Saturday, November 19, 2016

ഒരു കൊച്ചു കേസ് ഡയറി

“തീരെ അനക്കമില്ലെന്നു തോന്നുന്നു”
സൈര അതിനെ സൂക്ഷിച്ചു നോക്കി.
മരിച്ചുവന്നു തോന്നുന്നു. അവള്‍ കുറച്ചു നേരം കൂടി അതിനെ നോക്കിയിരുന്നു.
അപ്പച്ചന്‍ മരിച്ചതുപോലെ ഇതും മരിച്ചിരിക്കുന്നു.

എന്നാലും അപ്പച്ചന്‍ എന്തിനായിരിക്കും മരിച്ചത്?  പപ്പയുടെ  നെഞ്ചില്‍ തലവച്ചു കിടന്നു അവള്‍  ഇന്നലെയും ചോദിച്ചിരുന്നു..

“നമ്മള്‍ എല്ലാവരും  ഒരിക്കല്‍ മരിക്കും………….എലിയും പല്ലിയും പാറ്റയും എല്ലാം.

“മരിച്ച അപ്പച്ചനെ എന്തിനാ പപ്പാ കല്ലറയില്‍  വച്ചത്?  അപ്പച്ചനെ കല്ലറയില്‍ വച്ചിട്ട് നമ്മളെല്ലാം ഇങ്ങു വന്നില്ലേ? പാവം അപ്പച്ചന്‍ കണ്ണ് തുറക്കുമ്പോള്‍ വിശക്കില്ലേ? ആരാ അതിനുള്ളില്‍ ചോറു കൊണ്ടു കൊടുക്കുക.?

മോളെ അപ്പച്ചന്‍ ദൈവത്തിന്റെ അടുത്തേക്കാ പോയിരിക്കുന്നത്. അവിടെ ആര്‍ക്കും വിശപ്പുണ്ടാവില്ല.

അവള്‍ക്കൊന്നും മനസിലായിരുന്നില്ല . കഴിഞ്ഞ ദിവസമാണ് സൈര ,  പപ്പയോടും മമ്മിയോടൊപ്പം നാട്ടില്‍ നിന്നുമേത്തിയത്. ഇത്തവണ തീരെ പ്രതീക്ഷിക്കാതെയാണ് നാട്ടില്‍ പോയത്.
സൈര ഓര്‍ക്കുന്നു. അന്ന് സ്കൂളില്‍ നിന്നും പപ്പയാണ്‌ വിളിച്ചു കൊണ്ടു വന്നത്. വന്നയുടന്‍ ഡ്രസ്സ്‌ മാറി എയര്‍പോര്ട്ടിലേക്ക്  പോകുകയായിരുന്നു. യാത്രയിലോന്നും പപ്പയും മമ്മിയും സംസാരിച്ചതു പോലുമില്ല.
നാട്ടിലെ വീട്ടില്‍  നല്ല ആള്‍ക്കൂട്ടമുണ്ടായിരുന്നു. അപ്പച്ചനെ ഒരു പെട്ടിയില്‍ കിടത്തി,കുറേ പേര്‍ ചേര്‍ന്നു താങ്ങിയെടുത്ത് ചര്‍ച്ചിലേക്ക്  കൊണ്ട് പോയി. അപ്പോഴും അപ്പച്ചന്‍ കണ്ണുകള്‍ അടച്ച് നല്ല ഉറക്കമായിരുന്നു. അമ്മച്ചി കരയുന്നുണ്ടായിരുന്നു, പപ്പയും ശബ്ദമില്ലാതെ കരയുന്നു.
ഒടുവില്‍ അപ്പച്ചനെ എല്ലാവരും ചേര്‍ന്ന് കല്ലറയിലാക്കി പ്രാര്‍ഥിച്ചു തിരികെ പോന്നു. കല്ലറയില്‍ നിന്നും അപ്പച്ചന്‍ ദൈവത്തിന്റെ അടുത്തേക്ക് പോയി .

പാവം പാറ്റ, ഇതിനെയും ദൈവത്തിന്റെ അടുത്തെത്തിക്കണം. സൈര മനസിലുറപ്പിച്ചു. അവിടെ ചെന്നാല്‍ , ഇവള്‍ക്ക് അപ്പച്ചനെക്കാണാന്‍  പറ്റുമോ?

“ഹാ  സുരേഷ് ...ഞാന്‍ ഇന്നലെ എത്തി,       ഇന്നലെ വൈകിട്ട്”
പപ്പയുടെ  ഫോണ്‍ വിളി  അവള്‍ കാതോര്‍ത്തു.

“ പാര്‍ക്കിലോ?   ഇല്ലടാ … ഒരു മൂടില്ല., വേണ്ട ഞങ്ങളില്ല.”

ഇല്ല  പ്രത്യേകിച്ച്  പ്രോഗ്രാമോന്നുമില്ല… പക്ഷേ..

ഇനിയോരിക്കലാകട്ടെ….?

അതല്ലടാ..

മതി നിര്‍ത്ത്...ശരി.. ഞങ്ങള്‍ വരാം.

ഞാന്‍  അവളോട്‌  .. ചോദിക്കട്ടെ?

എവിടാ?  ഏതു  പാര്‍ക്കില്‍

ഓകെ ..ശരി ………..വരാന്നു പറഞ്ഞില്ലേ?

ഫോണ്‍ കട്ട് ചെയ്ത്  , കിച്ചനിലേക്ക് നോക്കി മമ്മിയോട്  സംസാരിക്കുന്നു.

സോനാ … ഡീ , സുരേഷ്  വിളിച്ചു .. ഇന്ന് വൈകിട്ട് അവരുടെ കൂടെ പാര്‍ക്കില്‍ കൂടണമെന്ന്. ശ്രീക്കുട്ടന്റെ ബര്‍ത്ത് ടെ അവിടെ ആഘോഷിക്കാമെന്ന്.
അമ്മയുടെ അനക്കമില്ല….

“എടീ .. സോനാ , നിന്നോടാണ്  ഞാന്‍ സംസാരിക്കുന്നത്.” അച്ഛന്‍ വീണ്ടും .

കേട്ടിച്ചായാ…. ഞാനിവിടെ  കിച്ചന്‍ വ്യത്തിയാക്കുകയാ… ഏഴു ദിവസം കൊണ്ട് ഇവിടെ പാറ്റ കയറി, നശിപ്പിച്ചു.


ശ്രീക്കുട്ടന്‍  നല്ല സന്തോഷത്തിലായിരുന്നു. സൈരയ്ക്ക് അവന്റെ റോബോട്ട് കാര്‍ കൊടുത്തിട്ടു  അവനോടൊപ്പം കാര്‍റെയ്സിംഗ്  കളിയ്ക്കാന്‍ അവളോടു ആവശ്യപ്പെടുന്നു. അവള്‍ക്ക് അതിനു താല്‍പ്പര്യമില്ലായിരുന്നു. ചേട്ടന്‍ ഹരിക്കുട്ടനു പോലും കൊടുക്കാത്ത റോബോട്ട് കാര്‍ , സൈരയ്ക്ക്  കൊടുത്തിട്ടും  അവള്‍ വരാത്തതില്‍ അവനു വിഷമം തോന്നി.
സൈരയും ശ്രീകുട്ടനും തുല്യ പ്രായക്കാരാണ്. അവള്‍ അവനെ  സൈരമോളേ യെന്നേവിളിക്കൂ. എല്ലാവരും അത് കേള്‍ക്കുമ്പോള്‍ ചിരിക്കും.

സൈരമോളെ വാ നമുക്ക് , ചേട്ടനെ   തോല്‍പ്പിക്കാം, ദൂരെ മാറിനിന്ന  അവളെ   അവന്‍ വീണ്ടും വിളിച്ചു.

അവളുടെ കൈയ്യില്‍ പിടിച്ചു വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് അവളുടെ കൈയിലെ, പ്ലാസ്റിക് ബോക്സ് കാണുന്നത്.

എന്താ സൈര മോളേ ഇത്?

പാവം ഒരു പാറ്റ … ഇത് മരിച്ചു പോയി  ശ്രീകുട്ടാ

അവള്‍ ആ ബോക്സ്‌ തുറന്നു കാണിച്ചു.

നീ  ഇതിനെ എന്ത് ചെയ്യാന്‍ പോകുന്നു? അവന്‍ ആകാംക്ഷയോടെ അതിനെ നോക്കി.

എനിക്കിതിനെ ദൈവത്തിന്റെ അടുത്ത് എത്തിക്കണം. അവിടെ എന്റെ അപ്പച്ചനുണ്ട്.

ദൈവത്തിന്റെ അടുത്തോ , അതങ്ങു ആകാശത്തല്ലേ?

അല്ല ശ്രീകുട്ടാ …. ദേ ഇവിടെ മണ്ണില്‍  കല്ലറയുണ്ടാക്കി, കുരിശു വച്ചാ മതി. ഇത് ദൈവത്തിന്റെ  അടുതെത്തിക്കോളും.

ആര് പറഞ്ഞ്?

ഞാന്‍ കണ്ടതല്ലേ? എന്റെ അപ്പച്ചന്‍  അങ്ങനാ ദൈവത്തിന്റെ  അടുത്തെത്തിയത്‌. നീ അവിടെ ഒരു കുഴിയുണ്ടാക്ക് , ഞാന്‍ പ്രാര്‍ഥിക്കട്ടെ .

അവള്‍ ആ പെട്ടിക്കു നേരെ നിന്ന് കണ്ണടച്ച് പ്രാര്‍ഥിച്ചു. പോക്കറ്റില്‍ നിന്നു ഒരു നെല്ലിക്ക എടുത്തു പെട്ടിയില്‍ വച്ചു.

എന്തിനാ ഈ നെല്ലിക്ക ? ശ്രീകുട്ടന്‍ ചോദിച്ചു.

അവിടെ എന്റെ അപ്പച്ചനില്ലേ?  അപ്പച്ചന് നെല്ലിക്കാ വലിയ ഇഷ്ടാ..

ഡാ ശ്രീ , നിന്നെ അച്ഛന്‍ വിളിക്കുന്നു …  
ദൂരെ നിന്നും ഹരിക്കുട്ടന്റെ വിളി കേട്ട് അവര്‍ തിരിഞ്ഞു നോക്കി.

സൈരമോളേ നമുക്ക്  പോയാലോ?

വേണ്ട …. നീ പൊയ്ക്കോ. ഞാന്‍ ഇതിനെ കല്ലറയിലാക്കിയിട്ടു വരാം.

“ഇല്ല...ഞാനും നിന്റെ കൂടെ പോകൂ...  വേഗം ആകട്ടെ”
ശ്രീകുട്ടന്‍  തറയില്‍ വീണ്ടും ഇരുന്നു.

മെല്ലെ പെട്ടി കുഴിയില്‍ വച്ചു , വീണ്ടും പ്രാര്‍ഥന . പിന്നെ മണ്ണ് മൂടുന്നു. മണ്ണ് മൂടാന്‍ ശ്രീകുട്ടന്‍ സഹായിച്ചപ്പോള്‍ , “വേണ്ട ശ്രീ  നിനക്കറിയില്ല” എന്ന് പറഞ്ഞു അവള്‍ അവനെ മാറി നിറുത്തി.

ഒടുവില്‍ മണ്ണ് കൊണ്ട് കല്ലറയ്ക്ക് ഭംഗിയുള്ള രൂപം കടഞ്ഞെടുത്തു. അവള്ടെ കൊന്തയില്‍ നിന്നും  അടര്ത്തിമാതടിയ ഒരു കുരിശു നാട്ടി വച്ചു.


ഡിര്‍ര്‍ര്‍…...ഡീര്‍ര്‍ര്‍…..ദൂരെ നിന്നും  ഹരിയുടെ വണ്ടി പാഞ്ഞു വരുന്നു. ഇടയ്ക്ക് ഇന്‍ജന്‍റെ  ശബ്ദം മാറി പോലീസ് വാഹനത്തിന്റെ അലാറമാകുന്നുണ്ട്. പോലിസ വണ്ടി, സഡന്‍ ബ്രേക്കിടുന്ന ശബ്ദം പുറപ്പെടുവിച്ചു കൊണ്ട്  അവരുടെ ഇടയില്‍ മണ്ണ് ചിതറി തെറിപ്പിച്ചു നിന്നു.  കുരിശു തെറിച്ചു ദൂരേക്ക്‌ വീണു.

ഹും   കയറൂ... രണ്ടിനെയും … അറസ്റ്റ് ചെയ്തിരിക്കുന്നു.  

സൈര നിലവിളിച്ചു  കരഞ്ഞു…

ഉന്നതങ്ങളില്‍ നിന്നും ഓര്‍ഡര്‍ വാങ്ങാത്ത ഒരു അറസ്റ്റ്വാറണ്ട് ആയിരുന്നു അത്. അറസ്റ്റ് എന്തിനായിരുന്നുവെന്ന് പോലീസിനെതിരെ വിസ്താരം  നടന്നു.  
തുടര്‍ന്നു പോലീസിനു  ശിക്ഷ വാങ്ങിയ ഒരു കേസായി മാറി അത് .


Thursday, April 21, 2016

ട്രാഫിക്കിലെ കളികൾ

രാവിലെ 7. 30 നു മീറ്റിംഗ്‌ ഉറപ്പിച്ചപ്പോൾ തന്നെ കരുതിയതാണ്, “നടന്നതു തന്നെ." ഷാർജയിലെ മുഴുനീളൻ ട്രാഫിക്‌ കടന്നു  ഞാൻ ദുബായിലെ സൈറ്റിലെത്തണമെങ്കിൽ  ഒരു 6 മണിക്കെങ്കിലും ഫ്ലാറ്റിൽ നിന്നും ഇറങ്ങണം. രാവിലെ മാത്രം കിട്ടുന്ന ഒരുതരം ഉറക്കമുണ്ടല്ലോ അത്‌ വിട്ടുകളയാനുള്ള മടി ഉണ്ടായിരുന്നിട്ടും ഞാൻ ക്യത്യം 5.50നു അലാറം സ്റ്റോപ്പ്‌ ചെയ്ത്‌ എഴുന്നേറ്റതാണു. അത്യാവശ്യം പ്രഭാത ക്യത്യങ്ങൾ നിർവ്വഹിച്ച്‌ ഭാര്യ ഉണ്ടാക്കിയ ദോശയും കടിച്ചു നോക്കിയിട്ടു , ചായയുടെ രണ്ടു കവിൾ അകത്താക്കി വണ്ടി സ്റ്റാർട്ട്‌ ചെയതപ്പോൾ സമയം 6: 20.


എന്നെ പ്രതീക്ഷിച്ചിരുന്ന ട്രാഫിക് ജാമിലേക്ക്    എത്തിച്ചേരാൻ അധികസമയമെടുത്തില്ല. താമസിക്കാതെ തന്നെ ബ്രേക്ക്‌-ആക്‌സിലേറ്റർ-ബ്രേക്ക്‌ എന്ന ചവിട്ടു നാടകത്തിന്റെ  താളം കണ്ടെത്തി. പൊതുവെ എനിക്കിഷ്ടം രണ്ടാമാത്തെ ലൈനിൽ ഡ്രൈവ്‌ ചെയ്യാനാണു.ഇത്തവണയും അത് തന്നെ തിരഞ്ഞെടുത്തു. FM റേഡിയോയിൽ വാർത്ത കഴിഞ്ഞു , ബ്രേക്ക്‌ ഫാസ്റ്റ്‌ ക്ലബ്‌ എന്ന പരിപാടി തുടങ്ങി. അർഫാസിന്റെയും നൈലയുടെയും പതിവ്‌ കത്തിയടി കേട്ടുകൊണ്ട് ഞാന്‍ വണ്ടി മുമ്പോട്ട്‌ “തെളിച്ചു”. അവര്‍ ഉന്നയിച്ച പസില്‍ (കടുങ്കഥ) യ്ക്ക് ഉത്തരം തേടിയ എന്റെ മനസിനെ  തിരിച്ചു വിളിച്ചത്.  ഒരു കാറിന്റെ തുടരെയുള്ള ഹോണ്‍ ശബ്ദമായിരുന്നു.


