Thursday, June 25, 2009

ബൂലോകവും എന്റെ വിശ്വാസവും.

ബൂലോകത്ത് ഏറ്റവും കൂടുതല്‍ സംവാദം നടക്കുന്നത് ,ഒരു പക്ഷേ വിശ്വാസികളും അവിശ്വാസികളും തമ്മിലായിരിക്കും. ആരൊഗ്യകരമായി തുടങ്ങുന്ന മിക്ക സംവാദങ്ങളും പലപ്പോഴും അവസാനിക്കുന്നത്,അനോണി ആക്രമങ്ങളിലും പരസ്പരം ചെളി വാരി എറിയലിലും ആയിരിക്കും. ചിലപ്പോഴെങ്കിലും കൈയ്യില്‍ കിട്ടുന്നതെന്തും വായിക്കുക എന്ന എന്റെ സ്വഭാവം ഇത്തരം പോസ്റ്റുകള്‍ പൂര്‍ണമായി വായിക്കാനിടവരുത്താറുണ്ട്. അവസാനം കാണുന്ന വ്യക്തിപരമായ വിദ്വേഷം ഉണ്ടാക്കുന്ന ഗ്രൂപ്പ് ചേര്‍ന്നുള്ള കമന്റുകള്‍ വരെ വായിച്ച് ഞാന്‍ ആലോചിക്കാറുണ്ട്. ഇവര്‍ക്കൊക്കെ ഇതില്‍ നിന്ന് എന്ത് നേട്ടമാണ് ഉണ്ടാവുകയെന്ന്.
ഇത്തരം സംവാദങ്ങളില്‍ പ്രധാനമായും ഞാന്‍ കണ്ടവരെ ഒന്ന് വേര്‍തിരിച്ച് ഓരോ വിഭാഗക്കാരായി കാണുവാനുള്ള ഒരു എളിയ ശ്രമമാണ് ഈ പോസ്റ്റ്.

1) സ്വന്തം വിശ്വാസത്തിലും ആചാരങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന ദൈവവിശ്വാസികള്‍, അന്യരുടെ വിശ്വാസത്തെ ഒരുപിടി പോലും ബഹുമാനിക്കാത്തവര്‍. ഇവര്‍ പലപ്പോഴും യുക്തിവാദികളോട് സംഘടനത്തില്‍ ഏര്‍പ്പെടുന്നതിന്റെ മനശാസ്ത്രമെന്തെന്ന് ഒന്ന് ചിന്തിച്ചാല്‍ മനസിലാകും. തങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന ബഹുമാനിക്കുന്ന സ്വന്തം അറിവുകളിലൂടെ ആരാധിക്കുന്ന സര്‍വ്വശ്രേഷ്ടനായ ദൈവത്തെ, യുക്തിവാദികള്‍ വിശ്വസനീയമായ രീതിയിലോ അവിശ്വസനീയമായ രീതിയിലോ അപഹാസ്യപ്പെടുത്തുമ്പോള്‍ ഇവര്‍ക്ക് മുറിവുണ്ടാവുക സാധാരണമല്ലേ? സ്വന്തം മാതാവിനെയോ പിതാവിനെയോ അപഹാസ്യപെടുത്തി സംസാരിക്കുന്നത് കേട്ടാല്‍ മറ്റൊന്നും ആലോചിക്കാതെ ആയുധമെടുക്കുന്നവരാണ് യുക്തിവാദികള്‍ പോലും. എന്നാല്‍ മാതാപിതാക്കന്മാരെക്കാള്‍ ഉന്നതനായി കാണുന്ന അവരുടെ ദൈവത്തെ നിങ്ങള്‍ അപഹസിച്ചു സംസാരിക്കുമ്പോള്‍ അവരുടെ വികാരം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത് നല്ലതാണെന്നാണ് എന്റെ എളിയ അഭിപ്രായം.

2) വര്‍ഗ്ഗാധിഷ്ടിതമായ വിശ്വാസികള്‍: ജന്മം നല്‍കിയ അച്ഛന്‍ അമ്മമാരുടെ മതമാണ് നാം ഓരോരുത്തരും സ്വഭാവികമായും അനുകരിക്കുക. എന്നാല്‍ ആ വിശ്വാസത്തില്‍ അടിയുറച്ച് നിറുത്തുന്നത് മതബോധത്തെക്കാളും മിക്കപ്പോഴും വര്‍ഗ്ഗബോധമാണ്. തന്റെ വിശ്വാസത്തെ ഒരു യുക്തിവാദിയോ അല്ലെങ്കില്‍ മറ്റൊരു മതസ്ഥനോ ചോദ്യം ചെയ്യുകയൊ അപഹാസ്യപ്പെടുത്തുമ്പോഴോ, തിരിച്ച് അതേപടി മറുപടി നല്‍കുക, അല്ലെങ്കില്‍ അവരുടെ വിശ്വാസത്തെയും അതേപടി പരിഹസിക്കുക. അതായത് ഉരുളയ്ക്ക് ഉപ്പേരി അതാണ് ഇവരുടെ ഒരു രീതി. എന്നാല്‍ ഇവര്‍ തോല്‍ വിയിലേക്ക് പോകുന്നത് മിക്കപ്പോഴും യുക്തിവാദികള്‍ക്കു മുന്‍പിലാണ്. ഉരുളയ്ക്ക് ഉപ്പേരി എന്നതിന് യുക്തിവാദിയ്ക്ക് ദൈവമില്ലല്ലോ. യുക്തിവാദിയെ വിമര്‍ശിക്കേണ്ടത് അവരുടെ വിശ്വാസത്തിലുള്ള അറിവുകൊണ്ടാണ്. അതവര്‍ക്ക് ഉണ്ടാകില്ലല്ലോ? എന്നാല്‍ സ്വന്തം വിശ്വാസത്തെയല്ലാതെ മറ്റു വിശ്വാസികളുടെ മതത്തെ യുക്തിവാദികള്‍ ചോദ്യം ചെയ്യുമ്പോള്‍ ഇക്കൂട്ടരില്‍ ചിലര്‍ യുക്തിവാദികള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കും

3) സ്വന്തം മതത്തില്‍ അടിയുറച്ച വിശ്വാസമില്ലാത്തവരാണ് മൂന്നാമത്തെ വിഭാഗക്കാര്‍. മത വിശ്വാസിയാണോയെന്ന് ചോദിച്ചാല്‍ അതെയെന്നും , എന്നാല്‍ യുക്തിവാദികളുടെ വാദങ്ങളെ ബഹുമാനപുരസരം നോക്കി കാണുകയും ചെയ്യുന്നവരാണ്, ഇക്കൂട്ടരില്‍ ചിലര്‍. മറ്റുമതങ്ങളെയെന്ന പോലെ യുക്തിവാദികളെയും ബഹുമാനിക്കുന്നവരാണ് ഇവര്‍.

