ബൂലോകത്ത് ഏറ്റവും കൂടുതല്‍ സംവാദം നടക്കുന്നത് ,ഒരു പക്ഷേ വിശ്വാസികളും അവിശ്വാസികളും തമ്മിലായിരിക്കും. ആരൊഗ്യകരമായി തുടങ്ങുന്ന മിക്ക സംവാദങ്ങളും പലപ്പോഴും അവസാനിക്കുന്നത്,അനോണി ആക്രമങ്ങളിലും പരസ്പരം ചെളി വാരി എറിയലിലും ആയിരിക്കും. ചിലപ്പോഴെങ്കിലും കൈയ്യില്‍ കിട്ടുന്നതെന്തും വായിക്കുക എന്ന എന്റെ സ്വഭാവം ഇത്തരം പോസ്റ്റുകള്‍ പൂര്‍ണമായി വായിക്കാനിടവരുത്താറുണ്ട്. അവസാനം കാണുന്ന വ്യക്തിപരമായ വിദ്വേഷം ഉണ്ടാക്കുന്ന ഗ്രൂപ്പ് ചേര്‍ന്നുള്ള കമന്റുകള്‍ വരെ വായിച്ച് ഞാന്‍ ആലോചിക്കാറുണ്ട്. ഇവര്‍ക്കൊക്കെ ഇതില്‍ നിന്ന് എന്ത് നേട്ടമാണ് ഉണ്ടാവുകയെന്ന്.
ഇത്തരം സംവാദങ്ങളില്‍ പ്രധാനമായും ഞാന്‍ കണ്ടവരെ ഒന്ന് വേര്‍തിരിച്ച് ഓരോ വിഭാഗക്കാരായി കാണുവാനുള്ള ഒരു എളിയ ശ്രമമാണ് ഈ പോസ്റ്റ്.
1) സ്വന്തം വിശ്വാസത്തിലും ആചാരങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന ദൈവവിശ്വാസികള്‍, അന്യരുടെ വിശ്വാസത്തെ ഒരുപിടി പോലും ബഹുമാനിക്കാത്തവര്‍. ഇവര്‍ പലപ്പോഴും യുക്തിവാദികളോട് സംഘടനത്തില്‍ ഏര്‍പ്പെടുന്നതിന്റെ മനശാസ്ത്രമെന്തെന്ന് ഒന്ന് ചിന്തിച്ചാല്‍ മനസിലാകും. തങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന ബഹുമാനിക്കുന്ന സ്വന്തം അറിവുകളിലൂടെ ആരാധിക്കുന്ന സര്‍വ്വശ്രേഷ്ടനായ ദൈവത്തെ, യുക്തിവാദികള്‍ വിശ്വസനീയമായ രീതിയിലോ അവിശ്വസനീയമായ രീതിയിലോ അപഹാസ്യപ്പെടുത്തുമ്പോള്‍ ഇവര്‍ക്ക് മുറിവുണ്ടാവുക സാധാരണമല്ലേ? സ്വന്തം മാതാവിനെയോ പിതാവിനെയോ അപഹാസ്യപെടുത്തി സംസാരിക്കുന്നത് കേട്ടാല്‍ മറ്റൊന്നും ആലോചിക്കാതെ ആയുധമെടുക്കുന്നവരാണ് യുക്തിവാദികള്‍ പോലും. എന്നാല്‍ മാതാപിതാക്കന്മാരെക്കാള്‍ ഉന്നതനായി കാണുന്ന അവരുടെ ദൈവത്തെ നിങ്ങള്‍ അപഹസിച്ചു സംസാരിക്കുമ്പോള്‍ അവരുടെ വികാരം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത് നല്ലതാണെന്നാണ് എന്റെ എളിയ അഭിപ്രായം.