ഞാന്‍ മുന്നോട്ടു നോക്കി. എന്റെ വലതു ലൈനില്‍ അല്പം മുന്നിലായുള്ള ഒരു ചുവന്ന  കാറായിരുന്നു ഹോണ്‍ മുഴക്കിയത്.  അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന സുമുഖനു , കാര്‍ എന്റെ ലൈനിൽ കുത്തികയറ്റണം. എന്നാൽ എനിക്ക് മുന്നിലുള്ള corolla കാറു കാരൻ അതിനു സമ്മതിക്കുന്നില്ല . അതിലുള്ള പ്രതിഷേധ സ്വരമായിരുന്നു ആ ഹോൺ ശബ്ദം. ഞങ്ങൾ ദുബായിൽ വാഹനമോടിക്കുന്നവർ ഇങ്ങിനെയാണു.  മറ്റു ഡ്രൈ വർമാരോട് സംവദിക്കുന്നത് പലപ്പോഴും. ഇങ്ങനെ ഹോൺ മുഴകിയാണ്. ചിലപ്പോൾ  വമ്പ ൻ തെറികൾ, മുതൽ   തന്തയ്ക്കു വിളി, വരെ ഹോൺ ശബ്ദത്തിലൂടെയാവും കൈമാറുന്നത് .
പക്ഷേ ആ ഹോൺ ശബ്ദത്തിലും കൊറോള ക്കാരാൻ കുലുങ്ങിയില്ല. ലൈനിലേക്ക് കുത്തികയറ്റാനുള്ള മറ്റൊരു ശ്രമവും അയാള്  തന്ത്രപൂര്വ്വം വിഫലമാക്കി.


ഞാൻ ട്രാഫികിന്റെ  താളം വിട്ട് , എന്റെ കാർ  അല്പം കൂടി സ്ലോവാക്കി,എന്റെ മുമ്പിൽ  ഒരു ഗ്യാപ്  സൃഷ്ടി ച്ചു. എന്നാൽ മറ്റേയാൾക്കു  എന്റെ മുന്നിലുള്ള ഗ്യാപിലേക്ക് കയറാൻ താല്പര്യമില്ലായിരുന്നു.  വിണ്ടും അയാള് കൊറോളക്കാരന്റെ മുന്നിലേക്ക്‌ കയറാൻ തന്നെ ശ്രമിച്ചു പരാജയപ്പെട്ടു . ആ സമയത്ത് ട്രാഫികിൽ ഉണ്ടായ ഒരു മുന്നേറ്റം  കാരണം കോറോളക്കാരൻ  അല്പം കൂടുതൽ മുന്നോട്ടു പോവുകയും,  ദുരഭിമാനിയുടെ കാർ  എന്റെ നേരെ  സൈഡിൽ എത്തുകയും ചെയ്തു. ഞാൻ അദ്ദേഹത്തെ എനിക്കു മുമ്പിലുള്ള  ഗ്യാപിലേക്ക് വിനയപൂർവ്വം  ക്ഷണിച്ചുകൊണ്ടു ആഗ്യം കാണിച്ചു .


ഒടുവിൽ മനസില്ലാ മനസോടെ എന്റെ ക്ഷണം അയാള് സ്വീകരിച്ചു. നല്ല ഒരു രസികൻ  കാറായിരുന്നു അത്. തീർച്ചയായും ആ മോഡൽ  ഡിസൈൻ ചെയ്തവൻ ഒരു “വഷളൻ “ ആയിരുന്നിരിക്കും. അല്ലെങ്കിൽ പിന്നെ കാറിന്റെ ബാക്ക് ഇങ്ങനെയൊക്കെ ഡിസെൻ ചെയ്യുമോ? ഞാൻ എന്റെ മാന്യത വിടാതെ വാഹന സുരക്ഷയെ ഓർത്തു മാത്രം അതിന്റെ ബാക്ക് ശ്രദ്ധിച്ചു സസൂഷ്മം  ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു. പെട്ടെന്ന് എന്റെ മുമ്പിലെ ദുരഭിമാനിയ്ക്ക് വീണ്ടും അക്കരപ്പച്ച  തോന്നി, അയാൾ വലതു ലൈനിലേക്ക് ഒരു ടേൺ  നടത്തി.
ഇത്തവണ അയാൾക്ക്‌ എതിരാളി ആയി കിട്ടിയതു ഒരു പജീറോ ക്കാരനായിരുന്നു. പ്രതിരോധത്തിൽ അയാള് മുന്പ് കണ്ട കൊറോളക്കാരന്റെ  ചേട്ടനായിരിക്കണം . വളരെ തന്ത്രപൂര്വ്വം അയാളുടെ  ശ്രമം  വിഫലമാക്കി. ഒടുവിൽ പജീറോ യുടെ പിന്നിൽ അയാൾ കയറിപ്പറ്റി . വീണ്ടും വിരസമായ ട്രാഫിക് നിമിഷങ്ങൾ കടന്നു പോയി. ഇതിനിടയിൽ ഞാൻ പതിവ് തടസവാദങ്ങൾ പറഞ്ഞു മീറ്റിംഗിലെത്തുവാൻ താമസിക്കുമെന്ന് മെസേജ് അയച്ചു.


ട്രാഫികിനു അല്പ്പം ജീവൻ വച്ചു.  20-30 സ്പീഡിലേയ്ക്കു വാഹനങ്ങൾ നീങ്ങുവാൻ തുടങ്ങി.റേഡിയോയിലെ  “സുന്ദരിപ്പെണ്ണേ…..” ഗാനം  വണ്ടിയിൽ നിറഞ്ഞു .പക്ഷേ അധികം താമസിച്ചില്ല അതാ മറ്റൊരു ട്രാഫിക്. എന്റെ ലൈനിൽ കടന്നു വന്നു.  5-6 വാഹനങ്ങൾക്ക് മുമ്പായി ഏതോ  ആക്സിഡന്റാവണം. ഈ ലൈനിലെ വാഹനങ്ങൾ ഒന്നും അനങ്ങുന്നില്ല. വലതു ഭാഗത്ത് വാഹനങ്ങൾ  പോകുന്നുണ്ട്. ഞാൻ പതുക്കെ വലതു ഭാഗത്തേക്കു വണ്ടി തിരിച്ചു. അതാ എന്റെ അടുത്ത് വന്നു ഒരു ചുവന്ന കാര് ഹോൺ മുഴക്കുന്നു. ഞാൻ അതിലെ ഡ്രൈവിംഗ് സീറ്റിലേക്കു കണ്ണോടിച്ചു.  മുന്പ് കണ്ട  “ അഭിമാനി “ തന്നെയായിരുന്നു അത്.
അയാളുടെ അപ്പന് ദുബായ് സര്ക്കാര് പതിച്ചു നല്കിയ റോഡിൽ ഞാനെന്തിനാ അതിക്രമിച്ചു കയറിയത്  എന്നായിരുന്നു , ആ ഹോണിന്റെ അർത്ഥമെന്നു ഞാൻ മനസിലാക്കി. ഇത്തവണയും ഞാൻ അയാളോട് പൊയ്ക്കോളാൻ ആഗ്യം കാണിച്ചു. ഇത്തവണ എന്തോ എന്റെ മുഖത്ത് ആ പഴയ വിനയം ഉണ്ടായിരുന്നില്ല. അയാളുടെ പിന്നിൽ ഞാൻ വീണ്ടും തുടർന്നു .



Sunday, September 1, 2013

മാറേണ്ടത്.. ഇനി നമ്മള്‍ തന്നെ?



അടുത്തിടെ യു എ ഇയില്‍ അലൈനിലുള്ള അല്‍മറായിയുടെ ഫാം ഹൌസ് സന്ദര്‍ശിക്കാന്‍ പോയ ഒരു സംഘത്തോടൊപ്പം കൂടാന്‍ എനിക്കും എന്റെ കുടുംബത്തിനും  സന്ദര്‍ഭം ലഭിച്ചു. പശുക്കളെ ശാസ്ത്രീയമായി പരിചരിക്കുന്നതും അവയുടെ പാല്‍ കറന്നെടുത്ത് സംഭരിക്കുന്നതും കണ്ടു മനസിലാക്കാനുള്ള ഈ സന്ദര്‍ഭം ശരിക്കും അറിവിന്റെ ഒരു മുതല്‍ക്കൂട്ടായിരുന്നു. സന്ദര്‍ശനം കഴിഞ്ഞ് തിരികെ ബസില്‍ ഒരു ചര്‍ച്ച കയറിപ്പോള്‍ ഒരു ചര്‍ച്ച.  
ഈ ഫാം കണ്ടിട്ട് നമ്മുടെ നാട്ടില്‍ ഇതുപോലെ ഒരു ചെറിയ സംരഭം തുടങ്ങിയാല്‍ കൊള്ളാമെന്ന് ആര്‍ക്കെങ്കിലും തോന്നിയോ?

തികച്ചും സന്ദര്‍ഭോചിതമായ ആ ചര്‍ച്ചാവിഷയത്തിലേക്ക് ഞാനും ശ്രദ്ധ കേന്ദ്രീകരിച്ചു.
 
 
 
 

അങ്ങനെ ഒരു സംരഭത്തിന് ആഗ്രഹമുണ്ടെങ്കില്‍ അത് കേരളത്തില്‍ തുടങ്ങുക എന്നത് ആന മണ്ടത്തരമാണെന്നായിരുന്നു അവിടെ ഉണ്ടായിരുന്ന അഭിപ്രായപ്രകടനങ്ങളെല്ലാം.  കമ്മ്യൂണിസ്റ്റുകള്‍ ഉള്ള നമ്മുടെ മലയാള മണ്ണില്‍ ഒരു ബിസിനസിനും സാധ്യതയില്ല.സമരങ്ങളുടെയും ഹര്‍ത്താലുകളുടെയും നാട്ടില്‍ ബിസിനസോ? ഒരു ലൈസന്‍സ് അംഗീകരിച്ചെടുക്കണമെങ്കില്‍ തന്നെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പു തേയും. കൈക്കൂലി കൊടുത്ത് ഉദ്യോഗസ്ഥകൂട്ടങ്ങളുടെ ത്യപ്തിവരുത്താന്‍ തന്നെ മൂലധനം ഒരുപാട് ചിലവാകും.തൊഴിലാളി യൂണിയനുകളുടെ നോട്ടകൂലി. ഇങ്ങനെ ഒരുപാട് കാരണങ്ങളുമായി വരാന്‍ അവിടെ യുണ്ടായിരുന്ന പ്രവാസി സുഹ്യത്തുക്കള്‍ മത്സരിക്കുകയായിരുന്നു. മോഹന്‍ ലാലിന്റെ വരവേല്പ് സിനിമ തന്നെ എടുത്തുകാട്ടി ചിലര്‍.
 
 
 
ഇത്തരം അഭിപ്രായങ്ങള്‍ പത്രം ,സിനിമ, അഭിമുഖങ്ങള്‍ എന്നിവയിലൂടെ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളായി. തൊണ്ണൂറ് ശതമാനം മലയാളികള്‍ക്കും ഇതെല്ലാമറിയാം. എല്ലാവരും ഇത് പ്രതിവിധിയില്ലാത്ത വിഷയമായി തള്ളികളയുന്നു. വരുന്ന തലമുറയും മലയാളിയുടെ ഇത്തരം ശീലങ്ങളെ അതുപോലെ തന്നെ കൊണ്ടുപോയി അന്യസംസ്ഥാനങ്ങളില്‍ പ്രവാസമനുഷ്ടിക്കുന്ന തലമുറകള്‍ സ്യഷ്ടിക്കാന്‍ ശ്രമിക്കുകയാണു ചെയ്യാന്‍ പോകുന്നത്.
 
 
 
 
അസംത്യപ്തരായ തൊഴിലാളികള്‍ പണിയെടുക്കുന്ന ഏത് രാജ്യത്തെ തൊഴില്‍ ശാലകളിലും സമരങ്ങള്‍ ഉണ്ടാകാം, ഉണ്ടാകുന്നുമുണ്ട്. ഇവിടെ അത് പണിമുടക്കിനു പകരം കൂട്ട പിരിഞ്ഞുപോകലുകളായി മാറുന്നുവെന്ന വ്യത്യാസം മാത്രം.  പല തൊഴിലുടമകളും പരസ്യമായി അംഗീകരിക്കാന്‍ തയ്യാറായല്ലെങ്കിലും, അവര്‍ നേരിടുന്ന കാര്യം തന്നെയാണിത്. എന്നാല്‍ പിന്നീട് അവര്‍ ശമ്പള വര്‍ദ്ധനവു നടത്തി പുതിയ ആള്‍ക്കാരെ നിയമിക്കുന്നതും സര്‍വ്വസാധാരണമാണ്.തൊഴിലാളികളുടെ ജോലിയിലും ശമ്പളത്തിലുമുള്ള സുരക്ഷ, അതാത് ഗവണ്മെന്റുകള്‍ തന്നെ ഉറപ്പ് വരുത്തുന്നുണ്ട്. നമ്മുടെ നാട്ടില്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഉണ്ടായ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തെ ആര്‍ക്കും കമ്മ്യൂണിസ്റ്റുകളുടെ അനാവശ്യസമരം എന്ന് ദുര്‍വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല.
 
 
കേരളത്തിനെ അല്ലെങ്കില്‍ ഇന്ത്യയെ തന്നെ ബാധിച്ചിരിക്കുന്ന മറ്റൊരു പ്രശ്നമെന്ന് നാം പലപ്പോഴും അപലപിക്കാറുള്ളത് ഭരണസംവിധാനങ്ങളിലുള്ള കൈക്കൂലി  തന്നെയാണ്. ആധുനികലോകത്ത് കൈക്കൂലിക്കാരെ വകവരുത്തുവാന്‍ നൂതനമായ പല സംവിധാനങ്ങളുമുണ്ട്. അത് നടപ്പിലാക്കുവാന്‍ നമ്മുടെ ഗവണ്മെന്റുകള്‍ക്ക് കഴിയാത്തതാണ് നമ്മുടെ ഏറ്റവും വലിയ ബലഹീനത.  യു എ ഇ യില്‍ അടുത്ത കാലത്ത് നടപ്പിലാക്കിയതായി ഞാന്‍ കണ്ട രണ്ടു സംവിധാനങ്ങളാണ്‍ സി.സി ടിവിയും , ഇ ദിര്‍ഹവും. നമ്മുടെ സെക്രട്ടറി ഓഫീസിലുള്ള സിസിടിവി സംവിധാനം അടുത്തിടെ ചര്‍ച്ചാവിഷയമായത് ഓര്‍ക്കുമല്ലോ?  എന്തായാലും അത്തരമൊരു വിഷയത്തിന്റെ പേരിലെങ്കിലും ആ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചത് സ്വീകാര്യം തന്നെ. എല്ലാ ഓഫീസുകളിലും ഈ സംവിധാനം നടപ്പിലാക്കിയാല്‍ നമ്മുടെ ഉദ്യോഗസ്ഥന്മാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാം. സര്‍ക്കാര്‍  സര്‍വ്വീസിലേക്കുള്ള ഫീസുകള്‍  ക്യാഷ് അല്ലാതെ, ബാങ്കുകള്‍ വഴിയോ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ ആകുമ്പോള്‍ കൈക്കൂലി വിനിമയം ഒരു പരിധി വരെ തടയാം.
(കൂടാതെ റെസിപ്റ്റ്, ചെലാന്‍ തുടങ്ങിയ ഹാര്‍ഡ് ഡോക്യുമെന്റുകള്‍ ഒഴിവാക്കം).
 
