ഷകള്‍

രണ്ടാം തരത്തില്‍ പഠിക്കുന്ന കാലം. സ്ലേറ്റ്, കല്ലുപെന്‍സില്‍ ,പീടികയിലെ ഉണ്ടമിഠായി, നാരങ്ങാമിഠായി,പിന്നെ മലയാള പുസ്തകത്തിലെ പാഠങ്ങള്‍ ഇവയൊക്കെയെ ഉള്ളൂ അന്ന് മനസിലും സ്വപ്നങ്ങളിലും. നീളമുള്ള കല്ലുപെന്‍സില്‍ അതേ പോലെ സൂക്ഷിക്കണമെന്ന് എത്ര വിചാരിച്ചാലും ഒരു ദിവസത്തില്‍ കൂടുതല്‍ അതിനു കഴിയില്ല. താഴെ വീണൊ മറ്റൊ അത് തുണ്ടം തുണ്ടമാകും.

അടുത്തത് വാങ്ങാന്‍ പൈസയ്ക്കുവേണ്ടി പിറ്റേന്ന് സ്കൂളില്‍ പോകാനിറങ്ങുമ്പോള്‍ അമ്മയുടെ മുമ്പില്‍ കരഞ്ഞുകാട്ടണം. പത്ത് പൈസയുടെ കല്ലുപെന്‍സില്‍ വാങ്ങിത്തരാന്‍ അമ്മ അടുത്തുള്ള പീടിക വരെ കൂടെവരും. ഭരണിയിലിരിക്കുന്ന കടിച്ചാല്‍ പൊട്ടാത്ത ഉണ്ടമിഠായിക്ക് പീടികയില്‍ വച്ച് ഒന്നുകൂടി കരഞ്ഞാല്‍ അതും സാധിച്ചെടുക്കാം.ഒടുവില്‍ അതും വാങ്ങി വായിലിട്ട് സ്കൂള്‍ വരെ നടക്കണം. സ്കൂളിലെത്തിയാലുംഅവന്‍ വായില്‍ അലിഞ്ഞു തീരില്ല. ബെല്ല് മുഴങ്ങിയാല്‍ പിന്നെ ബാക്കിയാവുന്ന“കുഞ്ഞ്ഉണ്ടമിഠായി”പോക്കറ്റില്‍ റെസ്റ്റ് എടുക്കും.

ക്ലാസിലിരിക്കുമ്പോള്‍ മിഠായി വായിലുണ്ടേല്‍ ടീച്ചറ് അടിക്കും പോരാത്തതിന് നമ്മള്‍ രാവിലെ കരഞ്ഞ് കഷ്ട്പെട്ട് സമ്പാദിച്ച ഉണ്ടമുഠായി വെളിയില്‍പോയി തുപ്പിക്കളയാനും പറയും.
അന്നും ക്ലാസ് വിടുന്നതുവരെ കല്ലുപെന്‍സില്‍ നീളന്‍ ആയിരുന്നു. അവന്‍, അജയനാണത് ചെയ്തത്. ഞാന്‍ ബഞ്ചിന്റെ താഴെയിരുന്ന തോള്‍ സഞ്ചിയില്‍ സ്ലേറ്റ് തള്ളി കയറ്റുന്നതിലിരുന്നതിനിടയില്‍, ബഞ്ച് ചരിച്ച് ബഞ്ചിലിരുന്ന എന്റെ നീളന്‍ കല്ലുപെന്‍സിലിനെ താഴെ തള്ളിയിട്ട് നാലുതുണ്ടമാക്കിയത്.അവന്റെ പൊറത്തിട്ട് രണ്ട് കൊടുക്കാനാ തോന്നിയത്.
“തല്ലുണ്ടാക്കുന്നത് ചീത്തകുട്ടികളാ, ന്റെ മോന്‍ ചീത്തകുട്ടിയായാല്‍ പിന്നെ ഞാന്‍ ചത്തുപോകും” അമ്മയുടെ വാക്കുകള്‍ ഓര്‍മ്മവന്നു.
പാവം അമ്മ.അങ്ങനെ ചത്തുപോവണ്ട . ഞാന്‍ ചീത്തകുട്ടിയാവില്ല. കല്ലുപെന്‍സില്‍ കഷണങ്ങള്‍ പറക്കി സഞ്ചിയിലിട്ടു. എന്തായാലും നാളെ രാവിലെ കരച്ചില്‍ പ്രഹസനം നടത്തിയിട്ട് കാര്യമില്ല. ഇന്ന് രണ്ട് പെന്‍സിലല്ലേ സാധിച്ചെടുത്തത്?. ഒന്ന് കൊണ്ട് പോയാല്‍ മതിയെന്ന അമ്മയുടെ വാക്ക് കേട്ടില്ല. ഒരെണ്ണം ടീച്ചറ് പാട്ട് ചൊല്ലിപഠിപ്പിച്ചോണ്ടിരിക്കുമ്പോള്‍ കൈകൊട്ടിയപ്പോള്‍ കയ്യില്‍ നിന്നും തെറിച്ചു വീണ് ഏതാണ്ട് ചമ്മന്തിപരവമായി.ഏതായാലും ആ പാട്ട് ഇഷ്ടമായി. അല്ലേലും ലില്ലിടീച്ചറ് പഠിപ്പിച്ച ഏത് പാട്ടാ മോശം?.
“ഇലക്ട്രിക് ലൈറ്റേ വന്നാലും
എന്നുടെ വീട്ടില്‍ തെളിഞ്ഞാലും
എന്തുവെളിച്ചം ഹാ ഹാ ഹ
നീ കത്തുമ്പോള്‍ പുകയില്ല
നീകത്തുമ്പോള്‍ കരിയില്ല
.................”
ഇലക്ട്രിക് ബള്‍ബ് കത്തുമ്പോള്‍ നല്ല പ്രകാശമാ. സിനിയുടെയും തോമസിന്റെ വീട്ടിലും തെളിഞ്ഞു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്റെ വീട്ടിലും അത് തെളിക്കുന്ന സ്വിച്ചും പെട്ടിയും വച്ചിട്ടുണ്ട്,ബളുബ്ബില്ല .കരണ്ട് കിട്ടുമ്പോ “ബളുബ്ബ്” വാങ്ങി വയ്ക്കാമെന്ന് അമ്മ പറഞ്ഞു.
“ നമുക്ക് കരണ്ട് വാങ്ങിയാലെന്താമ്മേ? പപ്പേടെ കൈയ്യില്‍ അതിനും പൈസയില്ലേ?”
“അതല്ല മോനേ ... കരണ്ട് നമുക്ക് രണ്ടുമാസം കൂടി കഴിഞ്ഞേ കിട്ടൂ.”
“ഈ രണ്ട് മാസം എപ്പഴാ ഒന്ന് കഴിയ?”
സിനിയുടെ വീട്ടിലേ പോലെ നമ്മടെ വീട്ടിലും വെളിച്ചം. പിന്നെ വൈകിട്ട് വിളക്കു കത്തിച്ച് അതിന്റെ മുമ്പിലിരുന്ന് പാഠം വായിക്കുന്നത് വലിയ കഷ്ടമാ. അനിയത്തി കുട്ടി ഇഴഞ്ഞ് ഇഴഞ്ഞ് വിളക്കില്‍ പിടിക്കാന്‍ വരും. മണ്ടി, അവള്‍ക്കറിയില്ല അതില്‍ പിടിച്ചാല്‍ പൊള്ളുമെന്ന്. എത്ര തവണ ഞാന്‍ പറഞ്ഞു കൊടുത്തു. വലിയ കുട്ടി ആവുമ്പഴേ അവള്‍ക്കത് മനസിലാകത്തൊള്ളന്നാ അമ്മ പറയുന്നത്.എങ്കിലും പാഠം വായിച്ച് ഉറക്കം വരുമ്പോള്‍ വഴി തെറ്റി വരുന്ന തുമ്പികള്‍, വണ്ടുകള്‍ ഈയാം പാറ്റകള്‍ വിളക്കിനു ചുറ്റും വലം വയ്ക്കുന്നത് കാണാന്‍ രസമാണ്. സ്കൂളില്‍ പത്തും പന്ത്രണ്ടും പ്രാവശ്യം ചൊല്ലിപഠിച്ച പാഠങ്ങള്‍ കാണാതെ പറയാന്‍ അറിയാവുന്നതുകൊണ്ട് ഇവറ്റകളെ കണ്ടുകൊണ്ട് പാടം ഉറക്കെ പറയാന്‍ എനിക്കാവുമായിരുന്നു. ഒരിക്കല്‍ ഒരു ഈയാം പാറ്റയെ പിടിച്ച് അതിന്റെ ചിറക് വിളക്കില്‍കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പപ്പയുടെ തല്ല് കിട്ടിയത്. ശ്രദ്ധ ഈ “ചുടല്‍പ്രക്രിയ” യില്‍ ആയിരുന്നതുകൊണ്ട് ഓര്‍ക്കാപുറത്ത് വീണ അടിയില്‍ നിക്കറ് നനഞ്ഞു, പിന്നെ ഉച്ചത്തില്‍ നിലവിളിക്കാതിരിക്കുന്നതെങ്ങനെ? മാനവും പോയില്ലേ?

സ്കൂള്‍ വിട്ട് വീട്ടിലേക്കുള്ള നടത്തം ഒരു രസാണ്. വഴിയരികിലുള്ള പച്ച മാങ്ങ, പുളി , പേരക്ക എന്നിവയുടെ വിളവും പ്രായവും ക്യത്യമായിട്ട് അറിയാവുന്നത് ആ പറമ്പുകളുടെ ഉടമസ്ഥര്‍ക്കാവില്ല.റഷീദിക്കാക്കായുടെ പീടികയില്‍ പുതിയ ഗോലികള്‍ (ഗോട്ടികള്‍) വന്നിട്ടുണ്ട്. ഭരണിക്കുള്ളിലെ നിറമുല്ല ഗോലികള്‍ കാണാന്‍ നല്ലരസം. പത്ത് പൈസായ്ക്ക് ഒരെണ്ണം. നാളെ പത്ത് പൈസ സംഘടിപ്പിക്കാന്‍ എന്താ വഴി? എന്തായാലും ഗോലി വാങ്ങാനാണെന്ന് പറഞ്ഞാല്‍ അമ്മ പൈസ തരില്ല.

“എന്തടാ ഇവിടെ ഇങ്ങനെ നിന്നാല്‍ വീട്ടില്‍ പോകാന്‍ നേരം വൈകില്ലേ?”
റഷീദിക്കായുടെ ശബ്ദം കേട്ട് ഭരണികള്‍ക്കിടയിലൂടെ നോക്കി.കണ്ണാടി വച്ച് വായില്‍ ചുവന്ന മുറുക്കാന്‍ ചവയ്ക്കുന്ന റഷീദിക്കാ എന്നോടാണ് അത് ചോദിച്ചതെന്നു തോന്നുന്നു.

“ഇക്കാ വെള്ളം തര്വോ? ദാഹിക്കുന്നു.”
റഷീദിക്കാ മണ്‍കുടത്തില്‍ നിന്നും തണുത്തവെള്ളം ഗ്ലാസിലേക്ക് പകര്‍ന്നു തന്നു.
“ഇതാ കുടിച്ചിട്ട് വേഗം പോ? ഇന്നും വീട്ടില്‍ നിന്ന് ആള് തിരക്കി വരുന്നതുവരെ ചുറ്റി തിരിയാതെ.”

ദാഹമില്ലെങ്കിലും ഈ മണ്‍കുടത്തിലെ തണുത്ത വെള്ളത്തിന്റെ സ്വാദ് ആസ്വദിക്കുന്നത് ഒരു രസാണ്. ഗോലിഭരണിയെ ഒന്നു കൂടിപുഞ്ചിരിച്ചുകാട്ടി അവിടെ നിന്നും ഓടി.

വീടിനുമുന്നിലുള്ള ഇലക്ട്രിക് പോസ്റ്റിനു താഴെ ഒരാള്‍ മുകളിലേക്കു നോക്കി എന്തോ പറയുന്നു. ഞാനും മുകളിലേക്ക് നോക്കി. മുകളിലതാ ഒരാള്‍ കയറി നില്‍ക്കുന്നു. അയാള്‍ ഒരു കറുത്ത വയറ് അതില്‍ ചുറ്റികെട്ടുന്നു. ആ വയറിന്റെ മറ്റേ അറ്റം വീടിന്റെ മുകളിലൂടെ ഓടിനുള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്നു.

ഞാന്‍ വീട്ടിലേക്ക് ഓടികയറി. ഒരാള്‍ മുറിക്കുള്ളില്‍ കസേരയ്ക്കു മുകളില്‍ കയറി നിന്നുകൊണ്ട് ബളുബ്ബ് ഉറപ്പിക്കുന്നു. അയാള്‍ തന്നെ താഴെ ഇറങ്ങി സ്വിച്ചിട്ടു. ഇത്രയും നാള്‍ ഞാന്‍ അമര്‍ത്തിയിട്ടും പ്രവര്‍ത്തിക്കാത്ത ആ സ്വിച്ച് മുറിയിലാകെ വെളിച്ചം പരത്തുന്നു. എന്ത് വെളിച്ചമാ ഈ ബളുബ്ബിന്?നിമിഷങ്ങളോളം ബളുബ്ബിനെ നോക്കി നിന്നും. ഇതെങ്ങനെയാ പ്രകാശിക്കുന്നത്.അമ്മ വിളമ്പി തന്ന ചോറില്‍ കൈയിളക്കുമ്പോഴും ഇതായിരുന്നു ചിന്ത.

“ചോറ് കഴിക്കടാ.... ഇങ്ങനെ ഇളക്കി മറിച്ചോണ്ടിരിക്കാതെ. ”
അമ്മയുടെ ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.

“അമ്മേ ഈ കരണ്ട് എങ്ങനെയാ ഇരിക്കുന്നത്? നമുക്ക് ആ സ്വിച്ച് പെട്ടി തുറന്നാ കാണാന്‍ പറ്റ്വോ?”
എന്റെ സംശയം അമ്മയോട് ചോദിച്ചു.

“കരണ്ടിനെ കാണാന്‍ പറ്റില്ല. ചൂട് പോലെ തന്നെയാണ് അതും. എന്നുകരുതി നീ കരണ്ടിനോട് കളിക്കാന്‍ നില്‍ക്കണ്ടാ. ഇനി പഴയതുപോലെ നിന്റെ സ്വിച്ചിന് മുകളിലുള്ള ടൈപ്പടി വേണ്ട കേട്ടോ?
കരണ്ടടിച്ചാല്‍ പിന്നെ അറിയാല്ലോ? മൊയ്തുമ്മാ മരിച്ചത് എങ്ങനാന്ന് നിനക്കറിയാല്ലോ?”

അതിരാവിലെ പാല്‍ കടകളിലെത്തിക്കാനായി പാടവരമ്പിലൂടെ നടന്നു വരുമ്പോള്‍ പൊട്ടി കിടന്നിരുന്ന വൈദ്യുത കമ്പികള്‍ മൊയ്തുമ്മ അറിയാതെ ചവിട്ടിയാണ് മരിച്ചതെന്ന് അമ്മ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചു. പാവം മൊയുതുമ്മ.എങ്കിലും ഇത്രയും ഭീകരനായ കരണ്ട് ബള്‍ബ് കത്തിക്കുകയും റേഡിയോയില്‍ പാടുകയും ചെയ്യുന്നുണ്ടല്ലോ? ഈ കരണ്ടിനെ ഒന്ന് കാണാന്‍ എന്താ വഴി? ഞാന്‍ സ്വിച്ച് പെട്ടിയില്‍ നോക്കി. അമ്മ അടുക്കളയിലേക്ക് പോയ തക്കം നോക്കി കസേര നീക്കിയിട്ട്സ്വിച്ച് പെട്ടിയില്‍ പതുക്കെ തൊട്ടു . കുഴപ്പമില്ല, സ്വിച്ച് അമര്‍ത്തി ബളുബ്ബ് തെളിഞ്ഞു. പിന്നെ തിരിച്ചമര്‍ത്തി അത് കെടുത്തി. പതുക്കെ ചെവി ആ പെട്ടിയിലേക്ക് ചേര്‍ത്ത് വച്ച് നോക്കി. ഉള്ളില്‍ ഒരു അനക്കവുമില്ല. കരണ്ട് ഉറങ്ങുകയാ‍വും.

