രണ്ടാം തരത്തില്‍ പഠിക്കുന്ന കാലം. സ്ലേറ്റ്, കല്ലുപെന്‍സില്‍ ,പീടികയിലെ ഉണ്ടമിഠായി, നാരങ്ങാമിഠായി,പിന്നെ മലയാള പുസ്തകത്തിലെ പാഠങ്ങള്‍ ഇവയൊക്കെയെ ഉള്ളൂ അന്ന് മനസിലും സ്വപ്നങ്ങളിലും. നീളമുള്ള കല്ലുപെന്‍സില്‍ അതേ പോലെ സൂക്ഷിക്കണമെന്ന് എത്ര വിചാരിച്ചാലും ഒരു ദിവസത്തില്‍ കൂടുതല്‍ അതിനു കഴിയില്ല. താഴെ വീണൊ മറ്റൊ അത് തുണ്ടം തുണ്ടമാകും.
അടുത്തത് വാങ്ങാന്‍ പൈസയ്ക്കുവേണ്ടി പിറ്റേന്ന് സ്കൂളില്‍ പോകാനിറങ്ങുമ്പോള്‍ അമ്മയുടെ മുമ്പില്‍ കരഞ്ഞുകാട്ടണം. പത്ത് പൈസയുടെ കല്ലുപെന്‍സില്‍ വാങ്ങിത്തരാന്‍ അമ്മ അടുത്തുള്ള പീടിക വരെ കൂടെവരും. ഭരണിയിലിരിക്കുന്ന കടിച്ചാല്‍ പൊട്ടാത്ത ഉണ്ടമിഠായിക്ക് പീടികയില്‍ വച്ച് ഒന്നുകൂടി കരഞ്ഞാല്‍ അതും സാധിച്ചെടുക്കാം.ഒടുവില്‍ അതും വാങ്ങി വായിലിട്ട് സ്കൂള്‍ വരെ നടക്കണം. സ്കൂളിലെത്തിയാലുംഅവന്‍ വായില്‍ അലിഞ്ഞു തീരില്ല. ബെല്ല് മുഴങ്ങിയാല്‍ പിന്നെ ബാക്കിയാവുന്ന“കുഞ്ഞ്ഉണ്ടമിഠായി”പോക്കറ്റില്‍ റെസ്റ്റ് എടുക്കും.
ക്ലാസിലിരിക്കുമ്പോള്‍ മിഠായി വായിലുണ്ടേല്‍ ടീച്ചറ് അടിക്കും പോരാത്തതിന് നമ്മള് രാവിലെ കരഞ്ഞ് കഷ്ട്പെട്ട് സമ്പാദിച്ച ഉണ്ടമുഠായി വെളിയില്‍പോയി തുപ്പിക്കളയാനും പറയും.
അന്നും ക്ലാസ് വിടുന്നതുവരെ കല്ലുപെന്‍സില്‍ നീളന്‍ ആയിരുന്നു. അവന്, അജയനാണത് ചെയ്തത്. ഞാന്‍ ബഞ്ചിന്റെ താഴെയിരുന്ന തോള് സഞ്ചിയില്‍ സ്ലേറ്റ് തള്ളി കയറ്റുന്നതിലിരുന്നതിനിടയില്‍, ബഞ്ച് ചരിച്ച് ബഞ്ചിലിരുന്ന എന്റെ നീളന്‍ കല്ലുപെന്‍സിലിനെ താഴെ തള്ളിയിട്ട് നാലുതുണ്ടമാക്കിയത്.അവന്റെ പൊറത്തിട്ട് രണ്ട് കൊടുക്കാനാ തോന്നിയത്.
“തല്ലുണ്ടാക്കുന്നത് ചീത്തകുട്ടികളാ, ന്റെ മോന് ചീത്തകുട്ടിയായാല്‍ പിന്നെ ഞാന്‍ ചത്തുപോകും” അമ്മയുടെ വാക്കുകള്‍ ഓര്‍മ്മവന്നു.
പാവം അമ്മ.അങ്ങനെ ചത്തുപോവണ്ട . ഞാന്‍ ചീത്തകുട്ടിയാവില്ല. കല്ലുപെന്‍സില്‍ കഷണങ്ങള്‍ പറക്കി സഞ്ചിയിലിട്ടു. എന്തായാലും നാളെ രാവിലെ കരച്ചില് പ്രഹസനം നടത്തിയിട്ട് കാര്യമില്ല. ഇന്ന് രണ്ട് പെന്‍സിലല്ലേ സാധിച്ചെടുത്തത്?. ഒന്ന് കൊണ്ട് പോയാല്‍ മതിയെന്ന അമ്മയുടെ വാക്ക് കേട്ടില്ല. ഒരെണ്ണം ടീച്ചറ് പാട്ട് ചൊല്ലിപഠിപ്പിച്ചോണ്ടിരിക്കുമ്പോള്‍ കൈകൊട്ടിയപ്പോള്‍ കയ്യില്‍ നിന്നും തെറിച്ചു വീണ് ഏതാണ്ട് ചമ്മന്തിപരവമായി.ഏതായാലും ആ പാട്ട് ഇഷ്ടമായി. അല്ലേലും ലില്ലിടീച്ചറ് പഠിപ്പിച്ച ഏത് പാട്ടാ മോശം?.
“ഇലക്ട്രിക് ലൈറ്റേ വന്നാലും
എന്നുടെ വീട്ടില്‍ തെളിഞ്ഞാലും
എന്തുവെളിച്ചം ഹാ ഹാ ഹ
നീ കത്തുമ്പോള്‍ പുകയില്ല
നീകത്തുമ്പോള്‍ കരിയില്ല
.................”