 
 
ഇതുപോലെ  മറ്റൊരു  മാര്‍ഗ്ഗമാണ് ഓണ്‍ലയിന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള സംവിധാനങ്ങള്‍ എല്ലാ ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളിലും നടപ്പില്‍ വരുത്തുകയെന്നത്. അടുത്ത ചില കാലയളവിനുള്ളില്‍ ഇത് നടപ്പിലാകുമെന്നാണ് എനിക്ക് തോന്നുനത്.  ഇപ്പോള്‍ നമ്മുടെ പാസ്പോര്‍ട്ട് അപേക്ഷകള്‍ ഈ രീതിയിലാണ് പ്രോസസിങ് ചെയ്യപ്പെടുന്നത്.വിവിധ വകുപ്പുകളിലേക്ക് നാം സമര്‍പ്പിക്കുന്ന ഏത് അപേക്ഷകളും ഓരോ ഓണ്‍ലയിന്‍ ഫയലായ് മാറുകയും, അത് ഏത് നിമിഷവും ട്രാക്ക് ചെയ്യാ‍ന്‍ കഴിയുകയും ചെയ്യുമ്പോള്‍  , നമ്മുടെ ഭരണസംവിധാനം മുഖ്യന്‍ പറയുന്നപോലെ സുതാര്യമാകും.
പിന്നെ ജനസമ്പര്‍ക്കമില്ലാതെ നമ്മുടെ മുഖ്യന്മാര്‍ക്ക് സ്വന്തം ഓഫിസില്‍ ഇരുന്നുകൊണ്ട് തന്നെ കാലങ്ങളായി അനങ്ങാതെ കിടക്കുന്ന ഫയലുകള്‍ ഒരൊറ്റ ബട്ടണ്‍ അമര്‍ത്തി കണ്ടെത്താനും, അത് എന്ത് കൊണ്ട് അല്ലെങ്കില്‍  ആരുടെ അനാസ്ഥകൊണ്ട്  താമസിക്കുന്നുവെന്നും അറിയാനും, താല്‍പ്പര്യമുണ്ടെങ്കില്‍ ഒരൊറ്റദിവസം കൊണ്ട് തീര്‍പ്പു കല്‍പ്പിക്കാനും കഴിയും.
“വിശദമായി അന്വേഷിക്കട്ടെ അതെന്താണെന്ന് ഞാന്‍ പഠിച്ചിട്ട് അറിയിക്കാമെന്ന” പൊതുപല്ലവി ഒഴിവാക്കാം.
 
 
 
നോക്ക് കൂലി വാങ്ങുന്ന യൂണിയനുകള്‍  ഈ കാലഘട്ടത്തില്‍ ഒറ്റപ്പെട്ട് കൊണ്ടിരിക്കുകയാണ്. അവരുടെ ചെയ്തികളെ ഒറ്റക്കെട്ടായി നേരിടാനും ഇന്ന് വഴിയുണ്ട്. അത്തരം തടസങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍, അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ക്ഴിയുമെങ്കില്‍ ചിത്രം സഹിതം പൊതുസമൂഹത്തില്‍ തുറന്നുകാട്ടുക. അതിന് മീഡിയകള്‍ അല്ലെങ്കില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുക. തീര്‍ച്ചയായും നിങ്ങളെ സഹായിക്കുന്ന യുവസമൂഹം ഉയര്‍ന്നുവരും ഫലമുണ്ടാകും
നമ്മള്‍ പറഞ്ഞു തുടങ്ങിയ വിഷയം വ്യവസായ സംരഭങ്ങള്‍ തുടങ്ങാനുള്ള നൂലാമാലകിലുള്ള അത്യപ്തിയെപ്പറ്റി ആയിരുന്നുവല്ലോ?  അത്തരം അഭിപ്രായങ്ങളില്‍ ഇനിയും ചടഞ്ഞിരിക്കേണ്ട ആവശ്യമില്ല പ്രതീക്ഷകള്‍ക്ക് വകയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പുതിയ  സംരഭങ്ങള്‍ തുടങ്ങുമ്പോള്‍ അതെങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വ്യക്തമായ പ്ലാനിങ്ങുണ്ടാവണം. അതില്‍ ഒരു പരിധിവരെയെങ്കിലും സംത്യപ്തരായ തൊഴിലാളികള്‍,പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം.  മാലിന്യമെങ്ങനെ സംസ്ക്കരിക്കണമെന്ന് പ്ലാനിങ്ങില്ലാതെ ഒരു സംരഭം തുടങ്ങിയിട്ട് അത് പിന്നീട് പൊതുസമൂഹത്തില്‍ പ്രശ്നങ്ങള്‍ സ്യഷ്ടിക്കുമ്പോള്‍ അതിനെ കമ്മ്യൂണിസ്റ്റുകള്‍  ഒന്നും അനുവദിക്കുന്നില്ല എന്ന് വ്യാഖാനിക്കുന്നവരും വിരളമല്ല നമ്മുടെ കേരളത്തില്‍.
 
 
 
 
 

Thursday, January 6, 2011

കൈവിട്ട കല്ലുകള്‍...

മതിലിനു പുറത്തേയ്ക്ക് നീണ്ടു കിടക്കുന്നശിഖരങ്ങളില്‍ തൂങ്ങി നില്‍ക്കുന്ന മാങ്ങകള്‍ തന്നെ മാടിവിളിക്കുന്നതുപോലെ അനൂപിനു തോന്നി. മതിലിനപ്പുറത്ത് പലപ്പോഴും മുഴക്കത്തോടെ കുരയ്ക്കുന്ന ഉപരിവര്‍ഗ്ഗക്കാരായ നായ് ക്കളുടെ ശബ്ദം കേട്ടിട്ടുണ്ട്. ഈ മതില്‍ക്കെട്ട് ചെന്നവസാനിക്കുന്നത് ഒരു വലിയ ഗേറ്റിനു മുന്നിലേക്കാണ്. ഗേറ്റിനുള്ളിലൂടെ പൂന്തോട്ടവും അതിനു പിന്നിലെ സുന്ദരമായ ബംഗ്ലാവും കാണാം. ആറേഴുകൊല്ലമായി ഈ റോഡിലൂടെയാണ് സ്കൂളില്‍ പോയിവരുന്നതെങ്കിലും അവിടെ ആരാണ് താമസിക്കുന്നതെന്ന് ഇതുവരെ കണ്ടിട്ടില്ല.

വളരെനാളുകളായി ഈ മുഴുത്ത മാങ്ങകള്‍ അനൂപിനെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇന്നലെ നീതുമോളും പറയുന്നതുകേട്ടു “ആ മാങ്ങകളിലൊന്ന് കിട്ടിയിരുന്നെങ്കില്‍ ......?” അപ്പോള്‍ തോന്നിയതാണ് തന്റെ പിഴയ്ക്കാത്ത ഉന്നമൊന്ന് അവള്‍ക്ക് കാട്ടികൊടുത്താലോയെന്ന്. കശുവണ്ടിഫാക്ടറിയില്‍ നിന്നും തൊഴിലാളികള്‍ ജോലി കഴിഞ്ഞ് പോകുന്ന സമയമായിരുന്നു. അവരിലാരെങ്കിലുംകണ്ടാല്‍ വഴക്ക് പറയാനുള്ള സാധ്യത കണക്കിലെടുത്ത് അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് സ്കൂള്‍ നേരത്തേ വിട്ടതാണ്. നീതുമോള്‍ക്ക് എക്സ്ട്രാ ക്ലാസ് ഉള്ളതു കാരണംഅവളൊപ്പമില്ല. അവള്‍ വരുമ്പോഴേക്കും ആ മാങ്ങകള്‍ എറിഞ്ഞു വീഴ്ത്തണം. ഒരെണ്ണം അവള്‍ക്ക് സമ്മാനിച്ചാല്‍ അവള്‍ക്ക് എന്നോടുള്ള മതിപ്പ് കൂടും. .

ഒരു നല്ല “ചീളന്‍ “ കല്ലു തന്നെ കയ്യിലെടുത്തു. ആദ്യത്തേ ഏറ് ഉന്നം തെറ്റി. മാങ്കുലകള്‍ക്കടുത്തുകൂടി മതിലനപ്പുറത്തെവിടെയോ ചെന്നു പതിച്ചു.
എന്തോ ശബ്ദം കേട്ടോ? അല്പ നേരം കാതു കൂര്‍പ്പിച്ചു നിന്നു.
ഇല്ല ഈ വഴി വിജനമാണ്. പോരാത്തതിന് മഴക്കാറിന്റെ ഇരുട്ടും.
അനൂപ് അടുത്ത കല്ല് തിരഞ്ഞെടുത്തു. ഇത്തവണ ഉന്നം തെറ്റിയില്ല.
രണ്ടോ മൂന്നോ മാങ്ങകള്‍ ഞെടുപ്പറ്റു വീണു.
പക്ഷെ ഒരെണ്ണം മാത്രമേ മതിലിനു പുറത്ത് റോഡിലേക്ക് വീണുള്ളൂ. മറ്റുള്ളവ മതിലില്‍ തട്ടി ഉള്ളിലേക്കാണ് വീണത്.
മതിലില്‍ കയറി നോക്കിയാലോ? റോഡില്‍ ആരും വരുന്നില്ലെന്ന് ഒന്നു കൂടി ഉറപ്പ് വരുത്തിയിട്ട് അനൂപ് മതിലേക്ക് ചാടികയറി.
മുകളിലെത്തിയിട്ട് മാങ്ങകള്‍ക്കായി കണ്ണുകള്‍ താഴേക്ക് പരതി.
അവിടെയതാ ഒരാള്‍ രക്തം വാര്‍ന്നൊലിച്ചു മാവിന്റെ ചുവട്ടില്‍. മുഖമാകെ ചോരയൊലിച്ചിരിക്കുന്നു. അയാള്‍ കൈകള്‍ കൊണ്ട് നെറ്റിയില്‍ പൊത്തിയിട്ടുണ്ട്. മരച്ചുവട്ടില്‍ തളര്‍ന്നിരിക്കുകയാണെന്നു തോന്നി .കൈകളിലൂടെയും രക്തം വാര്‍ന്നൊഴുകുന്നു. ഇനി ഇവിടെ നിന്നാല്‍ അപകടമാണ്. അനൂപ് തിരിച്ചു റോഡിലേക്ക് ചാടി. പിന്നെ നിര്‍ത്താതെ ഓട്ടമായിരുന്നു. .

വീട്ടിലെത്തിയിട്ടും അനൂപിന് ആശ്വാസമായില്ല. കിണറ്റില്‍ നിന്ന് വെള്ളം കോരി മുഖത്തേയ്ക്കൊഴിച്ചു. തിരികെ വീട്ടിലേക്ക് കടക്കുമ്പോഴും അവന്റെ അസ്വഭാവികമായ വേഗത കണ്ട് അമ്മ പരിഭവിച്ചു.
“പതുക്കെ പോടാ. വെട്ടിവിഴുങ്ങിയിട്ട് പോയി കുരുത്തം കെട്ടവന്മാരുടെ കൂടെ തിമിര്‍ക്കാനല്ലേ?”

‍ വിളമ്പിയ ആഹാരം കഴിക്കാന്‍ കഴിഞ്ഞില്ല.മനസിലെ ഭയം വിട്ടുമാറുന്നില്ല.

സന്ധ്യയ്ക്ക് ഉമ്മറത്തു അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി നടക്കുന്ന അനൂപിനെ കണ്ട് അമ്മ വീണ്ടും മുറുമുറുക്കുന്നുണ്ടായിരുന്നു.
രാത്രി പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴും അവന്റെ മുന്‍പില്‍ ചോരയില്‍ കുളിച്ച ആളിന്റെ രൂപമായിരുന്നു.
അയാള്‍ക്കെന്തെങ്കിലും സംഭവിച്ചു കാണുമോ? ഒരുപാട് ചോര വാര്‍ന്നൊലിച്ച് ഒരു പക്ഷെ അയാള്‍ മരിച്ചിട്ടുണ്ടാവുമോ? ആ സമയത്ത് അയാളെ ആശുപത്രിയിലെത്തിക്കാന്‍ മറ്റാരെങ്കിലുംഅവിടെ എത്തിയിട്ടുണ്ടായാല്‍ മതിയാരുന്നു? ആരും വന്നിട്ടില്ലെങ്കില്‍ അയാള്‍? തുടങ്ങിയ നൂറ് നൂറ് ചോദ്യങ്ങള്‍ ആ മനസിലേക്ക് തികട്ടി വന്നു.
കിടക്കയിലെ തലയിണയിലേക്ക് മുഖം താഴ്ത്തി കിടന്നിട്ടും അവന്റെ മനസില്‍ നിന്നും രകതം വാര്‍ന്നൊലിക്കുന്ന ആളിന്റെ രൂപം മാറിയില്ല.
ഒരു പക്ഷെ അയാള്‍ മരിച്ചിട്ടുണ്ടെങ്കില്‍ നാളെ പോലീസ് അന്വേഷണമുണ്ടാകില്ലേ? പോലീസ് അന്വേഷിച്ച് തന്നെ കണ്ടെത്തിയാല്‍? അച്ഛനും അമ്മയ്ക്കും ഞാനൊരു കൊലയാളിയായതു സഹിക്കാനാവുമോ?

“ഒടുവില്‍ പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കൊലയാളി ഏഴാം ക്ലാസുകാരന്‍. ” ഇങ്ങനെ ഒരു പത്രവാര്‍ത്ത എന്റെ പേരിനൊപ്പം വായിക്കുമ്പോള്‍ കൂട്ടുകാര്‍ എന്താണ് വിചാരിക്കുക?”
നീതുമോളുടെ വീടിന് മുന്നിലൂടെയാണ് തന്റെ വീട്ടിലേക്കുള്ള ഈടു വഴി. അതിലൂടെ എന്റെ കൈയ്യില്‍ വിലങ്ങ് വച്ച് കൊണ്ടുപോകുമ്പോള്‍ അവള്‍ കാണുമോ? അങ്ങനെ ഒരു നിമിഷത്തിലും ഭേദം മരിക്കുന്നതാണ്.

മതിലില്‍ നിന്ന് പിന്തിരിഞ്ഞു ചാടി ഓടണ്ടായിരുന്നു. അയാളെ താങ്ങിയെടുത്ത് ബംഗ്ലാവിലെത്തിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ രക്ഷപെടുത്താമായിരുന്നു.
അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ക്ലോക്കിന്റെ ടിക് ടിക് ശബ്ദം പോലും അവനെ ഭയപ്പെടുത്തി. ഇടയ്ക്കെപ്പഴോ മയങ്ങിയതവനറിഞ്ഞില്ല.

“അനൂപേ മണി ഏഴ് കഴിഞ്ഞു . . സ്കൂളില്‍ പോകണ്ടേ?”.

