ഒരു സര്‍ക്കാര്‍ ജോലി എന്റെ ഒരു സ്വപ്നമായിരുന്നു കുട്ടിക്കാലത്ത്. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വേറിട്ട ഒരാളാവുക. പൊതു ജനനന്മയ്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനാവുക ഇതൊക്കെയായിരുന്നു അന്നത്തെ സ്വപ്നങ്ങള്‍. പോലിസില്‍ ഒരു എസ് ഐ. ,അല്ലെങ്കില്‍ ജനങ്ങള്‍ ഒരു പാട് സന്ദര്‍ശിക്കുന്ന, ഓഫീസ് സമയം കഴിഞ്ഞിട്ടും പുറത്ത് കാത്തു നില്ക്കുന്ന ജനങ്ങളില്‍ അവസാന ആളിനെ വരെ ത്യപ്തനാക്കി വിടുന്ന സര്‍ക്കാര്‍ ഓഫിസറാവുക.
മെക്കാനിക്കല്‍ പടിച്ച എനിക്ക് പറ്റിയ സര്‍ക്കാര്‍ ഉദ്യോഗത്തിന് സാധ്യത കുറവാണെന്ന് മനസിലാക്കിയ ഞാന്‍ ബാഗ്ലൂരും പിന്നെ മുംബയിലും സ്വകാര്യ തൊഴിലുടമകളെ ,സല്മാന് ഖാന് ഗേള്‍ ഫ്രണ്ട്സിനെ പരീക്ഷിച്ചു നോക്കുന്നതുപോലെ മാറിമാറി പരീക്ഷിച്ചു. ഒടുവില്‍ സാമാന്യം ഭേദപ്പെട്ട ഒരു തൊഴിലുടമയുമായി രമ്യതയില്‍ പോകുമ്പോഴായിരുന്നു ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക പോസ്റ്റിലേക്ക് എന്നെ എപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി വിളിക്കുന്നത്.
താല്‍ക്കാലികമെങ്കില്‍ താല്‍ക്കാലികം., “ഫ പോടാ പുല്ലേ“ എന്ന് സുരേഷ് ഗോപി വാക്യം മൊഴിഞ്ഞുകൊണ്ട് ഞാന്‍ എന്റെ അവസാന തൊഴില്‍ ഉടമയെയും മൊഴിചൊല്ലി,കേരളത്തിലേക്ക് തിരിച്ചു. ആ പോസ്റ്റിനുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു കിട്ടുന്ന എല്ലാ ആനുകുല്യങ്ങളും എനിക്ക് കിട്ടും ആറുമാസത്തേയ്ക്ക്. വീട്ടില്‍ നിന്ന് പോയി വരാം ഷിഫ്റ്റില്‍ ആണ് പണി തുടങ്ങിയ നല്ല വശങ്ങള് ആ പണിക്കുണ്ടെങ്കിലും കസേരയില്ല പിന്നെ ഞാന്‍ ആഗ്രഹിച്ച പൊതുജനങ്ങളില്ല തുടങ്ങിയ പോരായമകളും ഉണ്ടായിരുന്നു. എങ്കിലും ഞാന്‍ വിചാരിച്ചതുപോലെ വേതനമില്ലായ്മ എന്ന പ്രശ്നം തീരെ ഉണ്ടായില്ലെങ്കിലും തൊഴിലില്ലായ്മ ആ സ്ഥാപനത്തില്‍ സാധാരണം ആയിരുന്നു.
പഴയ സമ്പാദ്യങ്ങള്‍ പറക്കിയെടുത്തും, പിന്നെ നിനക്ക് ഒരു പണി ഉണ്ടല്ലോ അതുകൊണ്ട് തിരിച്ചുകിട്ടുമെന്ന ഉറപ്പില്‍ എന്റെ കുഞ്ഞ് പെങ്ങള് തന്ന ഒന്ന് രണ്ട് ആഭരണം പണയം വച്ചും ഞാന്‍ ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങി. വഴിയില്‍ ഒളി കണ്ണിട്ട് നോക്കുന്ന ചെല്ലക്കിളികളെ മൈന്‍ഡ് ചെയ്യാതെ ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് നിങ്ങളൊന്നും എനിക്ക് ചേരില്ല എന്ന ഭാവത്തില്‍ ഞാന്‍ ആ സ്ഥാപനത്തില്‍ പോയി വരവ് നടത്തി.