ഇലക്ട്രിക് ബള്‍ബ് കത്തുമ്പോള്‍ നല്ല പ്രകാശമാ. സിനിയുടെയും തോമസിന്റെ വീട്ടിലും തെളിഞ്ഞു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്റെ വീട്ടിലും അത് തെളിക്കുന്ന സ്വിച്ചും പെട്ടിയും വച്ചിട്ടുണ്ട്,ബളുബ്ബില്ല .കരണ്ട് കിട്ടുമ്പോ “ബളുബ്ബ്” വാങ്ങി വയ്ക്കാമെന്ന് അമ്മ പറഞ്ഞു.
“ നമുക്ക് കരണ്ട് വാങ്ങിയാലെന്താമ്മേ? പപ്പേടെ കൈയ്യില്‍ അതിനും പൈസയില്ലേ?”
“അതല്ല മോനേ ... കരണ്ട് നമുക്ക് രണ്ടുമാസം കൂടി കഴിഞ്ഞേ കിട്ടൂ.”
“ഈ രണ്ട് മാസം എപ്പഴാ ഒന്ന് കഴിയ?”
സിനിയുടെ വീട്ടിലേ പോലെ നമ്മടെ വീട്ടിലും വെളിച്ചം. പിന്നെ വൈകിട്ട് വിളക്കു കത്തിച്ച് അതിന്റെ മുമ്പിലിരുന്ന് പാഠം വായിക്കുന്നത് വലിയ കഷ്ടമാ. അനിയത്തി കുട്ടി ഇഴഞ്ഞ് ഇഴഞ്ഞ് വിളക്കില്‍ പിടിക്കാന്‍ വരും. മണ്ടി, അവള്‍ക്കറിയില്ല അതില്‍ പിടിച്ചാല്‍ പൊള്ളുമെന്ന്. എത്ര തവണ ഞാന്‍ പറഞ്ഞു കൊടുത്തു. വലിയ കുട്ടി ആവുമ്പഴേ അവള്‍ക്കത് മനസിലാകത്തൊള്ളന്നാ അമ്മ പറയുന്നത്.എങ്കിലും പാഠം വായിച്ച് ഉറക്കം വരുമ്പോള്‍ വഴി തെറ്റി വരുന്ന തുമ്പികള്‍, വണ്ടുകള്‍ ഈയാം പാറ്റകള്‍ വിളക്കിനു ചുറ്റും വലം വയ്ക്കുന്നത് കാണാന്‍ രസമാണ്. സ്കൂളില്‍ പത്തും പന്ത്രണ്ടും പ്രാവശ്യം ചൊല്ലിപഠിച്ച പാഠങ്ങള്‍ കാണാതെ പറയാന്‍ അറിയാവുന്നതുകൊണ്ട് ഇവറ്റകളെ കണ്ടുകൊണ്ട് പാടം ഉറക്കെ പറയാന്‍ എനിക്കാവുമായിരുന്നു. ഒരിക്കല്‍ ഒരു ഈയാം പാറ്റയെ പിടിച്ച് അതിന്റെ ചിറക് വിളക്കില്‍കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പപ്പയുടെ തല്ല് കിട്ടിയത്. ശ്രദ്ധ ഈ “ചുടല്‍പ്രക്രിയ” യില്‍ ആയിരുന്നതുകൊണ്ട് ഓര്‍ക്കാപുറത്ത് വീണ അടിയില്‍ നിക്കറ് നനഞ്ഞു, പിന്നെ ഉച്ചത്തില്‍ നിലവിളിക്കാതിരിക്കുന്നതെങ്ങനെ? മാനവും പോയില്ലേ?
സ്കൂള്‍ വിട്ട് വീട്ടിലേക്കുള്ള നടത്തം ഒരു രസാണ്. വഴിയരികിലുള്ള പച്ച മാങ്ങ, പുളി , പേരക്ക എന്നിവയുടെ വിളവും പ്രായവും ക്യത്യമായിട്ട് അറിയാവുന്നത് ആ പറമ്പുകളുടെ ഉടമസ്ഥര്‍ക്കാവില്ല.റഷീദിക്കാക്കായുടെ പീടികയില്‍ പുതിയ ഗോലികള്‍ (ഗോട്ടികള്‍) വന്നിട്ടുണ്ട്. ഭരണിക്കുള്ളിലെ നിറമുല്ല ഗോലികള്‍ കാണാന്‍ നല്ലരസം. പത്ത് പൈസായ്ക്ക് ഒരെണ്ണം. നാളെ പത്ത് പൈസ സംഘടിപ്പിക്കാന്‍ എന്താ വഴി? എന്തായാലും ഗോലി വാങ്ങാനാണെന്ന് പറഞ്ഞാല്‍ അമ്മ പൈസ തരില്ല.
“എന്തടാ ഇവിടെ ഇങ്ങനെ നിന്നാല്‍ വീട്ടില്‍ പോകാന്‍ നേരം വൈകില്ലേ?”
റഷീദിക്കായുടെ ശബ്ദം കേട്ട് ഭരണികള്‍ക്കിടയിലൂടെ നോക്കി.കണ്ണാടി വച്ച് വായില്‍ ചുവന്ന മുറുക്കാന്‍ ചവയ്ക്കുന്ന റഷീദിക്കാ എന്നോടാണ് അത് ചോദിച്ചതെന്നു തോന്നുന്നു.
“ഇക്കാ വെള്ളം തര്വോ? ദാഹിക്കുന്നു.”
റഷീദിക്കാ മണ്കുടത്തില് നിന്നും തണുത്തവെള്ളം ഗ്ലാസിലേക്ക് പകര്‍ന്നു തന്നു.
“ഇതാ കുടിച്ചിട്ട് വേഗം പോ? ഇന്നും വീട്ടില്‍ നിന്ന് ആള് തിരക്കി വരുന്നതുവരെ ചുറ്റി തിരിയാതെ.”