അമ്മയുടെ വിളികേട്ടാനവനുണര്‍ന്നത്.
തലയ്ക്ക് വല്ലാത്ത ഭാരം പോലെ , എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ദേഹമാകെ ചുട്ടു പൊള്ളുന്നതു പോലെ. പുതപ്പ് വലിച്ചു മാറ്റാന്‍ പോലും കഴിയുന്നില്ല.
“ഇന്നിവനെന്തു പറ്റി? എഴുന്നേറ്റില്ലേ ഇതുവരെ?”ശബ്ദം അടുത്തു വന്നു.
അമ്മയൂടെ കൈത്തലം നെറ്റിയില്‍ ചേര്‍ന്നപ്പോള്‍ വല്ലാത്ത തണുപ്പനുഭവപ്പെട്ടു.

“ദേ ഒന്നിങ്ങോട്ട് വന്നേ. ഇവന് വല്ലാണ്ട് പനിക്കുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ട് പോയിട്ട് ജോലിക്ക് പോയാല്‍ മതി”

അച്ഛന്‍ താങ്ങികൊണ്ടാണ് റോഡ് വരെ കൊണ്ട് പൊയത്. ഒരു റിക്ഷാ കിട്ടിയതുകൊണ്ട് ആശുപത്രിയിലെത്തി. മരുന്നിനൊപ്പം ഒരിഞ്ചക്ഷനും കിട്ടിയപ്പൊള്‍ പനി ഒന്ന് വിട്ടകന്നതു പോലെ. തിരികെ പുറത്തിറങ്ങി അച്ഛനൊപ്പം നടന്നു. ബസിനുള്ളില്‍ വച്ച് അച്ഛനിന്ന് ജോലിയില്ലെന്നു അറിഞ്ഞു. അച്ഛന്റെ കൂടെ ജോലിചെയ്യുന്ന രാമേട്ടനുണ്ടായിരുന്നു ബസില്‍. അച്ഛന്റെ കമ്പനി മാനേജരുടെ അച്ഛനിന്നലെ രാത്രി മരിച്ചത്രേ.

“എന്നാല്‍ അവിടെ യൊന്ന് കേറിയിട്ടുപോകാം . നിനക്കിപ്പോള്‍ കുഴപ്പമൊന്നുമില്ലല്ലോ? ”അച്ഛന്‍ ചോദിച്ചു.

അനൂപ് ഒന്നും മിണ്ടിയില്ല.

ബസിറങ്ങി കയറിചെന്ന ഗേറ്റ് കണ്ടപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. ഒരു നിമിഷം തലേന്നത്തെ സംഭവം അവന്റെ മനസിലൂടെ ഓടി മറഞ്ഞു. ഗേറ്റിനു മുന്നില്‍ കാലുകള്‍ സ്വയം നിന്നുപോയി . അച്ഛന്‍ കൈയ്യില്‍ പിടിച്ചു വലിച്ചു. യാന്ത്രികമായിട്ടായിരുന്നു അച്ഛനൊപ്പം നീങ്ങിയത്.
ചന്ദനത്തിരിയുടെ ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറുന്നുണ്ട്. പുറത്ത് കൂടി നില്‍ക്കുന്നവരുടെ മുന്‍പില്‍ താനൊരു കുറ്റവാളി ആയതു പോലെ അവനു തോന്നി. ഈ മരണത്തിനുത്തരവാദി താനാണെന്ന് തെളിഞ്ഞാല്‍?ഭയം കൊണ്ട് നിറഞ്ഞ ഹ്യദയം പടപടാന്ന് ഇടിക്കാന്‍ തുടങ്ങി.
മരണ വീട്ടില്‍ പ്രാര്‍ത്ഥനാഗാനം കേള്‍ക്കുന്നുണ്ട്.
ആളുകള്‍ ഓരോരുത്തരായി കണ്ട് പുറത്ത് ഇറങ്ങി വരുന്നുണ്ട്. ഒടുവില്‍ അവരുടെ ഊഴം വന്നപ്പോള്‍ അവന്‍ ആ ജഡത്തിന്റെ മുഖത്തേയ്ക്കൊന്ന് നോക്കി. ‍.മുഖത്ത് നെറ്റിത്തടം താടിയെല്ലിനോട് ചേര്‍ത്ത് തുണികൊണ്ട് കെട്ടിയിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചു. മുറിവൊന്നും വ്യക്തമല്ല. ഹ്യദയം കത്തുന്നതുപോലെ തോന്നി അനൂപിന്.

“രാത്രി പെട്ടന്നായിരുന്നു അസുഖം കൂടിയത്. ഹോസ്പിറ്റലെത്തുന്നതിനു മുന്‍പേ....... ”

അതു പറഞ്ഞ ആളിന്റെ മുഖത്തേയ്ക്ക് അവനൊന്നു നോക്കി.
നെറ്റിയില്‍ ഒരു വലിയ ബാന്റേജണിഞ്ഞിട്ടുണ്ടായിരുന്നു അയാള്‍.
ഒരു നെടുവീര്‍പ്പോടെ അവന്‍ കണ്ണുകളടച്ചു.

Friday, July 17, 2009

ജീവസ്മരണകള്‍ 1



“നീ വരണുണ്ടോ മുത്തശ്ശീടെ കൂടെ തറവാട്ടിലേക്ക്? ഇപ്പോള്‍ സ്കൂളില്ലല്ലോ? രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ തന്നെ കൊണ്ടാക്കാം ഇവിടെ”

ഞാന്‍ തല കുലുക്കി. ഒറ്റ ദിവസം കൊണ്ട് മുത്തശ്ശിയുമായി അത്രയ്ക്ക് അടുത്തു പോയിരുന്നു ഞാന്‍.

“അവിടെ ആരൊക്കെയുണ്ടെന്ന് അറിയോ നിനക്ക്? അതെങ്ങനാ സ്വന്ത ബദ്ധങ്ങളെല്ലാം ഇട്ടെറിഞ്ഞ നിന്റെ അമ്മയ്ക്കും അച്ഛനും അതൊക്കെ പറഞ്ഞു തരാന്‍ സമയവും കാണില്ലല്ലോ?
ഹും .........ഞാനൊന്ന് ചോദിച്ചു നോക്കട്ടെ നിന്റെ അമ്മയോട്? ഒരു പേരക്കുട്ടി എന്ന അവകാശത്തില് എനിക്ക് രണ്ടു ദിവസം നിന്നെ ക്കൊണ്ട് താമസിപ്പിക്കാന്‍ കഴിയോന്നറിയില്ല കുട്ടിയേ?”
പിന്നെയും മുത്തശ്ശി വല്ലാണ്ട് സംസാരിച്ചു കൊണ്ടിരുന്നു. എനിക്കിഷ്ടമായിരുന്നു മുത്തശ്ശീടെ സംസാരം കേള്‍ക്കാന്‍. ചിലപ്പോള്‍ കഥകള്‍. പണ്ടത്തെ രാജാക്കന്മാരുടെ കഥകള്‍. അവരില്‍ ചിലരൊക്കെ ദൈവങ്ങള്‍ ആയിരുന്നു പോലും. മലയാള പാഠ പുസ്തകത്തില്‍ ചെറുശ്ശേരി ക്യഷ്ണനെ വര്‍ണ്ണിച്ച് പാടുന്ന പാട്ട്, ഒരിക്കല്‍ വീട്ടിലിരുന്ന് പഠിച്ചപ്പോള്‍ അച്ഛന്‍ ദേഷ്യപ്പെടുന്നതു കേട്ടു.
“ ഹും..ഭഗവാനാണു പോലും, ഇത്തരം വിഡ്ഡിത്തങ്ങളും നമ്മുടെ മോന്‍ പഠിക്കണമല്ലോന്നോര്‍ക്കുമ്പോഴാ”

“നമ്മളും ഇതൊക്കെ പഠിച്ചതല്ലേ ജലീല്‍?, ഇതൊക്കെ വിഡ്ഡിത്തങ്ങളാന്ന് മനസിലാക്കുന്നതു വരെ മോനും പഠിക്കട്ടെ” അമ്മയുടെ മറുപടി അച്ഛനെ തണുപ്പിച്ചു.

കുട്ടിക്കാലത്തു തന്നെ ഞാന്‍ മനസിലാക്കിയിരുന്നു അച്ഛന്റെയും അമ്മയുടെയും ശത്രുവാണ് ദൈവമെന്ന്. ഇരുവരുടെയും തറവാട്ടുമായി ഒരു ബദ്ധവുമില്ലാത്ത കുടുംബമായിരുന്നു ഞങ്ങളുടേത്. കോളേജില്‍ വച്ച് കണ്ടുമുട്ടി തന്നിഷ്ടപ്രകാരം വിവാഹിതരായവരാണ് അച്ഛനും അമ്മയുമെന്ന് മാത്രമേ എനിക്കറിയാവൂ.

അമ്മയോടൊപ്പം കാറില്‍ വരുമ്പോഴായിരുന്നു മുത്തശ്ശിയും ഒരു പെണ്‍കുട്ടിയുംകൂടി നടന്നുപോകുന്നത് കണ്ടത്. അമ്മ വണ്ടി നിറുത്തി മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു. അമ്മയെ ഒരു നിമിഷം നോക്കിയിട്ട് മുത്തശ്ശി കെട്ടി പിടിക്കുകയായിരുന്നു.പിന്നെ എന്നെ നോക്കിയ മുത്തശ്ശി എന്റെ കയ്യില്‍ പിടിച്ചു. അപരിചതത്ത്വമാകാം ഞാന്‍ കയ്യ് പിന്നോട്ട് വലിച്ചു.

“പൊയ്ക്കോടാ... ഇതാ നിന്റെ മുത്തശ്ശി, നീ പറയാറില്ലെ ജീവ, നിനക്ക് മാത്രം മുത്തശ്ശിയും ആന്റിയും അങ്കിളുമൊന്നുമില്ലേയെന്ന്?”

മുത്തശ്ശിയോട് ചേര്‍ന്ന് നില്‍ക്കാതിരിക്കാന്‍ പിന്നെ ബലപ്രയോഗമൊന്നും നടത്തിയില്ല. മുത്തശ്ശി എന്റെ നെറുകയില്‍ ഉമ്മ വച്ചു.

അമ്മയും മുത്തശ്ശിയും പിന്നെ ഒരുപാട് സംസാരിച്ചു.അനിതേച്ചി എന്നോടും സംസാരിച്ചു. നീണ്ടമുടിയുള്ള നെറ്റിയില്‍ ചന്ദനം തൊട്ട അനിതേച്ചി എന്റെ കസിനാണെന്ന് അമ്മ പറഞ്ഞു തന്നു.അനിതേച്ചി ഏഴിലാണ് പഠിക്കുന്നത്, ഇനി എട്ടിലാവും. ഞാന്‍ മൂന്നിലായിരുന്നു വെക്കേഷന്‍ കഴിഞ്ഞാല്‍ നാലിലാവുമെന്ന് പറഞ്ഞപ്പോള്‍ അനിതേച്ചി ചിരിച്ചു.
പിന്നെ കയ്യിലിരുന്ന പൊതി അഴിച്ച് പായസം പോലെ ഒന്ന് എന്റെ കയ്യില്‍ തന്നു. അവര്‍ അമ്പലത്തില്‍ പോയി വരികയാണത്രേ. ആ പായസം അമ്പലത്തിലെ പ്രസാദമാ‍ണെന്ന് അനിതേച്ചി.

“എന്നും അമ്പലത്തില്‍ പോയാ എന്നും കിട്ട്വോ ഇത്?”
എന്റെ ചോദ്യം കേട്ട് അനിതേച്ചി ചിരിച്ചു.

“നീ പായസകൊതിയനാ?”

“ഞാന്‍ അമ്പലത്തില്‍ പോയിട്ടില്ല... അതോണ്ട് ചോദിച്ചതാ.” ഞാന്‍ ന്യായികരിച്ചു.

“അമ്മയ്ക്കൊന്ന് രണ്ടു ദിവസം എന്റെ കൂടെ വന്ന് നില്‍ക്കാന്‍ സാധിക്കുമോ? ഏട്ടനോട് ചോദിക്കണമായിരിക്കും. എനിക്ക് തോന്നുന്നത് ഏട്ടനിപ്പോ എന്നോട് പഴയ വിരോധമൊന്നും ഇല്ലെന്നാ. ഞാനൊരിക്കല്‍ കണ്ടിരുന്നു. പാര്‍ട്ടിയുടെ വനിതാ സമ്മേളനത്തിന്റെ സ്റ്റേജില്‍ ഞാന്‍ വേദിയിലായിരുന്നു ഞാന്‍ . ഏട്ടന്‍ വേദിക്കരികിലുള്ള റോഡില്‍ നിന്ന് എന്നെ നോക്കുന്നത് കണ്ടു. ഞാന്‍ കണ്ടപ്പോഴേക്കും മുഖം തിരിച്ചു നടന്നകന്നു.”

“ഇല്ല ഇപ്പോള്‍ അവന്‍ നിന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കാറില്ല. മുന്‍പോക്കെ ദേഷ്യത്തോടെ നിന്നെ പറ്റി പറയുമായിരുന്നു. നീയുണ്ടാക്കിയ മാനക്കേട് ചില്ലറയല്ലല്ലോ?”

“അമ്മേ മാനവും അഭിമാനവുമെല്ലാം മനുഷ്യന്‍ തന്റെ അഹങ്കാരം ചേര്‍ത്ത് കെട്ടിപടുക്കുന്ന ചില്ലുകൊട്ടാരങ്ങളാ... നമുക്കത് വിടാം, അമ്മയ്ക്ക് ഒന്ന് വരാന്‍ പറ്റ്വോ...ഒന്ന് രണ്ട് ദിവസം എന്റെ കൂടെ നില്‍ക്കാന്‍?”

“ഞാന്‍ വരാടീ... പക്ഷെ ഞാന്‍ അവനോടൊന്ന് ചോദിക്കട്ടെ, നിന്റെ ഏട്ടനോട്?”

“ഏട്ടന്‍ സമ്മതിച്ചാല്‍ ദേ.. ഇവളെ കൊണ്ട് എന്നെ ഒന്ന് വിളിപ്പിക്കൂ..” അനിതേച്ചിയുടെ ചെള്ളയിലൊന്ന് നുള്ളിക്കൊണ്ട് അമ്മ തുടര്‍ന്നൂ.
“ നീയങ്ങ് വളര്‍ന്നല്ലോടി...ങും വല്യ പെണ്ണായി പോയി . ഇന്നാള്‍ക്കെന്റെ മടിയില്‍ മൂത്രമൊഴിച്ചോളാ”
അനിതേച്ചി നാണത്തോടെ പുഞ്ചിരിച്ചു


മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ അനിതേച്ചി വിളിച്ചു. മുത്തശ്ശി വീട്ടിലേക്ക് വരുന്നുവെന്ന് കേട്ടപ്പോള്‍ അമ്മ വളരെ സന്തോഷിച്ചു. മുത്തശ്ശിക്കായ് കിടയ്ക്ക ഒരുക്കുമ്പോള്‍ എന്നോട് ചോദിച്ചു.
“ജീവാ ... മുത്തശ്ശീ വന്നാല്‍ പിന്നെ, നിനക്ക് മുത്തശ്ശീടെ കൂടെ ഇവിടെ കിടന്നുകൂടെ?”

