Thursday, July 3, 2008

കണ്ണട പോരാലോ?

മുത്തശ്ശിയുടെ കാഴ്ച മങ്ങിത്തുടങ്ങി.മുത്തശ്ശനോടാണ് മുത്തശ്ശി ആ സത്യം മടിച്ച് മടിച്ച് അവതരിപ്പിച്ചത്. അല്ലെങ്കിലും മുത്തശ്ശി അങ്ങനെയാണ്. അസുഖങ്ങളും വേദനകളും അങ്ങനെ പെട്ടെന്ന് പറയില്ല. ഇതു തന്നെ ഒന്ന് രണ്ട് തവണ മുറ്റത്തോ പറമ്പിലോ വീഴാന്‍ ഭാവിച്ചത് മുത്തശ്ശന്‍ കണ്ടു. പിന്നെ കര്‍ക്കശ്ശക്കാരനായ മുത്തശ്ശന്റെ ചോദ്യം ചെയ്യലിലും പരീക്ഷണങ്ങള്‍ക്കും
മുമ്പില്‍ മുത്തശ്ശിയുടെ കാഴ്ച്കമങ്ങിയ സത്യം വെളിപ്പെട്ടു.

മുത്തശ്ശിയുടെ പ്രായം 62 കഴിഞ്ഞിട്ടുണ്ടാവും. ക്യത്യമായി പറയണമെങ്കില്‍ പഞ്ചായത്താഫീസില്‍ മുത്തശ്സിയുടെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടല്ലല്ലോ? അഥവാ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയല്‍ അരിച്ച ചിതലുകള്‍ക്കു പോലും ഓര്‍മ്മകാണില്ല.മുത്തശ്ശിയുടെ മുടി കണ്ട് പ്രായം അനുമാനിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം ഈ 62 )o വയസ്സിലും മുടികളില്‍ തൊണ്ണൂറ് ശതമാതനവും കറുപ്പ് നിറം നിലനിറുത്തിയിട്ടുണ്ട്. അടങ്ങിയിരിക്കുന്ന സ്വഭാവം മുത്തശ്ശിയ്ക്കില്ല. പാത്രങ്ങളും മറ്റും മുത്തശ്ശിയ്ക്ക് മുത്തശ്ശി തന്നെ വ്യത്തിയാക്കിയാലേ മതിയാകൂ.ചാവാലിപശുവിനെ കറക്കുന്നതും അവളുടെ തൊഴുത്ത് വ്യത്തിയാക്കി അവളെ കുളിപ്പിക്കുന്നതും മുത്തശ്ശി തന്നെയായിരുന്നു. രണ്ടുമാസം മുമ്പാണ് മുത്തശ്ശിയ്ക്ക് കടുത്ത നടുവേദന കാരണം ആശുപത്രിയിലായതും നട്ടെല്ലിന്റെ ഡിസ്ക് തേയ്മാനം സംഭവിച്ചിട്ടുണ്ടെന്നതിനാല്‍ പരിപൂര്‍ണ്ണ വിശ്രമം വേണമെന്ന് ഡോക്ടര്‍ വിധിച്ചത്. എന്നാല്‍ ആശുപത്രി വിട്ടപ്പോഴേക്കും ഡോക്ടര്‍ വിധിയെല്ലാം കാറ്റില്‍ പറത്തി മുത്തശ്ശി ചാവാലിപശു സേവ പൂര്‍വ്വാധികം ഭംഗിയായി പുനരാരംഭിച്ചു.ഒരിക്കല്‍ ഈ“ഹാര്‍ഡ് വര്‍ക്ക്” കണ്ടുകൊണ്ട് വന്ന മുത്തശ്ശന്‍ അന്ന് തന്നെ ചാവാലിപശുവിനെ കച്ചവടമാക്കി.

ആ സംഭവം കഴിഞ്ഞ് ഏകദേശം രണ്ടുമാസം കഴിഞ്ഞാ‍ണ് ഈ കാഴ്ച പ്രശ്നം അവതരിക്കുന്നത്. ഈ സമയത്ത് പഠനം കഴിഞ്ഞ് തൊഴിലന്വേഷണമെന്ന കഠിനാദ്ധ്വാനത്തിലായിരുന്ന ഞാന്‍ ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അവിടെ ഉണ്ടായിരുന്നു. മുത്തശ്ശിമുത്തശ്ശന്മാരുടെ കൂടെ പട്ടണത്തില്‍ പോയി മുത്തശ്ശിയ്ക്ക് അനുയോജ്യമായ കണ്ണട വാങ്ങി തിരികെ വീട്ടിലെത്തിക്കുകയെന്ന പണി എനിക്ക് ഏറ്റെടുക്കേണ്ടി വന്നു. ഞങ്ങളുടെ കൂടെ നാലാമതൊരാളായി എന്റെ ചേച്ചിയുടെ കുസ്യതികുടുക്കയായ മകളും അനുഗമിക്കാനുള്ള അവകാശം നിര്‍ബന്ധപൂര്‍വ്വം സാധിച്ചെടുത്തിരുന്നു.