ദാഹമില്ലെങ്കിലും ഈ മണ്‍കുടത്തിലെ തണുത്ത വെള്ളത്തിന്റെ സ്വാദ് ആസ്വദിക്കുന്നത് ഒരു രസാണ്. ഗോലിഭരണിയെ ഒന്നു കൂടിപുഞ്ചിരിച്ചുകാട്ടി അവിടെ നിന്നും ഓടി.
വീടിനുമുന്നിലുള്ള ഇലക്ട്രിക് പോസ്റ്റിനു താഴെ ഒരാള്‍ മുകളിലേക്കു നോക്കി എന്തോ പറയുന്നു. ഞാനും മുകളിലേക്ക് നോക്കി. മുകളിലതാ ഒരാള്‍ കയറി നില്ക്കുന്നു. അയാള്‍ ഒരു കറുത്ത വയറ് അതില്‍ ചുറ്റികെട്ടുന്നു. ആ വയറിന്റെ മറ്റേ അറ്റം വീടിന്റെ മുകളിലൂടെ ഓടിനുള്ളിലേക്ക് വലിഞ്ഞു നില്ക്കുന്നു.
ഞാന്‍ വീട്ടിലേക്ക് ഓടികയറി. ഒരാള്‍ മുറിക്കുള്ളില്‍ കസേരയ്ക്കു മുകളില്‍ കയറി നിന്നുകൊണ്ട് ബളുബ്ബ് ഉറപ്പിക്കുന്നു. അയാള്‍ തന്നെ താഴെ ഇറങ്ങി സ്വിച്ചിട്ടു. ഇത്രയും നാള് ഞാന്‍ അമര്‍ത്തിയിട്ടും പ്രവര്‍ത്തിക്കാത്ത ആ സ്വിച്ച് മുറിയിലാകെ വെളിച്ചം പരത്തുന്നു. എന്ത് വെളിച്ചമാ ഈ ബളുബ്ബിന്?നിമിഷങ്ങളോളം ബളുബ്ബിനെ നോക്കി നിന്നും. ഇതെങ്ങനെയാ പ്രകാശിക്കുന്നത്.അമ്മ വിളമ്പി തന്ന ചോറില്‍ കൈയിളക്കുമ്പോഴും ഇതായിരുന്നു ചിന്ത.
“ചോറ് കഴിക്കടാ.... ഇങ്ങനെ ഇളക്കി മറിച്ചോണ്ടിരിക്കാതെ. ”
അമ്മയുടെ ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.
“അമ്മേ ഈ കരണ്ട് എങ്ങനെയാ ഇരിക്കുന്നത്? നമുക്ക് ആ സ്വിച്ച് പെട്ടി തുറന്നാ കാണാന്‍ പറ്റ്വോ?”
എന്റെ സംശയം അമ്മയോട് ചോദിച്ചു.
“കരണ്ടിനെ കാണാന്‍ പറ്റില്ല. ചൂട് പോലെ തന്നെയാണ് അതും. എന്നുകരുതി നീ കരണ്ടിനോട് കളിക്കാന്‍ നില്ക്കണ്ടാ. ഇനി പഴയതുപോലെ നിന്റെ സ്വിച്ചിന് മുകളിലുള്ള ടൈപ്പടി വേണ്ട കേട്ടോ?
കരണ്ടടിച്ചാല്‍ പിന്നെ അറിയാല്ലോ? മൊയ്തുമ്മാ മരിച്ചത് എങ്ങനാന്ന് നിനക്കറിയാല്ലോ?”
അതിരാവിലെ പാല് കടകളിലെത്തിക്കാനായി പാടവരമ്പിലൂടെ നടന്നു വരുമ്പോള്‍ പൊട്ടി കിടന്നിരുന്ന വൈദ്യുത കമ്പികള്‍ മൊയ്തുമ്മ അറിയാതെ ചവിട്ടിയാണ് മരിച്ചതെന്ന് അമ്മ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചു. പാവം മൊയുതുമ്മ.എങ്കിലും ഇത്രയും ഭീകരനായ കരണ്ട് ബള്‍ബ് കത്തിക്കുകയും റേഡിയോയില്‍ പാടുകയും ചെയ്യുന്നുണ്ടല്ലോ? ഈ കരണ്ടിനെ ഒന്ന് കാണാന്‍ എന്താ വഴി? ഞാന്‍ സ്വിച്ച് പെട്ടിയില്‍ നോക്കി. അമ്മ അടുക്കളയിലേക്ക് പോയ തക്കം നോക്കി കസേര നീക്കിയിട്ട്സ്വിച്ച് പെട്ടിയില്‍ പതുക്കെ തൊട്ടു . കുഴപ്പമില്ല, സ്വിച്ച് അമര്‍ത്തി ബളുബ്ബ് തെളിഞ്ഞു. പിന്നെ തിരിച്ചമര്‍ത്തി അത് കെടുത്തി. പതുക്കെ ചെവി ആ പെട്ടിയിലേക്ക് ചേര്‍ത്ത് വച്ച് നോക്കി. ഉള്ളില്‍ ഒരു അനക്കവുമില്ല. കരണ്ട് ഉറങ്ങുകയാവും.
“ഡാ നിന്നോട് ഞാന്‍ പറഞ്ഞതല്ലേയുള്ളൂ സ്വിച്ചില്‍ ഇനി കളിക്കരുതെന്ന് ”
ഞാന്‍ ഒരു ഉണ്ണിക്കണ്ണന്‍ചിരി* ചിരിച്ചോണ്ട് താഴെ ഇറങ്ങി.
“ഞാന്‍ തൊട്ടില്ലമ്മേ അതില്‍. കരണ്ട് ഉള്ളിലുണ്ടോന്ന് നോക്കിയതാ ആ തുളകളിലൂടെ” (സുഷിരങ്ങള്‍- പ്ലഗിലെ).
രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും ഇതായിരുന്നു ചിന്ത. ഈ കരണ്ട് എങ്ങനെയാണ് വയറിലൂടെ വീട്ടിനുള്ളില്‍ വരുക?, ബളുബ്ബ് കത്തിക്കുക?, റേഡിയോ പാടിക്കുക? സ്കൂളിലെ ഹെഡ് മാഷിന്റെ മുറിയിലെ ഫാന്‍ കറക്കുന്നതും ഇവന് തന്നെയല്ലേ?. ഇവനെ ഒന്ന് കാണാന്‍ എന്താ വഴി?
ശനിയാഴ്ച സ്കൂള്‍ അവധി ആയിരുന്നു. അമ്മ അനിയത്തി കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോയിരുന്നു. അവള്‍ക്ക് നല്ല ചുമയായിരുന്നു. അതെങ്ങനാ മരുന്ന് കുടിക്കില്ലല്ലോ? വായില്‍ അമ്മ ബലം പ്രയോഗിച്ച് ഒഴിച്ച് കൊടുത്താലും അവളത് തുപ്പികളയും. എനിക്കാണേ ആ ചുവന്ന മരുന്നിന്റെമധുരം വലിയ ഇഷ്ടമാണ്. അതിനു വേണ്ടി ഞാന്‍ "കള്ളചുമ" വരുത്താറുണ്ട് വല്ലപ്പോഴും.
പപ്പ പുറത്ത് പറമ്പില്‍ എന്തോ പണിയെടുക്കുന്നു. ഞാനും മുത്തശ്ശി* യുമേ ഉള്ളൂ വീട്ടില്‍. ഞാന്‍ എന്റെ പെട്ടിയെടുത്തു തുറന്നു. പൊട്ടിയ കളിപ്പാട്ടങ്ങള്‍ , വളമുറികള്‍, മുത്തുകള്‍, ബട്ടന്‍സ്, തീപ്പെട്ടി പിന്നെ ഒരു കാന്തം, അതിന് പിടിച്ച് വലിക്കാന്‍ രണ്ട് ആണികള്‍ ഇവയാണ് എന്റെ പെട്ടിയിലെ കളക്ഷനുകള്‍. ആണികളെ അല്പം അകലെ നിന്നു പോലും പിടിച്ചെടുക്കുന്ന കാന്തം എന്റെ ഹീറോ ആയിരുന്നു. പക്ഷെ ഇപ്പോള്‍ ആ സ്ഥാനം കരണ്ടിനാണ്. കാന്തത്തിന് ബള്‍ബ് കത്തിക്കാനാവില്ലല്ലോ? ഫാന്‍ കറക്കാനും റേഡിയോക്കുള്ളിലിരുന്ന് പാടാനും.
ഞാന്‍ പതുക്കെ സ്വിച്ച്പെട്ടിയില്‍ നോക്കി. എന്റെ ഹീറോയെ ഒന്ന് കാണാന്‍ എന്താ വഴി? മുത്തശ്ശി എന്നെ നോക്കുന്നില്ല. മുത്തശ്ശി മുത്തശ്ശിയുടെ പെട്ടിക്കുള്ളില്‍ എന്തോ അടുക്കി വയ്ക്കുകയാണ്. കണ്ണ് കാണില്ലേലും നമ്മള് ആ പെട്ടിയിലൊന്ന് തൊട്ടാം മുത്തശ്ശി അറിയും. പിന്നെ വഴക്കു പറയും ചിലപ്പോ നല്ല തെറി കേള്‍ക്കും. നമക്കതൊന്നും ഒരു പ്രശ്നം അല്ലല്ലോ? പക്ഷെ അമ്മ കേട്ടാല്‍ പിന്നെ അമ്മയും മുത്തശ്ശിയും തമ്മില്‍ പൊരിഞ്ഞ വഴക്ക് നടക്കും. പിന്നെ പപ്പ ഇടപെട്ടാല്‍ അമ്മയ്ക്കാണ് അടി കിട്ടുന്നത് . ആ കൂട്ടത്തില്‍ എനിക്കും.
ഞാന്‍ കസേര വലിച്ചിട്ടുകയറി എന്റെ ഹീറൊയെ ആ തുളകളിലൂടെ നോക്കി. ആള് അകത്തുള്ള ലക്ഷണമില്ല. ആ ആണിയെടുത്ത് ഒന്നു കുത്തി നോക്കിയാലോ? താഴെയിറങ്ങി ഒരു ആണിയെടുത്ത് വീണ്ടും കയറി. ആണിയെ അങ്ങോട്ട് കയറ്റി വിട്ടു. നോ രക്ഷ കറണ്ട്മാന്‍ ഇറങ്ങി വരുന്നില്ല. എന്റെ സെക്കന്റ് ഹീറോ കാന്തംമാനെ വിട്ട് ആണിയെ പിടിച്ചിടുത്തു. പിന്നെ ആണിയെയും പിന്നിലായി കാന്തം മാനെയും കടത്തി. ഒരു അനക്കവുമില്ല. സ്വിച്ചിട്ടാലോ?
പെട്ടെന്ന് പിന്നില്‍ നിന്നും എന്നെ ആരോ എന്നെ തല്ലിയതുപോലെ. ആ അടിയുടെ ശക്തിയില്‍ നിലത്ത് വീണഞാന്‍ ചുറ്റും നോക്കി.