“ഡാ നിന്നോട് ഞാന്‍ പറഞ്ഞതല്ലേയുള്ളൂ സ്വിച്ചില്‍ ഇനി കളിക്കരുതെന്ന് ”
ഞാന്‍ ഒരു ഉണ്ണിക്കണ്ണന്‍ചിരി* ചിരിച്ചോണ്ട് താഴെ ഇറങ്ങി.
“ഞാന്‍ തൊട്ടില്ലമ്മേ അതില്‍. കരണ്ട് ഉള്ളിലുണ്ടോന്ന് നോക്കിയതാ ആ തുളകളിലൂടെ” (സുഷിരങ്ങള്‍- പ്ലഗിലെ).

രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും ഇതായിരുന്നു ചിന്ത. ഈ കരണ്ട് എങ്ങനെയാണ് വയറിലൂടെ വീട്ടിനുള്ളില്‍ വരുക?, ബളുബ്ബ് കത്തിക്കുക?, റേഡിയോ പാടിക്കുക? സ്കൂളിലെ ഹെഡ് മാഷിന്റെ മുറിയിലെ ഫാന്‍ കറക്കുന്നതും ഇവന്‍ തന്നെയല്ലേ?. ഇവനെ ഒന്ന് കാണാന്‍ എന്താ വഴി?

ശനിയാഴ്ച സ്കൂള്‍ അവധി ആയിരുന്നു. അമ്മ അനിയത്തി കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോയിരുന്നു. അവള്‍ക്ക് നല്ല ചുമയായിരുന്നു. അതെങ്ങനാ മരുന്ന് കുടിക്കില്ലല്ലോ? വായില്‍ അമ്മ ബലം പ്രയോഗിച്ച് ഒഴിച്ച് കൊടുത്താലും അവളത് തുപ്പികളയും. എനിക്കാണേ ആ ചുവന്ന മരുന്നിന്റെമധുരം വലിയ ഇഷ്ടമാണ്. അതിനു വേണ്ടി ഞാന്‍ "കള്ളചുമ" വരുത്താറുണ്ട് വല്ലപ്പോഴും.

പപ്പ പുറത്ത് പറമ്പില്‍ എന്തോ പണിയെടുക്കുന്നു. ഞാനും മുത്തശ്ശി* യുമേ ഉള്ളൂ വീട്ടില്‍. ഞാന്‍ എന്റെ പെട്ടിയെടുത്തു തുറന്നു. പൊട്ടിയ കളിപ്പാട്ടങ്ങള്‍ , വളമുറികള്‍, മുത്തുകള്‍, ബട്ടന്‍സ്, തീപ്പെട്ടി പിന്നെ ഒരു കാന്തം, അതിന് പിടിച്ച് വലിക്കാന്‍ രണ്ട് ആണികള്‍ ഇവയാണ് എന്റെ പെട്ടിയിലെ കളക്ഷനുകള്‍. ആണികളെ അല്പം അകലെ നിന്നു പോലും പിടിച്ചെടുക്കുന്ന കാന്തം എന്റെ ഹീറോ ആയിരുന്നു. പക്ഷെ ഇപ്പോള്‍ ആ സ്ഥാനം കരണ്ടിനാണ്. കാന്തത്തിന് ബള്‍ബ് കത്തിക്കാനാവില്ലല്ലോ? ഫാന്‍ കറക്കാനും റേഡിയോക്കുള്ളിലിരുന്ന് പാടാനും.

ഞാന്‍ പതുക്കെ സ്വിച്ച്പെട്ടിയില്‍ നോക്കി. എന്റെ ഹീറോയെ ഒന്ന് കാണാന്‍ എന്താ വഴി? മുത്തശ്ശി എന്നെ നോക്കുന്നില്ല. മുത്തശ്ശി മുത്തശ്ശിയുടെ പെട്ടിക്കുള്ളില്‍ എന്തോ അടുക്കി വയ്ക്കുകയാണ്. കണ്ണ് കാണില്ലേലും നമ്മള്‍ ആ പെട്ടിയിലൊന്ന് തൊട്ടാം മുത്തശ്ശി അറിയും. പിന്നെ വഴക്കു പറയും ചിലപ്പോ നല്ല തെറി കേള്‍ക്കും. നമക്കതൊന്നും ഒരു പ്രശ്നം അല്ലല്ലോ? പക്ഷെ അമ്മ കേട്ടാല്‍ പിന്നെ അമ്മയും മുത്തശ്ശിയും തമ്മില്‍ പൊരിഞ്ഞ വഴക്ക് നടക്കും. പിന്നെ പപ്പ ഇടപെട്ടാല്‍ അമ്മയ്ക്കാണ് അടി കിട്ടുന്നത് . ആ കൂട്ടത്തില്‍ എനിക്കും.

ഞാന്‍ കസേര വലിച്ചിട്ടുകയറി എന്റെ ഹീറൊയെ ആ തുളകളിലൂടെ നോക്കി. ആള്‍ അകത്തുള്ള ലക്ഷണമില്ല. ആ ആണിയെടുത്ത് ഒന്നു കുത്തി നോക്കിയാലോ? താഴെയിറങ്ങി ഒരു ആണിയെടുത്ത് വീണ്ടും കയറി. ആണിയെ അങ്ങോട്ട് കയറ്റി വിട്ടു. നോ രക്ഷ കറണ്ട്മാന്‍ ഇറങ്ങി വരുന്നില്ല. എന്റെ സെക്കന്റ് ഹീറോ കാന്തംമാനെ വിട്ട് ആണിയെ പിടിച്ചിടുത്തു. പിന്നെ ആണിയെയും പിന്നിലായി കാന്തം മാനെയും കടത്തി. ഒരു അനക്കവുമില്ല. സ്വിച്ചിട്ടാലോ?

പെട്ടെന്ന് പിന്നില്‍ നിന്നും എന്നെ ആരോ എന്നെ തല്ലിയതുപോലെ. ആ അടിയുടെ ശക്തിയില്‍ നിലത്ത് വീണഞാന്‍ ചുറ്റും നോക്കി.
ആ മുത്തശ്ശി തള്ളയാണോ എന്നെ സ്വന്തം താങ്ങ് വടികൊണ്ട് പൊട്ടിച്ചത്. എങ്കിലിന്ന് അമ്മ വരുമ്പോ മുത്തശ്ശിക്കിന്ന് ഓണം വാങ്ങികൊടുക്കും ഞാന്‍. ഇല്ല, മുത്തശ്ശി ഈ പരിസരത്തെങ്ങുമില്ല. അപ്പോപിന്നെ? പപ്പയുമില്ലല്ലോ ഇവിടെ? ഞാന്‍ ആകെ വിയര്‍ത്തു. കാന്തവും ആണിയും താഴെ തെറിച്ചു വീണിരുന്നു.

******************************


*ഉണ്ണിക്കണ്ണന്‍ചിരി - ഇത് പ്രയോഗിച്ചാ സാധാരണ അമ്മമാരില്‍ നിന്ന് തല്ലുകിട്ടാതെ പലപ്പോഴും രക്ഷപെടാം.
*മുത്തശ്ശി- ഈ കഥാനായകന്‍ “നന്നിയമ്മാ“ എന്നു വിളിക്കും. ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രം ജീവിക്കുന്നു.

Friday, September 5, 2008

സര്‍ക്കാരുദ്യോഗമെന്നാല്‍....

ഒരു സര്‍ക്കാര്‍ ജോലി എന്റെ ഒരു സ്വപ്നമായിരുന്നു കുട്ടിക്കാലത്ത്. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വേറിട്ട ഒരാളാവുക. പൊതു ജനനന്മയ്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനാവുക ഇതൊക്കെയായിരുന്നു അന്നത്തെ സ്വപ്നങ്ങള്‍. പോലിസില്‍ ഒരു എസ് ഐ. ,അല്ലെങ്കില്‍ ജനങ്ങള്‍ ഒരു പാട് സന്ദര്‍ശിക്കുന്ന, ഓഫീസ് സമയം കഴിഞ്ഞിട്ടും പുറത്ത് കാത്തു നില്‍ക്കുന്ന ജനങ്ങളില്‍ അവസാന ആളിനെ വരെ ത്യപ്തനാക്കി വിടുന്ന സര്‍ക്കാര്‍ ഓഫിസറാവുക.


മെക്കാനിക്കല്‍ പടിച്ച എനിക്ക് പറ്റിയ സര്‍ക്കാര്‍ ഉദ്യോഗത്തിന് സാധ്യത കുറവാണെന്ന് മനസിലാക്കിയ ഞാന്‍ ബാഗ്ലൂരും പിന്നെ മുംബയിലും സ്വകാര്യ തൊഴിലുടമകളെ ,സല്‍മാന്‍ ഖാന്‍ ഗേള്‍ ഫ്രണ്ട്സിനെ പരീക്ഷിച്ചു നോക്കുന്നതുപോലെ മാറിമാറി പരീക്ഷിച്ചു. ഒടുവില്‍ സാമാന്യം ഭേദപ്പെട്ട ഒരു തൊഴിലുടമയുമായി രമ്യതയില്‍ പോകുമ്പോഴായിരുന്നു ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക പോസ്റ്റിലേക്ക് എന്നെ എപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി വിളിക്കുന്നത്.


താല്‍ക്കാലികമെങ്കില്‍ താല്‍ക്കാലികം., “ഫ പോടാ പുല്ലേ“ എന്ന് സുരേഷ് ഗോപി വാക്യം മൊഴിഞ്ഞുകൊണ്ട് ഞാന്‍ എന്റെ അവസാന തൊഴില്‍ ഉടമയെയും മൊഴിചൊല്ലി,കേരളത്തിലേക്ക് തിരിച്ചു. ആ പോസ്റ്റിനുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു കിട്ടുന്ന എല്ലാ ആനുകുല്യങ്ങളും എനിക്ക് കിട്ടും ആറുമാസത്തേയ്ക്ക്. വീട്ടില്‍ നിന്ന് പോയി വരാം ഷിഫ്റ്റില്‍ ആണ് പണി തുടങ്ങിയ നല്ല വശങ്ങള്‍ ആ പണിക്കുണ്ടെങ്കിലും കസേരയില്ല പിന്നെ ഞാന്‍ ആഗ്രഹിച്ച പൊതുജനങ്ങളില്ല തുടങ്ങിയ പോരായമകളും ഉണ്ടായിരുന്നു. എങ്കിലും ഞാന്‍ വിചാരിച്ചതുപോലെ വേതനമില്ലായ്മ എന്ന പ്രശ്നം തീരെ ഉണ്ടായില്ലെങ്കിലും തൊഴിലില്ലായ്മ ആ സ്ഥാപനത്തില്‍ സാധാരണം ആയിരുന്നു.


പഴയ സമ്പാദ്യങ്ങള്‍ പറക്കിയെടുത്തും, പിന്നെ നിനക്ക് ഒരു പണി ഉണ്ടല്ലോ അതുകൊണ്ട് തിരിച്ചുകിട്ടുമെന്ന ഉറപ്പില്‍ എന്റെ കുഞ്ഞ് പെങ്ങള്‍ തന്ന ഒന്ന് രണ്ട് ആഭരണം പണയം വച്ചും ഞാന്‍ ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങി. വഴിയില്‍ ഒളി കണ്ണിട്ട് നോക്കുന്ന ചെല്ലക്കിളികളെ മൈന്‍ഡ് ചെയ്യാതെ ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് നിങ്ങളൊന്നും എനിക്ക് ചേരില്ല എന്ന ഭാവത്തില്‍ ഞാന്‍ ആ സ്ഥാപനത്തില്‍ പോയി വരവ് നടത്തി.ആറ്മാസം ആറ് ദിവസം പോലെ കടന്നു പോയതറിഞ്ഞില്ല . ഒടുവില്‍ നിന്റെ പണി ഇത്രയുനാള്‍ എക്സലന്റായിരുന്നു സ്വഭാവം അതിലും എക്സലന്റായിരുന്നു ,അതുകൊണ്ട് നിന്നെ ഇനി ഇവിടെ ആവശ്യമില്ലാ എന്ന് ഒരു നല്ല പേപ്പറില്‍ എഴുതി തന്ന് പി എഫ് തുക ബാങ്കിലേക്കിട്ടുണ്ട് അതുമെടുത്ത് സ്ഥലം കാലിയാക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടുമൊരു തൊഴില്‍ തെണ്ടിയായി യെന്ന നഗ്നസത്യം മനസിലാക്കി.


തിരിച്ച് മുംബയിലേക്ക് തിരിക്കാന്‍ തീരുമാനിച്ച എന്നെ ആറുമാസത്തിനുള്ളില്‍ മനസില്‍ കയറിപറ്റിയ നാട്ടിലെ സുഹ്യത് ബന്ധങ്ങളും പിന്നെ ഒരു പ്രണയപുഷ്പവും ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. ഇനിയെന്തെന്ന ചോദ്യത്തിന് ഞാന്‍ ഒടുവില്‍ കണ്ടെത്തിയത് ഒരു ഗള്‍ഫുപണി കണ്ടെത്തുക എന്ന് എന്നെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത് എന്റെ സ്കൂള്‍ സഹപാഠികളില്‍ ചിലര്‍ ഗള്‍ഫന്‍ ‍ വേഷം കെട്ടി സുന്ദരിമാരായ ഭാര്യമാരോടൊപ്പം ഞെളിഞ്ഞു നടക്കുന്നത് കണ്ടപ്പോഴാണ് .പത്രത്തിലെ താളുകളില്‍ നിന്ന് ഉടന്‍ ആവശ്യമുണ്ടെന്ന തലക്കെട്ടുകളില്‍ കാണുന്ന പരസ്യങ്ങള്‍ വെട്ടിയെടുത്ത് അതിലെ ഏജന്റ് മാര്‍ക്ക് പുറകേ കൊച്ചിന്‍ , മദ്രാസ് , മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഹ്രസ്വസന്ദര്‍ശനങ്ങള്‍ നടത്തി ഞാന്‍ ദിവസങ്ങള്‍ കഴിക്കാന്‍ തുടങ്ങി. ബാക്കിയുള്ള സന്ദര്‍ഭങ്ങളില്‍ ബോറടിക്കാതിരിക്കാന്‍ എന്റെ കൂട്ടുകാര്‍ നടത്തിയിരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡ്രൈവിങ്ങ് സ്കൂളുകള്‍ എന്നിവടങ്ങളില്‍ അവരെ സഹായിച്ചിരുന്നു.
പത്രത്താളുകളിലെ എനിക്ക് അനുയോജ്യമായ പരസ്യങ്ങള്‍ കുറഞ്ഞു വന്നതോടെ എന്നെ എന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മടുത്തു തുടങ്ങിയെന്ന് എനിക്ക് തോന്നി തുടങ്ങി. വീട്ടിലെ ചില്ലറപണികള്‍ എന്നിലെ യോഗ്യതയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ രാവിലെ തന്നെ വീടുവിട്ടിറങ്ങുകയും ഇരുട്ടു വീണതിനു ശേഷം ചേക്കേറാനും തുടങ്ങി. മോനെന്താ പണിയൊന്നുമായില്ലേന്ന് നാട്ടുകാരുടെ ചോദ്യം വരില്ലല്ലോയെന്ന് മനസിലാക്കിയാവണം പപ്പയും അമ്മയും ഇതിനു മൌനാനുവാദം നല്‍കിയിരുന്നു. എങ്കിലും കറന്റ് ബില്ല്, ടെലഫോണ്‍ ബില്ല് അടയ്ക്കുക,ബാങ്കില്‍ ലോണ്‍ തുക അടയ്ക്കുക ഗ്യാസ് സിലണ്ടറ് മാറ്റുക വീട്ടാവശ്യങ്ങള്‍ക്കായി സാധനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ സന്തോഷപൂര്‍വ്വം നിര്‍വഹിച്ചിരുന്നു.അന്നും പതിവുപോലെ ഞാന്‍ എന്റെ ഏക സുഹ്യത്തും സമ്പാദ്യവുമായ മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അമ്മ പുറകില്‍ നിന്ന് വിളിച്ചു,

“ടാ ടെലഫോണ്‍ ബില്ല് അടയ്ക്കണം, ഇന്ന് അവസാന ദിവസമാ മറക്കരുത്.”