ഞാന്‍ , തലയാട്ടി. പിന്നെയുമുണ്ടായിരുന്നു ഒരുക്കങ്ങള്‍ ഒരുപാട്. മുറ്റമടിക്കലും, മുറി വ്യത്തിയാക്കലുമൊക്കെ കഴിഞ്ഞപ്പോഴും അമ്മയാകെ തളര്‍ന്നിരുന്നു.എങ്കിലും മുഖം കൂടുതല്‍ പ്രസന്നമായിരുന്നു.

“ജീവ.. നിന്റെ കളിയൊക്കെ ഇനി വെളിയില്‍.. ഇവിടെയൊന്നും വ്യത്തീകേടാക്കരുത്. മുത്തശ്ശിയുടെ വായില്‍ നിന്ന് കണക്കിന് കേള്‍ക്കും”

അമ്മയുടെ വാക്കില്‍ നിന്ന് , മുത്തശ്ശിയെ കുറിച്ച് ഒരു ചെറിയ ഭയം എന്റെ മനസില്‍ പൊന്തിവന്നു. അച്ഛനോടും അമ്മ കയര്‍ക്കുന്നതു കേട്ടു. പത്രവായനക്കിടയില്‍ സിഗററ്റ് കത്തിച്ചിട്ടിട്ട കൊള്ളി ആഷ് ടേയില്‍ ഇടാത്തതിന്.

“ദേ .. ജലീല്‍, രണ്ട് ദിവസത്തേക്ക് ഈ ശീലം വേണ്ടാട്ടോ? അമ്മയ്ക്ക് പിടിക്കില്ല.”

“സോറി ദിവ്യേ... അമ്മ വരുന്നൂന്ന് കേട്ട് നീയിപ്പോ, രണ്ട് ദിവസം മാറി താമസിക്കാന്‍ പറയോന്നാ എന്റെ പേടി?”

“അമ്മയ്ക്ക് അമ്മയുടേതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്.. ദയവു ചെയ്ത് ജലീല്‍ തര്‍ക്കിക്കാന്‍ പോകരുത്.”

“ഇല്ലടോ.. തന്റെ അമ്മ എന്തു പറഞ്ഞാലും യേസ് പറഞ്ഞേക്കാം പോരെ?, എന്തായാലും നമ്മളോടുള്ള വിരോധം തീര്‍ന്ന് വരുകയല്ലേ? അതിനുള്ള ആശ്വാസം എനിക്കുമുണ്ടടോ”
രാവിലെ പതിനൊന്ന് മണിയോടെയാണ് മുത്തശ്ശിയെ വിളിച്ചോണ്ട് അമ്മ വന്നത്.
വന്നതു മുതല്‍ മുത്തശ്ശി അമ്മയോട് നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. അമ്മ അച്ഛനോടൊപ്പം ഇറങ്ങി പോന്നതിനു ശേഷമുള്ള തറവാട്ടിലെ വിശേഷങ്ങളാണെന്ന് തോന്നുന്നു മുത്തശ്ശി വള്ളി പുള്ളി തെറ്റാതെ അമ്മയോട് വിശദീകരിച്ചത്.

സന്ധ്യയായപ്പോള്‍ മുത്തശ്ശിയെന്നോടൊപ്പം കൂടി.സിറ്റൌട്ടില്‍ ഇരുന്നു കൊണ്ട് എന്നോട് ചോദിച്ചു,


“ വിളക്കുണ്ടെങ്കില്‍ മോന്‍ പോയി ഒരെണ്ണം എടുത്തുകൊണ്ട് വാ”


ഞാന്‍ ഉള്ളില്‍ പോയി , അമ്മയോട് ചോദിച്ചു,


“ മുത്തശ്ശി വിളക്ക് ചോദിക്കുന്നു... അമ്മേ”


“അമ്മയും എന്നോടൊപ്പം പുറത്തേക്ക് വന്നു, വിളക്കില്ലല്ലോ അമ്മേ,ഞാനതങ്ങ് മറന്നു. നാളെ തന്നെ ഒന്ന് വാങ്ങാം”

“നീ എനിക്ക് വേണ്ടി ഇനി വാങ്ങണ്ട ദിവ്യേ... നീ കോളേജില്‍ പോകുന്നതിനുമുമ്പ് വരെ ഉമ്മറത്ത് വിളക്ക് വയ്ക്കാന്‍ ഞാന്‍ ശീലിപ്പിച്ചിരുന്നു.അക്ഷരങ്ങള്‍ പഠിച്ചപ്പോള്‍ നിനക്ക് ദൈവം ഇല്ലാണ്ടായി, അതോ ജലീലിനെ കണ്ടപ്പോഴോ?”

അമ്മ നിസംഗമായി ചിരിച്ചു.

“ഞാനൊന്നും പറയണില്ല്യാ.. എന്നാലും നീ എല്ലാം തെറ്റായി പോയെന്ന് വിചാരിക്കുന്ന കാലം വരുമെന്ന് എനിക്കറിയാം ”


പിന്നെ മുത്തശ്ശി, പാ‍ട്ട് പോലെ എന്തൊക്കെയോ ആരോടെന്നില്ലാതെ പറയാന്‍ തുടങ്ങി, ഇടയ്ക്ക എന്നെ പിടിച്ച് മടിയിലേക്ക് കിടത്തി. മുത്തശ്ശിയുടെ മടിയില്‍ തല താഴ്ത്തി ഞാ‍നങ്ങനെ
കിടന്നു.


ഉണ്ണിയ്ക്ക് കഥ കേള്‍ക്കണോ?


ഹും... ഞാന്‍ മൂ‍ളി.


അഹങ്കാരിയായ അസൂരരാജാവ് ഹിരണ്യകശിപുവിന്റെയും പുത്രനായ പ്രഹ്ളാദ രാജകുമാരന്റെയും കഥയായിരുന്നു അന്ന് മുത്തശ്ശി പറഞ്ഞത്. നരസിംഹ അവധാരം പൂണ്ട മഹാവിഷ്ണുവിന്റെ ചലനങ്ങള്‍ വര്‍ണ്ണിക്കുമ്പോള്‍ മുത്തശ്ശിയുടെ ഭാവം എനിക്ക് ഒരിക്കലും മറക്കാനാവില്ല. എപ്പഴോ ഞാന്‍ ഉറങ്ങി പോയി.


അര്‍ദ്ധരാത്രിയായപ്പോള്‍ ഞാന്‍ ഉണര്‍ന്നു. പുറത്ത് ശക്തിയായ കാറ്റും മഴയുടെ ആരവവും. ജനാലകള്‍ കാറ്റില്‍ ശക്തിയായി അടയുന്ന ശബ്ദം കേട്ട് ഞാന്‍ ഭയന്നു. പെട്ടെന്ന് തെളിഞ്ഞ മിന്നലു ശക്തിയായ ഇടിനാദവും കേട്ട് ഞാന്‍ അലറിവിളിച്ചു. നിറുത്താതെ എന്റെ കരച്ചില്‍ കേട്ട് മുത്തശ്ശി ഉണര്‍ന്നെന്റെ അടുക്കല്‍ വന്നു ,എന്നെ ചേര്‍ത്ത് പിടിച്ചു.


മുത്തശ്ശി അപ്പോഴും സദ്യയ്ക്ക് എന്നെ മടിയിലിരുത്തി ജപിച്ച പോലെ രാമനാമം ഉരവിടുന്നുണ്ടായിരുന്നു. എന്റെ നിലവിളി വീണ്ടും ഉയര്‍ന്നപ്പോള്‍ അമ്മ, കതക് തുറന്ന് അകത്തേക്ക് വന്ന് വിളക്ക് തെളിച്ചു.ഞാന്‍ ഓടി ചെന്ന് അമ്മയെ കെട്ടിപിടിച്ചു നിലവിളിച്ചു.


അപ്പോഴും മുത്തശ്ശി രാമനാമം ഉരവിടുന്നുണ്ടായിരുന്നു. കാറ്റും മഴയും ശമിച്ചു. ഞാന്‍ അമ്മയുടെ അടുക്കല്‍ നിന്ന് തലതിരിച്ചു നോക്കിയപ്പോള്‍ മുത്തശ്ശി എന്റെ കൈകളില്‍ പിടിച്ച് കൊണ്ട് പറഞ്ഞു.


“ഇടിയും മഴയും വന്നാ , ആണ്‍കുട്ടികളിങ്ങനെ നിലവിളിക്കുകയാ ചെയ്യുന്നത്?
ഈശ്വരനെ വിളിക്കുകയാ വേണ്ടത് ജീവാ. ഈശ്വരന് മാത്രമേ ഈ പ്രപഞ്ച ശക്തികളെ നിയന്ത്രിക്കാനാവൂ കുട്ടിയേ. ”

അന്ന് ഞാന്‍ പിന്നെ അമ്മയുടെ കൂടായിരുന്നു കിടന്നത്. അല്ലെങ്കിലും ആ സമയങ്ങളില്‍ കാറ്റും പേമാരിയുമുള്ള രാവുകളില്‍ എന്റെ നിലവിളികള്‍ പതിവായിരുന്നു.


മുത്തശ്ശിയുടെ രാമജപങ്ങളും, കഥകളുമായി രണ്ടു ദിനങ്ങള്‍ കൂടി കടന്നുപോയി. ഒടുവില്‍ തിരികെ തറവാട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ മുത്തശ്ശി അച്ഛനോട് തന്നെ നേരിട്ടു ചോദിച്ചു.


“വിരോധം ഇല്ലേ, ജീവന്‍ എന്റെ കൂടെ വന്ന് രണ്ട് ദിവസം നില്‍ക്കട്ടെ... നിങ്ങള്‍ രണ്ടുപേരുടെയും തിരക്കിനിടയില്‍ അവന്റെ അവധിക്കാലം ഒറ്റയ്ക്കിരുന്ന് മടുക്കില്ലല്ലോ?”


അച്ഛന്‍ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അച്ഛന്‍ മുത്തശ്ശിയുമായി അധികം സംസാരിക്കില്ലാരുന്നു.
ഒടുവില്‍ അമ്മ തന്നെ പറഞ്ഞു.


“രണ്ട് ദിവസം കഴിയട്ടമ്മേ ... ഞാന്‍ കൊണ്ട് വരാം അവനെ. ”


മുത്തശ്ശിപോയിട്ട് ഒന്ന് രണ്ട് ദിവസമല്ല ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ്, ഒരിക്കല്‍ മുത്തശ്ശി അമ്മയെ വിളിച്ചു.


“ജീവന്റെ അവധിക്കാലം കഴിയാറായില്ലെ? സ്കൂള്‍ തുറക്കുന്നതിനുമുമ്പ് നീ അവനെ ഇങ്ങോട്ടൊന്ന് വിടുമോ? ഇവിടുള്ള അവന്റെ ബദ്ധുക്കളെയൊക്കെ അവനൊന്ന് അറിഞ്ഞിരിക്കട്ടടീ”


“അമ്മ പിണങ്ങാതെ? ഞാന്‍ അവനെ കൊണ്ട് വരാം”


“അതോ നിന്റെ കെട്ട്യോന്‍ സമ്മതിക്കില്ല്യാന്നാണോ? ”


“അതല്ലമ്മേ , ഞാന്‍ കൊണ്ട്വരാം അവനെ”


(തുടരും)

Thursday, June 25, 2009

ബൂലോകവും എന്റെ വിശ്വാസവും.

ബൂലോകത്ത് ഏറ്റവും കൂടുതല്‍ സംവാദം നടക്കുന്നത് ,ഒരു പക്ഷേ വിശ്വാസികളും അവിശ്വാസികളും തമ്മിലായിരിക്കും. ആരൊഗ്യകരമായി തുടങ്ങുന്ന മിക്ക സംവാദങ്ങളും പലപ്പോഴും അവസാനിക്കുന്നത്,അനോണി ആക്രമങ്ങളിലും പരസ്പരം ചെളി വാരി എറിയലിലും ആയിരിക്കും. ചിലപ്പോഴെങ്കിലും കൈയ്യില്‍ കിട്ടുന്നതെന്തും വായിക്കുക എന്ന എന്റെ സ്വഭാവം ഇത്തരം പോസ്റ്റുകള്‍ പൂര്‍ണമായി വായിക്കാനിടവരുത്താറുണ്ട്. അവസാനം കാണുന്ന വ്യക്തിപരമായ വിദ്വേഷം ഉണ്ടാക്കുന്ന ഗ്രൂപ്പ് ചേര്‍ന്നുള്ള കമന്റുകള്‍ വരെ വായിച്ച് ഞാന്‍ ആലോചിക്കാറുണ്ട്. ഇവര്‍ക്കൊക്കെ ഇതില്‍ നിന്ന് എന്ത് നേട്ടമാണ് ഉണ്ടാവുകയെന്ന്.
ഇത്തരം സംവാദങ്ങളില്‍ പ്രധാനമായും ഞാന്‍ കണ്ടവരെ ഒന്ന് വേര്‍തിരിച്ച് ഓരോ വിഭാഗക്കാരായി കാണുവാനുള്ള ഒരു എളിയ ശ്രമമാണ് ഈ പോസ്റ്റ്.

1) സ്വന്തം വിശ്വാസത്തിലും ആചാരങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന ദൈവവിശ്വാസികള്‍, അന്യരുടെ വിശ്വാസത്തെ ഒരുപിടി പോലും ബഹുമാനിക്കാത്തവര്‍. ഇവര്‍ പലപ്പോഴും യുക്തിവാദികളോട് സംഘടനത്തില്‍ ഏര്‍പ്പെടുന്നതിന്റെ മനശാസ്ത്രമെന്തെന്ന് ഒന്ന് ചിന്തിച്ചാല്‍ മനസിലാകും. തങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന ബഹുമാനിക്കുന്ന സ്വന്തം അറിവുകളിലൂടെ ആരാധിക്കുന്ന സര്‍വ്വശ്രേഷ്ടനായ ദൈവത്തെ, യുക്തിവാദികള്‍ വിശ്വസനീയമായ രീതിയിലോ അവിശ്വസനീയമായ രീതിയിലോ അപഹാസ്യപ്പെടുത്തുമ്പോള്‍ ഇവര്‍ക്ക് മുറിവുണ്ടാവുക സാധാരണമല്ലേ? സ്വന്തം മാതാവിനെയോ പിതാവിനെയോ അപഹാസ്യപെടുത്തി സംസാരിക്കുന്നത് കേട്ടാല്‍ മറ്റൊന്നും ആലോചിക്കാതെ ആയുധമെടുക്കുന്നവരാണ് യുക്തിവാദികള്‍ പോലും. എന്നാല്‍ മാതാപിതാക്കന്മാരെക്കാള്‍ ഉന്നതനായി കാണുന്ന അവരുടെ ദൈവത്തെ നിങ്ങള്‍ അപഹസിച്ചു സംസാരിക്കുമ്പോള്‍ അവരുടെ വികാരം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത് നല്ലതാണെന്നാണ് എന്റെ എളിയ അഭിപ്രായം.