ആ മുത്തശ്ശി തള്ളയാണോ എന്നെ സ്വന്തം താങ്ങ് വടികൊണ്ട് പൊട്ടിച്ചത്. എങ്കിലിന്ന് അമ്മ വരുമ്പോ മുത്തശ്ശിക്കിന്ന് ഓണം വാങ്ങികൊടുക്കും ഞാന്‍. ഇല്ല, മുത്തശ്ശി ഈ പരിസരത്തെങ്ങുമില്ല. അപ്പോപിന്നെ? പപ്പയുമില്ലല്ലോ ഇവിടെ? ഞാന്‍ ആകെ വിയര്‍ത്തു. കാന്തവും ആണിയും താഴെ തെറിച്ചു വീണിരുന്നു.
******************************
*ഉണ്ണിക്കണ്ണന്‍ചിരി - ഇത് പ്രയോഗിച്ചാ സാധാരണ അമ്മമാരില്‍ നിന്ന് തല്ലുകിട്ടാതെ പലപ്പോഴും രക്ഷപെടാം.
*മുത്തശ്ശി- ഈ കഥാനായകന് “നന്നിയമ്മാ“ എന്നു വിളിക്കും. ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രം ജീവിക്കുന്നു.
35 comments:
ഒരു കുട്ടിക്കഥ പറഞ്ഞ് ഇവിടെ വന്ന് വായിക്കുന്നവരെ
മുഷിപ്പിക്കുന്നു.
ദേഷ്യം തീരുവോളം കമന്റായി പറഞ്ഞോളൂ.
ഞാന്‍ വായിച്ച് അടുത്ത “അക്രമം” കാട്ടാം.
"ഇലക്ട്രിക് ലൈറ്റേ വന്നാലും
എന്നുടെ വീട്ടില്‍ തെളിഞ്ഞാലും
എന്തുവെളിച്ചം ഹാ ഹാ ഹ
നീ കത്തുമ്പോള്‍ പുകയില്ല
നീകത്തുമ്പോള്‍ കരിയില്ല"
പോക്കില്ലാത്തവന്റെ പോക്കണക്കേടുകള്‍ എന്ന് പറഞ്ഞതുപോലെ അമേരിക്കയില്‍ ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്നതുകൊണ്ട് തേങ്ങാ വാങ്ങാന്‍ കാശില്ല .അതുകൊണ്ട് തേങ്ങാ ഇല്ല .ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആണ് മെച്ചം .അതുകൊണ്ടാണ് ആചാര്യന് ഓടിനടന്നു തേങ്ങാ അടിക്കുന്നത് .
വിഷയം മാറുന്നില്ല .ഈ പാട്ട് എനിക്കിഷ്ടപ്പെട്ടു .അതുപോലെ സത്യന്വാഷണ പരീഷകള്‍ പാസായി കനല് താഴെ വീണ ആ ശബ്ദവും കേട്ടു .
ആ എന്റെ എന്ന് കഴിഞ്ഞിട്ട് കോമ വേണ്ടാന്നു തോന്നുന്നു .അല്ലെങ്കില്‍ ആ കോമയില്‍ കിടന്നു കനലിനു കോമാ ആയിപ്പോയാലോ .
നല്ല അനുഭവ കഥ .ഇഷ്ടപ്പെട്ടു .എന്റെ വീട്ടിലും ആദ്യം കറന്റ് വന്ന കാര്യം ഒക്കെ ഓര്‍ത്തുപോയി .
:):)
ഹൃദ്യമായാ
ബാല്യകാല സ്മരണകള്‍,
തൊങ്ങലുകളില്ലാതെ നന്നായി എഴുതി,
മൂസയുടെ നര്‍മ്മം തുളുമ്പുന്ന വക്കുകള്‍ ,
നിഷ്കളങ്കമായ ബാല്യം മുന്നില്‍ തുറന്നു വയ്ക്കുന്നു.
“അമ്മേ ഈ കരണ്ട് എങ്ങനെയാ ഇരിക്കുന്നത്?”
എന്നുള്ള ചൊദ്യം തികച്ചും ജിജ്ഞാസയുള്ള ഒരു കുട്ടികുറുമ്പനെ തുറന്നു കാട്ടൂന്നു, വീണ്ടും വീണ്ടും വായിയ്ക്കാന്‍ തോന്നുന്ന കഥ.
മൊയ്തുമ്മാ മരിച്ചത് ...
ഇന്നും ഓരോ മഴക്കാലത്തും ആവര്‍ത്തിക്കുന്നത് തികച്ചും വേദനാ ജനകം.
മൂസ്സാ ,ഞാന്‍ നന്മകള് നേര്‍ന്നു കൊണ്ട് പ്രാര്‍ത്ഥനയോടെ ഈ കമന്റ് പോസ്റ്റ് ചെയ്യുന്നു
ആദ്യമായി മണ്ണെണ്ണവിളക്കില്‍ നിന്ന് മോചനം നേടിയത് വാടകവീട്ടിലേക്ക് മാറിയപ്പോഴാണ്. അന്ന് പ്രായം പതിനൊന്ന്. പക്ഷെ പിന്നീട് പലപ്പോഴായി, ഒപ്പം ജോലിചെയ്തവരുടെ വീടുകളില്‍ (യു,പി, ഹിമാചല്‍) പോകാനിടവന്നപ്പോള് കരണ്ടൊന്നും അപ്പോഴൂം അവര്‍ക്ക് ലഭ്യമായിരുന്നില്ല എന്നറീഞ്ഞ് സങ്കടപെട്ടിട്ടുണ്ട്. മാത്രമല്ല,ഇപ്പോഴും പോയിട്ടില്ലാത്ത ചിലല് കൂട്ടുകാരുടെ വീടുകളീല്‍ എത്തണമെങ്കില്‍ ബസ്സിറങ്ങിയിട്ട് 1-2 ദിവസം നടക്കണം (ഇപ്പോള്‍ ദുബായിലുള്ള എന്റെ സുഹൃത്തായ നേപ്പാളിയുടെ തറവാട്ട് വീട്ടിലെത്തണമേങ്കില് നാലു ദിവസം നടക്കണമത്രെ!)