4) മതത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും മതപരമായ അറിവുകള്‍ വേണ്ടുവോളം നേടുകയും ശാസ്ത്രപരമായ അറിവുകള്‍ കുറെയെങ്കിലും സമ്പാദിക്കുകയും ചെയ്തിട്ടുള്ളവരാണ് ഈ വിഭാഗക്കാര്‍. യുക്തിവാദികള്‍ക്ക് ഇവര്‍ക്ക് ഉത്തമ എതിരാളികളാണ്.

5) യുക്തിവാദികള്‍ അഥവാ ശാസ്ത്രവാദികള്‍. ശാസ്ത്രത്തില്‍ വേണ്ടുവോളം അറിവുണ്ടെങ്കിലും മതപരമായി അറിവുകള്‍ ഇവര്‍ നേടാന്‍ ശ്രമിച്ചിട്ടുള്ളത് പലപ്പോഴും മതങ്ങളെ വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മതങ്ങള്‍ പഠിപ്പിച്ച നല്ലതുകള്‍ ഇവര്‍ കാണുകയില്ല. എന്നാല്‍ മതത്തിന്റെ പോരായമകള്‍ ,അര്‍ത്ഥവ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ വ്യാഖ്യാനിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്, “ഇഷ്ടമില്ലാത്തമ്മച്ചി തോട്ടതെല്ലാം കുറ്റമാണെന്ന്”.ഇവരോട് എനിക്ക് ചോദിക്കാനുള്ളത് ഈ മനുഷ്യായുസില്‍ നിങ്ങള്‍ നേടിയ അറിവുകള്‍ , അനുഭവങ്ങള്‍ ദൈവമില്ലാ എന്ന തീരുമാനത്തിലാണ് നിങ്ങളെയെത്തിച്ചതെങ്കില്‍ അങ്ങനെ ബാക്കിയുള്ളവരെ കൂടി ഉദ് ബോധിപ്പിക്കാന്‍ നിങ്ങളെ തോന്നിപ്പിക്കുന്ന ഘടകം എന്താണ്.

അനാചാരങ്ങളെയും അന്ധ വിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യേണ്ടത് ആവശ്യമാണ്,അങ്ങനെയുള്ള നിങ്ങളുടെ ശ്രമങ്ങളെ ഈയുള്ളവനും പിന്തുണയ്ക്കുന്നുവെന്ന് അറിയിക്കട്ടെ. അത് സമൂഹത്തിന് ദ്രോഹകരമാണെങ്കില്‍ മാത്രം പോരെ? നിര്‍ദ്ദോശകരമായ ആചാരാനുഷ്ടാനങ്ങളെ മതവിശ്വാസികളുടെ വികാരം മനസിലാക്കി ബഹുമാനിച്ചുകൂടെ. മതവിശ്വാസികള്‍ തന്നെ സ്വന്തം മതത്തിലെ അനാചാരങ്ങളെ തിരിച്ചറിയാന്‍ തുടങ്ങിയതില്‍ ഒരു പക്ഷെ നല്ലവരായ യുക്തിവാദികളുടെ പങ്കും ഉണ്ടെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ നിങ്ങള്‍ എന്തും പറഞ്ഞ് വിമര്‍ശിക്കുന്ന ഈ മതങ്ങള്‍ നിങ്ങള്‍ക്ക് മ്യഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കിയ ഒരു സംസ്കാരം സമ്മാനിച്ചിട്ടുണ്ടെന്ന് മനസിലാക്കുക. അതായത്, അച്ഛന്‍ അമ്മ, അച്ഛനെയും അമ്മയെയും ബഹുമാനിക്കുന്ന മക്കള്‍ അടങ്ങിയ കുടുംബം ഇതൊക്കെ ഈ മതവിശ്വാസത്തിന്റെ സംഭാവനകളായ സംസ്കാരമാണ്.
മതങ്ങളില്ലാതായാല്‍ മനുഷ്യന്‍ മ്യഗങ്ങളെക്കാള്‍ കഷ്ടത്തിലാകും. അമ്മയെ ബലാസ്തംഗം ചെയ്യുന്ന മകനും, മകളെ ഭോഗിക്കുന്ന അച്ഛനും ഇന്ന് സമൂഹത്തില്‍ ഉണ്ടാകാന്‍ തുടങ്ങിയത് മതവിശ്വാസങ്ങളുടെ പരാജയമാണെന്നാണ് എനിക്ക് തോന്നുന്നത്.

മതവിശ്വാസികളോട്, സ്വന്തം വിശ്വാസമാണ് ശ്രേഷ്ടമായത് എന്ന് വിശ്വസിച്ച് മറ്റുവിശ്വാസികളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതിനുമുമ്പ് , അവരുടെ വിശ്വാസങ്ങള്‍ കൂടി ഒന്ന് പഠിക്കാന്‍ ശ്രമിക്കൂ.
അങ്ങനെ പഠിച്ചിട്ടുള്ളവരാരും അതിനു ശ്രമിച്ചിട്ടില്ല എന്നതും നിങ്ങള്‍ മനസിലാക്കേണ്ടതാണ്. മതങ്ങള്‍ ഉണ്ടായപ്പോള്‍ മുതല്‍ തന്നെ അവിശ്വാസികളും ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ വിശ്വാസത്തെ ഒരു പക്ഷെ ഉറപ്പിച്ച് നിറുത്തുന്നത് ഒരുപക്ഷെ അവരായിരിക്കും. അതിന് ദൈവം തന്നെ സ്യഷ്ടിച്ചതാണ് അവരെ. എല്ലാവരും ഒരു മതസ്ഥരായ ഒരു ലോകം ഒന്ന് ചിന്തിച്ചു നോക്കൂ. മതം വെറും ആചാരങ്ങളില്‍ മാത്രം ഒതുങ്ങുകയും അവസാനം ആത്മീയജ്ഞാനം എല്ലാവരും കൈവിടുകയും ചെയ്യുന്ന ഒരു സാ‍ഹചര്യമുണ്ടാകാന്‍ അധികനാളുണ്ടാവില്ല. വിശ്വാസത്തിന്റെ നിലനില്പിനായി ദൈവം തന്നെ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണ് വിവിധ മതസ്ഥരും അവിശ്വാസികളും എന്ന് ചിന്തിച്ചു നോക്കൂ.