അമ്മയുടെ കയ്യില്‍ നിന്ന് പണവും ബില്ലും വാങ്ങിയപ്പോള്‍ എനിക്ക് അലപം സന്തോഷം തോന്നി. ഇന്ന് 12മണിവരെ ഒരു സര്‍ക്കാര്‍ കാര്യാലയത്തിന്റെ നീണ്ട ക്യൂവില്‍ നില്‍ക്കാമല്ലോ?9 മണിക്ക് കൌണ്ടര്‍ പ്രവര്‍ത്തിക്കുമെങ്കിലും ക്യൂ വളരട്ടെ എന്ന് കരുതി ഞാന്‍ പത്തരയോടെയാണ് അവിടെയെത്തിയതും ക്യൂവിലൊരു സ്ഥാനം കണ്ടെത്തിയതും. കൌണ്ടറില്‍ നിന്ന് തുടങ്ങുന്ന ക്യൂ സ്റ്റെയര്‍ കേയ്സ് വഴി താഴത്തെ നില വരെ എത്തിയിരുന്നു. ഇഴഞ്ഞു നീങ്ങുന്ന ക്യൂവിന് സ്പീഡില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് എനിക്ക് മനസിലായി.

കഴിഞ്ഞ മാസം കൌണ്ടറില്‍ കപ്യൂട്ടര്‍ വന്നെങ്കിലും ക്യാഷ് വാങ്ങുന്ന 40 വയസോളം പ്രായമായ ഉദ്യോഗസ്ഥന് മാറ്റമുണ്ടായിട്ടുണ്ടായിരുന്നില്ല . അയാളുടെ ഭാവം കണ്ടപ്പോള്‍ ക്യൂവില്‍ നില്‍ക്കുന്നവരെല്ലാം തന്റെ അനുകമ്പയില്‍ നിത്യവ്യത്തി നടത്തുന്നവരാണെന്ന് തോന്നിയിരുന്നു. കപ്യൂട്ടറിലെ ബട്ടണുകള്‍ അയാള്‍ അമര്‍ത്തുന്നതു കണ്ടപ്പോള്‍ വിമാനം പറത്തുന്ന പൈലറ്റിനെയായിരുന്നു ഓര്‍മ്മ വന്നത്. രണ്ടുമാസം മുമ്പാണ് കപ്യൂട്ടര്‍ ഈ മഹാത്മാവിന് ബില്ലടിക്കാന്‍ കിട്ടിയതെങ്കിലും ഇന്നും ക്യാഷ് വാങ്ങി ബില്ലുകൊടുക്കാന്‍ പണ്ട് എഴുതികൊടുത്തിരുന്നതിലും കവിഞ്ഞ് സ്പീഡ് ഉണ്ടായിരുന്നില്ല.
മെല്ലെ ഇഴയുന്ന ക്യൂവില്‍ ഞാന്‍ എന്റെ സഹക്യൂവന്മാരോട് കത്തി വച്ച് സമയത്തോടൊപ്പം ക്യൂവിനെയും തള്ളിനീക്കി. മറ്റുള്ള വരെല്ലാം എന്നെ പോലെയല്ലെന്നും പലരും ജോലിത്തിരക്കിനിടയില്‍ ബില്ലടയ്ക്കുക എന്ന മുഷിഞ്ഞ പണിക്ക് വന്നതാണെന്നും എനിക്ക് മനസിലായി തുടങ്ങിയിരുന്നു. സമയം 12 മണി കഴിഞ്ഞു.

“ എന്താ കുറെ നേരമായി ക്യൂ നീങ്ങുന്നില്ലല്ലോ?“ ഞാന്‍ എന്റെ സംശയം ആരോടെന്നില്ലാതെ പറഞ്ഞു. “അത് ശരിയാ മോനെ ഇത് കുറെ നേരമായി നീങ്ങുന്നില്ല.”

എന്റെ പിന്നില്‍ നിന്ന ഒരു അമ്മാവനാണത് പറഞ്ഞത്.

എന്തായാലും ഞാനൊന്ന് നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് ഞാന്‍ മുകളിലോട്ട് കയറിചെന്നു.കൌണ്ടറിലെ കമ്പ്യൂട്ടറിനുമുന്നില്‍ താടിയ്ക്ക് കൈയും കൊടുത്ത് ആ സ്ഥിരം കാഷ്യര്‍ ഇരിപ്പുണ്ട്.

“എന്താ കാഷ് അടയ്ക്കുന്നില്ലേ?“ ഞാന്‍ ക്യൂവിലാദ്യം നില്‍ക്കുന്ന മാന്യദേഹത്തോട് ചോദിച്ചു

“ഇല്ല കരണ്ടില്ല അതുകൊണ്ട് കമ്പ്യൂട്ടറ് പ്രവര്‍ത്തിക്കില്ലെന്ന്,”

“സാറേ... ബില്ല് ഇന്ന് അടയ്ക്കാന്‍ കഴിയുമോ?” ഞാന്‍ മാന്യ ഉദ്യോഗസ്ഥനോട് തിരക്കി

“2 മണിക്ക് മുന്‍പ് കരണ്ട് വന്നാല്‍ അടയ്ക്കാം.“ എന്റെ മുഖത്ത് നോക്കാതെ അയാളുടെ മറുപടി.

“എന്താ സാര്‍ ഇത് ? കരണ്ടില്ലെങ്കില്‍ സാര്‍ നേരത്തെ ചെയ്തിരുന്നതുപോലെ ബില്ല് എഴുതി കൊടുത്തു കൂടെ?”

ഇത്തവണ അയാള്‍ മുഖം ചുവപ്പിച്ച് എന്നെ ഒരു നോട്ടം നോക്കി.

“ അല്ല സാറെവിടുന്നാ വരുന്നേ? എനിക്കറിയാം എന്റെ പണി എങ്ങനെ ചെയ്യണമെന്ന്. ”അയാള്‍ ഉച്ചത്തില്‍ എന്നോട് ആക്രോശിച്ചു.

“കമ്പ്യൂട്ടറും കുന്ത്രാണ്ടവും മനുഷ്യനെ സഹായിക്കാനാന്നാ കേട്ടത് ഇതിപ്പോള്‍ ദ്രോഹമായല്ലോ?” എന്നോടൊപ്പം പിന്തുണയായി മറ്റൊരാളും കൂടി. പിന്നില്‍ ആരോ കതകിലോ മറ്റോ അടിച്ചു ശബ്ദമുണ്ടാക്കിയപ്പോള്‍ ശക്തമായ സമരത്തിനുള്ള സ്കോപ്പുണ്ടെന്ന് എനിക്ക് മനസിലായി.ഞാനു കാഷ്യറും തമ്മില്‍ വാക്കും വാക്കേറ്റവും നടന്നു. ഇതിനിടയില്‍ ജില്ലാ മേലുദ്യോഗസ്ഥന്റെ നമ്പര്‍ തപ്പി തടഞ്ഞ് കണ്ടെത്തി ഫോണ്‍ ചെയ്തു. മറുതലയ്ക്കല്‍ നിന്ന് ഉടന്‍ നിര്‍ദ്ദേശം കൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സ്ഥിതിയ്ക്ക് മെച്ചമുണ്ടായില്ല.കാഷ്യര്‍ മര്‍ക്കടമുഷ്ടിയില്‍ തന്നെ.എല്ലാവരുടെയും ശബ്ദം ഉച്ചത്തിലാവുകയും, ചിലര്‍ കതകിലും മറ്റും തട്ടി ദേഷ്യപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ടൌണില്‍ പുതിയതായി തുടങ്ങിയ ലോക്കല്‍ ചാനലിനെ ആരോ വിളിച്ചു വരുത്തിയതോടെ ഈ പ്രശ്നത്തില്‍ ഞാന്‍ മുമ്പില്‍ ഞാന്‍ മുമ്പില്‍ എന്ന ഭാവവുമായി ഓരോരുത്തരായി മുന്നോട്ടു വന്നു അഭിപ്രായം പറയാന്‍ തുടങ്ങി.ടൌണിന്റെ മധ്യത്തിലായിരുന്നതുകൊണ്ട് ഈ ബഹളം കേട്ട് പട്രോളിങ് പോലീസ് ജീപ്പ് അവിടെ നിറുത്തുകയും മൂന്ന് കോണ്‍സ്റ്റബിള്‍ മാര്‍ കയറി വരുകയും ചെയ്തു. കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം അറിഞ്ഞ് പ്രവര്‍ത്തിച്ച ആ നല്ല കോണ്‍സ്റ്റബിളന്മാരുടെ ഇടപെടലില്‍ ബില്ല് എഴുതി കൊടുക്കാമെന്ന് കാഷ്യര്‍ സമ്മതിച്ചു. ഒടുവില്‍ ആളുകളുടെ സന്തോഷാരവത്തോടെ കാര്യങ്ങള്‍ മെച്ചപെട്ടു.


ആട്ടോമാറ്റിക് പേയിങ്ങ് മിഷൈനുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഈ കാ‍ലഘട്ടത്തില്‍ പണിമുടക്കിയാല്‍ നമ്മുടെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഒരല്പ നേരത്തേക്ക് പഴയ പേനയും കാര്‍ബണ്‍പേപ്പറുമെടുക്കാന്‍ വിമുഖത ഉണ്ടാവാതിരിക്കട്ടെ.

Saturday, August 23, 2008

മാണി മുത്തശ്ശിയും ഇഞ്ചി മോഷണവും

നാടായനാടും കാടായ കാടുമെല്ലാം ഓണം കൊള്ളുന്നു. മുത്തങ്ങാട്ടെ മാണിമുത്തശ്ശിമാത്രം ഒറ്റയ്ക്ക് എന്തു ഓണം കൊള്ളാനാ?
ഇത്തവണത്തെയെങ്കിലും ഓണം അടിച്ചു പൊളിക്കണം.മാണി മുത്തശ്ശി തീരുമാനിച്ചു.
ഈ കൂരയില്‍ ഒറ്റയ്ക്കിരുന്ന് ഓണം കൊള്ളാന്‍ പറ്റില്ലല്ലോ?

‘ന്റെ കുടിയില്‍ വന്ന് തള്ളയ്ക്ക് ഓണം കൂടരുതോ? കിടാങ്ങളൊക്കെ അവിടെ ഒണ്ടല്ലൊ , അവിടെ വന്ന് അവരുടെ കൂടെ തള്ളയ്ക്ക് ഓണപ്പാട്ട് പാടാം, വടംവലിയ്ക്കാം പിന്നെ പെമ്പ്രന്നോത്തി ഉണ്ടാക്കണ ഓണസദ്യ കൂട്ടാം. കൂട്ടത്തീ ന്റെ കൂടെ ത്തിരി കള്ളുമടിയ്ക്കാം.”
പറമ്പില്‍ തേങ്ങയിടാന്‍ വന്ന ചാത്തന്നാണത് തള്ളയോട് പറഞ്ഞത്.

“എന്റെ ചാത്താ, കിടാങ്ങളൊപ്പം ആടാനും പാടാനും ഞാന്‍ വരാം, പക്ഷെ സദ്യ അത് ന്റെ കുടിയില്‍ മതി.
നീ കിടാങ്ങളെയും കൂട്ടി ഇങ്ങ്ട്പോരെ .”
തേങ്ങ വാങ്ങാന്‍ വന്ന സുകുവിനെയും തള്ള വിളിച്ചു. “സുകുവേ ഇത്തവണ ഓണസദ്യയ്ക്ക് നിനക്ക് ന്റെ കുടിയില്‍ കൂടാന്‍ പറ്റ്വോ?

അതിപ്പം ഞാന്‍ മാത്രം വന്നാല് .....?

നീ മാത്രമാക്കണ്ട നിന്റെ കുട്ട്യോളെയും കെട്ട്യോളെയും കൂട്ടിക്കോ?

തേങ്ങ എണ്ണിപറക്കി ചാക്കില്‍ കെട്ടുന്നതിനിടയിലുള്ള ഈ സംസാരം, രണ്ട് തേങ്ങാ കണക്കില്‍ പെടാതെ ചാക്കിലാക്കാന്‍ സുകുവിനെ സഹായിച്ചു.

ചിങ്ങം വന്നു, ഓണം വന്നു. ചാത്തന്റെ കുടിയില്‍ ഓണക്കളിയും ഓണക്കുടിയും അരങ്ങേറി.
വഴിവരമ്പിലൂടെ നടന്നുപോയ നന്ദന്‍ നായര്‍ ചാത്തന്റെയും കിടാങ്ങളുടെയും ചേറ്റുകണ്ടത്തിലെ മരമടിമത്സേരം കണ്ട് “ത്ഫൂ നിലവാരമില്ലാത്ത വര്‍ഗ്ഗങ്ങള് “ ന്ന് ആട്ടിയതൊഴിച്ചാല്‍ ഓണക്കളി തക്യതിയായീന്ന് തന്നെ പറയാം.

മാണിത്തള്ള പറഞ്ഞ ഓണസദ്യയുടെ ദിനവും ആഗതമായി.
തലേദിവസം തന്നെ മാണിത്തള്ള ചന്തയില്‍ നിന്നും ചേമ്പ്, ചേന,കിഴങ്ങ്, വെള്ളരിക്ക,പാവയ്ക്ക, പുളി,മാങ്ങ, തേങ്ങ, നാരങ്ങ, മത്തന്‍ ,മുരിങ്ങ എന്നു വേണ്ട കിഴങ്ങായ കിഴങ്ങുകളും ,കായായ കായകളും വാങ്ങി പാമുവിന്റെ കാളവണ്ടിയില്‍ തന്റെ കൂരയിലെത്തിച്ചു.