2) വര്‍ഗ്ഗാധിഷ്ടിതമായ വിശ്വാസികള്‍: ജന്മം നല്‍കിയ അച്ഛന്‍ അമ്മമാരുടെ മതമാണ് നാം ഓരോരുത്തരും സ്വഭാവികമായും അനുകരിക്കുക. എന്നാല്‍ ആ വിശ്വാസത്തില്‍ അടിയുറച്ച് നിറുത്തുന്നത് മതബോധത്തെക്കാളും മിക്കപ്പോഴും വര്‍ഗ്ഗബോധമാണ്. തന്റെ വിശ്വാസത്തെ ഒരു യുക്തിവാദിയോ അല്ലെങ്കില്‍ മറ്റൊരു മതസ്ഥനോ ചോദ്യം ചെയ്യുകയൊ അപഹാസ്യപ്പെടുത്തുമ്പോഴോ, തിരിച്ച് അതേപടി മറുപടി നല്‍കുക, അല്ലെങ്കില്‍ അവരുടെ വിശ്വാസത്തെയും അതേപടി പരിഹസിക്കുക. അതായത് ഉരുളയ്ക്ക് ഉപ്പേരി അതാണ് ഇവരുടെ ഒരു രീതി. എന്നാല്‍ ഇവര്‍ തോല്‍ വിയിലേക്ക് പോകുന്നത് മിക്കപ്പോഴും യുക്തിവാദികള്‍ക്കു മുന്‍പിലാണ്. ഉരുളയ്ക്ക് ഉപ്പേരി എന്നതിന് യുക്തിവാദിയ്ക്ക് ദൈവമില്ലല്ലോ. യുക്തിവാദിയെ വിമര്‍ശിക്കേണ്ടത് അവരുടെ വിശ്വാസത്തിലുള്ള അറിവുകൊണ്ടാണ്. അതവര്‍ക്ക് ഉണ്ടാകില്ലല്ലോ? എന്നാല്‍ സ്വന്തം വിശ്വാസത്തെയല്ലാതെ മറ്റു വിശ്വാസികളുടെ മതത്തെ യുക്തിവാദികള്‍ ചോദ്യം ചെയ്യുമ്പോള്‍ ഇക്കൂട്ടരില്‍ ചിലര്‍ യുക്തിവാദികള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കും
3) സ്വന്തം മതത്തില്‍ അടിയുറച്ച വിശ്വാസമില്ലാത്തവരാണ് മൂന്നാമത്തെ വിഭാഗക്കാര്‍. മത വിശ്വാസിയാണോയെന്ന് ചോദിച്ചാല്‍ അതെയെന്നും , എന്നാല്‍ യുക്തിവാദികളുടെ വാദങ്ങളെ ബഹുമാനപുരസരം നോക്കി കാണുകയും ചെയ്യുന്നവരാണ്, ഇക്കൂട്ടരില്‍ ചിലര്‍. മറ്റുമതങ്ങളെയെന്ന പോലെ യുക്തിവാദികളെയും ബഹുമാനിക്കുന്നവരാണ് ഇവര്‍.
4) മതത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും മതപരമായ അറിവുകള്‍ വേണ്ടുവോളം നേടുകയും ശാസ്ത്രപരമായ അറിവുകള്‍ കുറെയെങ്കിലും സമ്പാദിക്കുകയും ചെയ്തിട്ടുള്ളവരാണ് ഈ വിഭാഗക്കാര്‍. യുക്തിവാദികള്‍ക്ക് ഇവര്‍ക്ക് ഉത്തമ എതിരാളികളാണ്.