കനലേ പോസ്റ്റ് ഇഷ്ടായി. പലര്‍ക്കും അവരുടെ കുട്ടിക്കാലം ഓര്‍മ്മവരും വിധമുള്ള ഒരു പോസ്റ്റ്.
:)
കനലേ... പല പരീക്ഷണങ്ങളും നടത്തിയ കുട്ടിക്കാലം. അതെ, എല്ലാം പരീക്ഷണങ്ങള്‍ അല്ലായിരുന്നോ?
എന്റെ ഒരു പരീക്ഷണം (എന്റെ സത്യാന്വേഷണ പരീക്ഷണം, വൈദ്യുതി - വെള്ളം)
ഇവിടെ കാണാം..
തലക്കടികിട്ടി താഴെ വീണതു നന്നായി,
ഇല്ലെങ്കില്‍ കോച്ചിവലിച്ചു നിന്നേനെ.
എന്തെല്ലാം അഭ്യസങ്ങള് കാട്ടിയാ ഇവിടെവരെ എത്തിയത് , എല്ലാവരും !!
എല്ലാവരും കാട്ടിയിട്ടുണ്ടല്ലേ ഇത്തരം കുസൃതികള്‍...
ഓര്‍മ്മക്കുറിപ്പ് നന്നായി, മാഷേ... കുട്ടിക്കാലത്തെ പല കഥകളും ഓര്‍മ്മ വന്നു. ഒപ്പം ആദ്യമായി കറന്റടിച്ചതും... ;)
ബാല്യ കാല സ്മരണകള്‍ അതീവ രസകരമായി എഴുതിയിരിക്കുന്നു..ഉണ്ട മുട്ടായി ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ പോക്കറ്റില്‍ വെക്കുന്നത് ഒക്കെ ഓര്‍ത്തപ്പോള്‍ കുട്ടിക്കാലം മനസ്സില്‍ തെളിഞ്ഞു..എത്ര രസമായിരുന്നു ആ ബാല്യം..ഒരിക്കലും നമുക്കത് തിരിച്ചു കിട്ടില്ലല്ലോ
അപ്പോള്‍ കറന്റപ്പൂപ്പന്റെ കൈയ്യീന്ന് മൂസക്കും അടി കിട്ടീട്ടുണ്ട് ഇല്ലേ...
വളരെ ഹൃദ്യമായ പോസ്റ്റ്..
സ്ക്കൂളിനടുത്തുള്ള സ്വാമിയുടെ കടയിലെ ഉണ്ടമിഠായിയും(ഞങ്ങൾ ചൗവ്വ് മിഠായി എന്നാണ് പറഞ്ഞിരുന്നത്), 5 പൈസയ്ക്ക് കതിനക്കുറ്റി പോലത്തെ ഗ്ലാസ് നിറയെ കിട്ടുന്ന ഉപ്പിട്ട നാരങ്ങാവെള്ളവും ഓർമ്മ വന്നു.
പിന്നെ കറന്റിന്റെ കാര്യം പറഞ്ഞപ്പോൾ കുട്ടിക്കാലത്തെ ഒരു കാര്യം ഓർക്കുന്നു:
ഒരിക്കൽ ഞാൻ നോക്കുമ്പോൾ സ്വിച്ച് ബോർഡിലെ തുളകൾ മുഴുവൻ പൊടിയും മാറാലയും വന്ന് അടഞ്ഞിരിക്കുന്നു. വൃത്തിയാക്കിയിട്ടു തന്നെ കാര്യം എന്നു വിചാരിച്ച് അമ്മയുടെ ഒരു ഹെയർപിൻ തുളയിൽ കടത്തിയതും കൈ ഒറ്റ തെറിക്കലായിരുന്നു! കാണാതായ ഹെയർപിൻ പിന്നെ കണ്ടു കിട്ടിയിട്ടുമില്ല!അന്നുതൊട്ടിന്നുവരെ കറന്റ് എനിയ്ക്കൊരു പേടിസ്വപ്നമാണ്.
വെറുതേ വന്നു...
ഈ കഥ മനസ്സിനെ സ്പര്‍ശിച്ചു!
സര്‍ഗഭാവനകള്‍ പോളിഷ് ചെയ്യപ്പെടുന്നതിന്റേയും വരികള്‍ വളരുന്നതിന്റേയും കളങ്കമറ്റ ചിത്രങ്ങള്‍ ബ്ലോഗില്‍ കണ്ടു.
മൂസാ... എക്സലന്റ്...!!
എഴുത്തിന്റെ ശൈലിയില്‍ ഡിസ്റ്റിങ്ങ്ഷനും മേലെ മാര്‍ക്കുകിട്ടാന്‍ ഇതൊക്കെ മതി!
മനസ്സിനെ നീ പഴയ സ്കൂളിലേക്ക് കൊണ്ടുപോയ്ക്കളഞ്ഞു!
ഒരിക്കല്‍ക്കൂടി...
കണ്‍ഗ്രാറ്റ്സ്..ഈ മനോഹരകഥക്ക്!
പിന്നെ....ചിരിക്കല്ഹസനം എന്ന് കണ്ടത് ചിരിക്കല് പ്രഹസനം എന്ന് ഞാന്‍ തിരുത്തിവായിച്ചു! :)
മൂസക്കാ, നല്ല കഥ.
പണ്ട് അഞ്ചിലോ ആറിലോ അതോ അല്‍പ്പം കൂടിയ ക്ലാസിലോന്നറിയില്ല, വൈദ്യുതകാന്തങ്ങളെ പറ്റി ടീച്ചര്‍ ക്ലാസെടുത്തു. ചെമ്പുകമ്പിയും ആണിയും കൊണ്ട് വൈദ്യുത കാന്തം ഉണ്ടാക്കാമത്രേ..