സഹായത്തിന് പെമ്പ്രന്നോത്തിയെ പറഞ്ഞ് വിടാന്ന് ചാത്തന്‍ പറഞ്ഞെങ്കിലും മാണിത്തള്ള സമ്മതിച്ചില്ല. എല്ലാം ഒറ്റയ്ക്ക് ഒരുക്കണം അത് തന്റെ ഒരു വാശിയാണ്. അവസാനം തള്ളയുടെ വാശിയ്ക്കുമുന്നില്‍ ചാത്തന്‍ തോറ്റു.
വൈകുന്നേരത്തോടെ മാണിത്തള്ള ജോലി ആരംഭിച്ചു.ഈ രാത്രി തള്ളയ്ക്കു ഉറക്കമില്ല.ആദ്യം കടുകുമാങ്ങ അരിഞ്ഞു, ഒരു വിധത്തില്‍ അച്ചാറ് ഭരണിയിലാക്കി.പച്ചക്കറികള്‍ അരിയുന്ന പണിയാണ് അടുത്തത്. കാളന്‍, പച്ചടി, കിച്ചടി അവിയല്‍ ,തോരന്‍, സാമ്പാറ് തുടങ്ങിയ വിഭവങ്ങള്‍ക്കുള്ള പച്ചക്കറികള്‍ അരിഞ്ഞു കഴിഞ്ഞപ്പോഴേക്കും നേരം 12മണി.ഇനിയെന്താണ് അരിയാനുള്ളത് തള്ള തലചൊറിഞ്ഞുകൊണ്ട് ചുറ്റും നോക്കി.ഇഞ്ചി ഓ അത് മറന്നു ഇഞ്ചിപുളി ഉണ്ടാക്കണമല്ലൊ?
മാണി തള്ള അന്ന് ചന്തയില്‍ നിന്നും വാങ്ങിയ സാധനങ്ങളില്‍ പരതി.
ഇഞ്ചിയെവിടെ?
താന്‍ വാങ്ങിയതല്ലേ? അതോ മറന്നോ?
ദൈവമേ ഇഞ്ചിപുളിയില്ലാതെ എന്തൊരു ഓണസദ്യ.?
സദ്യവാരിവലിച്ചു കഴിക്കുന്ന കിടാങ്ങള്‍ക്ക് ദഹനത്തിന് ഇഞ്ചിപുളി അത്യാവശ്യം വേണ്ടതാണ്. തള്ള ഓര്‍ത്തു.
ഇനിയിപ്പോള്‍ എന്തു ചെയ്യും. നാളെ രാവിലെ വാങ്ങാമെന്നു കരുതിയാല്‍ തിരുവോണമായിട്ട് ഏത് കടയിലാണ് കിട്ടുക.
മാണിത്തള്ള അടുത്ത അരമണിക്കൂര്‍ ആലോചനയിലായി. തന്റെ പറമ്പിനോട് ചേര്‍ന്നുള്ള തേങ്ങാക്കാരന്‍ സുകുവിന്റെ പറമ്പില്‍ ഇഞ്ചി തഴച്ചു വളര്‍ന്നു നില്‍ക്കുന്നത് തള്ളയുടെ ഓര്‍മയില്‍ തെളിഞ്ഞു വന്നു. നേരം വെളുത്തിട്ട് പോയി അയാളുടെ കൈയ്യില്‍ നിന്ന് വാങ്ങി വരിക പ്രായൊഗികമല്ല. അടപ്രഥമന്‍ ഉണ്ടാക്കേണ്ടത് ഒരു വന്‍ പണിയാണ്. അതിനിടയില്‍.. അത്രടം വരെ പൊവുക .....

ഏതായാലും ആ പറമ്പില്‍ നിന്ന് രണ്ടുകഷണം ഇഞ്ചി മാന്തിയെടുക്കുക തന്നെ.
ചൂട്ടും കത്തിച്ച് മാണിത്തള്ള ഇറങ്ങി തിരിച്ചു. പുറത്ത് നല്ല ഓണ നിലാവ്. ചൂട്ടിന്റെ ആവശ്യമില്ല.
പടിയിറങ്ങുമ്പോള്‍ കാല് കല്ലില്‍ തട്ടി ഒന്ന് വീണെങ്കിലും കാര്യമാക്കിയില്ല. അല്ലെങ്കില്‍ തന്നെ മനസ് മുഴുവനും ഇഞ്ചിയിലാണല്ലോ?
ചീവിടിന്റെ താളവും തോട്ടിലെ തവളകളുടെ പോക്രോം പറച്ചിലും മാണിത്തള്ളയ്ക്ക് ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ല. കയ്യിലെ വെട്ടിരുമ്പ് മാണിത്തള്ളയ്ക്ക് എന്നും ധൈര്യമായിരുന്നല്ലോ?
തെക്കേയിലെ സുമയുടെ വീട്ടില്‍ നിന്ന് “ട്രീറ്റ്മെന്റും” കഴിഞ്ഞ് പോകുന്ന ബ്ലേഡ് ചന്ദ്രപ്പനെ കണ്ട് മാണിത്തള്ള ഒന്ന് മാറി നില്‍ക്കേണ്ടി വന്നതൊഴിച്ചാല്‍ മറ്റൊന്നും മാണിത്തള്ളയ്ക്ക് ആ രാത്രി തടസമായില്ല. നാളത്തെ ആവശ്യത്തിനായി രണ്ടേ രണ്ടു കഷണം മാത്രമേ അവര്‍ മാന്തിയെടുത്തുള്ളൂ.

തിരികെ വീട്ടിലെത്തിയപ്പോഴേക്കും നേരം 2 മണി.സമയം തെറ്റി ഉണര്‍ന്ന പൂവന്‍ കോഴി എവിടെയോ കൂവി.
ഇഞ്ചിയും ചതച്ച് മാണിത്തള്ള തന്റെ ജോലി തുടര്‍ന്നു. വെളുപ്പാന്‍ കാലമെങ്ങോ അല്പമൊന്ന് മയങ്ങി എഴുന്നേറ്റ് അടുപ്പെരിക്കാന്‍ തുടങ്ങി. ചോറും കറിവിഭവങ്ങളോരോന്നായി അടുപ്പില്‍ നിന്നിറങ്ങാന്‍ താമസമുണ്ടായില്ല.

ചാത്തനും കിടാങ്ങളു കെട്ട്യോളും എത്തിയതോടെ ശബ്ദമുകരിതമായി മാണിത്തള്ളയുടെ കുടില്‍.അടുപ്പിലെ വിഭവങ്ങളുടെ ഉപ്പ് നോട്ടവും തിയെരിക്കലും കിടാങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറച്ചിലും ഇളയ കുട്ടിയുടെ മൂക്ക് പിഴിയലും എല്ലാം ആ തള്ള ഒരേ താളത്തില്‍ നിര്‍വഹിച്ചു കൊണ്ടിരുന്നു. സുകുവും കെട്ട്യോളും കൂടിയെത്തിയപ്പോഴേക്കും സദ്യയ്ക്കുള്ള പപ്പടവും പൊള്ളി തയ്യാറായിരുന്നു

“എല്ലാവരും ആ പായ വിരിച്ചിരുന്നാട്ടെ”.
ഉമ്മറത്ത് പായ പൊടിതട്ടി വിടരാന്‍ അധികം താമസിച്ചില്ല. നനവ് നഷ്ടമാകാത്ത വാഴയിലകള്‍ നിരന്നു. കാളനും പച്ചെടിയും കിച്ചെടി,തോരന്‍,ഇഞ്ചിപുളി, ചോറ്,പരിപ്പ്, പപ്പടം.... വാഴയിലയുടെ പച്ചപ്പിനെ പൂര്‍ണമായി മൂടിയെന്ന് പറയാം.കൈകള്‍ അവയില്‍ പൊങ്ങിത്താഴാന്‍ തുടങ്ങി.

ടീ മാണിയേ..........ഇങ്ങോട്ടൊന്ന് ഇറങ്ങി വാടീ പുറത്തൊരു വിളി.
സാമ്പാറിന്റെ പാത്രം താഴെ വച്ച് മാണിത്തള്ള പുറത്തേക്ക് തിരിഞ്ഞു.
സുകുവിന്റെ അമ്മായിയാണ്. അമ്മായിയെ കണ്ടതും സുകു ചാടിയെഴുന്നേറ്റു.
“എടി സത്യം പറയണം നീ അറിയാതെ എന്റെ പറമ്പിലെ ഇഞ്ചി എങ്ങോട്ടും പോകില്ല.”
ഞാന്‍ എങ്ങനെ നട്ടുവളര്‍ത്തിയ ഇഞ്ചികളാ. ഇവളല്ലാതെ ആരും അത്......ആ കടും കയ്യ് ചെയ്യില്ല,
ദുഷ്ടത്തി”
മാണിത്തള്ളയുടെ കണ്ണുകള്‍ താഴ്ന്നു. മുഖം കുനിഞ്ഞു.
അത്... അത് ...ചേച്ചി ക്ഷമിക്കണം..

“എടി ഇന്നാള്‍ക്ക് എന്റെ എളയമോന്‍ നിന്റെ പറമ്പിലെ രണ്ട് തേങ്ങാ മോഷ്ടിച്ചെന്ന് ആരോ പറഞ്ഞതു കേട്ട് നീ എന്ത് തുള്ളലാ തുള്ളിയത്....? ഓ... അവളൊരു പുണ്യാളത്തി വന്നിരിക്കുന്നു”
“ചേച്ചീ...മാപ്പ് മാപ്പ് ... അപമാനിക്കരുത് ഞാന്‍ കാശ് കാശ് തരാം”
“ഓ... മാപ്പ് , ആര്‍ക്ക് വേണമെടീ നിന്റെ മാപ്പ്.” “പുറകോട്ട് തിരിഞ്ഞ് സുകുവിനോടായി വീട്ടി പോടാ അവന്‍ സദ്യ മോന്താനായി വന്നിരിക്കുന്നു.”

അമ്മായിയുടെ ശബ്ദം ഉച്ചഭാഷിണിയേക്കാള്‍ ഉച്ചത്തില്‍ വീണ്ടും വീണ്ടു ആവര്‍ത്തിച്ച് മുഴങ്ങിയകലുന്നു
ഉപേക്ഷിക്കപെട്ട ഇലകളും ചാത്തന്റെയും കിടാങ്ങളുടെയും മുടങ്ങിയ ഓണസദ്യയും ആ കുടിലില്‍ ഓണത്തിനെ വരവേല്‍ക്കുന്നു
ചേതനയറ്റ് കിടന്നിരുന്ന രണ്ട് ഇഞ്ചി തണ്ടുകള്‍ പറമ്പില്‍ വാടാന്‍ തുടങ്ങിയിരുന്നു.Thursday, July 3, 2008

കണ്ണട പോരാലോ?

മുത്തശ്ശിയുടെ കാഴ്ച മങ്ങിത്തുടങ്ങി.മുത്തശ്ശനോടാണ് മുത്തശ്ശി ആ സത്യം മടിച്ച് മടിച്ച് അവതരിപ്പിച്ചത്. അല്ലെങ്കിലും മുത്തശ്ശി അങ്ങനെയാണ്. അസുഖങ്ങളും വേദനകളും അങ്ങനെ പെട്ടെന്ന് പറയില്ല. ഇതു തന്നെ ഒന്ന് രണ്ട് തവണ മുറ്റത്തോ പറമ്പിലോ വീഴാന്‍ ഭാവിച്ചത് മുത്തശ്ശന്‍ കണ്ടു. പിന്നെ കര്‍ക്കശ്ശക്കാരനായ മുത്തശ്ശന്റെ ചോദ്യം ചെയ്യലിലും പരീക്ഷണങ്ങള്‍ക്കും
മുമ്പില്‍ മുത്തശ്ശിയുടെ കാഴ്ച്കമങ്ങിയ സത്യം വെളിപ്പെട്ടു.

മുത്തശ്ശിയുടെ പ്രായം 62 കഴിഞ്ഞിട്ടുണ്ടാവും. ക്യത്യമായി പറയണമെങ്കില്‍ പഞ്ചായത്താഫീസില്‍ മുത്തശ്സിയുടെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടല്ലല്ലോ? അഥവാ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയല്‍ അരിച്ച ചിതലുകള്‍ക്കു പോലും ഓര്‍മ്മകാണില്ല.മുത്തശ്ശിയുടെ മുടി കണ്ട് പ്രായം അനുമാനിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം ഈ 62 )o വയസ്സിലും മുടികളില്‍ തൊണ്ണൂറ് ശതമാതനവും കറുപ്പ് നിറം നിലനിറുത്തിയിട്ടുണ്ട്. അടങ്ങിയിരിക്കുന്ന സ്വഭാവം മുത്തശ്ശിയ്ക്കില്ല. പാത്രങ്ങളും മറ്റും മുത്തശ്ശിയ്ക്ക് മുത്തശ്ശി തന്നെ വ്യത്തിയാക്കിയാലേ മതിയാകൂ.ചാവാലിപശുവിനെ കറക്കുന്നതും അവളുടെ തൊഴുത്ത് വ്യത്തിയാക്കി അവളെ കുളിപ്പിക്കുന്നതും മുത്തശ്ശി തന്നെയായിരുന്നു. രണ്ടുമാസം മുമ്പാണ് മുത്തശ്ശിയ്ക്ക് കടുത്ത നടുവേദന കാരണം ആശുപത്രിയിലായതും നട്ടെല്ലിന്റെ ഡിസ്ക് തേയ്മാനം സംഭവിച്ചിട്ടുണ്ടെന്നതിനാല്‍ പരിപൂര്‍ണ്ണ വിശ്രമം വേണമെന്ന് ഡോക്ടര്‍ വിധിച്ചത്. എന്നാല്‍ ആശുപത്രി വിട്ടപ്പോഴേക്കും ഡോക്ടര്‍ വിധിയെല്ലാം കാറ്റില്‍ പറത്തി മുത്തശ്ശി ചാവാലിപശു സേവ പൂര്‍വ്വാധികം ഭംഗിയായി പുനരാരംഭിച്ചു.ഒരിക്കല്‍ ഈ“ഹാര്‍ഡ് വര്‍ക്ക്” കണ്ടുകൊണ്ട് വന്ന മുത്തശ്ശന്‍ അന്ന് തന്നെ ചാവാലിപശുവിനെ കച്ചവടമാക്കി.

ആ സംഭവം കഴിഞ്ഞ് ഏകദേശം രണ്ടുമാസം കഴിഞ്ഞാ‍ണ് ഈ കാഴ്ച പ്രശ്നം അവതരിക്കുന്നത്. ഈ സമയത്ത് പഠനം കഴിഞ്ഞ് തൊഴിലന്വേഷണമെന്ന കഠിനാദ്ധ്വാനത്തിലായിരുന്ന ഞാന്‍ ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അവിടെ ഉണ്ടായിരുന്നു. മുത്തശ്ശിമുത്തശ്ശന്മാരുടെ കൂടെ പട്ടണത്തില്‍ പോയി മുത്തശ്ശിയ്ക്ക് അനുയോജ്യമായ കണ്ണട വാങ്ങി തിരികെ വീട്ടിലെത്തിക്കുകയെന്ന പണി എനിക്ക് ഏറ്റെടുക്കേണ്ടി വന്നു. ഞങ്ങളുടെ കൂടെ നാലാമതൊരാളായി എന്റെ ചേച്ചിയുടെ കുസ്യതികുടുക്കയായ മകളും അനുഗമിക്കാനുള്ള അവകാശം നിര്‍ബന്ധപൂര്‍വ്വം സാധിച്ചെടുത്തിരുന്നു.