5) യുക്തിവാദികള്‍ അഥവാ ശാസ്ത്രവാദികള്‍. ശാസ്ത്രത്തില്‍ വേണ്ടുവോളം അറിവുണ്ടെങ്കിലും മതപരമായി അറിവുകള്‍ ഇവര്‍ നേടാന്‍ ശ്രമിച്ചിട്ടുള്ളത് പലപ്പോഴും മതങ്ങളെ വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മതങ്ങള്‍ പഠിപ്പിച്ച നല്ലതുകള്‍ ഇവര്‍ കാണുകയില്ല. എന്നാല്‍ മതത്തിന്റെ പോരായമകള്‍ ,അര്‍ത്ഥവ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ വ്യാഖ്യാനിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്, “ഇഷ്ടമില്ലാത്തമ്മച്ചി തോട്ടതെല്ലാം കുറ്റമാണെന്ന്”.ഇവരോട് എനിക്ക് ചോദിക്കാനുള്ളത് ഈ മനുഷ്യായുസില്‍ നിങ്ങള്‍ നേടിയ അറിവുകള്‍ , അനുഭവങ്ങള്‍ ദൈവമില്ലാ എന്ന തീരുമാനത്തിലാണ് നിങ്ങളെയെത്തിച്ചതെങ്കില്‍ അങ്ങനെ ബാക്കിയുള്ളവരെ കൂടി ഉദ് ബോധിപ്പിക്കാന്‍ നിങ്ങളെ തോന്നിപ്പിക്കുന്ന ഘടകം എന്താണ്.
അനാചാരങ്ങളെയും അന്ധ വിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യേണ്ടത് ആവശ്യമാണ്,അങ്ങനെയുള്ള നിങ്ങളുടെ ശ്രമങ്ങളെ ഈയുള്ളവനും പിന്തുണയ്ക്കുന്നുവെന്ന് അറിയിക്കട്ടെ. അത് സമൂഹത്തിന് ദ്രോഹകരമാണെങ്കില്‍ മാത്രം പോരെ? നിര്‍ദ്ദോശകരമായ ആചാരാനുഷ്ടാനങ്ങളെ മതവിശ്വാസികളുടെ വികാരം മനസിലാക്കി ബഹുമാനിച്ചുകൂടെ. മതവിശ്വാസികള്‍ തന്നെ സ്വന്തം മതത്തിലെ അനാചാരങ്ങളെ തിരിച്ചറിയാന്‍ തുടങ്ങിയതില്‍ ഒരു പക്ഷെ നല്ലവരായ യുക്തിവാദികളുടെ പങ്കും ഉണ്ടെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ നിങ്ങള്‍ എന്തും പറഞ്ഞ് വിമര്‍ശിക്കുന്ന ഈ മതങ്ങള്‍ നിങ്ങള്‍ക്ക് മ്യഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കിയ ഒരു സംസ്കാരം സമ്മാനിച്ചിട്ടുണ്ടെന്ന് മനസിലാക്കുക. അതായത്, അച്ഛന്‍ അമ്മ, അച്ഛനെയും അമ്മയെയും ബഹുമാനിക്കുന്ന മക്കള്‍ അടങ്ങിയ കുടുംബം ഇതൊക്കെ ഈ മതവിശ്വാസത്തിന്റെ സംഭാവനകളായ സംസ്കാരമാണ്.
മതങ്ങളില്ലാതായാല്‍ മനുഷ്യന്‍ മ്യഗങ്ങളെക്കാള്‍ കഷ്ടത്തിലാകും. അമ്മയെ ബലാസ്തംഗം ചെയ്യുന്ന മകനും, മകളെ ഭോഗിക്കുന്ന അച്ഛനും ഇന്ന് സമൂഹത്തില്‍ ഉണ്ടാകാന്‍ തുടങ്ങിയത് മതവിശ്വാസങ്ങളുടെ പരാജയമാണെന്നാണ് എനിക്ക് തോന്നുന്നത്.
മതവിശ്വാസികളോട്, സ്വന്തം വിശ്വാസമാണ് ശ്രേഷ്ടമായത് എന്ന് വിശ്വസിച്ച് മറ്റുവിശ്വാസികളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതിനുമുമ്പ് , അവരുടെ വിശ്വാസങ്ങള്‍ കൂടി ഒന്ന് പഠിക്കാന്‍ ശ്രമിക്കൂ.