വീടു പണി നടക്കുന്ന സമയമായിരുന്നതു കൊണ്ട് വീട്ടില്‍ കാന്തത്തിനുള്ള അസംസ്കൃത വസ്തുക്കളെല്ലാമുണ്ടായിരുന്നു. ചെമ്പുകമ്പിക്കു പകരം ഇരുമ്പിന്റെ കെട്ടുകമ്പി ഒരെണ്ണമെടുത്തു, ആണിമേല്‍ ചുറ്റി, കമ്പിയുടെ രണ്ടറ്റവും പ്ലഗ്ഗില്‍ കുത്തി സ്വിച്ചിട്ടു.
കാന്തം വികര്‍ഷിക്കും എന്ന് എനിക്കന്ന് മനസിലായി.
കനലെ, സത്യാന്വേഷണ പരീക്ഷകള്‍ ഇഷ്ടായി....
പരീക്ഷയുടെ അവസാനം കാറ്റുപോവാത്തത് നന്നായി..!
(ഒരു ഉണ്ണികണ്ണന് ചിരി തല്ലാതിരിക്കാന്‍)
ഷോക്കടിച്ചപ്പോ സമാധാനം ആയല്ലോ..???
പോസ്റ്റ് ഇഷ്ടപ്പെട്ടു ഒരുപാടൊരുപാട്...
കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്ന ഈ പോസ്റ്റ് എനിക്ക് വലിയ ഇഷ്ടമായി കനലേ...
കനലിന്റെ കഥ കുട്ടിക്കാലത്തിലെയ്ക്കല്ല എന്നെ കൊണ്ടുപോയത്.2വര്‍ഷം മുന്‍പ് ഞങ്ങളെ വിട്ടു പിരിഞ്ഞ അമ്മയുടെ ഓര്‍മ്മയിലേയ്ക്കാണ്.
വീട്ടിലെ അടുക്കളയില്‍ അധികം ഉപയോഗിക്കാത്ത ഒന്നു രണ്ടു പ്ലഗ്ഗുകളില്‍ വേട്ടാളന്‍ കൂടുകൂട്ടുക പതിവായിരുന്നു.
അതു വൃത്തിയാക്കാന്‍ അമ്മ കണ്ടെത്തിയ മാര്‍ഗവും ആണി പ്രയോഗംതന്നെ കറന്റ് ഇല്ലാതിരുന്ന സമയമായതുകൊണ്ട്ദുരന്തം ഒഴിവായി.
എന്തായാലും ആ രചനാ രീതി ഏറെ ഇഷ്ടമായി.
വായനക്കാരന്റെ ചിന്തയില്‍ ഒരു ചെറു ചലനമെങ്കിലും ഉണ്ടാക്കുവാന്‍ കഴിയുന്നതിലാണ്വിജയം
ഞാന്‍ കുട്ടിയുടെ സര്‍ഗ്ഗാത്മകതയ്ക്ക് 'ഏ'ഗ്രേഡ് തന്നിരിക്കുന്നു.
ഇഷ്ടായി....:)
കുട്ടിക്കാലത്തെ കുസൃതികളിലേക്കും നിഷകളങ്കതയിലേക്കും കൂട്ടി കൊണ്ടുപോയി ഈ പോസ്റ്റ്. പിന്നെ നാരങ്ങാ മിഠായിയും ഉണ്ടമിഠായിയുമൊക്കെ വായില്‍ വെള്ളമൂറീച്ച് കളഞ്ഞല്ലോ. ആശംസകള്‍
ബാല്യത്തിന്റെ മധുവൂറും സ്മരണകള്‍ ഓര്‍ക്കാന്‍ എന്തു രസം.
നല്ല കഥ. തീരെ മുഷിഞ്ഞില്ല.
താങ്ക്സ്
കുഞ്ഞിക്കണ്ണുകളിലൂടെ കണ്ടു പറഞ്ഞ ഈ കുട്ടിക്കഥ ഇഷ്ടമായി.
@ കാപ്പിലാന്,മാണിക്യം,
നന്ദി!
@കുറുമാന്,
@കുറുമാന്
നന്ദി, ഇപ്പഴും കരണ്ടില്ലാത്ത വീടുകള്‍ തേടി യുപി,ഹിമാചല്‍ വരെയൊന്നും പോകണ്ടാ, കൊച്ചുകേരളത്തില്‍ തന്നെയുണ്ട്. ഗിരിജനങ്ങള്‍ അധികം താമസിക്കുന്ന ആ പ്രദേശത്തെ പറ്റി മുമ്പ് ഞാനൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു.
@ബാജി, അനില്‍ശ്രീ,
@ അനില്‍,ശ്രീ,ബിന്ദു കെപി, കാന്താരിക്കുട്ടി,
നന്ദി!, അനുമോദനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും
@ഹരിയണ്ണന്‍,
തിരുത്തിയിട്ടുണ്ടേ...നന്ദി!
@കുറ്റ്യാടിക്കാരന്‍,ചാണക്യന് സ്മിത,പോങ്ങുമ്മൂടന്
നന്ദി!, അനുമോദനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും
@ലീലടീച്ചര്‍,
ടീച്ചറമ്മേ എ ഗ്രേഡിനു നന്ദി, അന്ന് പവ്വര്‍ കട്ടും, ലോഡ്ഷെഡ്ഡിങ്ങും കണ്ടുപിടിച്ചിട്ടില്ലാത്തോണ്ടല്ലേ കരണ്ട് അടിച്ചത്.