2) വര്‍ഗ്ഗാധിഷ്ടിതമായ വിശ്വാസികള്‍: ജന്മം നല്‍കിയ അച്ഛന്‍ അമ്മമാരുടെ മതമാണ് നാം ഓരോരുത്തരും സ്വഭാവികമായും അനുകരിക്കുക. എന്നാല്‍ ആ വിശ്വാസത്തില്‍ അടിയുറച്ച് നിറുത്തുന്നത് മതബോധത്തെക്കാളും മിക്കപ്പോഴും വര്‍ഗ്ഗബോധമാണ്. തന്റെ വിശ്വാസത്തെ ഒരു യുക്തിവാദിയോ അല്ലെങ്കില്‍ മറ്റൊരു മതസ്ഥനോ ചോദ്യം ചെയ്യുകയൊ അപഹാസ്യപ്പെടുത്തുമ്പോഴോ, തിരിച്ച് അതേപടി മറുപടി നല്‍കുക, അല്ലെങ്കില്‍ അവരുടെ വിശ്വാസത്തെയും അതേപടി പരിഹസിക്കുക. അതായത് ഉരുളയ്ക്ക് ഉപ്പേരി അതാണ് ഇവരുടെ ഒരു രീതി. എന്നാല്‍ ഇവര്‍ തോല്‍ വിയിലേക്ക് പോകുന്നത് മിക്കപ്പോഴും യുക്തിവാദികള്‍ക്കു മുന്‍പിലാണ്. ഉരുളയ്ക്ക് ഉപ്പേരി എന്നതിന് യുക്തിവാദിയ്ക്ക് ദൈവമില്ലല്ലോ. യുക്തിവാദിയെ വിമര്‍ശിക്കേണ്ടത് അവരുടെ വിശ്വാസത്തിലുള്ള അറിവുകൊണ്ടാണ്. അതവര്‍ക്ക് ഉണ്ടാകില്ലല്ലോ? എന്നാല്‍ സ്വന്തം വിശ്വാസത്തെയല്ലാതെ മറ്റു വിശ്വാസികളുടെ മതത്തെ യുക്തിവാദികള്‍ ചോദ്യം ചെയ്യുമ്പോള്‍ ഇക്കൂട്ടരില്‍ ചിലര്‍ യുക്തിവാദികള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കും

3) സ്വന്തം മതത്തില്‍ അടിയുറച്ച വിശ്വാസമില്ലാത്തവരാണ് മൂന്നാമത്തെ വിഭാഗക്കാര്‍. മത വിശ്വാസിയാണോയെന്ന് ചോദിച്ചാല്‍ അതെയെന്നും , എന്നാല്‍ യുക്തിവാദികളുടെ വാദങ്ങളെ ബഹുമാനപുരസരം നോക്കി കാണുകയും ചെയ്യുന്നവരാണ്, ഇക്കൂട്ടരില്‍ ചിലര്‍. മറ്റുമതങ്ങളെയെന്ന പോലെ യുക്തിവാദികളെയും ബഹുമാനിക്കുന്നവരാണ് ഇവര്‍.

4) മതത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും മതപരമായ അറിവുകള്‍ വേണ്ടുവോളം നേടുകയും ശാസ്ത്രപരമായ അറിവുകള്‍ കുറെയെങ്കിലും സമ്പാദിക്കുകയും ചെയ്തിട്ടുള്ളവരാണ് ഈ വിഭാഗക്കാര്‍. യുക്തിവാദികള്‍ക്ക് ഇവര്‍ക്ക് ഉത്തമ എതിരാളികളാണ്.

5) യുക്തിവാദികള്‍ അഥവാ ശാസ്ത്രവാദികള്‍. ശാസ്ത്രത്തില്‍ വേണ്ടുവോളം അറിവുണ്ടെങ്കിലും മതപരമായി അറിവുകള്‍ ഇവര്‍ നേടാന്‍ ശ്രമിച്ചിട്ടുള്ളത് പലപ്പോഴും മതങ്ങളെ വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മതങ്ങള്‍ പഠിപ്പിച്ച നല്ലതുകള്‍ ഇവര്‍ കാണുകയില്ല. എന്നാല്‍ മതത്തിന്റെ പോരായമകള്‍ ,അര്‍ത്ഥവ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ വ്യാഖ്യാനിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്, “ഇഷ്ടമില്ലാത്തമ്മച്ചി തോട്ടതെല്ലാം കുറ്റമാണെന്ന്”.ഇവരോട് എനിക്ക് ചോദിക്കാനുള്ളത് ഈ മനുഷ്യായുസില്‍ നിങ്ങള്‍ നേടിയ അറിവുകള്‍ , അനുഭവങ്ങള്‍ ദൈവമില്ലാ എന്ന തീരുമാനത്തിലാണ് നിങ്ങളെയെത്തിച്ചതെങ്കില്‍ അങ്ങനെ ബാക്കിയുള്ളവരെ കൂടി ഉദ് ബോധിപ്പിക്കാന്‍ നിങ്ങളെ തോന്നിപ്പിക്കുന്ന ഘടകം എന്താണ്.

അനാചാരങ്ങളെയും അന്ധ വിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യേണ്ടത് ആവശ്യമാണ്,അങ്ങനെയുള്ള നിങ്ങളുടെ ശ്രമങ്ങളെ ഈയുള്ളവനും പിന്തുണയ്ക്കുന്നുവെന്ന് അറിയിക്കട്ടെ. അത് സമൂഹത്തിന് ദ്രോഹകരമാണെങ്കില്‍ മാത്രം പോരെ? നിര്‍ദ്ദോശകരമായ ആചാരാനുഷ്ടാനങ്ങളെ മതവിശ്വാസികളുടെ വികാരം മനസിലാക്കി ബഹുമാനിച്ചുകൂടെ. മതവിശ്വാസികള്‍ തന്നെ സ്വന്തം മതത്തിലെ അനാചാരങ്ങളെ തിരിച്ചറിയാന്‍ തുടങ്ങിയതില്‍ ഒരു പക്ഷെ നല്ലവരായ യുക്തിവാദികളുടെ പങ്കും ഉണ്ടെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ നിങ്ങള്‍ എന്തും പറഞ്ഞ് വിമര്‍ശിക്കുന്ന ഈ മതങ്ങള്‍ നിങ്ങള്‍ക്ക് മ്യഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കിയ ഒരു സംസ്കാരം സമ്മാനിച്ചിട്ടുണ്ടെന്ന് മനസിലാക്കുക. അതായത്, അച്ഛന്‍ അമ്മ, അച്ഛനെയും അമ്മയെയും ബഹുമാനിക്കുന്ന മക്കള്‍ അടങ്ങിയ കുടുംബം ഇതൊക്കെ ഈ മതവിശ്വാസത്തിന്റെ സംഭാവനകളായ സംസ്കാരമാണ്.
മതങ്ങളില്ലാതായാല്‍ മനുഷ്യന്‍ മ്യഗങ്ങളെക്കാള്‍ കഷ്ടത്തിലാകും. അമ്മയെ ബലാസ്തംഗം ചെയ്യുന്ന മകനും, മകളെ ഭോഗിക്കുന്ന അച്ഛനും ഇന്ന് സമൂഹത്തില്‍ ഉണ്ടാകാന്‍ തുടങ്ങിയത് മതവിശ്വാസങ്ങളുടെ പരാജയമാണെന്നാണ് എനിക്ക് തോന്നുന്നത്.

മതവിശ്വാസികളോട്, സ്വന്തം വിശ്വാസമാണ് ശ്രേഷ്ടമായത് എന്ന് വിശ്വസിച്ച് മറ്റുവിശ്വാസികളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതിനുമുമ്പ് , അവരുടെ വിശ്വാസങ്ങള്‍ കൂടി ഒന്ന് പഠിക്കാന്‍ ശ്രമിക്കൂ.
അങ്ങനെ പഠിച്ചിട്ടുള്ളവരാരും അതിനു ശ്രമിച്ചിട്ടില്ല എന്നതും നിങ്ങള്‍ മനസിലാക്കേണ്ടതാണ്. മതങ്ങള്‍ ഉണ്ടായപ്പോള്‍ മുതല്‍ തന്നെ അവിശ്വാസികളും ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ വിശ്വാസത്തെ ഒരു പക്ഷെ ഉറപ്പിച്ച് നിറുത്തുന്നത് ഒരുപക്ഷെ അവരായിരിക്കും. അതിന് ദൈവം തന്നെ സ്യഷ്ടിച്ചതാണ് അവരെ. എല്ലാവരും ഒരു മതസ്ഥരായ ഒരു ലോകം ഒന്ന് ചിന്തിച്ചു നോക്കൂ. മതം വെറും ആചാരങ്ങളില്‍ മാത്രം ഒതുങ്ങുകയും അവസാനം ആത്മീയജ്ഞാനം എല്ലാവരും കൈവിടുകയും ചെയ്യുന്ന ഒരു സാ‍ഹചര്യമുണ്ടാകാന്‍ അധികനാളുണ്ടാവില്ല. വിശ്വാസത്തിന്റെ നിലനില്പിനായി ദൈവം തന്നെ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമാണ് വിവിധ മതസ്ഥരും അവിശ്വാസികളും എന്ന് ചിന്തിച്ചു നോക്കൂ.

വിജ്ഞാനത്തെ ആത്മീയമെന്നും ഭൌതീകമെന്നും രണ്ടായി തരം തിരിക്കാമെങ്കിലും ഇത് രണ്ടിനും ഒരുപാട് ഉപഘടകങ്ങള്‍ ഉണ്ട്. ആര്‍ക്കും ഇവയെല്ലാം പൂരണമായും മനസിലാക്കാന്‍ ഒരു മനുഷ്യായുസ് കൊണ്ട് കഴിയില്ല. ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പുരോഗതിയ്ക്ക് ഒരിക്കലും മതങ്ങളെയും ദൈവങ്ങളെയും തുടച്ച് മാറ്റാന്‍ കഴിയില്ല, അങ്ങനെ അഭിപ്രായപെടാന്‍ ശാസ്ത്രജ്ഞര്‍ പോലും മുന്നോട്ട് വരില്ലാ എന്നാണ് എന്റെ അഭിപ്രായം. പരിണാമസിദ്ധാന്തം പോലും ഊഹാപോഹങ്ങള്‍ക്ക് വിധേയമാണ്. ഒന്നോ ഒന്‍പതിനായിരം മനുഷ്യായുസുകള്‍ക്കോ ജീവികളിലെ പൂര്‍ണപരിണാമം സ്ഥിരീകരിക്കാന്‍ കഴിയില്ല.

ഇനി എന്റെ വിശ്വാസത്തെ പറ്റി:
ഞാന്‍ ദൈവ വിശ്വാസിയാണ്. ദൈവത്തിന്റെ സാമിപ്യം ഞാന്‍ അറിയുന്നു. അതെങ്ങനെയെന്ന് വ്യക്തമാക്കാന്‍ എനിക്കറിയില്ല. എന്റെ പരിമിതമായ അറിവുകള്‍ ,അനുഭവങ്ങള്‍ ദൈവമുണ്ടെന്ന് വിശ്വസിക്കാന്‍ തന്നെയാണ് എന്നെ പ്രേരിപ്പിക്കുന്നത്. ഞാന്‍ വിശ്വസിക്കുന്ന ദൈവം എല്ലാ മതവിശ്വാസികളെയും അവിശ്വാസികളെയും സ്യഷ്ടിക്കുകയും പരിപാലിക്കുകയും ചെയുന്നുവെന്നാണ് എന്റെ വിശ്വാസം. ആ ദൈവത്തെ ബഹുമാനിക്കുന്നതുപോലെ അവന്റെ സ്യഷ്ടികളായ എല്ലാവരെയും ബഹുമാനിക്കുന്നു.
ഞാന്‍ ഇവിടെ പങ്കു വച്ചത് എന്റെ ചിന്തകള്‍ മാത്രമാണ്. എല്ലാവരും ഇങ്ങനെ തന്നെ ചിന്തിക്കണമെന്ന് എനിക്ക് അഭിപ്രായമില്ല.

Friday, June 12, 2009

പ്രണയവിധി‍

വളരെ നാളുകളായി ബ്ലോഗ് അനക്കമില്ലാതെ കിടക്കുന്നു. സമയക്കുറവ് ആശയദാരിദ്ര്യം എന്നൊക്കെ പറയാം കാരണങ്ങള്‍. തോന്ന്യാശ്രമത്തിലെ കഥാമത്സരത്തില്‍ ഞാന്‍ എഴുതിയ കഥ ഇവിടെ ഇടുന്നു.
ചുമ്മാ കിടക്കട്ടെ


പ്രണയവിധി‍
------------------------


നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ്‌ അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ്‌ വീണ്ടും ഓര്‍മകളില്‍ മുഴുകി...

ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ? കഴിഞ്ഞ കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നന്ദനയ്ക്ക് കഴിയുമായിരിക്കും പക്ഷെ തനിക്കതിനാകുമോ? ആകുമായിരുന്നെന്കില്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നില്ല ഈ തിരിച്ചു പോക്കിന്..
വണ്ടി "തൃശ്ശിവപേരൂര്‍" എന്ന ബോര്‍ഡ്‌ കടന്നു മുന്‍പോട്ടു പോയി... രമേശ്‌ തന്റെ ബാഗുകളും പെട്ടിയും എടുത്ത്‌ വാതിലിനടുത്തേക്ക് നടന്നു...പിന്നെ പ്ലാറ്റ്‌ ഫോമില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കി....


ട്രെയിനിറങ്ങിയ രമേശ്, പ്ലാറ്റ്ഫോമില്‍ പരിചയമുള്ള മുഖങ്ങള്‍ വല്ലതുമുണ്ടോയെന്ന് വെറുതേയൊന്ന് പരതിനോക്കി. ഇല്ല പരിചയമുള്ള മുഖങ്ങളൊന്നും കാണാന്‍ കഴിയുന്നില്ല. അതോ തനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാത്തതോ? പണ്ട് സ്റ്റേഷന്‍ മാസ്റ്ററും രണ്ടു ക്ലാര്‍ക്കും രണ്ടു ടെക്കനിക്കല്‍ സ്റ്റാഫും മാത്രമായിരുന്ന ഈ സ്റ്റേഷന്‍ ഇന്നാകെ മാറിയിരിക്കുന്നു. ഒറ്റവരിപാത ഇന്ന് രണ്ട് ആയിരിക്കുന്നു.ഒരു ട്രെയിന്‍ വിട്ടാല്‍ പിന്നെ അടുത്ത ട്രെയിന്‍ ഈ സ്റ്റേഷനില്‍ കൂടി കടന്നുപോകാന്‍ 4 മണിക്കൂറെങ്കിലും വേണമായിരുന്നു. ഈ സമയങ്ങളില്‍ പാതയ്ക്കരികില്‍ അലപം വിശാലമയി കിടക്കുന്ന റെയില്‍വേയുടെ പറമ്പില്‍ ക്രിക്കറ്റുകളിച്ചിരുന്ന ബാല്യം രമേശന്‍ ഓര്‍ത്തു.

ഒമ്പതാം ക്ലാസ് കഴിഞ്ഞ ഒരു വെക്കേഷന്‍ കാലം. റെയില്‍ വേയുടെ ചേരിയിലുള്ള കൂട്ടുകാരുമൊത്ത് ആവേശകരമായ ക്രിക്കറ്റ് കളി അരങ്ങേറുകയാണ്. രമേശിന്റെ ബാറ്റില്‍ നിന്നും ഉയര്‍ന്ന പന്ത് റെയില്‍ വേ ക്വാര്‍ട്ടേഴ്സിന്റെ മതില്‍ കടന്ന് ചെന്നു വീണു. ബാറ്റ് ചെയ്യുന്നവര്‍ ആ സൈഡിലേക്ക് പന്തടിക്കാന്‍ പാടില്ലെന്നുള്ള നിയമമുണ്ടായിരിക്കേ അങ്ങോട്ട്പന്തടിച്ചു വിട്ട രമേശ് പന്തെടുക്കാന്‍ വേണ്ടി മതിലു ചാടാന്‍ നിര്‍ബന്ധിതനായി.
മതിലില്‍ വലിഞ്ഞുകയറി മുകളില്‍ നിന്ന് പന്തിന്റെ സ്ഥാനം കണ്ടെത്തി.പിന്നെ ഒരു ചാട്ടമായിരുന്നു പന്തിന്റെ അടുത്തേക്ക്. പന്ത് എടുത്ത് പോക്കറ്റിലാക്കി, തിരികെ മതിലനടുത്തേക്ക് നീങ്ങുമ്പോഴായിരുന്നു പിന്നില്‍ ഒരു പട്ടിയുടെ മുഴക്കത്തോടെയുള്ള കുര കേട്ടത്.