വിജ്ഞാനത്തെ ആത്മീയമെന്നും ഭൌതീകമെന്നും രണ്ടായി തരം തിരിക്കാമെങ്കിലും ഇത് രണ്ടിനും ഒരുപാട് ഉപഘടകങ്ങള്‍ ഉണ്ട്. ആര്‍ക്കും ഇവയെല്ലാം പൂരണമായും മനസിലാക്കാന്‍ ഒരു മനുഷ്യായുസ് കൊണ്ട് കഴിയില്ല. ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പുരോഗതിയ്ക്ക് ഒരിക്കലും മതങ്ങളെയും ദൈവങ്ങളെയും തുടച്ച് മാറ്റാന്‍ കഴിയില്ല, അങ്ങനെ അഭിപ്രായപെടാന്‍ ശാസ്ത്രജ്ഞര്‍ പോലും മുന്നോട്ട് വരില്ലാ എന്നാണ് എന്റെ അഭിപ്രായം. പരിണാമസിദ്ധാന്തം പോലും ഊഹാപോഹങ്ങള്‍ക്ക് വിധേയമാണ്. ഒന്നോ ഒന്‍പതിനായിരം മനുഷ്യായുസുകള്‍ക്കോ ജീവികളിലെ പൂര്‍ണപരിണാമം സ്ഥിരീകരിക്കാന്‍ കഴിയില്ല.

ഇനി എന്റെ വിശ്വാസത്തെ പറ്റി:
ഞാന്‍ ദൈവ വിശ്വാസിയാണ്. ദൈവത്തിന്റെ സാമിപ്യം ഞാന്‍ അറിയുന്നു. അതെങ്ങനെയെന്ന് വ്യക്തമാക്കാന്‍ എനിക്കറിയില്ല. എന്റെ പരിമിതമായ അറിവുകള്‍ ,അനുഭവങ്ങള്‍ ദൈവമുണ്ടെന്ന് വിശ്വസിക്കാന്‍ തന്നെയാണ് എന്നെ പ്രേരിപ്പിക്കുന്നത്. ഞാന്‍ വിശ്വസിക്കുന്ന ദൈവം എല്ലാ മതവിശ്വാസികളെയും അവിശ്വാസികളെയും സ്യഷ്ടിക്കുകയും പരിപാലിക്കുകയും ചെയുന്നുവെന്നാണ് എന്റെ വിശ്വാസം. ആ ദൈവത്തെ ബഹുമാനിക്കുന്നതുപോലെ അവന്റെ സ്യഷ്ടികളായ എല്ലാവരെയും ബഹുമാനിക്കുന്നു.
ഞാന്‍ ഇവിടെ പങ്കു വച്ചത് എന്റെ ചിന്തകള്‍ മാത്രമാണ്. എല്ലാവരും ഇങ്ങനെ തന്നെ ചിന്തിക്കണമെന്ന് എനിക്ക് അഭിപ്രായമില്ല.

21 comments:

കനല്‍ said...

ബൂലോകത്ത് ചുമ്മാ കറങ്ങി നടന്നുള്ള എന്റെ വായനയില്‍ എനിക്ക് തോന്നിയ ചിന്തകള്‍, ചുമ്മാ പങ്കു വയ്ക്കുന്നു

കാപ്പിലാന്‍ said...

ബൂലോകത്ത് ഒരു ദിവസം കറങ്ങിനടന്നതിന്റെ പ്രതിഫലനമായി ഇത് തോന്നുന്നില്ല മറിച്ച് വളരെക്കാലം കൊണ്ട് കനല്‍ ചിന്തിക്കുന്ന ഒരു വിഷയമാണ് ഇത് എന്ന് തോന്നുന്നു , ഈ എഴുത്തിലെ ഘടന കണ്ടിട്ട് . വളരെയേറെ ചര്‍ച്ച ചെയ്യപ്പെടും ഈ വിഷയം . പറഞ്ഞിരിക്കുന്നത് മുഴുവന്‍ സത്യമാണ് എങ്കിലും വിശദമായ ഒരു വായനകൂടി വേണ്ടി വരും വല്ല ലൂപ്‌ ഹോളും കണ്ടെത്തി തന്നോട് ഒന്ന് തര്‍ക്കിക്കാന്‍ . അതിനു വേണ്ടി ഞാന്‍ വീണ്ടും വരും .
ഓടോ - താന്‍ കഥ എഴുതുന്നതിലും നല്ലത് ഇതുപോലുള്ള ലേഖനങ്ങള്‍ എഴുതുന്നതാണ് .ശ്രദ്ധിക്കപ്പെടും . കണ്ണുള്ളവര്‍ എല്ലാം കാണട്ടെ .ആശംസകള്‍ .

hi said...

കൊള്ളാം... കാലികപ്രസക്തമായ പോസ്റ്റ്. ഗൌരവമേറീയ വിഷയത്തെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ വളരെ നല്ല ഭാഷ ഉപയോഗിച്ച് പറഞ്ഞിരിക്കുന്നു... അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.. എങ്കിലും കുറച്ചു കൂടി ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാമായിരുന്നു.. ആരെ പേടിക്കാനാ സ്വന്തം അഭിപ്രായം പറയാന്‍ ..
ആശംസകള്‍ !!!

കനല്‍ said...

@കാപ്പിലാന്‍,
ഞാന്‍ ഒരു ദിവസം മാത്രം കറങ്ങി നടന്നിട്ടാണ് എഴുതിയത് എന്ന് പറഞ്ഞിട്ടില്ലല്ലോ?
പേരും പ്രശസ്തിയ്ക്കും വേണ്ടിയല്ല കാപ്പിലാന്‍ ഞാന്‍ എഴുതിയത്, അതിനുള്ള അറിവും പിന്നെ കഴിവും എനിക്കില്ല കാപ്പിലാന്‍.(ആശ്രമത്തില്‍ പോസ്റ്റാക്കാനായിരുന്നു തുടങ്ങിയത്, പിന്നെ ഞാന്‍, എന്റെ അഭിപ്രായം തുടങ്ങിയ വാചകങ്ങള്‍ ഒരു പാട് ഉപയോഗിക്കേണ്ടി വന്നപ്പോള്‍ എന്റെ പേര് മാത്രം പതിച്ചിട്ടുള്ള ഗൂഗിളിന്റെ ഔദാര്യമായ ഈ തറവാട്ട് ബ്ലോഗില്‍ തന്നെ പതിക്കുന്നതാ ഉചിതമെന്ന് തോന്നി.

@ അബ്കാരി.
ഇനിയും ആഴത്തിലേക്ക് ഇറക്കാനുള്ള ജ്ഞാനം എന്റെ കയ്യില്‍ ഇല്ലയെന്നുള്ളതാണ് സത്യം. പിന്നെ ഇറങ്ങിയിട്ട് മുങ്ങിതാഴ്ന്നതിനെക്കാള്‍ നല്ലതല്ലേ,ഒന്ന് നനഞ്ഞ് കേറി വരുന്നത്.
:)

ചാണക്യന്‍ said...

കനലെ,
നല്ല സാത്വിക ചിന്തകള്‍....

മതവിശ്വാസിയോ യുക്തിവാദിയോ അല്ല ഇവിടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്....

ഒരു യുക്തിവാദി പുശ്ചിച്ച് തള്ളിയാല്‍ തകരുന്നതല്ല ഒരു വിശ്വാസിയുടെ വിശ്വാസം...അത് അടിയുറച്ചതാണ്....

