Thursday, January 6, 2011

കൈവിട്ട കല്ലുകള്‍...

മതിലിനു പുറത്തേയ്ക്ക് നീണ്ടു കിടക്കുന്നശിഖരങ്ങളില്‍ തൂങ്ങി നില്‍ക്കുന്ന മാങ്ങകള്‍ തന്നെ മാടിവിളിക്കുന്നതുപോലെ അനൂപിനു തോന്നി. മതിലിനപ്പുറത്ത് പലപ്പോഴും മുഴക്കത്തോടെ കുരയ്ക്കുന്ന ഉപരിവര്‍ഗ്ഗക്കാരായ നായ് ക്കളുടെ ശബ്ദം കേട്ടിട്ടുണ്ട്. ഈ മതില്‍ക്കെട്ട് ചെന്നവസാനിക്കുന്നത് ഒരു വലിയ ഗേറ്റിനു മുന്നിലേക്കാണ്. ഗേറ്റിനുള്ളിലൂടെ പൂന്തോട്ടവും അതിനു പിന്നിലെ സുന്ദരമായ ബംഗ്ലാവും കാണാം. ആറേഴുകൊല്ലമായി ഈ റോഡിലൂടെയാണ് സ്കൂളില്‍ പോയിവരുന്നതെങ്കിലും അവിടെ ആരാണ് താമസിക്കുന്നതെന്ന് ഇതുവരെ കണ്ടിട്ടില്ല.

വളരെനാളുകളായി ഈ മുഴുത്ത മാങ്ങകള്‍ അനൂപിനെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇന്നലെ നീതുമോളും പറയുന്നതുകേട്ടു “ആ മാങ്ങകളിലൊന്ന് കിട്ടിയിരുന്നെങ്കില്‍ ......?” അപ്പോള്‍ തോന്നിയതാണ് തന്റെ പിഴയ്ക്കാത്ത ഉന്നമൊന്ന് അവള്‍ക്ക് കാട്ടികൊടുത്താലോയെന്ന്. കശുവണ്ടിഫാക്ടറിയില്‍ നിന്നും തൊഴിലാളികള്‍ ജോലി കഴിഞ്ഞ് പോകുന്ന സമയമായിരുന്നു. അവരിലാരെങ്കിലുംകണ്ടാല്‍ വഴക്ക് പറയാനുള്ള സാധ്യത കണക്കിലെടുത്ത് അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് സ്കൂള്‍ നേരത്തേ വിട്ടതാണ്. നീതുമോള്‍ക്ക് എക്സ്ട്രാ ക്ലാസ് ഉള്ളതു കാരണംഅവളൊപ്പമില്ല. അവള്‍ വരുമ്പോഴേക്കും ആ മാങ്ങകള്‍ എറിഞ്ഞു വീഴ്ത്തണം. ഒരെണ്ണം അവള്‍ക്ക് സമ്മാനിച്ചാല്‍ അവള്‍ക്ക് എന്നോടുള്ള മതിപ്പ് കൂടും. .

ഒരു നല്ല “ചീളന്‍ “ കല്ലു തന്നെ കയ്യിലെടുത്തു. ആദ്യത്തേ ഏറ് ഉന്നം തെറ്റി. മാങ്കുലകള്‍ക്കടുത്തുകൂടി മതിലനപ്പുറത്തെവിടെയോ ചെന്നു പതിച്ചു.
എന്തോ ശബ്ദം കേട്ടോ? അല്പ നേരം കാതു കൂര്‍പ്പിച്ചു നിന്നു.
ഇല്ല ഈ വഴി വിജനമാണ്. പോരാത്തതിന് മഴക്കാറിന്റെ ഇരുട്ടും.
അനൂപ് അടുത്ത കല്ല് തിരഞ്ഞെടുത്തു. ഇത്തവണ ഉന്നം തെറ്റിയില്ല.
രണ്ടോ മൂന്നോ മാങ്ങകള്‍ ഞെടുപ്പറ്റു വീണു.
പക്ഷെ ഒരെണ്ണം മാത്രമേ മതിലിനു പുറത്ത് റോഡിലേക്ക് വീണുള്ളൂ. മറ്റുള്ളവ മതിലില്‍ തട്ടി ഉള്ളിലേക്കാണ് വീണത്.
മതിലില്‍ കയറി നോക്കിയാലോ? റോഡില്‍ ആരും വരുന്നില്ലെന്ന് ഒന്നു കൂടി ഉറപ്പ് വരുത്തിയിട്ട് അനൂപ് മതിലേക്ക് ചാടികയറി.
മുകളിലെത്തിയിട്ട് മാങ്ങകള്‍ക്കായി കണ്ണുകള്‍ താഴേക്ക് പരതി.
അവിടെയതാ ഒരാള്‍ രക്തം വാര്‍ന്നൊലിച്ചു മാവിന്റെ ചുവട്ടില്‍. മുഖമാകെ ചോരയൊലിച്ചിരിക്കുന്നു. അയാള്‍ കൈകള്‍ കൊണ്ട് നെറ്റിയില്‍ പൊത്തിയിട്ടുണ്ട്. മരച്ചുവട്ടില്‍ തളര്‍ന്നിരിക്കുകയാണെന്നു തോന്നി .കൈകളിലൂടെയും രക്തം വാര്‍ന്നൊഴുകുന്നു. ഇനി ഇവിടെ നിന്നാല്‍ അപകടമാണ്. അനൂപ് തിരിച്ചു റോഡിലേക്ക് ചാടി. പിന്നെ നിര്‍ത്താതെ ഓട്ടമായിരുന്നു. .