@ഷമ്മി, കാസിം തങ്ങള്‍,കുഞ്ഞിക്ക, ഫൈസല്‍,ശ്രീവല്ലഭന്,ലഷ്മി,
നന്ദി!, അനുമോദനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും
എന്റെ കുട്ടിക്കാലം ഞാനീ പോസ്റ്റിൽ കാണുന്നു. തികച്ചും നിഷ്കളങ്കമായ വിവരണം. ഒരു മുഷിപ്പും ഇല്ലാതെ നല്ല ഒഴുക്കോടെ വായിക്കാൻ പറ്റി.
i remeber wondering about radio , i for most of my childwood beleived Yesudas and s Janaki is inside our Radio , THERE IS NO FUTURE IF THERE IS NO PAST ,Childwood memories are the sweetest , congratulations for your nice post . I AM SORRY TO WRITE ALL THIS IN ENGLISH AS AM STILL LEARNING TO TYPE properly IN MALAYALAM
സൂക്ഷിച്ചുവെച്ചിരുന്ന ഓര്‍മകളുടെ പളുങ്കുമണികള്‍
ഒന്നൊന്നായി ഞങ്ങള്‍ക്കുകൂടി പങ്കു വെച്ചുനല്‍കാന്‍
കാണിക്കുന്ന ഈ മനസിനു നന്ദി...
വീണ്ടും കാണാം ല്ലേ?!
എനിക്കു ഒരു കൊല്ലം കൂടിക്കഴിഞ്ഞാണ് സ്വിച്ചിടാന്‍ ഭാഗ്യമുണ്ടായത്. മൂന്നില്‍ പഠിക്കുമ്പോള്‍. നല്ല എഴുത്ത്!
നല്ല പോസ്റ്റ്, കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നു.
കഥ ഇഷ്ടമായി. പക്ഷെ, കൂടുതല്‍ ഇഷ്ടപ്പെട്ടത് സ്കൂളിലെ വിശേഷങ്ങളും സ്കൂളിലേക്കുള്ള പോക്കും വരവുമൊക്കെയാണ്. ആ വിവരണങ്ങള്‍ എന്റെ കുട്ടിക്കാലവും ഓര്‍മ്മിപ്പിക്കുന്നു. നന്ദി കനലേ...
kanale...nallapost kuttikkala ormakal nannaai vivarichhitundu.nanmakal nerunnu....
valare nannai boss..
nalla avatharanam
congrats..
ഇഷ്ടായി....:)
നന്നായിരിയ്ക്കുന്നു ... ചുറ്റില്‍ ഉള്ളതില്‍ എന്തിലും ആകാംക്ഷകള്‍ ജനിപ്പിക്കുന്ന ബാല്യം ...
അറിയാതെ ഞാനും ആ കാലങ്ങളിലേക്ക് ഒന്നു മടങ്ങി നോക്കി . ശരിയാണ് ... ഒരു സ്ലേറ്റ് പെന്സിലിലോ ഒരു ചെറു മിട്ടായിയിലോ ഒതുങ്ങുന്ന ആഗ്രഹങ്ങള്‍ ... കുട്ടിപ്പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ കൂടെപ്പാടുകയും ആടുകയും ചെയ്തിരുന്നു അന്ന് ... കുണ്ടനിടവഴിയും , കൈതക്കാടും , പറങ്കി മാവിന് തോപ്പും കടന്നുള്ള സ്കൂള്‍ യാത്രകള്‍ ... നമുക്കെന്നേ നഷ്ടപ്പെട്ടു ആ കാലം ... വരും തലമുറയ്ക്ക് ഒരു പക്ഷെ കണി കാണാന്‍ പോലും പറ്റില്ല അവയൊന്നും ...
കുട്ടിക്കാലത്തെ വീരസാഹസിക കഥകള്‍ നന്നായിട്ടൂണ്ട്. എഴുത്ത് വളരെ രസകരം.ആ ഉണ്ണിക്കണ്ണന് ചിരി കൊള്ളാം ട്ടോ.
ആദ്യമായി വൈദ്യുതി എത്തിയ ദിവസം ഇന്നും ഓര്‍മ്മയിലുണ്ട്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. അന്ന് എല്ലാ മുറികളിലും “ബളുബ്ബ്” തെളിയിച്ച് ആഘോഷിച്ചു. അന്നത്തെ ദിവസം പഠിപ്പില്‍ നിന്ന് മോചനം തന്നു. പേടിയില്ലാതെ ഒരു മുറിയില്‍ നിന്ന് ഒരു മുറിയിലേക്ക് കയറി ഇറങ്ങി നടന്നു. ചിമ്മിനി വിളക്ക് മാത്രമുണ്ടായിരുന്നപ്പോള്‍ അതു ഭയങ്കര പേടിയായിരുന്നു. നിഴലും വെളിച്ചവും ചേര്‍ന്നുള്ള കളി വല്ലാതെ പേടിപ്പിച്ചിരുന്നു.
ഈ പോസ്റ്റ് മറ്റൊരു നഷ്ടവും കൂടി ഓര്‍മ്മയിലുണര്‍ത്തി. പ്രത്യേക സ്വാദുള്ള അണുഗുണ്ട് മുട്ടായി. ഹോ എന്തൊരു സ്വാദായിരുന്നു അതിന്.
നല്ല പോസ്റ്റ് കനല്.
ഓര്‍മ്മകള്‍ ഒരു ഷോക്കായി മനസ്സിലേക്കു പടര്ത്തിക്കയറ്റുന്ന പോസ്റ്റ്!!
വേറൊന്ന്: ഇക്കാലത്ത് ഒരു കടയില്‍ ചെന്ന് വെള്ളം കുടിക്കാന്‍ ചോദിച്ചാല്‍ എത്ര കടക്കാര് തരും?
മനോഹരമായി അവതരണം....കുട്ടിക്കാലത്തെ വികൃതികളിലേക്ക് മടങ്ങിപ്പോയി...
നന്നായിരിക്കുന്നു..
Post a Comment