എന്റെ മതം എന്റെ വിശ്വാസം അതാണ് ഏറ്റവും വലുത് എന്ന് കരുതി അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗമുണ്ട്...അവരെ മതതീവ്രവാദികള്‍ അല്ലെങ്കില്‍ മതഭ്രാന്തന്മാര്‍ എന്ന പദം കൊണ്ട് വിശേഷിപ്പിക്കുവാനേ കഴിയൂ....

മേല്പറഞ്ഞ വിഭാഗം എല്ലാ മതത്തിലും ഉണ്ട്...അവരുടെ ചെയ്തികള്‍ കാരണം ജീവിതം ദുരിതപൂര്‍ണ്ണമാവുന്നത് സാധാരണ വിശ്വാസികള്‍ക്കാണ്....

ഹിന്ദുവും മുസ്ലീമും കൃസ്ത്യനും എന്നു വേണ്ട എല്ലാ മത വിഭാഗത്തിലെ വിശ്വാസികളും സമാധാന പൂര്‍വ്വമായ ജീവിതമാണ് ആഗ്രഹിക്കുന്നത്....എന്നാല്‍ ഇവരുടെയൊക്കെ സമാധാന ജീവിതത്തിന് വിഘാതമാവുന്നത് മതഭ്രാന്തന്മാരുടെ ചെയ്തികളാണ്....

കനലെ നല്ല പോസ്റ്റ്..കൂടുതല്‍ അഭിപ്രായങ്ങള്‍ വരട്ടെ...ആശംസകള്‍...

ദീപക് രാജ്|Deepak Raj said...

പ്രിയ കനല്‍,

സാധാരണ ഗതിയില്‍ മത,രാഷ്ട്രീയ പോസ്റ്റുകള്‍ മുഴുവനായി വായിക്കാറില്ല. കമന്റുകള്‍ വളരെ അപൂര്‍വമായേ അത്തരം പോസ്റ്റുകളില്‍ ഇടാരുമുള്ളൂ. പ്രധാനകാര്യം പ്രസ്തുത വിഷയങ്ങളില്‍ അവഗാഹം കുറവാണ്. ഒപ്പം താല്‍പര്യവും. കാരണം ഇത് രണ്ടിന്റേയും ചര്‍ച്ചയുടെ ഫലം മിക്കപ്പോഴും എങ്ങുമെത്തില്ല. കാരണം താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പു എന്ന് ചിന്തിക്കുന്നവനായാലും അതല്ല ചര്‍ച്ചയ്ക്ക് താല്പര്യം ഉള്ളവനായാലും വിഷയത്തിന്റെ അവസാനം തന്റെ ഇതുവരെയുള്ള മനോഗതി ചര്‍ച്ചയ്ക്ക് ശേഷം മാറ്റാനോ ചര്‍ച്ചയിലൂടെ മാറ്റാനോ താല്പര്യം കാട്ടാറില്ല. മതവും രാഷ്ട്രീയവും അത്രകണ്ട് അസ്ഥിയ്ക്കു പിടിക്കുന്ന അവസ്ഥ ധാരാളം പേരില്‍ ഉണ്ടാവാറുണ്ട് എന്നത് തന്നെ കാരണം.

ഈ അടുത്തകാലത്തായി അല്ലെങ്കില്‍ കുറെനാളായി ബ്ലോഗില്‍ ഈ രണ്ടുവിഷയത്തിലും ആണ് ഏറ്റവും വിവാദങ്ങളും ചര്‍ച്ചകളും നടന്നിട്ടുള്ളത്. ഈ രണ്ടുവിഷയവും ഞാന്‍ ബ്ലോഗില്‍ പോസ്റ്റിന്റെ വിഷയം ആക്കാറില്ല. എന്നാല്‍ ഇത്തരം സംവാദം നടത്തുന്നവരെ വിശദമായി അപഗ്രഥിച്ച ഒരു പോസ്റ്റില്‍ കമന്റാതെ പോകാന്‍ മനസ്സനുവദിക്കുന്നില്ല എന്നതുകൊണ്ട്‌ ചെറിയ പ്രതികരണം നടത്തുന്നു. താങ്കള്‍ വളരെ വിശദമായി തന്നെ ഈക്കൂട്ടരെകുറിച്ച് എഴുതിയിട്ടുണ്ട് എന്ന് ആദ്യമേ പറയട്ടെ.

ദീപക് രാജ്|Deepak Raj said...

1. സ്വന്തം മാതാപിതാക്കളെക്കാള്‍ ദൈവത്തെ വിശ്വസിക്കുന്നതും ആരാധിക്കുന്നതും നല്ലതുതന്നെ. അതിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു. അതുപോലെ ഒരു വിശ്വാസി മറ്റുമതങ്ങളെ പഠിക്കണം എന്നും നിര്‍ബന്ധമില്ല. അതുകൊണ്ട് തന്നെ തന്റെ മുയലിനു മൂന്നു കൊമ്പു എന്ന് വിശ്വസിക്കുന്ന ഈ കൂട്ടര്‍ ചര്‍ച്ചയിലൂടെ തങ്ങളുടെ വിശ്വാസം എന്തായാലും മാറ്റാന്‍ ഒരുക്കമാവില്ല. അതുകൊണ്ട് തന്നെ തന്റെ ചിന്താധാരയുമായി ഏറെ വെത്യാസവും ചര്‍ച്ചയില്‍ ഒരുപക്ഷെ തന്റെ ചിന്തകളെയും വിശ്വാസങ്ങളെയും ഒരിക്കലും വിലമതിക്കില്ല എന്നുതോന്നുന്നയിടങ്ങളില്‍ നിന്ന് സ്വയം ഒഴിവാകുന്നതല്ലേ ബുദ്ധി. വിവരദോഷിയുമായി ഏറ്റുമുട്ടാതെ വഴിമാറി പോവുന്നവനല്ലേ നല്ല വിവരമുള്ളവന്‍. തന്റെ ആശയങ്ങളുമായി ചേരാത്തവന്‍ വിവരമില്ലാത്തവന്‍ എന്നല്ല ഇതിന്റെ അര്‍ത്ഥം. അനാവശ്യ വിവാദം ഒഴിവാക്കുക എന്നതുമാത്രം എടുത്താല്‍ മതി.