ബോധം വരുമ്പോള്‍ രമേശ് ഒരു കിടക്കയിലായിരുന്നു. മുകളിലേക്ക് നോക്കിയ രമേശിന് ഇത് തന്റെ വീടല്ലെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. എവിടെയോ ക്ലോക്കിന്റെ ടിക്..ടിക് ശബ്ദം മാത്രം കേള്‍ക്കാം. ശരീരത്തിലെവിടെയൊക്കെയോ മുറിവുകളുടെ മരവിച്ച വേദന അനുഭവപ്പെടുന്നുണ്ട്. രമേശ് ചുറ്റിനും നോക്കി . തന്റെ അടുത്തായി ഒരു കസേരയില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു.

“അമ്മേ ദേ ആ ചേട്ടന്‍ കണ്ണു തുറന്നു..., അമ്മേ വേഗം ഇങ്ങോട്ട് വാ”

ദാ വരുന്നൂ... അകത്തു നിന്നും ഒരു സ്ത്രീ ശബ്ദം .
രമേശിന്റെ അമ്മയുടെ പ്രായം ഉള്ള ഒരു സ്ത്രീ കടന്നു വന്നു.

“ഇപ്പോള്‍ എങ്ങനെയുണ്ട് മോനേ.... നന്നായി വേദനിക്കുന്നുണ്ടോ?”

രമേശ് പതുക്കെ ഒന്ന് മൂളി.
“മോന്റെ വീട് എവിടെയാ? ”
“ചേരിയിലെ ചായക്കടയോടൊപ്പമുള്ള വീട് . അച്ഛനാ ആ ചായക്കട നടത്തുന്നത്.”
രമേശ് പതുക്കെ കട്ടിലില്‍ നിന്ന് എഴുന്നേറ്റു..
“വേദനിക്കുന്നെങ്കില്‍ കിടന്നോളൂ...ഇവളുടെ അച്ഛന്‍ വന്നാല്‍ ഉടനെ കൊണ്ട് വിടാം മോന്റെ വീട്ടില്‍, വീട്ടില്‍ പോയിട്ട് ഹോസ്പിറ്റലില്‍ പോയാ പോരെ?”

സാരമായ മുറിവുകളൊന്നും ഇല്ലെന്ന് രമേശ് മനസിലാക്കി.അവിചാരിതമായി പട്ടിയുടെ ആക്രമണമുണ്ടായപ്പോള്‍ പേടിച്ച് ബോധം കെട്ടതാവണം.

പിന്നെയും കുറേ നിമിഷങ്ങള്‍. ഇതിനിടയില്‍ ആ പെണ്‍കുട്ടി തന്നോട് സംസാരിച്ചു.
“എന്താ ചേട്ടന്റെ പേര്?”
രമേശ്
“എന്റെ പേര് നന്ദന .ചേട്ടന്‍ പഠിക്കുന്നുണ്ടോ?”
ഉവ്വ്, ഒന്‍പതില്‍.
“ഞാന്‍ ഏഴില്‍. ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലാ.. ചേട്ടനോ?”

ഞാന്‍ ഗവ: ഹൈസ്കൂളില്‍

അല്പം കഴിഞ്ഞപ്പോഴേക്കും അച്ഛ്നും അമ്മയും അവിടെ എത്തി. അവരോടൊപ്പം അവിടെ നിന്നിറങ്ങുമ്പോള്‍ നന്ദനയുടെ അമ്മ തന്റെ അമ്മയുടെ കയ്യില്‍ പൈസ എന്തോ കൊടുത്തിട്ടാവണം ,പറയുന്നതുകേട്ടു.

“പേടിക്കാനൊന്നുമില്ല.... ടോമിയ്ക്ക് കുഴപ്പമൊന്നും ഉള്ളവനല്ല.അവന്‍ കടിച്ച മുറിവുകളൊന്നുമില്ല. കുട്ടി പേടിച്ചോടിയ വഴിക്ക് ഒന്ന് വീണു. മുറിവ് കരിയുന്നതുവരെഒന്ന് സൂക്ഷിച്ചാല്‍ മതി.”

അന്നാണ് ആദ്യമായി നന്ദനയെ കണ്ടത്. പിന്നീട് സ്കൂളില്‍ നിന്ന് വരുമ്പോള്‍ കോട്ടും സ്യൂട്ടുമുള്ള യൂണിഫോം ധരിച്ച നന്ദനയെ പലപ്പോഴും സ്കൂള്‍ ബസില്‍ കണ്ടിരുന്നു. ഒരിക്കലളവള്‍ കണ്ടപ്പോള്‍ കൈവീശി കാണിച്ചു.ചെറിയ ഒരു പുഞ്ചിരി രമേശും തിരിച്ചു നല്‍കി.
............................................................

ആ ചേരിയില്‍ നിന്ന് ആദ്യമായി കോളേജ് പഠനത്തിന് പോയത് ഒരു പക്ഷെ രമേശ് ആയിരിക്കണം . കോളേജില്‍ ഡിഗ്രിയുടെ ഒന്നാം വര്‍ഷത്തിന് പഠിക്കുമ്പോഴാണ് നന്ദനയെ വീണ്ടും കാണുന്നത്. പ്രീഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി ആഡിറ്റോറിയത്തില്‍ ഒരു ചടങ്ങ് നടക്കുകയായിരുന്നു അന്ന്.

കലാലയജീവിതത്തലേക്ക് ആകാംഷയോടെ പ്രവേശിക്കുന്ന ഒരു കൂട്ടം പ്രീഡിഗ്രി വിദ്യാര്‍ത്ഥികള്‍ ഹാളിന്റെ മുന്‍പ് വശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അവരെ പരിചയപ്പെടാന്‍ തിരക്കുകൂട്ടുന്ന കൂട്ടുകാരോടൊപ്പമായിരുന്നു രമേശനപ്പോള്‍. അവിടെ തലകുനിച്ച് മാറി ഇരിക്കുന്ന നന്ദനയെ തിരിച്ചറിയാന്‍ രമേശനു പ്രയാസമുണ്ടായില്ല.

“ഹായ് നന്ദന, ഓര്‍മ്മയുണ്ടോ എന്നെ?”

അപ്രതീക്ഷിതമായി ഒരു പുരുഷ ശബ്ദത്തില്‍ തന്റെ പേര് വിളിക്കുന്നത് കേട്ടിട്ടാവണം നന്ദന ഒന്ന് ഞെട്ടി.ചെറിയൊരു പുഞ്ചിരിയോടെ നന്ദന രമേശിനെ നോക്കി. നന്ദന കൂടുതല്‍ സുന്ദരി ആയിരിക്കുന്നു. മുഖവും കവിള്‍ത്തടവും ആ ചുണ്ടുകളും തന്നിലേക്കെന്തോ ശക്തി ആവാഹിക്കുന്നതുപോലെ രമേശിനു തോന്നി. കണ്ണെടുക്കാന്‍ തോന്നുന്നില്ല ആ മുഖത്തു നിന്നും. ആദ്യമായി പെണ്ണിന്റെ സൌന്ദര്യമെന്തെന്ന് താന്‍ അറിയുന്നതു പോലെ.

“രമേശേട്ടന്‍, എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല....ചേട്ടനും ഈ കോളേജിലാ”
“അതേ നന്ദനേ , ബി എ ഫസ്റ്റ് ഇയര്‍. നന്ദന ഏതാ സയന്‍സ് ഗ്രൂപ്പാണോ എടുത്തിരിക്കുന്നത്? ”

പിന്നീട് പ്രിഡിഗ്രി സയന്‍സ് ഗ്രൂപ്പിന്റെ ക്ലാ‍സില്‍ ഇന്റര്‍വല്‍ ടൈമുകളില്‍ രമേശ് സ്ഥിരം സന്ദര്‍ശകനായിരുന്നു.കോളേജില്‍ നിന്ന് പോകുമ്പോള്‍ നന്ദനയോടൊപ്പം ബസ് സ്റ്റോപ്പ് വരെ അനുഗമിക്കുമായിരുന്നു. ആദ്യമൊക്കെ നന്ദന തന്നെ തെറ്റിദ്ധരിക്കുമോയെന്ന് ഭയന്നിരുന്നു. എങ്കിലും രമേശിന് തന്നെ സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ “ഇന്നലെ രമേശേട്ടനെ കണ്ടതേയില്ലല്ലോ ” എന്ന പരിഭവം കലര്‍ന്ന ചോദ്യത്തില്‍ നിന്നും തന്നെപോലെ നന്ദനയും തന്റെ സാമിപ്യം ദിവസവും ആഗ്രഹിക്കുന്നുണ്ടെന്നു ഊഹിച്ചു.

സത്യത്തില്‍ നന്ദനതന്നെ പ്രണയിക്കുന്നുണ്ടോ? ഇതുവരെ അങ്ങനെ താന്‍ അവളോട് ചോദിച്ചിട്ടില്ല. തന്റെ സ്വപ്നകൊട്ടാരത്തില്‍ അവള്‍ റാണിയായി വാഴുന്നു. “രമേശേട്ടന്‍ എന്തായീ പറയുന്നത്. അച്ഛനും അമ്മയ്ക്കും ഒരൊറ്റമോളായ ഞാന്‍ രമേശേട്ടനില്‍ എന്റെ സ്വന്തം ജേഷ്ടനെയാണ് കണ്ടത് ” ഇങ്ങനെ ഒരിക്കല്‍ നന്ദന തന്നോട് പറഞ്ഞാല്‍?.....

രമേശന്റെ ഉള്ളില്‍ ഒരു ഭയം നാമ്പെടുത്തു. താന്‍ നന്ദനയെ അഗാധമായി പ്രണയിക്കുന്നു. പാടില്ല ,ഇനിയും താന്‍ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ പാടില്ല. നന്ദനയ്ക്ക് തന്നോടുള്ള ഇഷ്ടം എന്താണെന്ന് അറിയണം.? അതിനെന്താണൊരു വഴി? ചിന്തകള്‍ രമേശനെ അലട്ടാന്‍ തുടങ്ങിയ നാളുകള്‍.

രമേശന് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത നാളുകളായിരുന്നു അവ. ആഹാരം പോലും കഴിക്കാന്‍ കഴിയുന്നില്ല. അമ്മ കെട്ടിയുണ്ടാക്കി തന്നിരുന്ന പൊതിച്ചോറുകള്‍ രമേശിന് കഴിക്കാനാവത്തത് കൂട്ടുകാരന്‍ ജേക്കബ് മതിയാവോളം ആഘോഷിച്ചു.

“നിനക്ക് എന്തുപറ്റിയടാ... വീട്ടില്‍ വല്ല പ്രശ്നവും?............. ഏയ് അതിനു വഴിയില്ല..നിന്റെ അമ്മയ്ക്ക് നിന്നോടൊള്ള സ്നേഹം ഞാന്‍ ഈ പൊതിച്ചോറില്‍ വേണ്ടുവോളം ഞാനറിയുന്നുണ്ട്. മൊട്ട പൊരിച്ചതും അച്ചാറും നിന്റെ വീക്ക്നെസാ ... അല്ലേ..?”

അവന്‍ പറയുന്നതൊന്നും കേള്‍ക്കാനാകുന്ന മാനസികാവസ്ഥയിലല്ലായിരുന്നു രമേശ്. എങ്കിലും ജേക്കബിനോടവന്‍ എല്ലാം തുറന്നു പറഞ്ഞു. തന്റെ മനസിനെ പുകച്ചു കൊണ്ടിരിക്കുന്ന സംശയവും വ്യാകുലതകളും ഒരാളോടെങ്കിലും പറയേണ്ടത് അന്നയാളുടെ ആവശ്യമായിരുന്നു.

ഒടുവില്‍ ജേക്കബ് ഇങ്ങനെ പറഞ്ഞു. “നീയെന്നോട് പറഞ്ഞ ഭാഷയും വാചകങ്ങളും ഒന്നുകൂടി ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ? കാമ്പസില്‍ ഒരുപാട് സ്ഥലങ്ങളുണ്ട് , നീയവളെയും വിളിച്ചുകൊണ്ട് ഒറ്റയ്ക്കെവിടെയെങ്കിലും പോയി, ദാ ഈ പറഞ്ഞതുപോലെ അങ്ങ് പറയുക. വള്ളിയും പുള്ളിയും ഒന്നും തെറ്റിക്കണ്ടാ. ഷുവര്‍.. അവള്‍ ഇത് പറഞ്ഞു കഴിയുമ്പോള്‍ കണ്ണീര്‍ തുടയ്ക്കുന്നുണ്ടാവും. ആ കണ്ണുനീരെന്തിനുവേണ്ടിയാനെന്ന് കണ്ണുകളിലേക്ക് നോക്കിയാല്‍ നിനക്ക് മനസിലാവും.

“അവളുടെ മറുപടിയെയാണ് ഞാന്‍ ഭയക്കുന്നത്. അവളുടെ സ്നേഹം ഒരു ജേഷ്ടനോടെന്നപോലെയാണെന്നെങ്ങാനും പറഞ്ഞാല്‍...”

“ഹാ മാഷേ അത്, അതവള്‍ പറഞ്ഞാലല്ലേ മനസിലാവൂ. എടാ കൂടെപിറപ്പുകള്‍ അല്ലാത്ത ഒരാണും പെണ്ണും തമ്മിലടുത്താ, ഇപ്പറഞ്ഞ ചിന്തകളൊക്കെ ഉണ്ടാവും അതൊക്കെ സാധാരണമാ. പക്ഷെ അത് ഏതര്‍ത്ഥത്തിലുള്ള സ്നേഹമാന്ന് അറിയാതെ നീയിങ്ങനെ തീ തിന്നാല്‍ നിനക്ക് ഭ്രാന്ത് പിടിക്കും . പ്രണയമായാലും സഹോദരന്റെ സ്നേഹമായാലും അത് തുറന്ന് പറഞ്ഞതിനുശേഷമേ അതിന് ഒരു ഗതി ഉണ്ടാവൂ‍.”

ഒരു സൈക്കോ സ്പെഷിലിസ്റ്റിനേ പോലെ വാചകമടിക്കുന്ന ജേക്കബിന്റെ വാക്കുകളില്‍ അര്‍ത്ഥമുണ്ടെന്നു തോന്നി. എങ്കിലും വീണ്ടും വീണ്ടും അവനെ തന്റെ സംശയം കൊണ്ട് ബുദ്ധിമുട്ടിച്ചപ്പോള്‍ ഈര്‍ഷ്യയോടെ അവന്‍ “ഇന്ന് തന്നെ നീ ഇതിന് ഞാന്‍ പറഞ്ഞ പരിഹാരം കണ്ടില്ലെങ്കില്‍, നാളെ മുതല്‍ നമ്മള്‍ തമ്മില്‍ സംസാരമില്ല”

അന്ന് വൈകീട്ട് സംസാരിക്കാമെന്ന് രമേശ് ഉറച്ചു.സംസാരിക്കേണ്ട രീതിയെ ആവര്‍ത്തിച്ചാവര്‍ച്ചു തയ്യാറെടുത്തു. ഒടുവില്‍ ക്ലാസ് കഴിയാറാകുമ്പോള്‍ നന്ദനയുടെ ക്ലാസിലേക്ക് നടന്നു. ക്ലാസ് വിടുന്നതിന്റെ ബെല്ല് മുഴങ്ങിയത് തന്റെ നെഞ്ചിലാണെന്ന് തോന്നി. മനസില്‍ പെരുമ്പറകള്‍ മുഴങ്ങി, ജേക്കബിന്റെ വാക്കുകള്‍ റീവൈന്‍ഡ് ചെയ്ത് ധൈര്യം ആര്‍ജ്ജിക്കാന്‍ ശ്രമിച്ചു.