ആറ്മാസം ആറ് ദിവസം പോലെ കടന്നു പോയതറിഞ്ഞില്ല . ഒടുവില്‍ നിന്റെ പണി ഇത്രയുനാള്‍ എക്സലന്റായിരുന്നു സ്വഭാവം അതിലും എക്സലന്റായിരുന്നു ,അതുകൊണ്ട് നിന്നെ ഇനി ഇവിടെ ആവശ്യമില്ലാ എന്ന് ഒരു നല്ല പേപ്പറില്‍ എഴുതി തന്ന് പി എഫ് തുക ബാങ്കിലേക്കിട്ടുണ്ട് അതുമെടുത്ത് സ്ഥലം കാലിയാക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടുമൊരു തൊഴില്‍ തെണ്ടിയായി യെന്ന നഗ്നസത്യം മനസിലാക്കി.
തിരിച്ച് മുംബയിലേക്ക് തിരിക്കാന്‍ തീരുമാനിച്ച എന്നെ ആറുമാസത്തിനുള്ളില്‍ മനസില്‍ കയറിപറ്റിയ നാട്ടിലെ സുഹ്യത് ബന്ധങ്ങളും പിന്നെ ഒരു പ്രണയപുഷ്പവും ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. ഇനിയെന്തെന്ന ചോദ്യത്തിന് ഞാന്‍ ഒടുവില്‍ കണ്ടെത്തിയത് ഒരു ഗള്‍ഫുപണി കണ്ടെത്തുക എന്ന് എന്നെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത് എന്റെ സ്കൂള്‍ സഹപാഠികളില്‍ ചിലര്‍ ഗള്ഫന് വേഷം കെട്ടി സുന്ദരിമാരായ ഭാര്യമാരോടൊപ്പം ഞെളിഞ്ഞു നടക്കുന്നത് കണ്ടപ്പോഴാണ് .
പത്രത്തിലെ താളുകളില്‍ നിന്ന് ഉടന്‍ ആവശ്യമുണ്ടെന്ന തലക്കെട്ടുകളില്‍ കാണുന്ന പരസ്യങ്ങള്‍ വെട്ടിയെടുത്ത് അതിലെ ഏജന്റ് മാര്‍ക്ക് പുറകേ കൊച്ചിന് , മദ്രാസ് , മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഹ്രസ്വസന്ദര്‍ശനങ്ങള്‍ നടത്തി ഞാന്‍ ദിവസങ്ങള്‍ കഴിക്കാന്‍ തുടങ്ങി. ബാക്കിയുള്ള സന്ദര്‍ഭങ്ങളില്‍ ബോറടിക്കാതിരിക്കാന്‍ എന്റെ കൂട്ടുകാര്‍ നടത്തിയിരുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡ്രൈവിങ്ങ് സ്കൂളുകള്‍ എന്നിവടങ്ങളില്‍ അവരെ സഹായിച്ചിരുന്നു.