2.രണ്ടാമത് പറഞ്ഞത് ശത്രുവിന്റെ ശത്രു മിത്രം എന്നാ മാനദണ്ഡം നോക്കിയാണ്. നാം ജീവിക്കുന്ന ചുറ്റുപാടില്‍ സ്വതന്ത്രമായ മത സ്വീകരണം നിയമം മൂലം സാധ്യം ആണെങ്കിലും മതം മാറ്റം പല സാമൂഹ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നതിനാല്‍ പലരും തങ്ങള്‍ ജനിച്ച വീട്ടിലെ അല്ലെങ്കില്‍ മാതാപിതാക്കളുടെ മതം സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അയാള്‍ പൂര്‍ണ്ണ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടു ആ മതത്തില്‍ ജീവിക്കുകയാണ് എന്ന് പറയുക വയ്യ. അങ്ങനെ ജീവിക്കുന്നവര്‍ ഉണ്ടാകാം. ഇല്ലാതെയുമിരിക്കാം. അഥവാ എപ്പോഴെങ്കിലും മതം മാറണം എന്ന് തോന്നി മാറിയാല്‍ ഉണ്ടാകുന്ന പുകില് സാക്ഷാല്‍ മാധവിക്കുട്ടി തന്നെ അനുഭവിച്ചതാണല്ലോ. യുക്തിവാദികള്‍ നല്ലൊരു ശതമാനം നിരീശ്വരവാദികള്‍ കൂടി ആയതുകൊണ്ട് അവരോടു അത്തരം ചര്‍ച്ചയ്ക്ക് പോകാതിരിക്കുന്നതല്ലേ ഉചിതം. എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം എന്നൊരു വാചകം മൂസയ്ക്ക് ഓര്‍മ്മകാണുമല്ലോ. ഇനി അഥവാ യുക്തിവാദികള്‍ ബലമായി മതം മാറ്റത്തിനോ അല്ലെങ്കില്‍ മത അവഹേളനത്തിനോ ശ്രമിച്ചാല്‍ നമ്മുക്ക് പ്രതികരിക്കമല്ലോ. ഇന്നും ഭാരതത്തില്‍ യുക്തിവാദികള്‍ മറ്റേതു മതത്തെക്കളും ന്യൂനപക്ഷമാണ്. ഒപ്പം മറ്റു ന്യൂനപക്ഷങ്ങളെ പോലെയല്ലല്ലോ അവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്വാധീനവും കുറവല്ലേ.

3. താങ്കള്‍ പറഞ്ഞ ഈ മൂന്നാമത്തെ കൂട്ടര്‍ താരതമ്യേന അപകടകാരികള്‍ അല്ലല്ലോ. ഒരേപോലെ വിശ്വാസികളോടും യുക്തിവാദികളോടും പ്രതികരിക്കുന്ന ഇവരില്‍ ചിലരെങ്കിലും സമദൂരവും പാലിക്കുന്നവര്‍ ഉണ്ടെന്നു മൂസ വിശ്വസിക്കുമല്ലോ. ഒരുപക്ഷെ മൃദുവാദികള്‍ എന്നും വിളിക്കാവുന്ന ഇവര്‍ ചര്‍ച്ചകളിലോ പ്രശ്നങ്ങളിലോ അത്ര കുഴപ്പം സൃഷ്ടിക്കുമെന്ന് കരുതുക വയ്യ. എന്നാല്‍ അല്പം ഞരമ്പുരോഗം കൂടി ഇവരില്‍ ഉണ്ടെങ്കില്‍ രണ്ടുകൂട്ടരെയും തമ്മിലടിപ്പിക്കാന്‍ ഇവര്‍ കൂടിയെന്ന് വരും.

4.ഈ കൂട്ടര്‍ യുക്തിവാദികള്‍ക്ക് എതിരാണെന്ന് മൂസ സമ്മതിക്കുന്നല്ലോ. വിവരവും വിദ്യാഭാസവും മതബോധവും ഉള്ള ഇക്കൂട്ടര്‍ ഒരുപക്ഷെ സംയമനവും നല്ലപോലെ ഉള്ളവരാകും.ഇവരും പ്രശ്നക്കാര്‍ ആകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇതില്‍ അത്ര ആത്മനിയന്ത്രണം ഇല്ലാത്തവര്‍ പ്രശ്നക്കാര്‍ ആയേക്കാം.

ദീപക് രാജ്|Deepak Raj said...

5. യുക്തിവാദികളും മനുഷ്യവാദികള്‍ അതായത് മനുഷ്യനാണ് ദൈവത്തെക്കാള്‍ കേമന്‍ എന്ന് പറയുന്നവന്‍ നിരീശ്വരവാദികള്‍ "ശാസ്ത്രകൊജ്ഞ്ഞാണെന്‍മാര്‍" തുടങ്ങിയവര്‍ ഇതില്‍പ്പെടും. എന്നാല്‍ മനുഷ്യത്വം എന്നുള്ളവര്‍ മറ്റുള്ളവരെ ആക്ഷേപിക്കാന്‍ പോകില്ല. കാരണം തന്റെ വിശ്വാസം ശരിയാണ് എന്ന് തോന്നുന്നവര്‍ അത് വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവന്റെ തെറ്റ്കളെയോ വിശ്വാസങ്ങളെയോ ആക്ഷേപിക്കാന്‍ മുതിരില്ല. വിമര്‍ശനം എന്നാല്‍ ആക്ഷേപിക്കല്‍ ആണെന്ന് കരുതുന്നവന്റെ യുക്തിയും എനിക്ക് മനസ്സിലാകില്ല. എന്നാല്‍ തെറ്റുകളെ ചൂണ്ടിക്കാണിക്കാന്‍ സൌമ്യമായ നിലപാട്‌ എടുക്കുന്നവര്‍ യുക്തിവാദികള്‍ ആയിത്തന്നെ ധാരാളം ഉണ്ടല്ലോ. അവരൊന്നും ഇതത്ര എതിര്‍പ്പുകളും നേരിടേണ്ടി വരുന്നില്ല. അതില്‍ നിന്ന് മനസ്സിലാക്കാവുന്നത് മിതവാദികള്‍ ആയ യുക്തിവാദികള്‍ പ്രശ്നക്കാരല്ല എന്നാണു.

ഇതിന്റെ ആകത്തുക വിശ്വാസി ആയാലും യുക്തിവാദി ആയാലും ഇനി സമദൂരക്കാരന്‍ ആയാലും മൃദുവാദി ആയി പ്രശ്നത്തെ നേരിട്ടാല്‍ സ്വന്തം തടികെടാകാതെയും കൂടുതല്‍ വാചാടോപങ്ങള്‍ നടത്തി വിദ്വേഷം സമ്പാദിക്കാതെയും ജീവിക്കാം. ഇനി ഈ മൂന്നുകൂട്ടരിലും മൃദുവാദം കൈവെടിഞ്ഞു തീവ്രവാദ സ്വഭാവത്തോടെ പ്രശ്നങ്ങളെ നേരിട്ടാല്‍ തിരിച്ചും അങ്ങനെ തന്നെ അനുഭവിക്കേണ്ടി വരും.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും അതിന്റെ പ്രതിഫലനങ്ങളെയും കുറിച്ച് താങ്കള്‍ എഴുതിയത് സുസ്ത്യര്‍ഹമാണ്. മതവിശ്വാസികളും യുക്തിവാദികളും അടങ്ങുന്നതാണ് ഈ സമൂഹം. ആര്‍ക്കും ആരെയും പൂര്‍ണമായി തിരുത്തി ജീവിക്കാന്‍ കഴിയില്ല. കഴിയുന്നതാകട്ടെ സ്വയം തിരുത്താനും. എല്ലാവരും സ്വയം തിരുത്തി ജീവിച്ചാല്‍ അത് സമൂഹത്തിന് തന്നെയാണ് മെച്ചം.