അങ്ങനെ പഠിച്ചിട്ടുള്ളവരാരും അതിനു ശ്രമിച്ചിട്ടില്ല എന്നതും നിങ്ങള്‍ മനസിലാക്കേണ്ടതാണ്. മതങ്ങള്‍ ഉണ്ടായപ്പോള്‍ മുതല്‍ തന്നെ അവിശ്വാസികളും ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ വിശ്വാസത്തെ ഒരു പക്ഷെ ഉറപ്പിച്ച് നിറുത്തുന്നത് ഒരുപക്ഷെ അവരായിരിക്കും. അതിന് ദൈവം തന്നെ സ്യഷ്ടിച്ചതാണ് അവരെ. എല്ലാവരും ഒരു മതസ്ഥരായ ഒരു ലോകം ഒന്ന് ചിന്തിച്ചു നോക്കൂ. മതം വെറും ആചാരങ്ങളില്‍ മാത്രം ഒതുങ്ങുകയും അവസാനം ആത്മീയജ്ഞാനം എല്ലാവരും കൈവിടുകയും ചെയ്യുന്ന ഒരു സാഹചര്യമുണ്ടാകാന്‍ അധികനാളുണ്ടാവില്ല. വിശ്വാസത്തിന്റെ നിലനില്പിനായി ദൈവം തന്നെ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണ് വിവിധ മതസ്ഥരും അവിശ്വാസികളും എന്ന് ചിന്തിച്ചു നോക്കൂ.
വിജ്ഞാനത്തെ ആത്മീയമെന്നും ഭൌതീകമെന്നും രണ്ടായി തരം തിരിക്കാമെങ്കിലും ഇത് രണ്ടിനും ഒരുപാട് ഉപഘടകങ്ങള്‍ ഉണ്ട്. ആര്‍ക്കും ഇവയെല്ലാം പൂരണമായും മനസിലാക്കാന്‍ ഒരു മനുഷ്യായുസ് കൊണ്ട് കഴിയില്ല. ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പുരോഗതിയ്ക്ക് ഒരിക്കലും മതങ്ങളെയും ദൈവങ്ങളെയും തുടച്ച് മാറ്റാന്‍ കഴിയില്ല, അങ്ങനെ അഭിപ്രായപെടാന്‍ ശാസ്ത്രജ്ഞര്‍ പോലും മുന്നോട്ട് വരില്ലാ എന്നാണ് എന്റെ അഭിപ്രായം. പരിണാമസിദ്ധാന്തം പോലും ഊഹാപോഹങ്ങള്‍ക്ക് വിധേയമാണ്. ഒന്നോ ഒന്‍പതിനായിരം മനുഷ്യായുസുകള്‍ക്കോ ജീവികളിലെ പൂര്‍ണപരിണാമം സ്ഥിരീകരിക്കാന്‍ കഴിയില്ല.
ഇനി എന്റെ വിശ്വാസത്തെ പറ്റി:
ഞാന്‍ ദൈവ വിശ്വാസിയാണ്. ദൈവത്തിന്റെ സാമിപ്യം ഞാന്‍ അറിയുന്നു. അതെങ്ങനെയെന്ന് വ്യക്തമാക്കാന്‍ എനിക്കറിയില്ല. എന്റെ പരിമിതമായ അറിവുകള്‍ ,അനുഭവങ്ങള്‍ ദൈവമുണ്ടെന്ന് വിശ്വസിക്കാന്‍ തന്നെയാണ് എന്നെ പ്രേരിപ്പിക്കുന്നത്. ഞാന്‍ വിശ്വസിക്കുന്ന ദൈവം എല്ലാ മതവിശ്വാസികളെയും അവിശ്വാസികളെയും സ്യഷ്ടിക്കുകയും പരിപാലിക്കുകയും ചെയുന്നുവെന്നാണ് എന്റെ വിശ്വാസം. ആ ദൈവത്തെ ബഹുമാനിക്കുന്നതുപോലെ അവന്റെ സ്യഷ്ടികളായ എല്ലാവരെയും ബഹുമാനിക്കുന്നു.
ഞാന്‍ ഇവിടെ പങ്കു വച്ചത് എന്റെ ചിന്തകള്‍ മാത്രമാണ്. എല്ലാവരും ഇങ്ങനെ തന്നെ ചിന്തിക്കണമെന്ന് എനിക്ക് അഭിപ്രായമില്ല.