പത്രത്താളുകളിലെ എനിക്ക് അനുയോജ്യമായ പരസ്യങ്ങള്‍ കുറഞ്ഞു വന്നതോടെ എന്നെ എന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മടുത്തു തുടങ്ങിയെന്ന് എനിക്ക് തോന്നി തുടങ്ങി. വീട്ടിലെ ചില്ലറപണികള്‍ എന്നിലെ യോഗ്യതയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ രാവിലെ തന്നെ വീടുവിട്ടിറങ്ങുകയും ഇരുട്ടു വീണതിനു ശേഷം ചേക്കേറാനും തുടങ്ങി. മോനെന്താ പണിയൊന്നുമായില്ലേന്ന് നാട്ടുകാരുടെ ചോദ്യം വരില്ലല്ലോയെന്ന് മനസിലാക്കിയാവണം പപ്പയും അമ്മയും ഇതിനു മൌനാനുവാദം നല്‍കിയിരുന്നു. എങ്കിലും കറന്റ് ബില്ല്, ടെലഫോണ്‍ ബില്ല് അടയ്ക്കുക,ബാങ്കില്‍ ലോണ്‍ തുക അടയ്ക്കുക ഗ്യാസ് സിലണ്ടറ് മാറ്റുക വീട്ടാവശ്യങ്ങള്‍ക്കായി സാധനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ സന്തോഷപൂര്‍വ്വം നിര്‍വഹിച്ചിരുന്നു.
അന്നും പതിവുപോലെ ഞാന്‍ എന്റെ ഏക സുഹ്യത്തും സമ്പാദ്യവുമായ മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അമ്മ പുറകില്‍ നിന്ന് വിളിച്ചു,
“ടാ ടെലഫോണ്‍ ബില്ല് അടയ്ക്കണം, ഇന്ന് അവസാന ദിവസമാ മറക്കരുത്.”
അമ്മയുടെ കയ്യില്‍ നിന്ന് പണവും ബില്ലും വാങ്ങിയപ്പോള്‍ എനിക്ക് അലപം സന്തോഷം തോന്നി. ഇന്ന് 12മണിവരെ ഒരു സര്‍ക്കാര്‍ കാര്യാലയത്തിന്റെ നീണ്ട ക്യൂവില്‍ നില്‍ക്കാമല്ലോ?9 മണിക്ക് കൌണ്ടര്‍ പ്രവര്‍ത്തിക്കുമെങ്കിലും ക്യൂ വളരട്ടെ എന്ന് കരുതി ഞാന്‍ പത്തരയോടെയാണ് അവിടെയെത്തിയതും ക്യൂവിലൊരു സ്ഥാനം കണ്ടെത്തിയതും. കൌണ്ടറില്‍ നിന്ന് തുടങ്ങുന്ന ക്യൂ സ്റ്റെയര്‍ കേയ്സ് വഴി താഴത്തെ നില വരെ എത്തിയിരുന്നു. ഇഴഞ്ഞു നീങ്ങുന്ന ക്യൂവിന് സ്പീഡില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് എനിക്ക് മനസിലായി.
കഴിഞ്ഞ മാസം കൌണ്ടറില്‍ കപ്യൂട്ടര്‍ വന്നെങ്കിലും ക്യാഷ് വാങ്ങുന്ന 40 വയസോളം പ്രായമായ ഉദ്യോഗസ്ഥന് മാറ്റമുണ്ടായിട്ടുണ്ടായിരുന്നില്ല . അയാളുടെ ഭാവം കണ്ടപ്പോള്‍ ക്യൂവില്‍ നില്‍ക്കുന്നവരെല്ലാം തന്റെ അനുകമ്പയില്‍ നിത്യവ്യത്തി നടത്തുന്നവരാണെന്ന് തോന്നിയിരുന്നു. കപ്യൂട്ടറിലെ ബട്ടണുകള്‍ അയാള്‍ അമര്‍ത്തുന്നതു കണ്ടപ്പോള്‍ വിമാനം പറത്തുന്ന പൈലറ്റിനെയായിരുന്നു ഓര്‍മ്മ വന്നത്. രണ്ടുമാസം മുമ്പാണ് കപ്യൂട്ടര്‍ ഈ മഹാത്മാവിന് ബില്ലടിക്കാന്‍ കിട്ടിയതെങ്കിലും ഇന്നും ക്യാഷ് വാങ്ങി ബില്ലുകൊടുക്കാന്‍ പണ്ട് എഴുതികൊടുത്തിരുന്നതിലും കവിഞ്ഞ് സ്പീഡ് ഉണ്ടായിരുന്നില്ല.