പട്ടണത്തില്‍ കണ്ണട വില്‍ക്കുന്ന ഒരു കടയില്‍ നിന്നും കണ്ണട തിരിഞ്ഞെടുക്കാനുള്ള മുത്തശ്ശന്റെ നിര്‍ദ്ദേശത്തിനെ എനിക്ക് എതിര്‍ക്കേണ്ടി വന്നു. അതിനുമുന്‍പ് ഒരു ഡോക്ടറിന്റെ നിര്‍ദ്ദേശം സ്വീകരിക്കണമെന്നതിന്റെ ആവശ്യം അവരെ ബോധ്യപെടുത്താന്‍ ഒരുപാട് പരിശ്രമിക്കേണ്ടി വന്നു. ഒടുവില്‍ എന്റെ കടുത്ത നിലപാടില്‍ അത് അംഗീകരിച്ചു.
കണ്ണാശുപത്രിയില്‍ ഓ.പി ടിക്കറ്റ് എടുത്ത് ഡോക്ടറിനെ കാണാനുള്ള ഊഴം കാത്തിരിന്നു മുഷിഞ്ഞപ്പോഴെല്ലാം മുത്തശ്ശന്‍ എന്നെ കുറ്റപെടുത്തുന്നുണ്ടായിരുന്നു. മുത്തശ്ശന്റെ കുറ്റപെടുത്തലുകളെ അവിടെ റിസപ്ഷനില്‍ ഇരിക്കുന്ന തരുണീമണിയുടെ സൌന്ദര്യദര്‍ശനത്തില്‍ എനിക്ക് അവഗണിക്കാനായി.
ഒടുവില്‍ “മേരാനമ്പര്‍ കബി ആയേഗാ?” എന്ന മുത്തശ്ശിയുടെ മലയാളത്തിലുള്ള ചോദ്യത്തിന് വിരാമമായി. മുത്തശ്ശിയുടെ പേര് ഇഗ്ലീഷില്‍ എഴുതിയിരുന്ന പേപ്പറില്‍ നിന്ന് വായിച്ചതിനാല്‍ വികലമായി വിളിച്ച സുന്ദരിയുടെ പിന്നില്‍ ഞങ്ങള്‍ നാലുപേരും അകത്തേക്കു പ്രവേശിച്ചു.

അമ്പത് -അറുപത് വയസ് പ്രായമുള്ള കണ്ണട ധരിച്ച ആ ഡോക്ടറിന്റെ മുന്നില്‍ രണ്ട് ഇരിപ്പിടമേ ഉള്ളായിരുന്നതിനാല്‍ ഞാനും കുസ്യതികുടുക്കയും ഇരുവരുടെയും പിന്നിലായി നില്‍ക്കേണ്ടി വന്നു.മുത്തശ്ശിയുടെ കാഴ്ചപ്രശ്നം മുത്തശ്ശന്‍ തന്നെ ആ വൈദ്യശ്രേഷ്ടനു
വിശദീകരിച്ചുകൊടുക്കുമ്പോഴും മുത്തശ്ശി ഭര്‍ത്താവിരിക്കുമ്പോള്‍ അന്യന്മാരുടെ മുമ്പില്‍ മൌനമാണ് ഭൂഷണമെന്ന ആ പഴഞ്ചന്‍ നിയമം പാലിച്ചിരുന്നു.

കാഴ്ച പരിശോധന എന്ന നിലയില്‍ ഡോക്ടര്‍ തന്നെ പിന്നില്‍ അല്പം ദൂരെയായുള്ള സ്ക്രീന്‍ തെളിച്ചു.
സ്ക്രീനിലെ മലയാള അക്ഷരങ്ങള്‍ കണ്ട് ഇതൊക്കെ എന്റെ അംഗല്‍ വാടിയില്‍ ഉച്ചത്തില്‍ വായിക്കുന്ന ഓര്‍മ്മവന്നതിനാലാവണം തന്റെ കുഞ്ഞി വിരല്‍ ചൂണ്ടി കുസ്യതി കുടുക്ക ഓരോന്നായി ശബ്ദമുണ്ടാക്കാതെ ഉരവിടാന്‍ തുടങ്ങി.
‘ മുകളിലത്തെ അക്ഷരം വായിച്ചേ?”
ആ സ്ക്രീനിലേക്കൊന്ന് നോക്കിയിട്ട് മുത്തശ്ശി, മുത്തശ്ശന്റെ മുഖത്തേയ്ക്ക് മുഖം തിരിച്ചു.
“അത് അവള്‍ക്ക് വായിക്കാന്‍ കഴിയില്ല” ഡോക്ടര്‍ മുത്തശ്ശന്‍ പറഞ്ഞു.
ഇതിനിടയില്‍ മുത്തശ്ശിയുടെ ചെവിയില്‍ ആ അക്ഷരം ഏതെന്ന് കുസ്യതികുടുക്ക പറഞ്ഞു കൊടുത്തു സഹായിക്കാന്‍ തയ്യാറായി
“ അ”
ഡോക്ടര്‍ തന്റെ പെട്ടിയില്‍ നിന്ന് ഒരു ലെന്‍സെടുത്ത് ഫ്രെയിമിലിട്ടു മുത്തശ്ശിയുടെ മുഖത്തുപിടിച്ച് വീണ്ടും വായിക്കാന്‍ ആവശ്യപെട്ടു.
“ഡോക്ടറെ അവളത് വായിക്കണമെങ്കില്‍ ഈ കണ്ണടകൊണ്ടൊന്നുമാവില്ല, ഇനി ഞാനവളെ സ്കൂളില്‍ കൊണ്ടു വിടണം.“
മുത്തശ്ശന്റെ വാക്ക് കേട്ട് ഇളിഭ്യനായ ഡോക്ടറിന്റെ മുഖത്ത് ചിരി വരുമ്പോഴേക്കും, എന്റെ ചിരി നിയന്ത്രിക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു.

Thursday, June 19, 2008

മധുരമീ മലയാളം മറാത്തിയ്ക്കും


മലയാളം പഠിക്കാനുള്ള അതിയായ ആഗ്രഹം ഉള്ള മലയാളി അല്ലാത്ത ഒരു സുഹ്യത്ത് എന്റെ ഓഫിസിലുണ്ട്. അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള മലയാളമാണ് മുകളില്‍
കാണുന്നത്.രണ്ടു ദിവസമുമ്പ് അദ്ദേഹം എന്നോട് താന്‍ മലയാളം പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞപ്പോള്‍, ഞാനിത്രയും വിചാരിച്ചില്ല.
മലയാളിയായ് എന്നെ സ്വാധീനിക്കാന്‍ അദ്ദേഹം വെറുതേ ഭംഗിവാക്ക് പറയുകയാണെന്നാണ് ഞാന്‍ വിചാരിച്ചത്. അവധി ദിവസം നീയെങ്ങനാണ് ചിലവഴിക്കുന്നത് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ബ്ലോഗ് വായനയും ബ്ലോഗ് രചനയും ആയി നേരം കളയുമെന്ന് ഞാന്‍ പറഞ്ഞതുകാരണം,ബ്ലോഗിങ്ങിനെ പറ്റി
ഒരു ക്ലാസ് തന്നെ എടുക്കേണ്ടി വന്നു അദ്ദേഹത്തിനോട്. മഹാരാഷ്ട്ര സംസ്ഥാനക്കാരനായ അദ്ദേഹത്തിന് 3-4 ഇഗ്ലീഷ് ബ്ലോഗ് കാണിച്ച് കൊടുക്കുകയും കൂടി ചെയ്തപ്പൊല്‍ അദ്ദേഹം ഉത്സാഹഭരിതനായി. പിന്നെ എന്റെ സ്വന്തം മലയാളം ബ്ലോഗ്
കാണിച്ചപ്പോള്‍ അതിലെ ചില വാക്കുകള്‍ അക്ഷരങ്ങള്‍ ഉച്ചരിച്ചതിനു ശേഷം വായിക്കുന്നത് കണ്ട് ഞാന്‍ ആശ്ചര്യപെട്ടുപോയി.
താന്‍ മലയാളം സ്വന്തമായി പഠിക്കാന്‍ തുടങ്ങിയിട്ട് 6-7 മാസത്തോളമായെന്ന വെളിപ്പെടുത്തല്‍കേട്ട് ഞാന്‍ ഞെട്ടി. ഇന്നലെ അദ്ദേഹം സ്വന്തമായി എഴുതി ഓഫീസില്‍ കൊണ്ടുവന്ന ഒരു പേപ്പറാണ് ഞാന്‍ മുകളില്‍ കാണിച്ചിരിക്കുന്നത്.
ഞാന്‍ തെറ്റു തിരുത്തണമെന്ന അപേക്ഷയുമായിട്ടായിരുന്നു ഇതെന്നെകാണിച്ചത്. ലഞ്ചു ടൈമില്‍ ഞാന്‍ എന്നെ കൊണ്ട് ആവും വിധം ഇതിലെ തെറ്റ് മനസിലാക്കികൊടുത്തു. അത് അദ്ദേഹം മനസിലാക്കുകയും ‘ഴ’, ‘ള’, ‘ണ’ , ന തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണവ്യത്യാസങ്ങള്‍ മനസിലാക്കാനായി എന്റെ ശബ്ദം മൊബയിലില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
അറബിയോ മറ്റു ഭാഷകളോ പഠിക്കാന്‍ തിരഞ്ഞെടുക്കാതെ മലയാളം തന്നെ പഠിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍
മലയാളികളും മലയാളസിനിമകളും പിന്നെ മലയാള സാഹിത്യത്തിനെ പറ്റിയുള്ള കേട്ടറിവും അദ്ദേഹത്തിനെ അത്രത്തോളം സ്വാധീനിച്ചുവെന്നാണ് പറഞ്ഞത്.
നിരവധിമലയാള വാക്കുകളുടെ ഇഗ്ലീഷ് അര്‍ത്ഥങ്ങള്‍ അദ്ദേഹം മനസിലാക്കി കഴിഞ്ഞുവെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ഇതുവരെ കേരളം സന്ദര്‍ശിക്കാത്ത അദ്ദേഹത്തിന്റെ മലയാള ഭാഷയോടുള്ള സ്നേഹം ബൂലോകരെ അറിയിക്കണമെന്ന് തോന്നിയതിനാലാണിത് പോസ്റ്റുന്നത്.
മലയാള ഭാഷ ഹ്യദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിനെ സഹായിക്കുക എന്റെ ബാധ്യതയാണ്. മലയാളിയേയും മലയാളത്തെയും സ്നേഹിക്കുന്ന എന്റെ സുഹ്യത്തും സഹപ്രവര്‍ത്തകനുമായ ഷെല്‍ക്കേയെ മലയാള ഭാഷ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Monday, June 2, 2008

അവന്‍ വന്നിരിക്കുന്നു....

ഇത് സത്യമായിട്ടും സംഭവിച്ച കാര്യം തന്നെയാണ്. എന്റെ പ്രണയം അതിന്റെ മാസ്മരികതയില്‍ എത്തിയ ഒരു കാലം.
ആ സമയത്ത് പ്രിയതമയെ കാണാന്‍ ഒരു അവസരം കിട്ടിയാല്‍ ആരാണ് ഒഴിവാക്കുന്നത്. അതേ വൈകിട്ട് അവള്‍ ഹോസ്റ്റലില്‍ നിന്ന് നേരത്തെ വരും. പതിവു പോലെ അവളെ 6: 30 നു മുമ്പ് വീട്ടിലേക്ക് വണ്ടി കയറ്റി വിട്ടാല്‍ മതി. ഇനി വീട്ടില്‍ എന്തെങ്കിലും നമ്പരിട്ട് വേണം അങ്ങോട്ട് പോകാന്‍. നമ്പരിടേണ്ടി വന്നില്ല പപ്പാ തന്നെ പറഞ്ഞു കുറച്ച് പൈസ കയ്യില്‍ തന്നുകൊണ്ട് മാമന്റെ വീട്ടില്‍ കൊടുത്തിട്ട് വരാന്‍ .

വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ സമയം 5 മണി. ബൈക്ക് പറപ്പിച്ച് വിട്ടാല്‍ 5: 30ന് അവളെ കാണാം. പിന്നെ അവിടെ ചുറ്റി അടിച്ച് ഏതെങ്കിലും ഹോട്ടലില്‍ കയറിയിരുന്ന് ലഘു ഭഷണവും കഴിച്ച് , ചില്ലറ സൊള്ളല്‍ സംഭാഷണവും കഴിഞ്ഞ് ഒടുവില്‍ വേദനയോടെ പിരിയണം. പിന്നെ വേണം പൈസ കൊണ്ട് മാമന്റെ കയ്യില്‍ എത്തിയ്ക്കാന്‍ .

പ്ലാന്‍ ചെയ്തത് പോലെ 5:30ന് തന്നെ അവളെ കണ്ടെത്തി. ഏറെ നാളുകളായി കാണാത്തതിന്റെ വിഷമം ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കു വച്ചു.. പിന്നെ അവളുടെ പരിഭവങ്ങള്‍ കേള്‍ക്കണം. കഴിഞ്ഞ ആഴ്ച ഒരിക്കല്‍ പോലും ഒന്ന് ഫോണ്‍ ചെയ്യാത്തതിനുള്ള മുഖം കറുപ്പിക്കല്‍ ഇന്ന് ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു. അതിന്റെ സൂചന ഇന്നലെ വിളിക്കുമ്പഴേ ഉണ്ടായിരുന്നതു കൊണ്ട് ഞാന്‍ പ്രിപ്പയേര്‍ഡ് ആയിരുന്നു. അവളുടെ പരിഭവം മാറ്റാന്‍ ഞാന്‍ വിഷാദം, അനുകമ്പ,സെന്റിമെന്റല്‍ തുടങ്ങിയ കരുതിവച്ച ഭാവങ്ങള്‍ മാറി മാറി പ്രയോഗിച്ചു വിജയിച്ചുകൊണ്ടിരുന്നു. അവസാനം ഇനിയെന്നു കാണുമെന്ന ചോദ്യവുമായി പിരിയുമ്പോള്‍ സമയം 6:30 കഴിഞ്ഞു.

പപ്പ ഏല്‍പ്പിച്ച കാര്യവും നിര്‍വ്വഹിച്ച് തിരികെ വീട്ടിലോട്ട് പോകുന്നതിനു മുമ്പ് പെട്രോള്‍ വാഹനത്തില്‍ നിറച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു, പിന്നില്‍ നിന്നൊരു വിളി. “ഡാ മൂസാ നീ ഇവിടെയൊക്കെ ഉണ്ടോ?”
സഹപാഠി ആയിരുന്ന വിനോദ് ആയിരുന്നു. അക്കാലത്ത് വെറുതെ വായിനോക്കി നടന്നിരുന്ന എനിക്ക് കൂട്ടുകാര്‍ ഒരു വീക്ക് നെസ് ആയിരുന്നു.
അന്നും അത് തന്നെ സംഭവിച്ചു. അവന്റെ കൂടെ ഹോട്ടലില്‍ അത്താഴ ഭക്ഷണം കഴിഞ്ഞ് ചില്ലറ പൂര്‍വ്വകാലകഥകള്‍ പറഞ്ഞിരുന്ന് നേരം പോയത് അറിഞ്ഞില്ല. ഒരു ബൂത്തില്‍ കയറി വീട്ടില്‍ വരാന്‍ താമസിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തു. ഭാഗ്യം അമ്മ തന്നെയായിരുന്നു ഫോണെടുത്തത്.