പട്ടണത്തില്‍ കണ്ണട വില്‍ക്കുന്ന ഒരു കടയില്‍ നിന്നും കണ്ണട തിരിഞ്ഞെടുക്കാനുള്ള മുത്തശ്ശന്റെ നിര്‍ദ്ദേശത്തിനെ എനിക്ക് എതിര്‍ക്കേണ്ടി വന്നു. അതിനുമുന്‍പ് ഒരു ഡോക്ടറിന്റെ നിര്‍ദ്ദേശം സ്വീകരിക്കണമെന്നതിന്റെ ആവശ്യം അവരെ ബോധ്യപെടുത്താന്‍ ഒരുപാട് പരിശ്രമിക്കേണ്ടി വന്നു. ഒടുവില്‍ എന്റെ കടുത്ത നിലപാടില്‍ അത് അംഗീകരിച്ചു.
കണ്ണാശുപത്രിയില്‍ ഓ.പി ടിക്കറ്റ് എടുത്ത് ഡോക്ടറിനെ കാണാനുള്ള ഊഴം കാത്തിരിന്നു മുഷിഞ്ഞപ്പോഴെല്ലാം മുത്തശ്ശന്‍ എന്നെ കുറ്റപെടുത്തുന്നുണ്ടായിരുന്നു. മുത്തശ്ശന്റെ കുറ്റപെടുത്തലുകളെ അവിടെ റിസപ്ഷനില്‍ ഇരിക്കുന്ന തരുണീമണിയുടെ സൌന്ദര്യദര്‍ശനത്തില്‍ എനിക്ക് അവഗണിക്കാനായി.
ഒടുവില്‍ “മേരാനമ്പര്‍ കബി ആയേഗാ?” എന്ന മുത്തശ്ശിയുടെ മലയാളത്തിലുള്ള ചോദ്യത്തിന് വിരാമമായി. മുത്തശ്ശിയുടെ പേര് ഇഗ്ലീഷില്‍ എഴുതിയിരുന്ന പേപ്പറില്‍ നിന്ന് വായിച്ചതിനാല്‍ വികലമായി വിളിച്ച സുന്ദരിയുടെ പിന്നില്‍ ഞങ്ങള്‍ നാലുപേരും അകത്തേക്കു പ്രവേശിച്ചു.

അമ്പത് -അറുപത് വയസ് പ്രായമുള്ള കണ്ണട ധരിച്ച ആ ഡോക്ടറിന്റെ മുന്നില്‍ രണ്ട് ഇരിപ്പിടമേ ഉള്ളായിരുന്നതിനാല്‍ ഞാനും കുസ്യതികുടുക്കയും ഇരുവരുടെയും പിന്നിലായി നില്‍ക്കേണ്ടി വന്നു.മുത്തശ്ശിയുടെ കാഴ്ചപ്രശ്നം മുത്തശ്ശന്‍ തന്നെ ആ വൈദ്യശ്രേഷ്ടനു
വിശദീകരിച്ചുകൊടുക്കുമ്പോഴും മുത്തശ്ശി ഭര്‍ത്താവിരിക്കുമ്പോള്‍ അന്യന്മാരുടെ മുമ്പില്‍ മൌനമാണ് ഭൂഷണമെന്ന ആ പഴഞ്ചന്‍ നിയമം പാലിച്ചിരുന്നു.

കാഴ്ച പരിശോധന എന്ന നിലയില്‍ ഡോക്ടര്‍ തന്നെ പിന്നില്‍ അല്പം ദൂരെയായുള്ള സ്ക്രീന്‍ തെളിച്ചു.
സ്ക്രീനിലെ മലയാള അക്ഷരങ്ങള്‍ കണ്ട് ഇതൊക്കെ എന്റെ അംഗല്‍ വാടിയില്‍ ഉച്ചത്തില്‍ വായിക്കുന്ന ഓര്‍മ്മവന്നതിനാലാവണം തന്റെ കുഞ്ഞി വിരല്‍ ചൂണ്ടി കുസ്യതി കുടുക്ക ഓരോന്നായി ശബ്ദമുണ്ടാക്കാതെ ഉരവിടാന്‍ തുടങ്ങി.
‘ മുകളിലത്തെ അക്ഷരം വായിച്ചേ?”
ആ സ്ക്രീനിലേക്കൊന്ന് നോക്കിയിട്ട് മുത്തശ്ശി, മുത്തശ്ശന്റെ മുഖത്തേയ്ക്ക് മുഖം തിരിച്ചു.
“അത് അവള്‍ക്ക് വായിക്കാന്‍ കഴിയില്ല” ഡോക്ടര്‍ മുത്തശ്ശന്‍ പറഞ്ഞു.
ഇതിനിടയില്‍ മുത്തശ്ശിയുടെ ചെവിയില്‍ ആ അക്ഷരം ഏതെന്ന് കുസ്യതികുടുക്ക പറഞ്ഞു കൊടുത്തു സഹായിക്കാന്‍ തയ്യാറായി
“ അ”
ഡോക്ടര്‍ തന്റെ പെട്ടിയില്‍ നിന്ന് ഒരു ലെന്‍സെടുത്ത് ഫ്രെയിമിലിട്ടു മുത്തശ്ശിയുടെ മുഖത്തുപിടിച്ച് വീണ്ടും വായിക്കാന്‍ ആവശ്യപെട്ടു.
“ഡോക്ടറെ അവളത് വായിക്കണമെങ്കില്‍ ഈ കണ്ണടകൊണ്ടൊന്നുമാവില്ല, ഇനി ഞാനവളെ സ്കൂളില്‍ കൊണ്ടു വിടണം.“
മുത്തശ്ശന്റെ വാക്ക് കേട്ട് ഇളിഭ്യനായ ഡോക്ടറിന്റെ മുഖത്ത് ചിരി വരുമ്പോഴേക്കും, എന്റെ ചിരി നിയന്ത്രിക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു.

മലയാളം ടൈപ്പ് ചെയ്യാന്‍?