മെല്ലെ ഇഴയുന്ന ക്യൂവില്‍ ഞാന്‍ എന്റെ സഹക്യൂവന്മാരോട് കത്തി വച്ച് സമയത്തോടൊപ്പം ക്യൂവിനെയും തള്ളിനീക്കി. മറ്റുള്ള വരെല്ലാം എന്നെ പോലെയല്ലെന്നും പലരും ജോലിത്തിരക്കിനിടയില്‍ ബില്ലടയ്ക്കുക എന്ന മുഷിഞ്ഞ പണിക്ക് വന്നതാണെന്നും എനിക്ക് മനസിലായി തുടങ്ങിയിരുന്നു. സമയം 12 മണി കഴിഞ്ഞു.
“ എന്താ കുറെ നേരമായി ക്യൂ നീങ്ങുന്നില്ലല്ലോ?“ ഞാന്‍ എന്റെ സംശയം ആരോടെന്നില്ലാതെ പറഞ്ഞു. “അത് ശരിയാ മോനെ ഇത് കുറെ നേരമായി നീങ്ങുന്നില്ല.”
എന്റെ പിന്നില്‍ നിന്ന ഒരു അമ്മാവനാണത് പറഞ്ഞത്.
എന്തായാലും ഞാനൊന്ന് നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് ഞാന്‍ മുകളിലോട്ട് കയറിചെന്നു.കൌണ്ടറിലെ കമ്പ്യൂട്ടറിനുമുന്നില്‍ താടിയ്ക്ക് കൈയും കൊടുത്ത് ആ സ്ഥിരം കാഷ്യര്‍ ഇരിപ്പുണ്ട്.
“എന്താ കാഷ് അടയ്ക്കുന്നില്ലേ?“ ഞാന്‍ ക്യൂവിലാദ്യം നില്ക്കുന്ന മാന്യദേഹത്തോട് ചോദിച്ചു
“ഇല്ല കരണ്ടില്ല അതുകൊണ്ട് കമ്പ്യൂട്ടറ് പ്രവര്‍ത്തിക്കില്ലെന്ന്,”
“സാറേ... ബില്ല് ഇന്ന് അടയ്ക്കാന്‍ കഴിയുമോ?” ഞാന്‍ മാന്യ ഉദ്യോഗസ്ഥനോട് തിരക്കി
“2 മണിക്ക് മുന്‍പ് കരണ്ട് വന്നാല്‍ അടയ്ക്കാം.“ എന്റെ മുഖത്ത് നോക്കാതെ അയാളുടെ മറുപടി.
“എന്താ സാര്‍ ഇത് ? കരണ്ടില്ലെങ്കില്‍ സാര്‍ നേരത്തെ ചെയ്തിരുന്നതുപോലെ ബില്ല് എഴുതി കൊടുത്തു കൂടെ?”
ഇത്തവണ അയാള്‍ മുഖം ചുവപ്പിച്ച് എന്നെ ഒരു നോട്ടം നോക്കി.
“ അല്ല സാറെവിടുന്നാ വരുന്നേ? എനിക്കറിയാം എന്റെ പണി എങ്ങനെ ചെയ്യണമെന്ന്. ”അയാള്‍ ഉച്ചത്തില്‍ എന്നോട് ആക്രോശിച്ചു.