അവനോട് യാത്രപറഞ്ഞ് പിരിഞ്ഞപ്പോള്‍ സമയം 11 മണി. വണ്ടി ഓടിച്ച് വരുമ്പോള്‍ എനിക്ക് ധൈര്യത്തിന്റെ കാര്യത്തില്‍ ഒരു കുറവും ഇല്ലായിരുന്നു. കാരണം ഞാന്‍ കണ്ട സിനിമയിലെ കഥ റീവൈന്‍ഡ് ചെയ്ത് നോക്കുക ഇത്തരം ഒറ്റയ്ക്കാവുന്ന സന്ദര്‍ഭങ്ങളില്‍ എന്റെ പതിവാണ്. അല്ലാതെ ഈ സമയത്ത് പ്രേതങ്ങളുടെയും കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ച ആ പെണ്ണിന്റെ ബോഡി കണ്ട വിവരവും ഞാന്‍ ഓര്‍മയിലേക്കു കയറ്റുകയേ ഇല്ല.അഥവാ ഇങ്ങനെയുള്ള ഓര്‍മ്മകള്‍ എന്റെ മനസിലേക്ക് കയറി വന്നാല്‍ തന്നെ ഞാന്‍ അവയെ ആട്ടിപായിക്കും.
ഇനിയുള്ള റോഡ് കേരളാ പി ഡബ്ലൂ ഡിയുടെ മുഖമുദ്ര പതിച്ച കുഴികള്‍ ഉള്ളതാണ് മാത്രവുമല്ല ഇരു വശവും റബ്ബര്‍ തോട്ടങ്ങളും വിജനവുമാണ്. ശ്വാനന്മാരുടെ പ്രണയസല്ലാപങ്ങള്‍ ഈ സമയത്താണ് സാധാരണ അരങ്ങേറുള്ളത് ഇവിടെ. അതിനിടയില്‍ ശല്യം ചെയ്യുന്ന എന്നേ പോലെയുള്ള ടൂ വീലന്മാരെ ഇവര്‍ പുറകേ ഓടി ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട്. പെട്ടെന്നുള്ള ഇവന്‍മാരുടെ ശബ്ദം കേട്ട് വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടത്തിനും സാധ്യതയുണ്ട്. മുന്‍പ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ചില്ലറ പരുക്കുകള്‍ എനിക്കുണ്ടായിട്ടുള്ളത് കൊണ്ട് അതീവശ്രദ്ധയോടെ യാണ് ഞാന്‍ ആ ഇരു ചക്രവാഹനം ചലിപ്പിച്ചിരുന്നത്.

ഈ വിജനമായ റോഡ് ഏകദേശം 3 കി.മീ വരെ നീളും. ആ പ്രദേശത്ത് ആള്‍ താമസം ഇല്ലെന്ന് തന്നെ പറയാം. അങ്ങ് ദൂരെ മിന്നാമിനുങ്ങ് പോലെ ചില വീടുകളിലെ വിളക്കുകള്‍ കാണാം. സ്ട്രീറ്റ് ലൈറ്റുകള്‍ ഇവിടെ കുറവാണ്. വളവുകളില്‍ ചിലപ്പോള്‍ ചെറുമിന്നലോടെ ഒന്ന് രണ്ടെണ്ണം കണ്ടെന്നുവരാം. ഈ വഴിയില്‍ എന്നെ സംബന്ധിച്ചിടത്തോളം രാത്രിയാത്രകളില്‍ ദുരിതഅനുഭവങ്ങള്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുള്ളതാണ് . ഒരു മാസം മുമ്പ് തുടര്‍ച്ചായായി 2 ദിവസങ്ങളില്‍ എന്റെ വാഹനം ഇവിടെ വച്ച് പഞ്ചറായി വഴിമുടങ്ങിയിട്ടുണ്ട്. അതും ഒരേ സ്ഥലത്ത് വച്ച്. ആ രണ്ടു ദിവസങ്ങളിലും ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല . എന്റെ കൂടെ എന്റെ അളിയന്‍ (സഹോദരി ഭര്‍ത്താവ് ) ഉണ്ടായിരുന്നു. അളിയന്റെ കയ്യില്‍ മൊബയില്‍ ഉണ്ടായിരുന്നതുകൊണ്ട് അന്ന് വര്‍ക്ക് ഷോപ്പ് നടത്തുന്ന എന്റെ മാമനെ വിളിച്ചു വരുത്തി പഞ്ചറുള്ള ടയര്‍ മാറ്റി ഞങ്ങള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞു.

ഇന്ന് അങ്ങനെ വല്ലതും സംഭവിച്ചാലോ എന്ന ചിന്ത എന്റെ മനസില്‍ ഭയം കോരിയെറിഞ്ഞു. ദൈവം സര്‍വ്വശക്തനാണെന്നും കരുണയുള്ളവനാണെന്നും ഓര്‍ക്കാന്‍ പിന്നെ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. ആ സമയത്ത് ഞാന്‍ മറ്റാരെക്കാളും ഒരു യഥാര്‍ത്ഥ ഭക്തനായി മാറി എന്നു തന്നെ പറയാം. വിജനമായ വഴിയില്‍ ചീവിടിന്റെ ശബ്ദം എന്റെ ഭയത്തിന്റെ ആക്കം കൂട്ടികൊണ്ടിരുന്നു. നശിച്ച കയറ്റം കാരണം ആക്സിലേറ്ററില്‍ എന്ത് പ്രയോഗം നടത്തിയാലും ഫലമില്ല എന്ന അവസ്ഥയിലാണ്.

റോഡിന്റെ ഇടതുവശം താഴ്ന്ന പ്രദേശമാണ്. തട്ടുതട്ടായി ക്യഷിചെയ്ത് വളര്‍ന്ന കൂറ്റന്‍ റബ്ബര്‍മരങ്ങള്‍ ഇരുട്ടിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ഇത്രയും താമസിക്കണ്ടതല്ലായിരുന്നു എന്ന് എനിക്ക് തോന്നി. എന്റെ ടൂവീലറിന് ശബ്ദം തീരെ കുറവായതായി അനുഭവപ്പെട്ടു. അതാണിവിടെ കടുത്ത നിശബ്ദതയ്ക്കുകാരണം. ഞാന്‍ ഓര്‍ക്കണ്ടാന്ന് വിചാരിക്കുന്ന ചിന്തകള്‍ എന്നെ കടന്നാക്രമിക്കുന്നു.

‘അവന്‍ വന്നിരിക്കുന്നു.........’
ഒരു ഗാഭീര്യ ശബ്ദം എന്റെ ഹ്യദയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് മുഴങ്ങി. മൂകതയില്‍ മുഴങ്ങിയ ആ ശബ്ദത്തിന്റെ ആക്കം കൊണ്ടാവണം എന്റെ കാലുകള്‍ ബ്രേക്കിലമര്‍ന്നുവോ?, എഞ്ജിന്‍ നിലച്ചുകൊണ്ട് എന്റെ വണ്ടി നിന്നു. എന്റെ വരവിനെ ഇത്രയധികം പ്രതീക്ഷിച്ചിരുന്ന പിശാച്.? അതോ പ്രേതമോ?. എന്റെ ഹ്യദയം പെരുമ്പറ മുഴക്കാന്‍ തുടങ്ങി.

ആ ശബ്ദത്തിന്റെ തുടര്‍ച്ച അല്പം ഇടവേളക്ക് ശേഷമാണ് വന്നത് . ഏതോ ബൈബിള്‍ വാക്യമായിരുന്നു.
എങ്കിലും ഇവിടെ ഈ സമയത്ത്?

റോഡിനു താഴെ പുതിയതായി പണിത വീട്ടില്‍ പ്രാര്‍ത്ഥന ആയിരുന്നു. പന്തകോസ് എന്ന വിഭാഗത്തിലുള്ള അവര്‍ ഒരു സ്പീക്കര്‍ ബോക്സ് റോഡിലേക്ക് കണക്ട് ചെയ്ത് വച്ചിരുന്നു. അത്രയും നേരം കാപ്പികുടിയോ മൌനപ്രാര്‍ത്ഥനയോ കഴിഞ്ഞു അവര്‍തുടങ്ങിയ ശബ്ദമായിരുന്നു ഞാന്‍ കേട്ടത്.

ഇന്നും ഞാനാ വഴിയില്‍ കൂടി പോകുമ്പോള്‍ ഈ ശബ്ദത്തിന്റെ ഓര്‍മ്മ എന്നില്‍ പുഞ്ചിരി ഉണ്ടാക്കാറുണ്ട്.

Saturday, March 29, 2008

ഞാനും യു എ ഇ ബൊഗേഴ്സ് മീറ്റില്‍

വെള്ളിയാഴ്ച ദിനത്തിലെ പതിവ് പാചകപരീക്ഷണവും ജുമാപ്രാര്‍ത്ഥന ,ഉച്ചയൂണും കഴിഞ്ഞ് ഉച്ചമയക്കത്തിനായി കിടക്കയെ സമീപിച്ചു. “ടാ നിന്റെ മൊബയില് ചിലക്കുന്നു“ എന്ന സഹമുറിയന്റെ വിളികേട്ട് ക്ഷമിക്കണം ഞാന്‍ ഉടനെയെത്താം എന്ന ക്ഷമാപണം കിടയ്ക്കക്കു നല്‍കിയിട്ട് ഞാന്‍ അടുത്ത മുറിയിലിരിക്കുന്ന എന്റെ മൊബയില്‍ കൈക്കലാ‍ക്കിയപ്പോഴേക്കും അതിന്റെ പാട്ട് നിലച്ചിരുന്നു.

ഹരിയണ്ണനാണ് മിസ്കീന്‍ കാള്‍ ചെയ്തിരിക്കുന്നതെന്ന് മനസിലായപ്പോള്‍ തിരിച്ചു വിളി നടത്തി.
ടാ നീ വരുന്നില്ലേ? നീയല്ലേ പറഞ്ഞത് പോകുമ്പോള്‍ വിളിക്കണമെന്ന്
ഞാന്‍ എന്റെ ഓര്‍മ്മയില്‍ പരതി... എവിടെ പോകുന്ന കാര്യമാണ് അണ്ണന്‍ പറയുന്നത്?
ടാ ബ്ലോഗേഴ്സ് മീറ്റ് ... ഞങ്ങള്‍ ഇവിടെ റെഡിയായി നില്‍ക്കുകയാ.
അണ്ണാ ഒരു പതിനഞ്ച് മിനിറ്റ് ഞാന്‍ ഇതാ ഞാനെത്തി...
പിന്നെയുള്ള പ്രകടനങ്ങള്‍ ദ്രുതഗതിയിലായിരുന്നു.വലിച്ചുകേറ്റിയ പാന്റ് തിരിച്ചാണെന്ന് മനസിലായത് അത്അരയിലെത്തിയപ്പോഴാണ്.വലിച്ചൂരി നേരെയാക്കി. കിടക്കയോട് സോറി ഡാ പറഞ്ഞിറങ്ങി. മുടിചീകിയൊതുക്കിയത് ലിഫ്റ്റിനുള്ളില്‍ വച്ച്. ഹരിയണ്ണന്‍ പറഞ്ഞ സ്ഥലത്ത് ഓടിയെത്തിയപ്പോഴേക്കും പതിനഞ്ച് മിനിറ്റ് കഴിഞ്ഞിരുന്നു.അവിടെ ഹരിയണ്ണന്‍ ഒരു വണ്ടിയുമായി കാത്തു നില്‍ക്കുന്നു. ഞാന്‍ ആ വണ്ടിയില്‍ കയറി അതിനുള്ളിലുള്ള സീറ്റുകളിലെല്ലാം തിരഞ്ഞു. എവിടെ ഹരിയണ്ണന്‍ പറഞ്ഞ കുറുമാനും വഴിപോക്കനും.
അവര് ചാര്‍ജ്ജ് ചെയ്യാന്‍ പോയിരിക്കുകയാ.., നീ ഡോറടയ്ക്ക് നമുക്കങ്ങോട്ട് പോകാം.
വണ്ടി മറ്റൊരിടത്ത് നിറുത്തി ഞങ്ങള്‍ അവരെയും കാത്ത് ഇരുന്നു. അല്പം കൂടി താമസിക്കാമായിരുന്നു എന്ന് എനിക്ക് തോന്നിയ നിമിഷം.
അതാ വരുന്നു രണ്ടു പേര്‍ . കുറുമാനെ തിരിച്ചറിയാം കഷണ്ടിയില്‍ സ്വന്തം പ്രതിബിംബം കാണുമ്പോള്‍ എന്ന എന്റെ ആശയം വഴിതെറ്റി. രണ്ടുപേര്‍ക്കും കഷണ്ടിയില്ല. ബുള്‍ഗാന്‍ താടി വച്ച ഒരു രൂപത്തിന് കുറുമാന്റെ ഛായ ഉള്ളതുപോലെ. ബ്ലോഗ് പ്രൊഫയിലില്‍ കണ്ട കുറുമാന്റെ ചിത്രം വീണ്ടും വീണ്ടും റീസ്റ്റോര്‍ ചെയ്തു നോക്കിയിട്ടും എനിക്ക് ഒന്നും പിടികിട്ടിയില്ല.
പിന്നീടുള്ള സംസാരത്തില്‍ നിന്നാണ് എന്റെ മുന്‍പിലുള്ള സീറ്റില്‍ ഇരിക്കുന്ന ആ മനുഷ്യന്‍ കുറുമാന്‍ എന്ന ബ്ലോഗര്‍ മാത്രമല്ല ഒരു വിഗ്ഗര്‍ കൂടി ആയ വിവരം അറിഞ്ഞത്. കാതടപ്പിക്കുന്ന ശബ്ദം ആയിരുന്നു കുറുമാന്‍ ചേട്ടന്റേത്. ആ ശബ്ദത്തിനു ശേഷം അടുത്തിരിക്കുന്ന വഴിപോക്കന്റെ ശബ്ദം ശ്രവിക്കാന്‍ ഞാനല്പം ബുദ്ധിമുട്ടി. ഞാന്‍ മൂസയാണെന്നും കനലാണെന്റെ ബ്ലോഗ് നാമമെന്നും പറഞ്ഞപ്പോള്‍ അങ്ങനെയും ഒരു ബ്ലോഗുണ്ടോയെന്ന മനസിലെ ചോദ്യത്തെ അടിച്ചിരുത്തികൊണ്ട് അവര്‍ ഞാന്‍ കണ്ടിട്ടുണ്ടെന്ന് മറുപടി നല്‍കി.