ഏതോ ഒരു ശക്തിയെ, അതിനെ ദൈവമെന്നു വിളിക്കണോ എന്നുപോലും എനിക്കറിയില്ല. പക്ഷെ ഒന്നുണ്ട് എന്ന് പലതവണ എനിക്ക് തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. പല അവസരങ്ങളില്‍ ആ അദൃശ്യശക്തിയെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. മണം രുചി എന്നിവ താരതമ്യപ്പെടുത്തി വിശദീകരിക്കാമെങ്കിലും ഈ ശക്തിയെ അങ്ങനെയും വിശദീകരിക്കാനാവില്ല. എന്നാല്‍ അങ്ങനെ ഒന്നും ഇല്ലാ എന്ന് വിശ്വസിക്കുന്നവരെ അവരുടെ സ്വാതന്ത്ര്യമായി കണ്ടു അവരോടു ദേഷ്യം വരാതെയിരിക്കാനും പൂര്‍ണ്ണവിശ്വാസിയെ അയാള്‍ വിശ്വസിക്കുന്ന മതത്തെ ബഹുമാനിച്ചു അയാളെയും അംഗീകരിക്കാനും എനിക്കിന്ന് കഴിയുന്നുണ്ട്. എന്റെ കഴിവാണ് എന്നവകാശമില്ല പക്ഷെ ഈ മുപ്പത്തി രണ്ടു വര്‍ഷത്തെ ഊര്തെണ്ടലിലൂടെയും പല മനുഷ്യരെയും അവരുടെ ജീവിതത്തെയും ഭാഷയെയും സംസ്കാരത്തെയും അറിയാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് എന്ന് വിശ്വസിക്കുന്നു. ഒപ്പം ഈ ചെറിയ ജീവിതത്തില്‍ വിദ്വേഷം പേറി ജീവിക്കുമ്പോള്‍ കിട്ടുന്ന സംഘര്‍ഷങ്ങള്‍ ആത്യന്തികമായി നശിപ്പിക്കുന്നത് സ്വന്തം മനസിനെയും ശരീരത്തിനെയും ആണെന്ന തിരിച്ചറിവും.

ഈ നല്ല പോസ്റ്റിനു നന്ദി പറയുന്നു. ഒരുപക്ഷെ ഒരു പോസ്റ്റ്‌ വളരെ തവണ വായിച്ചത് ഞാന്‍ ബൂലോഗത്ത് വന്നതിനു ശേഷം ആദ്യമായാണ്. അല്ലെങ്കില്‍ ഇത്രതവണ വായിച്ച വേറെ പോസ്റ്റ് ഇല്ലായെന്ന് പറയാം. ഒപ്പം എന്റെ മനസ്സ് നിറഞ്ഞു ഒരു കമന്റും ഇടാന്‍ കഴിഞ്ഞു. ഏതെങ്കിലും തരത്തില്‍ ഈ കമന്റ് ഇഷ്ടമായില്ലെങ്കില്‍ തീര്‍ച്ചയായും ഡിലീറ്റ്‌ ചെയ്യുക.

സ്നേഹപൂര്‍വ്വം
(ദീപക് രാജ് )

ദീപക് രാജ്|Deepak Raj said...

tracking

അരുണ്‍ കരിമുട്ടം said...

ഞാനും പരിപൂര്‍ണ്ണമായ ഒരു ദൈവവിശ്വാസിയാ.ദൈവം എന്നത് ഒരു വിശ്വാസമാണ്.ആ വിശ്വാസം ശരിയാണെന്ന് തെളിയിക്കാനാണ്‌ നാം ഒരോരുത്തരും പരിശ്രമിക്കുന്നത്.യുക്തിവാദി എന്ന് ഒന്നില്ല എന്നാണ്‍ എന്‍റെ അഭിപ്രായം.കാരണം അവരെ സംബന്ധിച്ച് ദൈവം ഇല്ല എന്നതാണ്‌ വിശ്വാസം, ആ വിശ്വാസമാണ്‌ അവരുടെ ദൈവം.ആ വിശ്വാസം ശരിയാണെന്ന് തെളിയിക്കാനാണ്‌ അവര്‍ ശ്രമിക്കുന്നത്.
ഇത്തരത്തില്‍ ചിന്തിച്ചാല്‍ എന്ത് യുക്തിവാദം??
വളരെ നല്ല പോസ്റ്റ്:)

സൂത്രന്‍..!! said...

“ഞാന്‍ ദൈവ വിശ്വാസിയാണ്. ദൈവത്തിന്റെ സാമിപ്യം ഞാന്‍ അറിയുന്നു. അതെങ്ങനെയെന്ന് വ്യക്തമാക്കാന്‍ എനിക്കറിയില്ല. എന്റെ പരിമിതമായ അറിവുകള്‍ ,അനുഭവങ്ങള്‍ ദൈവമുണ്ടെന്ന് വിശ്വസിക്കാന്‍ തന്നെയാണ് എന്നെ പ്രേരിപ്പിക്കുന്നത്. ഞാന്‍ വിശ്വസിക്കുന്ന ദൈവം എല്ലാ മതവിശ്വാസികളെയും അവിശ്വാസികളെയും സ്യഷ്ടിക്കുകയും പരിപാലിക്കുകയും ചെയുന്നുവെന്നാണ് എന്റെ വിശ്വാസം. ആ ദൈവത്തെ ബഹുമാനിക്കുന്നതുപോലെ അവന്റെ സ്യഷ്ടികളായ എല്ലാവരെയും ബഹുമാനിക്കുന്നു“...........

കനലിന്റെ ഈ വക്കുകളോട് നൂറ് ശതമാനം യോജികുന്നു.ഞാൻ ഒരു ദൈവവിശ്വാസിയാണ്.അതു പൊലെ തന്നെ മറ്റു മതങ്ങളെ ബഹുമാനികുന്നു.ദൈവം നിലകൊള്ളുന്നത് ഒരോരുത്തരുടെയും മനസ്സിലാണ്..

Faizal Kondotty said...

tracking >>

ഉണ്ണി.......... said...