“കമ്പ്യൂട്ടറും കുന്ത്രാണ്ടവും മനുഷ്യനെ സഹായിക്കാനാന്നാ കേട്ടത് ഇതിപ്പോള്‍ ദ്രോഹമായല്ലോ?” എന്നോടൊപ്പം പിന്തുണയായി മറ്റൊരാളും കൂടി. പിന്നില്‍ ആരോ കതകിലോ മറ്റോ അടിച്ചു ശബ്ദമുണ്ടാക്കിയപ്പോള്‍ ശക്തമായ സമരത്തിനുള്ള സ്കോപ്പുണ്ടെന്ന് എനിക്ക് മനസിലായി.ഞാനു കാഷ്യറും തമ്മില്‍ വാക്കും വാക്കേറ്റവും നടന്നു. ഇതിനിടയില്‍ ജില്ലാ മേലുദ്യോഗസ്ഥന്റെ നമ്പര്‍ തപ്പി തടഞ്ഞ് കണ്ടെത്തി ഫോണ്‍ ചെയ്തു. മറുതലയ്ക്കല്‍ നിന്ന് ഉടന്‍ നിര്‍ദ്ദേശം കൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സ്ഥിതിയ്ക്ക് മെച്ചമുണ്ടായില്ല.കാഷ്യര്‍ മര്‍ക്കടമുഷ്ടിയില്‍ തന്നെ.എല്ലാവരുടെയും ശബ്ദം ഉച്ചത്തിലാവുകയും, ചിലര്‍ കതകിലും മറ്റും തട്ടി ദേഷ്യപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ടൌണില്‍ പുതിയതായി തുടങ്ങിയ ലോക്കല്‍ ചാനലിനെ ആരോ വിളിച്ചു വരുത്തിയതോടെ ഈ പ്രശ്നത്തില്‍ ഞാന്‍ മുമ്പില്‍ ഞാന്‍ മുമ്പില്‍ എന്ന ഭാവവുമായി ഓരോരുത്തരായി മുന്നോട്ടു വന്നു അഭിപ്രായം പറയാന്‍ തുടങ്ങി.ടൌണിന്റെ മധ്യത്തിലായിരുന്നതുകൊണ്ട് ഈ ബഹളം കേട്ട് പട്രോളിങ് പോലീസ് ജീപ്പ് അവിടെ നിറുത്തുകയും മൂന്ന് കോണ്‍സ്റ്റബിള്‍ മാര്‍ കയറി വരുകയും ചെയ്തു. കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം അറിഞ്ഞ് പ്രവര്‍ത്തിച്ച ആ നല്ല കോണ്‍സ്റ്റബിളന്മാരുടെ ഇടപെടലില്‍ ബില്ല് എഴുതി കൊടുക്കാമെന്ന് കാഷ്യര്‍ സമ്മതിച്ചു. ഒടുവില്‍ ആളുകളുടെ സന്തോഷാരവത്തോടെ കാര്യങ്ങള്‍ മെച്ചപെട്ടു.
ആട്ടോമാറ്റിക് പേയിങ്ങ് മിഷൈനുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഈ കാലഘട്ടത്തില്‍ പണിമുടക്കിയാല്‍ നമ്മുടെ ഉദ്യോഗസ്ഥന്മാര്ക്ക് ഒരല്പ നേരത്തേക്ക് പഴയ പേനയും കാര്‍ബണ്‍പേപ്പറുമെടുക്കാന്‍ വിമുഖത ഉണ്ടാവാതിരിക്കട്ടെ.
21 comments:
ആട്ടോമാറ്റിക് പേയിങ്ങ് മിഷൈനുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഈ കാലഘട്ടത്തില്‍ പണിമുടക്കിയാല്‍ നമ്മുടെ ഉദ്യോഗസ്ഥന്മാര്ക്ക് ഒരല്പ നേരത്തേക്ക് പഴയ പേനയും കാര്‍ബണ്‍പേപ്പറുമെടുക്കാന്‍ വിമുഖത ഉണ്ടാവാതിരിക്കട്ടെ.
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ട് എന്നെനിക്കു തോന്നുന്നില്ല.വിവരാവകാശ നിയമം ഒക്കെ വന്നതില്‍ പിന്നെ പൊതു ജനങ്ങളെ പരമാവധി നയപരമായി തന്നെ ആണു കൈകാര്യം ചെയ്യുന്നത് എന്നാണ് എനിക്കു തോന്നുന്നത്.
എന്തിനേറെ നമ്മുടെ ഈ കുഞ്ഞു ബൂലോകത്തുള്ള പോലെ എവിടെയും ഉണ്ടാവുമല്ലോ ചില മൂരാച്ചികള്‍. അവര്‍ കാരണം നന്നായി ജോലി ചെയ്യുന്നവരും നാണം കെടുന്നു.