വീട്ടിലെത്തിയിട്ടും അനൂപിന് ആശ്വാസമായില്ല. കിണറ്റില്‍ നിന്ന് വെള്ളം കോരി മുഖത്തേയ്ക്കൊഴിച്ചു. തിരികെ വീട്ടിലേക്ക് കടക്കുമ്പോഴും അവന്റെ അസ്വഭാവികമായ വേഗത കണ്ട് അമ്മ പരിഭവിച്ചു.
“പതുക്കെ പോടാ. വെട്ടിവിഴുങ്ങിയിട്ട് പോയി കുരുത്തം കെട്ടവന്മാരുടെ കൂടെ തിമിര്‍ക്കാനല്ലേ?”

‍ വിളമ്പിയ ആഹാരം കഴിക്കാന്‍ കഴിഞ്ഞില്ല.മനസിലെ ഭയം വിട്ടുമാറുന്നില്ല.

സന്ധ്യയ്ക്ക് ഉമ്മറത്തു അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി നടക്കുന്ന അനൂപിനെ കണ്ട് അമ്മ വീണ്ടും മുറുമുറുക്കുന്നുണ്ടായിരുന്നു.
രാത്രി പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴും അവന്റെ മുന്‍പില്‍ ചോരയില്‍ കുളിച്ച ആളിന്റെ രൂപമായിരുന്നു.
അയാള്‍ക്കെന്തെങ്കിലും സംഭവിച്ചു കാണുമോ? ഒരുപാട് ചോര വാര്‍ന്നൊലിച്ച് ഒരു പക്ഷെ അയാള്‍ മരിച്ചിട്ടുണ്ടാവുമോ? ആ സമയത്ത് അയാളെ ആശുപത്രിയിലെത്തിക്കാന്‍ മറ്റാരെങ്കിലുംഅവിടെ എത്തിയിട്ടുണ്ടായാല്‍ മതിയാരുന്നു? ആരും വന്നിട്ടില്ലെങ്കില്‍ അയാള്‍? തുടങ്ങിയ നൂറ് നൂറ് ചോദ്യങ്ങള്‍ ആ മനസിലേക്ക് തികട്ടി വന്നു.
കിടക്കയിലെ തലയിണയിലേക്ക് മുഖം താഴ്ത്തി കിടന്നിട്ടും അവന്റെ മനസില്‍ നിന്നും രകതം വാര്‍ന്നൊലിക്കുന്ന ആളിന്റെ രൂപം മാറിയില്ല.
ഒരു പക്ഷെ അയാള്‍ മരിച്ചിട്ടുണ്ടെങ്കില്‍ നാളെ പോലീസ് അന്വേഷണമുണ്ടാകില്ലേ? പോലീസ് അന്വേഷിച്ച് തന്നെ കണ്ടെത്തിയാല്‍? അച്ഛനും അമ്മയ്ക്കും ഞാനൊരു കൊലയാളിയായതു സഹിക്കാനാവുമോ?

“ഒടുവില്‍ പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കൊലയാളി ഏഴാം ക്ലാസുകാരന്‍. ” ഇങ്ങനെ ഒരു പത്രവാര്‍ത്ത എന്റെ പേരിനൊപ്പം വായിക്കുമ്പോള്‍ കൂട്ടുകാര്‍ എന്താണ് വിചാരിക്കുക?”
നീതുമോളുടെ വീടിന് മുന്നിലൂടെയാണ് തന്റെ വീട്ടിലേക്കുള്ള ഈടു വഴി. അതിലൂടെ എന്റെ കൈയ്യില്‍ വിലങ്ങ് വച്ച് കൊണ്ടുപോകുമ്പോള്‍ അവള്‍ കാണുമോ? അങ്ങനെ ഒരു നിമിഷത്തിലും ഭേദം മരിക്കുന്നതാണ്.

മതിലില്‍ നിന്ന് പിന്തിരിഞ്ഞു ചാടി ഓടണ്ടായിരുന്നു. അയാളെ താങ്ങിയെടുത്ത് ബംഗ്ലാവിലെത്തിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ രക്ഷപെടുത്താമായിരുന്നു.
അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ക്ലോക്കിന്റെ ടിക് ടിക് ശബ്ദം പോലും അവനെ ഭയപ്പെടുത്തി. ഇടയ്ക്കെപ്പഴോ മയങ്ങിയതവനറിഞ്ഞില്ല.

“അനൂപേ മണി ഏഴ് കഴിഞ്ഞു . . സ്കൂളില്‍ പോകണ്ടേ?”.