നല്ല പോസ്റ്റ് ............
വളരെയധികം ചര്‍ച്ച ചെയ്യേണ്ട വിഷയവും നമ്മളിലാരും മതത്തെ അറിഞ്ഞിട്ടല്ല ദൈവത്തെ ആരാധിക്കാന്‍ തുടങ്ങിയത് .ജനിച്ച നാള്‍ മുതല്‍ അനുഷ്ടിച്ച് വരുന്ന ഒരു കര്‍മ്മം അതു ശരിയാണ് എന്നുള്ള ഒരു വിശ്വാസവും(?).....
ഇവിടെ മതത്തിന്റെ പേരിലുള്ള പ്രശ്നങ്ങല്‍ അധികം ഉണ്ടാക്കുന്നത് തനിക്കുപോലും അറിയാത്ത ആചാരങ്ങളൊക്കെ ശരിയാണെന്നും മറ്റുമതക്കാരുടെ ഒക്കെ തെറ്റാണെന്നും വിശ്വസിക്കുന്ന ദൈവത്തിന്റെ പേറ്റന്റ് സ്വയം ഏറ്റെടുത്ത് അതെ വസ്ത്രാധാരണത്തിലും മറ്റു ബാഹ്യചിഹ്നങ്ങളിലും നാട്ടുകാരെ കാണിക്കാന്‍ ശ്രമിക്കുന്ന മാന്യദേഹങ്ങളാണ്...
കനലിലും ദീപക്കിനും അഭിനന്ദനങ്ങള്‍...

കാര്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ ഭാഷ മയപ്പെടുത്തേണ്ട കാര്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്...

ജിജ സുബ്രഹ്മണ്യൻ said...

ഞാനും ദൈവവിശ്വാസിയാണു.നന്നായി പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനക്ക് ഫലം ഉണ്ടാകും എന്നും വിശ്വസിക്കുന്നു.എന്റെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നവ അല്ല.ഓരോരുത്തരും അവരവരുടെ വിശ്വാസത്തിൽ മുറുകെപ്പിടിക്കട്ടേ.ഒപ്പം മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനും ശ്രമിക്കട്ടെ,പരസ്പര വിശ്വാസത്തോടും ധാരണയോടും മുന്നോട്ടു നീങ്ങുക.ഒരു മതവും മറ്റൊരു മതത്തേക്കാൾ മുന്നിലല്ല.


മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
എന്ന വയലാറിന്റെ വരികൾ ഞാൻ ഇവിടെ ഓർക്കട്ടേ.

പാവപ്പെട്ടവൻ said...

നല്ല പോസ്റ്റ്‌ ആശംസകള്‍

മാണിക്യം said...

മൂസ്സ കനലില്‍ തന്നെ ഈ പോസ്റ്റ് ഇട്ടതിനു പ്രത്യേകം അഭിനന്ദനം ഇത്രയും തിളക്കമുള്ള ഒരു പോസ്റ്റ് ഈ അടുത്ത കാലത്തോന്നും വയിച്ചിട്ടില്ല,
പല തവണ വായിച്ചു എങ്കിലും എനിക്ക് ഇതിലെ ഒരഭിപ്രായത്തോടും വിയോജിപ്പ് തോന്നിയില്ല.
മനുഷ്യബുദ്ധിക്ക് ഒതുക്കി നിര്‍ത്താനാവുന്നതല്ല ദൈവത്തിന്റെ പദ്ധതികള്‍. ഏതോരു യുക്തിവാദിയും അടിയുലയുന്ന പ്രശ്നം ഉണ്ടായാല്‍ ദൈവമേ എന്നു ഒന്നു വിളിക്കും- കാര്യങ്ങള്‍ ശരിക്ക് പിടിവിട്ടു പോകുമ്പോള്‍ ഒന്നുകില്‍ വെള്ളത്തില്‍ മുങ്ങി താഴുമ്പോള്‍ അല്ലങ്കില്‍ തീ പിടിക്കുമ്പോള്‍ അല്ലങ്കില്‍ സ്വന്തം കുഞ്ഞിനു അപകടം സംഭവിക്കുമ്പോള്‍ അറിയതെ ഉള്ളില്‍ നിന്ന് ഒരു വിളിയുയരും ഈശ്വരാ എന്ന് പിന്നെ പരമോന്നതമായ- മനുഷ്യചിന്തക്ക് അതീതമായ - ഒരു ശക്തിയുണ്ട് ഭഗവാന്‍ എന്നോ യഹോവയെന്നോ അള്ളഃ എന്നോ കര്ത്താവെന്നോ വിളിക്കാം വിളിക്കാതിരിക്കാം.. ഈ ലോകവാസം കഴിയുമ്പോള്‍ ആത്മാവ് പരലോകത്തേക്ക് പോകും എന്നു എല്ലാ മതവും അനുശാസിക്കുന്നു നല്ലതു ചെയ്യുന്നവര്‍ക്ക് വാഗ്ദാനപ്രകാരമുള്ള സ്വര്‍ഗവും അല്ലങ്കില്‍ നരകവും എന്ന് പഠിക്കുന്നു, അതിന്റെ 100% ശരി ഒന്നും ആരും തിരികെ വന്ന് പറഞ്ഞില്ല എങ്കിലും നന്മ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മനഃസുഖം
തിന്മ ചെയ്യുമ്പോള്‍ ഉണ്ടകുന്ന മനസാക്ഷി കുത്ത് ഇതു തന്നെയാണ് സ്വര്‍ഗ്ഗീയമായ അനുഭൂതിയും നരക യാതനയും...എന്റെ മാതാപിതാക്കളാണു ഏറ്റവും നല്ല മാതാപിതാക്കള്‍ നിന്റെ അപ്പനും അമ്മയും അത്രക്ക് അങ്ങോട്ട് പോരാ എന്നു പറയുന്ന പോലത്തെ ശുദ്ധ ഭോഷ്ക്കാണു എന്റെ മതമാണു നല്ലത് എന്നു പറയുന്നതും..ഓരൊന്നും അതിന്റെതായ രീതിയില്‍ നല്ലതു എന്നു കരുതി അന്യമതത്തേയും വിശ്വാസത്തേയും ബഹുമാനിക്കുക, ചുറ്റുമുള്ള മനുഷ്യരെ സ്നേഹിക്കുക..ഓരൊ സഹജീവിയിലും ഈശ്വരന്റെ അംശം കാണാം ആ ഈശ്വരനെ ബഹുമാനിക്കുക

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരേപോലെചിന്തിക്കുന്നവരെ കാണുന്നത്‌ സന്തോഷമുള്ള ഒരു കാര്യമാണ്‌.

പക്ഷെ വിശ്വാസികളേയും അവിശ്വാസികളെയും തമ്മിലടിപ്പിച്ച്‌ രസിക്കുന്ന ഒരു കൂട്ടര്‍ കൂടി ഇല്ലെ എന്നൊരു സംശയം.