:)
കാന്താരി കുട്ടി പറഞ്ഞത് ശരിയാണ് ,എവിടെയും കാണാം ഇത്തരം മൂരാച്ചികളേ ,അവരെ നേര് വഴിക്ക് നടത്തുവാനും ,തെറ്റുകള്‍ ചൂണ്ടികാട്ടുവാനും ആരെങ്കിലും വേണ്ടേ ? കമ്പു വന്നതോടുകൂടി പഴയ കാര്യങ്ങള്‍ എല്ലാവരും മറന്നതുപോലെയാണ്.ഒരു വേള അതൊന്നു പണിമുടക്കിയാല്‍ എന്ത് ചെയ്യും അതാണ് ഇവിടുത്തെ ചര്‍ച്ച .
നൂതനയുഗത്തിലെ ന്യുനതകള്‍ ആയേ ഇവയെ കണക്കിടാന്‍ പറ്റൂ .
( ഞാന്‍ ഇവിടെ വന്നിട്ടും ഇല്ല ,ഇങ്ങോട്ടും പോയിട്ടും ഇല്ല :) )
പ്രിയ കനല്,
താങ്കളുടെ വികാരം വാക്കുകളില്‍ പ്രതിഭലിക്കുന്നുണ്ടു,മനസ്സിലാകുന്നുമുണ്ടു.
ഒന്നു രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
ഇതൊക്കെ നമ്മൂടെ വ്യവസ്ഥിതിയുടെ പ്രശ്നമാണ്. ദീര്‍ഘവീക്ഷണമില്ലാതെ പ്രരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്റേയും നടപ്പിലാക്കുന്നതിന്റേയും പ്രശ്നങ്ങള്‍. താങ്കള്‍ തന്നെ പറഞ്ഞല്ലൊ 40 വയസ്സായ ഒരാളായിരുന്നു എന്നു. അയാള്‍ക്കു തീര്‍ചയായും ഇന്നത്തെ പുതു തലമുറയുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടാവണമെന്നില്ല. കമ്പ്യൂട്ടര്‍ വാങ്ങി നിറക്കുന്നതിനു മുന്‍പേ ചെയ്യേണ്ട കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്കല് എന്ന പരിപാടി ഇവിടെ ഒരു വകുപ്പിലും നടപ്പായില്ല.
കമ്പ്യൂട്ടര്‍, വൈദ്യുതി ഉണ്ടെങ്കിലേ പ്രവര്‍ത്തിക്കൂ എന്നു അറിയാത്തവരില്ല.എങ്കിലും കമ്പ്യൂട്ടര്‍ ഉള്ള സ്ഥാപനങ്ങളില പകരം സോഴ്സ് (ജനറേറ്റര്‍ മുതലായവ)ഇന്നും നമ്മൂടെ ഒരു ഡിപ്പാര്‍ട്ടുമെന്റിലും ഇല്ല. കരണ്ടില്ലെങ്കില്‍ വെറുതെ മേലൊട്ടു നോക്കിയിരിക്കുകയാണ് കേരളത്തിലെ ട്രഷറികള്‍ അടക്കമുള്ള ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും. കമ്പ്യൂട്ടറില്‍ മാത്രമേ അക്കൌണ്ടിങ് നടക്കുകയുള്ളൂ എന്ന ഒരു സാഹചര്യത്തില്‍ ജീവനക്കാരെന്തു ചെയ്യും? തിരൂര്‍ ട്രഷറിയില്‍ , കരണ്ടു പോയ ഒരു ദിവസം, കുറേ പെന്‍ഷന്‍കാര്‍ ചേര്‍ന്നു ഒരു ജനറേറ്റര്‍ വാടകക്കെടുത്തു കൊടുത്തു.അന്നു കാര്യങ്ങള്‍ ശരിയായി നടന്നെങ്കിലും , പിറ്റേ ദിവസത്തെ പത്രത്തില്‍ വാര്‍ത്തകണ്ട സര്‍ക്കാര്‍ സംവിധാനം, ആ ട്രഷറി ഓഫ്ഫീസര്ക്കു വിശദീകരണ മെമ്മൊ ആണു നല്കിയതു.ഇതാണ് നമ്മുടെ വ്യവസ്ഥിതി. ഉദ്യോഗസ്ഥ സംവിധാനത്തെ മുഴുവന്‍ വെള്ള പൂശാനുള്ള ശ്രമമായിട്ടെടുക്കരുതു, മറിച്ചു എത്ര മോശമായ ഭൌതിക സാഹചര്യത്തിലാണ് ഇവര്‍ ജോലിയെടുക്കുന്നതെന്നു സൂചിപ്പിച്ചതാണെന്നു മാത്രം.