വാഹനം ഓടിച്ചിരുന്നത് ഹരിയണ്ണനായിരുന്നെങ്കിലും ക്യാപ്റ്റനായി ഇരുന്ന് വഴിപറഞ്ഞു കൊടുത്തിരുന്നത് കുറുമാന്‍ ചേട്ടനായിരുന്നു.
ഒടുവില്‍ ക്രീക്ക് പാര്‍ക്കില്‍ ഗേറ്റ് നമ്പര്‍ 2 കണ്ടെത്താന്‍ ഹരിയണ്ണന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ , സ്വന്തം വാഹനം താന്‍ തന്നെ ഓടിച്ചാലെ യഥാര്‍ത്ഥവഴി കണ്ടെത്താന്‍ കഴിയുമെന്ന് കുറുമാന്‍ ചേട്ടന്റെ ആഹ്വാനം. ഹരിയണ്ണന്‍ സാരഥിസ്ഥാനം കുറുമാന് കൈമാറി.ഗേറ്റ് നമ്പര്‍ 2വിനായുള്ള അന്വേഷണം ഞങ്ങളെ കൊണ്ട് ചെന്നെത്തിച്ചത് ക്രീക്ക് പാര്‍ക്കും കഴിഞ്ഞ് ദഹ്റയില്‍ . ഒടുവില്‍ നോയൂ ടേണ്‍ സിഗ്നലിലെ ചുമന്ന വെട്ട് നമ്മള്‍ കണ്ടില്ലാന്ന് വിചാരിക്കൂ എന്ന് പറഞ്ഞുകൊണ്ട് കുറുമാന്‍ ചേട്ടന്‍ ഒരു ജംഗ് ഷനില്‍ യു ടേണ്‍ ഭംഗിയായി നിര്‍വഹിച്ചു. ചോദിച്ച് ചോദിച്ച് വീണ്ടും ആദ്യയമെത്തിയ ക്രീക്ക് പാര്‍ക്കിലെ ഗേറ്റ്നമ്പര്‍ 5 ല്‍ എത്തി.
ഗേറ്റ് നമ്പര്‍ 2 നായുള്ള അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു.ചോദിച്ച് ചോദിച്ച് പോകാമെന്ന ഡയലോഗ് കുറമാന്‍ തുടര്‍ന്നു കൊണ്ടിരുന്നു.
ഗേറ്റ്നമ്പര്‍ 2 ലെത്തിയെങ്കിലും പാര്‍ക്കിങ്ങിനായുള്ള കറക്കം നാലുതവണ തുടര്‍ന്നു. ഒടുവില്‍ യു എ ഇ നിയമം അനുവദിക്കാത്ത ഒരു പാര്‍ക്കിങ്ങില്‍ വാ‍ഹനത്തെ വിട്ടേച്ച് തിരികെ വരുമ്പോള്‍ അതാ ഒരു പാര്‍ക്കിങ് സ്ഥലം. യു എ ഈ പോലീസിന് ധര്‍മ്മം കൊടുക്കേണ്ട അവസ്ഥയില്‍ നിന്നും രക്ഷനേടാനായി അവിടെ ഞാനും കുറുമാനും ഞങ്ങളുടെ താല്‍ക്കാലികമായ ബോഡി പാര്‍ക്കിങ് ചെയ്തുകൊണ്ട് ഹരിയണ്ണനെ വണ്ടിയെടുത്തുകൊണ്ട് വരാനായി വിട്ടു. ഇടയ്ക്ക് വന്ന ഒരു മറാട്ടി ബോഡിപാര്‍ക്കിങ്ങിന്റെ പേരില്‍ കുറുമാനോട് ഉടക്കിയെങ്കിലും ഞങ്ങള്‍ ആ പാര്‍ക്കിങ് സ്ഥലം കവര്‍ന്നെടുത്തു.
ഗേറ്റിനുമുമ്പില്‍ വന്നു നിന്ന അതുല്യ ചേച്ചിയുടെ വാഹനത്തില്‍ നിന്ന് കാറ്ററിങ്ങ് സാധനങ്ങള്‍ അകത്തേക്ക് ചുമന്നുകൊണ്ട് ഞങ്ങള്‍ യു എ ഇ ബ്ലോഗേഴ്സ് മീറ്റുന്ന ലൊക്കേഷനിലെത്തിചേര്‍ന്നു.അല്പനേരത്തെ കുശലാന്വേഷണത്തിനു ശേഷം കൈപ്പള്ളിയുടെ വാക് ധോരണിയിലേക്ക് ഊളിയിടേണ്ടി വന്നു. ആ വാക് ധോരണിയെ നിയന്ത്രണത്തിലാക്കാന്‍ അവലുംവെള്ളവും കൈപ്പള്ളിയ്ക്ക് നല്‍കിയ ആരുടെയോ ശ്രമവും വിഫലമായി. ബ്ലോഗിലെ പ്രശസ്തരായ എഴുത്തുകാരെ എന്റെ കണ്ണുകള്‍ ആരാധനയോടെ നേരിട്ട് നൊക്കികണ്ട് സായൂജ്യമടഞ്ഞു. കുറുമാന്‍ , അതുല്യചേച്ചി,തറവാടി ,വഴിപോക്കന്‍ ,അപ്പു,അനില്‍ശ്രീ, അഗ്രജന്‍ ,രണ്ടാമന്‍ ,ദേവേട്ടന്‍ അങ്ങനെ ഞാന്‍ വായനയിലൂടെ മാത്രം അറിഞ്ഞിരുന്ന ഒരുപാട് മുഖങ്ങള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞ ഈ ദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ല.

ഞാന്‍ ആദ്യം കണ്ട മലയാളം ബ്ലോഗ് വിശാലമനസ്കന്റെ ആയിരുന്നു. ആ ചേട്ടനെയും ഒടുവില്‍ ഇന്നലെ കാണാന്‍ കഴിഞ്ഞു. സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിച്ച സംഘാടകര്‍ക്ക് നന്ദി.
തിരികെ കുറുമാന്റെ വാഹനത്തിലുള്ള യാത്രയും തമാശനിറഞ്ഞതായിരുന്നു. അതും കൂടി പറയാന്‍ നിന്നാല്‍ ഓഫിസ് പണി നടക്കില്ല .
നന്ദി!

Monday, February 11, 2008

ബാച്ചിലേഴ്സ് കിച്ചണ്‍

മുംബയില്‍ എത്തിയിട്ട് നാലു ദിവസം കൊണ്ട് ഒരു ജോലി തരപ്പെടുത്തി. ഇനി താമസ സൌകര്യമാണ് വേണ്ടത് . അങ്കിളിന്റെയും ഫാമിലിയുടെയും കൂടെയുള്ള നാലു ദിവസത്തെ താമസം ഇനി എത്രയും വേഗം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണല്ലോ? . മറ്റ് അസൌകര്യങ്ങളുണ്ടായിട്ടല്ല ഈ അങ്കിള്‍ എന്റെ പപ്പയുടെ സുഹ്യത്ത് മാത്രമാണ്. ഇതിലധികം ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ?

അങ്ങനെ അങ്കിളിന്റെ ഒരു സുഹ്യത്താണ് ഒരു ഫ്ലാറ്റില്‍ മറ്റ് നാല് ബാച്ചികളോടൊപ്പമുള്ള ഒരു താമസസൌകര്യം ശരിയാക്കി തന്നത്. രണ്ട്
സ്റ്റേഷനുകള്‍ കടന്ന് പോകുന്നത് വരെ ലോക്കല്‍ ട്രെയിനില്‍ ഉന്തിതള്ളല്‍ നടത്തിയാല്‍ഓഫിസില്‍ നിന്ന് താമസിക്കുന്നിടത്തെത്താം.

അങ്ങനെ ആ ഫ്ലാറ്റില്‍ ഞാന്‍ ജീവിതമാരംഭിച്ചു. മറ്റു ബാച്ചികള്‍ എന്നെപോലെ നല്ലവരായതിനാല്‍ എന്റെ ഉറ്റ സുഹ്യത്തുക്കളാവാന്‍
അധികകാലം വേണ്ടി വന്നില്ല.ബാല്‍ക്കണിയില്‍ സൊറപറഞ്ഞിരിക്കുന്നതിനാല്‍ രാത്രികളിലെ ഉറക്കത്തിന് അല്പം
കുറവുവന്നെന്നതൊഴിച്ചാല്‍ ജീവിതം സുഖം സ്വസ്തം.
ജോലിയില്‍ തുടക്കക്കാരായ ഞങ്ങളില്‍ അധികവും തുച്ഛമായ ശമ്പളം വാങ്ങുന്നവരായിരുന്നു. കിച്ചണ്‍ ഉള്ള സ്ഥിതിക്ക് പാചകം
തുടങ്ങിയാലെന്തെന്ന തീരുമാനം ഞങ്ങളില്‍ ശക്തി പ്രാപിച്ചത് ആ കാരണത്താലാവും.പാചകത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഒന്നും
തന്നെ അറിയാത്തവരാണ് എല്ലാവരും. അതൊക്കെ ചെയ്ത് സ്വയം പഠിക്കാവുന്നതല്ലേ? എന്ന അഭിപ്രായത്തോട് എല്ലാവരും
യോജിച്ചു.ആദ്യ രണ്ടാഴ്ച പാചകം എല്ലാ‍വരും ഒരുമിച്ച് പിന്നീട് ഓരോ ദിവസവും ഓരോ ആള്‍ എന്ന നിയമാവലി എല്ലാവരും കൈയ്യടിച്ച്
അംഗീകരിച്ചു. പിറ്റേന്ന് തന്നെ ഗ്യാസിന് ഓര്‍ഡര്‍ ചെയ്യുകയും താല്‍ക്കാലികമായി ഒരു സ്റ്റൌവും മണ്ണെണ്ണയും , ചില്ലറ പാത്രങ്ങള്‍ , മുളകുപൊടി ,
മല്ലിപൊടി, മഞ്ഞള്‍പൊടി തുടങ്ങി ലാലേട്ടനും മമ്മൂക്കയും ഹരിക്യഷ്ണന്‍സ് എന്ന സിനിമയില്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞ ലിസ്റ്റിലെ
നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള ചേരുവുകള്‍ ഒഴിച്ച് ബാക്കിയെല്ലാം പിന്നീട് വാങ്ങാമെന്ന് ഉറച്ചു. ആദ്യപാചകമെന്ന
നിലയില്‍ പാലു കാച്ചിയപ്പോള്‍ , തിളച്ചു പൊങ്ങി സ്റ്റൌവു കെടുത്തിയ കുറച്ച് പാല്, നഷ്ടപെട്ടെങ്കിലും ബാക്കി അവശേഷിച്ചതില്‍
മധുരം ചേര്‍ത്ത് കുടിച്ചു.
ഇനി ഏത് മണ്ണെണ്ണ സ്റ്റൌ കൊണ്ട് വന്നാലും എനിക്ക് റിപ്പയറ് ചെയ്യാന്‍ കഴിയുമെന്ന് മെക്കാനിക്കല്‍ എഞ്ജിനിയറിങ്ങ് പഠിച്ച ഞാന്‍
സ്വയം പ്രഖ്യാപിച്ചത് അന്നാണ്. ഒടുവില്‍ തീ കത്തിച്ച് ചോറ് വയ്ക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ആദ്യം ഒരു
പത്രത്തില്‍ വച്ച അരി ചോറായപ്പോള്‍ രണ്ടു പാത്രത്തിലേക്ക് മാറ്റി വേവിക്കേണ്ടി വന്നുവെന്ന് മാത്രം. പിന്നെ വേണ്ടത് കറിയാണല്ലോ?
തത്ക്കാലം മോരും കുറച്ചു കുമ്പളങ്ങായും ചേര്‍ത്ത് വെയ്ക്കാമെന്ന അഭിപ്രായം പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു. അമ്മ വീട്ടില്‍
വിളമ്പുന്ന കറികളില്‍ ഇങ്ങനെ ഒന്ന് ഞാനപ്പോള്‍ ഓര്‍ത്തതാണ് കാരണം. പിന്നെ താമസിച്ചില്ല അടുത്തുള്ള പച്ചക്കറികടയില്‍ നിന്ന്
കുമ്പളങ്ങായും മറ്റൊരു കടയില്‍ നിന്നും തൈരും എത്തിചേര്‍ന്നു. കുമ്പളങ്ങയെ ഐസ് ക്യൂബുകള്‍ പോലെ അരിഞ്ഞ് തൈരിനെ
മോരാക്കാനും എന്റെ സഹബാച്ചികള്‍ക്ക് അധികസമയം വേണ്ടിയിരുന്നില്ല.
ഞാന്‍ അമ്മയുണ്ടാക്കി തരുന്ന് ആ കറിയെ മനസിന്റെ റീസൈക്കിള്‍ ബിന്നില്‍ നിന്ന് റീസ്റ്റോര്‍ ചെയ്തെടുത്ത് ജെ പി ഇ ജെ ഫോര്‍മാറ്റിലുള്ള ആ ഫയലിനെ ഫോട്ടൊ മൈക്രോസോഫ്റ്റ് ഇമേജ് വീവറില്‍ ഓപ്പണ്‍ ചെയ്ത് മുന്നില്‍ നിറുത്തി പരിശോധിച്ചു. കറുത്ത
നിറത്തിലുള്ള കടുക്. കറിവേപ്പില അതില്‍ സൂം ചെയ്തപ്പോള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത് . എന്നാല്‍ അങ്ങനെ തന്നെയാവട്ടെ.
ചൂടെണ്ണയില്‍ കടുകിന്റെ പൊട്ടിതെറി, കറിവേപ്പിലെയുടെ ചാട്ടം ആസ്വദിച്ച് അവരെ സമാധാനിപ്പിക്കാന്‍ അല്‍പ്പം ഉള്ളി എറിഞ്ഞ്,
മഞ്ഞ നിറത്തിനായി മഞ്ഞള്‍ പൊടിയും അല്പം എരിവിനായി മുളകും ചേര്‍ത്ത് എല്ലാം ശുഭം എന്ന വിചാരത്തില്‍ മോരിനെയുംപിന്നീട്
സുന്ദരരൂപത്തിലുള്ള കുമ്പളങ്ങായെയുംഅതിലേക്ക് തള്ളിയിട്ടു. പിന്നെ അവിടെ കിടന്ന് വെന്തുവാടാ പീറ കുമ്പളങ്ങേ എന്ന്
പറഞ്ഞുകൊണ്ട് എല്ലാം മൂടി വച്ചു .. പെട്ടെന്ന് വെന്തുവരാന്‍ ഉള്ളിലെ വിശപ്പിന്റെ വിളി കൊണ്ട് എന്റെ സുഹ്യത്ത് മണ്ണേണ്ണ പമ്പിന്റെ
പിസ്റ്റണ്‍ ഇടയ്ക്കിടയ്ക്ക് ചലിപ്പിക്കുമായിരുന്നു.
അവസാനം ഇതില്‍ കൂടുതല്‍ സമയം ഇത് വേവാനെടുക്കില്ലെന്ന് മനസിലായപ്പൊള്‍ ,
അല്ലെങ്കില്‍ സഹബാച്ചിയുടെ വെന്തുകാണില്ലേ? എന്നുള്ള ചോദ്യം കേട്ടപ്പോള്‍ ,ഞാ‍നതിന്റെ മൂടി തുറന്നു. പാത്രം മൂടുന്നതിനുമുമ്പ്
മഞ്ഞനിറത്തില്‍ എന്നെ കൊതിപ്പിച്ചു നിന്നിരുന്ന മോരിനെ കാണാനില്ല. മാത്രവുമല്ല, തെരിവു പട്ടികളെ എറിയാന്‍ കല്ലില്ലെങ്കില്‍ ഞാന്‍
റെഡി എന്ന് പറയുന്നതുപോലെ കുമ്പളങ്ങാ കഷണങ്ങള്‍ എന്റെ മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ഒടുവില്‍,വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ള ശാസ്ത്രജ്ഞന്മാര്‍ പോലും ആദ്യ പരീക്ഷണത്തില്‍ തന്നെ വിജയം കാണാറില്ലെന്ന സത്യം ഉദ്ധരിച്ചു കൊണ്ട് ഞാന്‍ തടിയൂരി.
പിന്നെ ഉള്ളിയും മുളക് പൊടിയും പുളിയും ഉപ്പും ചേര്‍ത്ത് മറ്റൊരു വിഭവം ഒരുവന്റെ തലയിലുദിച്ചതുകൊണ്ടും അച്ചാര്‍ റെഡിമെയ്ഡായി വാങ്ങി വച്ചിരുന്നതു കൊണ്ടും വിശപ്പിന് ആശ്വാസം നല്‍കാന്‍ കഴിഞ്ഞു. ആദ്യദിവസം തന്നെ രണ്ട് പാഠങ്ങള്‍ ഞങ്ങള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞത് അങ്ങനാണ്. കുമ്പളങ്ങായെ വേറെയിട്ട് വേവിക്കണമെന്നും മോര് തിളച്ചുപോയാല്‍ പിന്നെ മോരായിട്ട് മോന്താനാവില്ലെന്നും.
പിന്നീട് പരീക്ഷണങ്ങള്‍ തുടങ്ങുന്നതുമുമ്പ് ഓഫിസിലുള്ള ഒരു വനിതാ സഹപ്രവര്‍ത്തകയുടെ ഉപദേശം സ്വീകരിക്കുക എന്ന ബുദ്ധി ഞാന്‍ തിരിഞ്ഞെടുത്തു. ആളു മലയാളി തന്നെ. മീന്‍ കറി വച്ചപ്പോള്‍ മീന്‍ കഷണങ്ങള്‍ പൊടിഞ്ഞ് കറിയില്‍ ലയിച്ച് ചേരുന്നതിന് പ്രതിവിധി കാണാതെ ഞാന്‍ ബുദ്ധിമുട്ടുകയും. ഉപ്പ് ആദ്യമേ തന്നെ ചേര്‍ത്താല്‍ ഈ പ്രശ്നം ഉണ്ടാവില്ലെന്ന് പറഞ്ഞു തന്ന എന്റെ സഹപ്രവര്‍ത്തകയെ ഇപ്പോഴും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ബീഫ് കറി വയ്ച്ചാല്‍ അഞ്ച് പേര്‍ക്ക് ചോറ് കഴിക്കാന്‍ തികയുന്നില്ലെന്ന് കണ്ടപ്പോള്‍ ബീഫ് കറിക്ക് ,”കുറച്ച് വെള്ളം കൂടി ചേര്‍ത്ത് കുക്കറില്‍ വയ്ക്കടാ“ എന്ന് എന്റെ സുഹ്യത്തിനെ ഞാനെന്റെ സ്വയബുദ്ധിയില്‍ ഒരിക്കല്‍ ഉപദേശിച്ചു. ഒടുവില്‍ അന്നത്തെ ബീഫ് കറിക്ക് “ഇറച്ചിവെള്ളം “ എന്ന പേരു നിര്‍ദ്ദേശിച്ചത് മറ്റൊരു സുഹ്യത്തായിരുന്നു.