ഞാന്‍ ബ്ലോഗെഴുതിതുടങ്ങിക്കഴിഞ്ഞപ്പോള്‍ ഉണ്ടായ കുറെ അനുഭവങ്ങള്‍ പലര്‍ക്കും അറിയാമായിരിക്കും

യുക്തിവാദം എന്നു പോസ്റ്റിട്ട്‌ അതില്‍ ദൈവമില്ല എന്ന വാദം കൊണൂ വന്ന ഒരു ചരിത്രം കിടപ്പുണ്ട്‌
അതില്‍ ഞാന്‍ എന്റെ ചിന്താഗതി
http://indiaheritage.blogspot.com/2007/08/yukthivadam-conclusion.html
ഇതിലും ഇതിനു മുമ്പ്‌ രണ്ടു പോസ്റ്റുകളിലും പറഞ്ഞിരുന്നു. ഇതില്‍ മാരീചന്റെ കമന്റുനോക്കിയാലറിയാം വഴിതെറ്റിക്കാന്‍ എന്തൊക്കെ ശ്രമം നടത്തും എന്ന്‌

പോസ്റ്റിനു നന്ദി

കാട്ടിപ്പരുത്തി said...

കനലേ-

വിഭാഗങ്ങളാക്കി തിരിച്ച് നിരീക്ഷിക്കുന്നതില്‍ കൌതുകമുണ്ട്.

1) സ്വന്തം വിശ്വാസത്തിലും ആചാരങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന ദൈവവിശ്വാസികള്‍, അന്യരുടെ വിശ്വാസത്തെ ഒരുപിടി പോലും ബഹുമാനിക്കാത്തവര്‍. ഇവര്‍ പലപ്പോഴും യുക്തിവാദികളോട് സംഘടനത്തില്‍ ഏര്‍പ്പെടുന്നതിന്റെ മനശാസ്ത്രമെന്തെന്ന് ഒന്ന് ചിന്തിച്ചാല്‍ മനസിലാകും.

മറ്റുള്ള വിശ്വാസങ്ങളെ ബഹുമാനിക്കാത്തിടത്ത് തുടങ്ങുന്നു പ്രശ്നം. ഇതാകട്ടെ വ്യക്തമായും ഖുര്‍‌ആന്‍ വിരുദ്ധവുമാണ്. യുദ്ധസമയത്ത് സേനാധിപരോട് ഖലീഫ ഉമെറിന്റെ വ്യക്തമായ നിര്‍ദ്ദേശം മതചിഹ്നങ്ങളെയും പുരോഹിതരേയും ആക്രമിക്കരുത് എന്നായിരുന്നു. പലര്‍ക്കും ആ സഹിഷ്ണുതയില്ല എന്നതൊരു വസ്തുതയും.


5) യുക്തിവാദികള്‍ അഥവാ ശാസ്ത്രവാദികള്‍. ശാസ്ത്രത്തില്‍ വേണ്ടുവോളം അറിവുണ്ടെങ്കിലും മതപരമായി അറിവുകള്‍ ഇവര്‍ നേടാന്‍ ശ്രമിച്ചിട്ടുള്ളത് പലപ്പോഴും മതങ്ങളെ വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മതങ്ങള്‍ പഠിപ്പിച്ച നല്ലതുകള്‍ ഇവര്‍ കാണുകയില്ല.

ഞാന്‍ മനസ്സിലാക്കിയിടത്തോളം യുക്തിവാദികളില്‍ തന്നെ ശാസ്ത്രീയമായ അറിവുകളുള്ള ഒരു വിഭാഗം അത്രവലിയ മത വിമര്‍ശകരല്ല. അവര്‍ അവരുടെ അറിവിനെ വലുതായി കാണുന്നു എന്നു മാത്രം, ചെറിയ രീതിയിലുള്ള ഒരു അന്ധവിശ്വാസം ഇവര്‍ക്കുമുണ്ടെന്നൊതൊഴിച്ചാല്‍ ഇവര്‍ മാന്യമായി സംവദിക്കുന്നവരാണ്. അറിയാത്തത് അറിയില്ല എന്ന് പറഞ്ഞൊഴിഞ്നു നില്‍ക്കും.
എന്നാല്‍ ശാസ്ത്രം മുഴുവന്‍ കലക്കിക്കുടിച്ച് നില്‍ക്കുകയാനെന്നു കരുതുകയും മതത്തെ വിമര്‍ശകരില്‍ നിന്നു മാത്രം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു വിഭാഗം കൂടിയുണ്ട്, അവര്‍ വലിയ അഭിപ്രായങ്ങള്‍ പറയും. അതിന്നെതിരില്‍ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ആദ്യം 1. എന്ന് നമ്പറിട്ട മതവാദികളെക്കാള്‍ കൂടുതല്‍ അസഹിഷ്ണുത കാണിക്കും. ഒരു യുക്തിവാദ തീവൃവാദം.

അനില്‍ശ്രീ... said...

കനല്‍,
നല്ലൊരു പോസ്റ്റ്... കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ദൈവത്തില്‍ വിശ്വസിച്ചിരുന്ന, എന്നാല്‍ പിന്നീട് അങ്ങനെയൊരു വിശ്വാസം നാല്‍ക്കുനാള്‍ 'നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന' ഒരാളാണ് ഞാന്‍. ഒന്നു കൂടി വ്യക്തമായി പറ്ഞ്ഞാല്‍ മതങ്ങള്‍ മുന്നോട്ട് വച്ചിട്ടുള്ള ഒരു ദൈവങ്ങളിലും എനിക്ക് വിശ്വാസം ഇല്ല. അടിച്ചേല്പ്പിക്കപ്പെട്ടിട്ടുള്ള വിശ്വാസങ്ങളില്‍ ആണ് ഇന്ന് വിശ്വാസികള്‍ എന്ന വര്‍ഗ്ഗം കഴിയുന്നത് എന്ന് ഞാന്‍ കരുതുന്നു.

മുമ്പോക്കെ മതസംബന്ധമായതും യുക്തിചിന്താ സംബന്ധമായതുമായ പോസ്റ്റുകളില്‍ കമന്റുകള്‍ ഇട്ടിരുന്നു. അതൊരു സമയം കളയല്‍ ആണെന്ന് പിന്നീട് മനസ്സിലായപ്പോള്‍ അത്തരം പോസ്റ്റുകളില്‍ കമന്റ് ഇടുന്നത് ഞാന്‍ നിര്‍ത്തിയിരുന്നു. (ഈയിടെ വിശ്വാസ സംബന്ധമായ ഒരു പോസ്റ്റ് ഇട്ടു എന്നത് നേര്. അത് ഒരു ബ്ലോഗില്‍ കണ്ട അബദ്ധത്തെ അത്രക്ക് സഹിക്കാന്‍ വയ്യാഞ്ഞിട്ട് ചെയ്തു പോയതാണ്).

ഈ പോസ്റ്റില്‍ കനല്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മുമ്പേ ആലോചിച്ചിട്ടുള്ളത് തന്നെ. പക്ഷേ ഇവിടെ അത് വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

Patchikutty said...

വളരെ നല്ല പോസ്റ്റ്. കറങ്ങി നടന്നു നല്ല ഒരു പോസ്റ്റ്‌ വായിച്ചു ....ആ സംതൃപ്തി ഉണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല രചന..
വിശ്വാസം..അതെല്ലെ എല്ലാം

മലയാളം ടൈപ്പ് ചെയ്യാന്‍?