കുറച്ചു ആഴ്ചകള്‍ക്കു മുന്‍പേ നെറ്റ്വര്ക്കില് വന്ന തകരാര്‍ നിമിത്തം നമ്മൂടെ ദക്ഷിണം റയിവേയില് മണിക്കൂറുകളോളം റിസര്‍വേഷന്‍ തടസ്സപ്പെട്ടു. ആയിരങ്ങള്‍ കഷ്ടത്തിലായി. നിങ്ങള്‍ക്കു കൈകൊണ്ടു ടിക്കറ്റെഴുതിക്കൂടെ എന്നു നാം ചോദിച്ചില്ല.
പ്രശ്നക്കാരായ ആളുകള്‍ എല്ലാ മേഖലയിലും ഉണ്ടു, അവരെ ഒറ്റപ്പെടുത്തി ഈ സംവിധാനം തുരുമ്പുകളഞ്ഞെടുക്കാന് സര്‍ക്കാരും, ഉദ്യോഗസ്ഥരും , നാട്ടുകാരും കൂട്ടായി ഇടപെടുക തന്നെ വേണം.
ആശംസകള്‍
കുട്ടിക്കാലം എന്നു പറഞ്ഞാല്‍?
പതിവ് പോലെ തമാശയില്‍ തുടങ്ങി
ഗൌരവത്തോടെ പറഞ്ഞു നിര്‍ത്തി..
വായിയ്ക്കാന്‍ ഒഴുക്കുണ്ട്...
:)
എന്തൊക്കെ പറഞ്ഞാലും സര്‍ക്കാര്‍ ജോലി ഒരു സംഭവം തന്നെയാണേ....
പിന്നെ,സര്‍ക്കാര്‍ ജോലിക്കാരുടെ മനോഭാവം.. അത് കാന്താരി ചേച്ചി പറഞ്ഞുപോയല്ലോ..
സര്‍ക്കാര്‍ ജോലിക്കാരെപ്രതി അസൂയപ്പെടാറുണ്ടായിരുന്നു.
ചോറുറച്ച പണീന്നാ പറയുക.
വിലക്കയറ്റം കാണുമ്പോള്‍ അകം കത്താതിരിക്കാല്ലോ.
പാസഞ്ചര്‍ ട്രെയിനില്‍ തിക്കി തിരക്കി ശ്വാസം മുട്ടി
പോക്കറ്റിന്റെ ശ്വാസം നേരെയാക്കാനോന്നും മിനക്കെടേണ്ടല്ലൊ
ഇടക്കിടക്ക് ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും...
“ടാ ടെലഫോണ്‍ ബില്ല് അടയ്ക്കണം, ഇന്ന് അവസാന ദിവസമാ മറക്കരുത്.” ഇതൊന്നു നോക്കൂ...എല്ലാവരും കൂടി അവസാന ദിവസം ഒരുമിച്ച് ബില്ലടയ്ക്കാന്‍ പോയതിന്റെ കുഴപ്പമാ ഇത്...
കമന്റുകളിട്ട എല്ലാവര്ക്കും നന്ദി!
പ്രത്യേകിച്ചും അനില്‍@ബ്ലോഗിന്!!
:)
:)
:)
യ്യോ..!!
ഇതെന്റെ ബ്ലോഗല്ലായിരുന്നോ?!