അമ്മയുടെ വിളികേട്ടാനവനുണര്‍ന്നത്.
തലയ്ക്ക് വല്ലാത്ത ഭാരം പോലെ , എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ദേഹമാകെ ചുട്ടു പൊള്ളുന്നതു പോലെ. പുതപ്പ് വലിച്ചു മാറ്റാന്‍ പോലും കഴിയുന്നില്ല.
“ഇന്നിവനെന്തു പറ്റി? എഴുന്നേറ്റില്ലേ ഇതുവരെ?”ശബ്ദം അടുത്തു വന്നു.
അമ്മയൂടെ കൈത്തലം നെറ്റിയില്‍ ചേര്‍ന്നപ്പോള്‍ വല്ലാത്ത തണുപ്പനുഭവപ്പെട്ടു.

“ദേ ഒന്നിങ്ങോട്ട് വന്നേ. ഇവന് വല്ലാണ്ട് പനിക്കുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ട് പോയിട്ട് ജോലിക്ക് പോയാല്‍ മതി”

അച്ഛന്‍ താങ്ങികൊണ്ടാണ് റോഡ് വരെ കൊണ്ട് പൊയത്. ഒരു റിക്ഷാ കിട്ടിയതുകൊണ്ട് ആശുപത്രിയിലെത്തി. മരുന്നിനൊപ്പം ഒരിഞ്ചക്ഷനും കിട്ടിയപ്പൊള്‍ പനി ഒന്ന് വിട്ടകന്നതു പോലെ. തിരികെ പുറത്തിറങ്ങി അച്ഛനൊപ്പം നടന്നു. ബസിനുള്ളില്‍ വച്ച് അച്ഛനിന്ന് ജോലിയില്ലെന്നു അറിഞ്ഞു. അച്ഛന്റെ കൂടെ ജോലിചെയ്യുന്ന രാമേട്ടനുണ്ടായിരുന്നു ബസില്‍. അച്ഛന്റെ കമ്പനി മാനേജരുടെ അച്ഛനിന്നലെ രാത്രി മരിച്ചത്രേ.

“എന്നാല്‍ അവിടെ യൊന്ന് കേറിയിട്ടുപോകാം . നിനക്കിപ്പോള്‍ കുഴപ്പമൊന്നുമില്ലല്ലോ? ”അച്ഛന്‍ ചോദിച്ചു.

അനൂപ് ഒന്നും മിണ്ടിയില്ല.

ബസിറങ്ങി കയറിചെന്ന ഗേറ്റ് കണ്ടപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. ഒരു നിമിഷം തലേന്നത്തെ സംഭവം അവന്റെ മനസിലൂടെ ഓടി മറഞ്ഞു. ഗേറ്റിനു മുന്നില്‍ കാലുകള്‍ സ്വയം നിന്നുപോയി . അച്ഛന്‍ കൈയ്യില്‍ പിടിച്ചു വലിച്ചു. യാന്ത്രികമായിട്ടായിരുന്നു അച്ഛനൊപ്പം നീങ്ങിയത്.
ചന്ദനത്തിരിയുടെ ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറുന്നുണ്ട്. പുറത്ത് കൂടി നില്‍ക്കുന്നവരുടെ മുന്‍പില്‍ താനൊരു കുറ്റവാളി ആയതു പോലെ അവനു തോന്നി. ഈ മരണത്തിനുത്തരവാദി താനാണെന്ന് തെളിഞ്ഞാല്‍?ഭയം കൊണ്ട് നിറഞ്ഞ ഹ്യദയം പടപടാന്ന് ഇടിക്കാന്‍ തുടങ്ങി.
മരണ വീട്ടില്‍ പ്രാര്‍ത്ഥനാഗാനം കേള്‍ക്കുന്നുണ്ട്.
ആളുകള്‍ ഓരോരുത്തരായി കണ്ട് പുറത്ത് ഇറങ്ങി വരുന്നുണ്ട്. ഒടുവില്‍ അവരുടെ ഊഴം വന്നപ്പോള്‍ അവന്‍ ആ ജഡത്തിന്റെ മുഖത്തേയ്ക്കൊന്ന് നോക്കി. ‍.മുഖത്ത് നെറ്റിത്തടം താടിയെല്ലിനോട് ചേര്‍ത്ത് തുണികൊണ്ട് കെട്ടിയിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചു. മുറിവൊന്നും വ്യക്തമല്ല. ഹ്യദയം കത്തുന്നതുപോലെ തോന്നി അനൂപിന്.

“രാത്രി പെട്ടന്നായിരുന്നു അസുഖം കൂടിയത്. ഹോസ്പിറ്റലെത്തുന്നതിനു മുന്‍പേ....... ”

അതു പറഞ്ഞ ആളിന്റെ മുഖത്തേയ്ക്ക് അവനൊന്നു നോക്കി.
നെറ്റിയില്‍ ഒരു വലിയ ബാന്റേജണിഞ്ഞിട്ടുണ്ടായിരുന്നു അയാള്‍.
ഒരു നെടുവീര്‍പ്പോടെ അവന്‍ കണ്ണുകളടച്ചു.

മലയാളം ടൈപ്പ് ചെയ്യാന്‍?