ടീ വി കാണല്‍ പാചകത്തിനിടെ പാടില്ലെന്ന നിയമം പാസാക്കിയത് മറ്റൊരു സംഭവത്തില്‍ നിന്നാണ്. നല്ല അയിലമീന്‍ കറിവച്ച എന്റെ സുഹ്യത്തിന്റെ ശ്രദ്ധ ടിവിയിലെ കോമഡി പരിപാടിയില്‍ നിന്ന് തിരിച്ചെത്താന്‍ താമസിച്ചു പോയി. അന്ന് അയിലമീന്‍ കറിവച്ചെങ്കിലും അവന്‍ മാത്രമത് “കരിമീനായി“ കഴിച്ചു. ബാക്കിയുള്ളവര്‍ക്ക് അവന്റെ ചിലവില്‍ അന്നത്തെ ഭക്ഷണം ഹോട്ടലിലായിരുന്നു.

പിന്നീട് ഏതു കറിവയ്ക്കാനും ഞങ്ങള്‍ അഞ്ചു പേരും വിദഗ്ദര്‍ ആയി മാറിയപ്പോള്‍ സ്വരം നന്നായാല്‍ പാട്ട് നിര്‍ത്തണമെന്ന ആത്മവാക്യം മനസിലാക്കിയല്ലാരുന്നു പാചകപരിപാടി നിര്‍ത്തിയത്, മറിച്ച് ജോലി കഴിഞ്ഞ് ട്രെയിനിലെ ഉന്തും തള്ളിലും തളര്‍ന്നു വരുന്ന ഞങ്ങളെ അലസത, മടി തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചു തുടങ്ങിയിരുന്നു.എളുപ്പമുള്ള കറികള്‍ പുതിയവ പലതും കണ്ടുപിടിച്ചത് ഈ അവസ്ഥയിലാണെന്ന് പറയാം.സത്യത്തില്‍ എവരി ബാച്ചികള്‍ അമ്മയുടെയോ സഹോദരിയുടെയോ അതുമല്ലെങ്കില്‍ ജീവിതത്തിലേക്ക് കടന്ന് വരാന്‍ പോകുന്ന ഭാര്യയുടെയോ വില മനസിലാക്കുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളിലൊന്ന് അടുക്കളയിലെ പാത്രങ്ങള്‍ കഴുകുന്ന സമയത്താവും.

അവന്‍ ചെയ്തില്ലേല്‍ പിന്നെ ഞാനെന്തിനാ മിനക്കെടുന്നത് എന്ന മത്സരബോധവും കൂടി തുടങ്ങുമ്പോള് ‍പാചകപരിപാടി അവസാനിച്ചുവെന്ന് തന്നെ പറയാം. ഇങ്ങനെ പലപ്രാവശ്യം അവസാനിക്കുകയും ഹോട്ടല്‍ ഭക്ഷണം മടുപ്പുണ്ടാക്കുമ്പോള്‍ പുനരാരംഭിക്കുന്നതുമായ ഒരു പരിപാടിയാണ് ബാച്ചിലേഴ്സ് പാചകം.

Saturday, February 9, 2008

കിടപ്പാടം തേടി...

സുഖവും സ്വസ്തതയും നിറഞ്ഞ എന്റെ താമസസൌകര്യം നഷ്ടപെട്ടത് പെട്ടെന്നാണ്. കമ്പനിവക ഫ്ലാറ്റില്‍ ബാച്ചിലേഴ്സായ ഞങ്ങള്‍ അഞ്ചു പേര്‍(ഭാര്യ നാട്ടിലായതുകൊണ്ട് ഞാനുംബാച്ചിയല്ലേ?) സുഖമായി മൂന്ന് റൂമുകള്‍ പങ്കിട്ട് ജീവിച്ചു വരികയായിരുന്നു. പെട്ടെന്നാണ് ഫ്ലാറ്റില്‍ ബാച്ചിലേഴ്സ് അനുവദിക്കില്ലെന്നും അവരെ മാറ്റി കുടുംബക്കാരെ താമസിപ്പിക്കണമെന്ന് സ്പോണ്‍സറിന് നോട്ടിസ് കിട്ടിയത്. ഞങ്ങളും കുടുംബത്തില്‍ പിറന്നവര്‍ തന്നെ പക്ഷെ ദുബായില്‍ ആ
അര്‍ത്ഥമില്ല അതിന് . കമ്പനിയുടെ ഫ്ലാറ്റില്‍ ഇനി പറ്റില്ലെന്നറിഞ്ഞ് ഞാനാകെ വിഷമിച്ചു. കാരണം എന്റെ താമസം ഒറ്റയ്ക്ക് ഒരു റൂമിലായിരുന്നല്ലോ? ഇനി അത്തരത്തിലൊരു കിടിലന്‍ സൌകര്യം കിട്ടാന്‍ പോകുന്നില്ല.ഇനി കിടപ്പാടം സ്വയം അന്വേഷിച്ചോളാന്‍ കമ്പനിയില്‍ നിന്ന് ഓറ്ഡറ് കിട്ടി.


അല്ലാ എന്താണിപ്പോള്‍ ഇങ്ങനെയൊരു നോട്ടിസ് വരാന്‍ കാര്യം? കാര്യമറിയാന്‍ ഞാന്‍ ഒരു അന്വേഷണം നടത്തി. അടുത്ത റൂമില്‍ താമസിച്ചിരുന്ന ഫിലിപ്പയിനി ചെക്കനാണ് ഈ വിനയ്ക്ക് കാരണമെന്നറിഞ്ഞു.മേപ്പടിയാന്‍ കിച്ചണിലിലെ ജനലിലൂടെ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന അറബിതള്ളയുടെ പര്‍ദ്ദയില്ലാത്ത രൂപമൊന്ന് വീക്ഷിച്ചു പോലും. അതെങ്ങനെ
സാധിച്ചുവെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. അറബിത്തള്ള ആ ജനാലയില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ മാക്സിമം കാണാന്‍ കഴിയുന്നത് ആ
മുഖ മാത്രമായിരിക്കും. അത്രത്തോളം ഉയരത്തിലാണ് ഈ രണ്ട് ജനാലകളും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഒന്ന് കൂടി അന്വേഷിച്ചപ്പോള്‍ അറിഞ്ഞു പയ്യന്‍ കാണുക
മാത്രമല്ല ആത്മാവില്‍ നിന്നൊരു അപസ്വരം കൂടി പുറത്തിട്ടെന്ന്. വിവരം ഇത്രയുമറിഞ്ഞപ്പോള്‍ എന്റെ കോപാഗ്നി ഒന്ന് ശമിപ്പിക്കാന്‍ രണ്ട് വാക്ക് അവനോട് പറയാതെ പറ്റില്ലെന്നായി.

പാവം അവന്റെ മറുപടി ഇതായിരുന്നു. കിച്ചണില്‍ പാചകത്തിനിടെ കൂട്ടുകാരന്‍ ഒരു തമാശപൊട്ടിച്ചു. ചിരിച്ചത് അല്പം ഉച്ചത്തിലായി .ഫിലിപ്പയിനി ഡിഷിന്റെ
ഗന്ധം മുറിയില്‍ തങ്ങി നില്‍ക്കണ്ടാന്ന് കരുതി ജനാലതുറന്നത് ആ സമയത്തായിരുന്നത്രേ. അവരുടെ നോട്ടം കണ്ടപ്പൊള്‍ തന്നെ തല പിന്‍ വലിച്ചിരുന്നു. അല്പം
കഴിഞ്ഞ് അവര്‍ പോയോന്നറിയാന്‍ ഉള്ളിലെ സംശയം തലപൊക്കിയപ്പോള്‍ ഒന്ന് കൂടി എത്തി നോക്കിയത്രേ. ആ അറബ് മഹിള അവിടെത്തന്നെ ഉണ്ടായിരുന്നു.
കാര്യം ഇത്രയുമായെങ്കിലും ഫിലിപ്പൈനികള്‍ പെട്ടെന്ന് കിടപ്പാടം കണ്ടെത്തി. അവര്‍ക്കു ഒരുമയുണ്ട്, അതുകൊണ്ട് ഏതു ഉളക്കമേലിലും ആരുടെ കൂടെയും കിടക്ക
ഷെയറ് ചെയ്യാം . അഭിമാനവും അന്തസുമുള്ള ഇന്ത്യന് സര്‍വ്വോപരി മലയാളിക്കത് പറ്റില്ലല്ലൊ? പുതിയ കിടപ്പാടത്തിലേക്ക് മാറാനുള്ള കാലാവധി രണ്ടു ദിവസം ബാക്കി
നില്‍ക്കേ ഞാന്‍ എന്റെ സുഹ്യത്തിനോടൊപ്പം (ഇന്ത്യനാ മലയാളി അല്ല) ഒരു കിടപ്പാടം കണ്ടെത്തി. അല്പം ഭീമമായ തുക അഡ്വാന്‍സും കൊടുത്ത് താമസം
മാറാന്‍ വെള്ളിയാഴ്ചക്കായി കാത്തിരുന്നു.
അങ്ങനെ വെള്ളിയാഴ്ച ദിവസം ഒരു വാഹനവും സംഘടിപ്പിച്ച് സ്ഥാവരജംഗമ വസ്തു വകകള്‍ അതില്‍ ലോഡ് ചെയ്ത് ഒരു കി.മീ അകലേയുള്ള പുതിയ
കിടപ്പാടത്തിലേക്ക് വച്ചുപിടിച്ചു. സാധനങ്ങള്‍ ഒന്നന്നായി ഇറക്കി രണ്ടാം നിലയിലുള്ള കിടപ്പാടത്തില്‍ സ്വസ്ഥാനങ്ങളില്‍ വയ്ക്കവേ പുറത്ത് ഒരു വിളി. വാതില്‍ തുറന്ന്
നോക്കിയപ്പോള്‍ മധ്യവയസ്കനായ ഒരു അറബി. ആരാണിവിടെ പുതിയ താമസക്കാരന്‍ എന്ന് ഇഗ്ലീഷ് ഇങ്ങനെയും പറയാമെന്ന രീതിയില്‍ ചോദിക്കുമ്പോള്‍ ആദ്യം
അന്തിച്ചു.
പിന്നെ പറഞ്ഞു. അതെ ഞാനാണ്. കുടുംബമാണൊ? എന്ന ചോദ്യത്തിനുമുമ്പില്‍ ഞാന്‍ പതറി. ഇവിടെ കുടുംബക്കാരെ അനുവദിക്കുകയുള്ളുവെന്ന് ഇയാള്‍
പറയുമ്പോള്‍ എല്ലാം അറിഞ്ഞിട്ടാണ് ഇതിയാന്‍ വരുന്നതെന്ന് മനസിലായി.എനിക്ക് ഈ ഫ്ലാറ്റ് പരിശോധിക്കണം . ഞാനീ ബില്‍ഡിങിന്റെ എന്തോ അസോസിയേഷന്‍ മാനേജറാണെന്ന് പറഞ്ഞു കൊണ്ട് അതിയാന്‍ അകത്തേക്ക് കയറി
പെണ്ണുങ്ങള്‍ ആരുമില്ലേ ഇവിടെ? ഇയാള്‍ക്കെന്താ പെണ്ണുങ്ങളെ മാത്രം കണ്ടാ മതിയൊ? വഷളന്‍ , എന്ന് ഞാന്‍ ചിന്തിക്കുമ്പോള്‍ . എന്റെ കൂടെയുണ്ടായിരുന്ന ഒരു
മലയാളി സുഹ്യത്ത് “ആ സാധനം ഒഴിച്ച് ബാക്കിയെല്ലാം കൊണ്ട് വന്നിട്ടൊണ്ടെന്ന് പറയടാ“ന്ന് മലയാളത്തില്‍ പറയുന്നുണ്ടായിരുന്നു. പിന്നെ അരങ്ങേറിയത്
പുള്ളിക്കാ‍രന്റെ ഭീഷണി ആയിരുന്നു. പോലീസിനെ വിളിക്കും തന്റെ പേരില്‍ കേസെടുക്കുമെന്നുള്ള ഭീഷണിക്കിടയിലെപ്പൊഴോ എന്റെ ഹൌസ് ഓണര്‍ വന്നു. ശ്വാസം നേരെയാക്കി ഞാന്‍ അദ്ദേഹത്തെ എന്റെ ഹൌസ് ഓണര്‍ക്ക് കൈമാറി.

ദുബായിലെ കരാമയില്‍ പെണ്ണില്ലാതെ ജീവിക്കാന്‍ പാടില്ലെന്ന സത്യം മനസിലാക്കാന്‍ വന്നിട്ട് രണ്ട് വര്‍ഷമായ എനിക്കിപ്പഴാണ്
കഴിഞ്ഞത്. എന്തായാലും ഹൌസ് ഓണറിന്റെ പഞ്ചാരവാക്കിലൊ ചില്ലറയിലൊ അറബ് മഹാന്‍ ഒതുങ്ങി. പക്ഷെ ഈ കിടപ്പാടവും സ്ഥിരമല്ലെന്നെനിക്ക്
ബോധ്യമായി.

ഹേ അറബികളെ ഞാനൊന്ന് ചോദിച്ചോട്ടെ നിങ്ങളും ഒരുകാലത്ത് ബാച്ചികള്‍ അല്ലായിരുന്നോ? അന്ന് നിങ്ങള്‍ക്കാണ് ഈ അവസ്ഥയെങ്കില്‍ എന്തായിരിക്കുമെന്ന്
ഒരു നിമിഷം ചിന്തിച്ചു നോക്കൂ.
ആരും കുടുംബന്‍മാരോ കുടുംബിണി കളോ ആയി ജനിക്കുന്നില്ല .
സമൂഹംഅവരെ അങ്ങനെ ആക്കുകയാണ് ചെയ്യുന്നത്.
അല്ലെങ്കില്‍ സ്വയം അവര്‍ ആകുന്നു.
അതുവരെ അവര്‍ക്ക് ജീവിക്കണ്ടെ?

സമര്‍പ്പണം:
ദുബായില്‍ കിടപ്പാടം തേടുന്ന ബാച്ചികള്‍ക്കായി ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു

മലയാളം ടൈപ്പ് ചെയ്യാന്‍?