:(
എങ്കിലും നന്ദി!
:)
ഇപ്പോഴും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്.
ഹോ ഒരു നിമിഷം ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ പിന്നിലേക്കു പോയി . സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ ഡ്യൂട്ടി ആയിരുന്നു കറന്റ് ബില്ലടയ്ക്കല്‍. മണിക്കൂറുകള്‍ വെയിലത്ത് ക്യൂ നിന്ന് വിയര്‍പ്പില്‍ നനഞ്ഞ നോട്ട് കൊടുത്തപ്പോള്‍ "ഇത് എടുക്കില്ല മോനെ പോയി വേറെ നല്ല നോട്ട് കൊണ്ടുവാ" എന്ന് പറഞ്ഞ എമ്മാനെ ഞാന്‍ ഒരിക്കലും മറക്കില്ല. ഹമ്മച്ചി യാണേ മറക്കില്ല .
മൂസാക്ക പറഞ്ഞ ഹോബി എനിക്കും ഉണ്ടായിരുന്നു. പണിയൊന്നും ഇല്ലാതിരുന്ന കാലത്ത് ക്യൂവിന്റെ നീളം കൂടാന്‍ കാത്തു നില്ക്കല്. കാരണം സമയം പോകണമല്ലോ :) പിന്നീട് ജനസേവന കേന്ത്രങ്ങള്‍ വന്നപ്പോള്‍ ഈയുള്ളവന് എന്ത് ആശ്വാസം ആയെന്നോ ?
നല്ല എഴുത്ത് പതിവ് പോലെ തന്നെ .
ആശംസകള്‍ :)
അനില്‍@ബ്ലോഗ് പറഞ്ഞതു മനസ്സിലാക്കിക്കൊണ്ടു തന്നെ പറയുന്നു, ആവശ്യമില്ലാതെ മുഷ്ക് കാണിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എവിടേയും ഉണ്ട്.
കാപ്പിലാനോട്: കമ്പ്യൂട്ടറിന്റെ നിക്ക്നെയിം കണ്ട് ഞാന്‍ ആദ്യം വിചാരിച്ചത്, അടിക്കാന്‍ ഉപയോഗിക്കുന്ന ‘കമ്പ്’ ആണെന്നാണ്
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനോഭാവം മാറിവരുന്നതായാണ് അറിവ്. ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്ത മലയാളി ഉണ്ടാവുമോ? ചിലപ്പോഴെങ്കിലും നല്ല അനുഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്.
ദുബായില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ ബില്ലിംഗ് മെഷിന് കേടാവുകയാണെങ്കില്‍ യാത്രക്കാരെ സൌജന്യമായി പ്രവേശിപ്പിക്കണമെന്നാണ് ചട്ടം എന്ന് കേട്ടിരുന്നു.
ആശംസകള്‍.
അനിൽ@ബ്ലോഗ് പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. പെട്ടൊന്നൊരു ദിവസം കംബ്യൂട്ടർ വൽകരണം നടത്തുമ്പോൾ ശരിയായ പരിശീലനമോ മറ്റോ നൽകാതെ എങ്ങനെയാണ് ഇതൊക്കെ ശരിയാകുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ ഇറങ്ങുക. പിന്നെ കാന്താരിക്കുട്ടി പറഞ്ഞത് പോലെ ലോകത്ത് എല്ലായിടത്തും ഉണ്ട് ഇത്തരം മൂരാച്ചികൾ. എത്ര കിട്ടിയാലും പഠിക്കാത്തവർ. പക്ഷേ, ഈ ബൂലോഗത്തുണ്ടോ എന്നെനിക്കറിയില്ല കെട്ടോ...
നല്ല പോസ്റ്റ്...
ഒരടിക്കുള്ള സ്കോപുണ്ടായിരുന്നു നഷ്ടപ്പെടുത്തി ല്ലേ...
ആശംസകള്‍...
അമ്പട കനലേ... കൊള്ളാമല്ലോ...
Post a Comment