“ഇയ്യോ.... രമേശേട്ട നന്ദനയിന്നു നേരത്തേ പോയി, അവള്‍ക്ക് നല്ല സുഖമില്ലായിരുന്നു. രമേശേട്ടന്‍ വന്നാല്‍ പറയാന്‍ പറഞ്ഞിരുന്നു” നന്ദനയുടെ കൂട്ടുകാരി മ്യദുല ഓടി വന്ന് ഇത്രയും പറഞ്ഞിട്ട്, നടന്നകന്നു.

എന്തോ താല്‍ക്കാലിക ആശ്വാസം കിട്ടിയതുപോലെ തോന്നി രമേശിന്. ഇനി നാളെ വരെ കാത്തിരിക്കാമല്ലോ, ആ നിര്‍ണായക നിമിഷത്തിന്. വീട്ടിലെത്തിയിട്ടും രമേഷിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോള്‍ നന്ദനയുടെ മുഖം തെളിഞ്ഞു വരുന്നു. ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങിയപ്പോള്‍ ഒരു സ്വപ്നം കണ്ടു. താനും നന്ദനയും മാത്രം ഒരു തോണിയില്‍. താന്‍ തോണി തുഴയുന്നു . തനിക്ക് അഭിമുഖമായി മുഖത്തോട് മുഖം നോക്കിയിരിക്കുന്ന നന്ദന. ചെറിയ കാറ്റില്‍ അവളുടെ മുഖത്തേക്ക് മുടി വാര്‍ന്നു വീഴുന്നു. അവളതിനെ മാടിയൊതുക്കാന്‍ ശ്രമിക്കുമ്പോഴും കാറ്റിന്റെ കുസ്യതിയ്ക്ക് വാശികൂടുന്നതുപോലെ. താന്‍ പതുക്കെ കുറച്ച് വെള്ളം കൈകളില്‍ കോരിയെടുത്ത് അവളുടെ മുഖത്തേക്ക് വിതറി. തണുത്ത വെള്ളത്തില്‍ പുളകിതയായ അവളുടെ മുഖം കൂടുതല്‍ സുന്ദരമായി. “ ദേ രമേശേട്ടാ അടങ്ങിയിരിക്കൂ... അവളുടെ മാറത്തേക്ക് വാര്‍ന്നു വീഴുന്ന ജലത്തുള്ളികളെ നോക്കിയിരുന്ന രമേശിന്റെ മുഖത്തേക്കും വന്നു വീണു, നന്ദന കൈകളില്‍ വാരിയെറിഞ്ഞ വെള്ളത്തുള്ളികള്‍.

പിറ്റേന്ന് കോളേജില്‍ ക്ലാസിലെത്തുമ്പോള്‍ “സംഗതി എന്തായടോ?” എന്ന ജേക്കബിന്റെ ചോദ്യത്തിന് നിരാശ കലര്‍ന്ന ഉത്തരം നല്‍കുമ്പോള്‍ അവന്‍ ദേഷ്യപെട്ടു. “പോടാ,നീ അവളോട് ഒന്നും പറഞ്ഞു കാണില്ല. ഇന്നലെയും പതിവുപോലെ അവളുടെ മുഖം കണ്ട് വെള്ളം മിഴുങ്ങിയിട്ടിഞ്ഞ് പോന്നു കാണും. അല്ലെങ്കില്‍ തന്നെ നിന്നെ പോലെ ചങ്കുറപ്പില്ലാത്തവന്മാരൊന്നും പ്രേമിക്കാതിരിക്കുന്നതാ നല്ലത്. ആ കുട്ടി ഭാഗ്യവതിയാ ഏതെങ്കിലും മിടുക്കന്‍ അവളെ പ്രണയിച്ചൊളും”

മൂര്‍ച്ചയേറിയ വാക്കുകള്‍ തന്റെ ഹ്യദയത്തിലേക്ക് ആഴ്ന്നിറങ്ങിയതുപോലെ തോന്നി. “ജേക്കബ് പ്ലീസ്... നോവിക്കരുത്, ഞാനാകെ തകര്‍ന്നിരിക്കുകയാ. നീ നോക്കിക്കൊ ഇന്ന് ലഞ്ച് റ്റൈമില്‍ ഈ ടെന്‍ഷന് ഞാനൊരു അന്ത്യം കാണും”

ഉച്ചയ്ക്ക് നന്ദനയുടെ ക്ലാസിലേക്ക് പോകുമ്പോള്‍ അവള്‍ ഊണു കഴിക്കുകയായിരുന്നു. അവളുടെ മുഖം കണ്ടപ്പോള്‍ സര്‍വ്വധൈര്യവും ചോര്‍ന്നതുപോലെ തോന്നി. ഒന്ന് പുഞ്ചിരിക്കാന്‍ പോലും തനിക്ക് കഴിയാതെ പോയി. എങ്കിലും “ നന്ദന ചോറിണ്ടേച്ച് ലൈബ്രറിയുടെ പുറകിലോട്ടൊന്ന് വരുമോ? എനിക്ക് ഒരത്യാവശ്യ കാര്യം പറയാനുണ്ട്” ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

“ശരി രമേഷേട്ട. ”

താന്‍ പുറത്തിറങ്ങി ലൈബ്രറിക്കു നേരെ നടക്കുമ്പോള്‍, നന്ദനയുടെ കൂട്ടുകാരുടെ ചിരികേട്ടു. ഒരു പക്ഷെ തന്റെ കാര്യമാണോ അവര്‍ സംസാരിച്ചത്. തന്റെ പ്രശ്നം അവര്‍ക്ക് മനസിലായിക്കാണുമോ ? .........ശേ മോശമായിപ്പോയി വേണ്ടായിരുന്നു.

നന്ദന വരാന്‍ താമസിക്കുന്ന ഓരോ നിമിഷവും രമേശിന്റെ ആകുലത വര്‍ദ്ധിപ്പിച്ചു. ഒടുവില്‍ അവളെത്തി “രമേഷേട്ടാ, ”ന്നുള്ള വിളിയാണ് ചിന്തയില്‍ നിന്നുണര്‍ത്തിയത്.
ഒടുവില്‍ സര്‍വ്വ ധൈര്യവും സംഭരിച്ച് രമേഷ് തുടങ്ങി
“നന്ദനെ ഞാന്‍ ഒരു കാര്യം പറയാനായിട്ടാണിപ്പോള്‍ വിളിച്ചത്. ഞാന്‍ പറയുന്നത് കേട്ടിട്ട് നന്ദന എന്നെ കുറ്റപ്പെടുത്തരുത്. എനിക്കത് താങ്ങാനാവില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാനീ ചിന്തയിലാണ്. നന്ദന എല്ലാം അറിഞ്ഞാലെ എനിക്കതില്‍ നിന്നും മോചനമുണ്ടാവൂ. ”

“രമേഷേട്ടന്‍ പറഞ്ഞോളൂ , എന്നെക്കൊണ്ടാവുന്നതെന്തും ഞാന്‍ സഹായിക്കാം”

“ ഞാന്‍ നന്ദനയോട് കാണിക്കുന്ന ഇഷ്ടം അത് വഴിതെറ്റിപോകുന്നോ എന്ന് എനിക്കറിയില്ല, ഒന്ന് സത്യമാണ് തെറ്റാണെങ്കിലും അല്ലെങ്കിലും ഞാന്‍ നന്ദനയെ സ്നേഹിക്കുന്നു. നന്ദനയോടൊപ്പമുള്ള ഒരു ജീവിതം കൊതിക്കുന്നു. അതില്‍ നിന്ന് എന്റെ മനസിനെ എനിക്ക് നിയന്ത്രിക്കാനാവുന്നില്ല. ഒരു പക്ഷെ നന്ദനയ്ക്ക് എന്നോടുള്ള സ്നേഹം അങ്ങനെയായിരിക്കില്ല.
അങ്ങനെയെങ്കില്‍ നന്ദന അതെന്നോട് തുറന്നു പറയണം. നന്ദനയ്ക്ക് അങ്ങനെയൊന്ന് എന്നോട് തോന്നിയിട്ടില്ലെങ്കില്‍ നന്ദന എന്നോട് ക്ഷമിക്കണം.”

നന്ദന ഒന്നും മിണ്ടുന്നില്ല. മൌനം നീണ്ടുപോകുന്നതുപോലെ തോന്നി.ഒടുവില്‍ രമേഷന്‍ മൌനം ഭജ്ജിച്ചു. “ നന്ദന ഒന്നും പറഞ്ഞില്ല്”

“എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല രമേഷേട്ടാ... ഞാന്‍ പോകുന്നു.“

അവള്‍ പതുക്കെ നടന്നകന്നു. മുഖം കുനിച്ചാണ് നടക്കുന്നത്. മനസില്‍ നിന്ന് ഒരു ഭാരം താഴ്ത്തിറക്കി വച്ചതുപോലെ രമേഷിനു തോന്നി. അന്ന് വൈകുന്നേരം നന്ദനയെ കാണാന്‍പോയില്ല. മനപൂര്‍വ്വമല്ല, ജേക്കബിന്റെ ഉപദേശം അങ്ങനെ ആയിരുന്നു.
“നിന്റെ പ്രണയത്തെ അവള്‍ അംഗീകരിക്കുന്നെങ്കില്‍ അവള്‍ ഇങ്ങോട്ട് വരുമെടാ, അതാ പെണ്ണുങ്ങളുടെ ഒരു സൈക്കോളജി.നീ രണ്ട് ദിവസം കോളേജില്‍ വരാതിരിക്കാമോ? സംഗതി ഏല്‍ക്കും.”

അത് സത്യമായിരുന്നു. രണ്ടു ദിവസത്തിനു ശേഷമായിരുന്നു നന്ദനയെ കാണുന്നത്. അവളുടെ കണ്ണു നിറഞ്ഞ മറുപടി ഇന്നും ഓര്‍ക്കുന്നു രമേശ് , “എനിക്കൊന്നും അറിയില്ല. എന്നോട് ക്ഷമിക്ക് രമേശേട്ടാ എന്നെ വെറുക്കരുത്, എനിക്കത് സഹിക്കാനാവില്ല.”

കാമ്പസിനെ കോരിത്തരിപ്പിച്ച പ്രണയമായിരുന്നു പിന്നെ. റോമിയോ ജൂലിയറ്റ് എന്ന് കൂട്ടുകാര്‍ കളിയാക്കുമ്പോഴും രമേഷ് അഭിമാനം കൊണ്ടിരുന്നു. ഒടുവില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടും അതേ കോളേജില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്ന നന്ദനയെക്കാണാന്‍ രമേഷ് നിത്യ സന്ദര്‍ശകനായിരുന്നു.

ഡിഗ്രി കഴിഞ്ഞ് സമ്പൂര്‍ണ്ണ തൊഴില്‍ അന്വേഷകനായി മാറിയ രമേഷ് ,കോളേജിനു അടുത്തുള്ള ഒരു പാരലല്‍ കോളേജില്‍ അധ്യാപകനായതും എന്നും നന്ദനയെ കാണാമെന്ന ആഗ്രഹത്തോടെ ആയിരുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയെങ്കിലും രമേഷ് തൊഴില്‍ അന്വേഷകനായി തുടര്‍ന്നുകൊണ്ടിരുന്നു.പി എസ് സി പരീക്ഷകളിലെ റാങ്ക് ലിസ്റ്റുകളില്‍ സ്ഥാനം പിടിച്ചെങ്കിലും നിയമനം സമസ്യയായി തന്നെ തുടര്‍ന്നുകൊണ്ടിരുന്നു. ലിസ്റ്റുകള്‍ മാറി മാറി വന്നു.

നന്ദനയുടെ വീട്ടില്‍ കല്യാണ ആലോചനകള്‍ വന്നു തുടങ്ങിയെന്ന് അവളറിയിച്ചു.ഉടനെ ഒരു പോംവഴി കാണണമെന്ന് അവള്‍ നിര്‍ബന്ധിച്ചു.“ രമേശേട്ടനൊപ്പം എവിടെ വേണമെങ്കിലും ഞാനിറങ്ങി വരാം” അവളുടെ വാക്കുകള്‍ കേട്ടു നില്‍ക്കാന്‍ പോലും ശകതിയില്ലാതെ രമേഷ് പതറി.

ഒരു ദിവസം പാരലല്‍ കോളേജിലെ തന്റെ ക്ലാസ് കഴിഞ്ഞ് മറ്റു അധ്യാപകരുടെ കൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രമേഷ്.
“ സാര്‍ സാറിനെ ഒരാള്‍ അന്വേഷിക്കുന്നു .” മറ്റൊരധ്യാപകന്റെ വിളി കേട്ട് രമേഷ് പുറത്തേക്കിറങ്ങി ചെന്നു. പുറത്ത് തന്നെ കാത്തു നില്‍ക്കുന്ന മനുഷ്യനെ കണ്ട് രമേശ് ഞെട്ടി.
രവീന്ദ്രന്‍ നായര്‍... നന്ദനയുടെ അച്ഛന്‍...

“രമേഷ് എനിക്കല്പം സംസാരിക്കാനുണ്ട്.. ഒഎന്നോടൊപ്പമൊന്ന് വരൂ.”

രമേഷ് യാന്ത്രികമായി അദ്ദേഹത്തോടൊപ്പം പുറത്തേക്ക് ചെന്നു.

“എന്നെ അറിയുമല്ലോ ? ഞാനാണ് നന്ദനയുടെ അച്ഛന്‍. നന്ദന എന്നോട് എല്ലാം പറഞ്ഞു.ഓരോ ആലോചനകളും മുടക്കാന്‍ അവള്‍ ഓരോ കാരണങ്ങള്‍ ഞങ്ങളോട് പറയുമായിരുന്നു. ഒരൊറ്റമകളേ യുള്ളൂ ഞങ്ങള്‍ക്ക്. അവള്‍ക്ക് ഒരു കുറവും ഇന്നേവരെ ഞാന്‍ വരുത്തിയിട്ടില്ല. അവളുടെ വിവാഹത്തിനെപറ്റിയും ഞങ്ങള്‍ക്ക് ഒരുപാട് സ്വപനങ്ങളുണ്ടായിരുന്നു.
പോട്ടെ അതൊന്നും സാരമില്ല. അവള്‍ രമേഷിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ഞാനറിഞ്ഞപ്പോള്‍ , ഞാനവളെ ശകാരിച്ചില്ല. കാരണം നിങ്ങളുടെ പ്രണയത്തിന് ഞാനെതിരല്ല.
ഞാനും പ്രണയിച്ചാണ് അവളുടെ അമ്മയെ കല്യാണം . കഴിച്ചത്. നായര്‍ തറവാട്ടില്‍ പിറന്ന ഞാന്‍ ഒരു താഴ്ന്ന ജാതിക്കാരിയെ കല്യാണം കഴിച്ചതുകൊണ്ട് കുടുംബത്തില്‍ നിന്ന് ഒറ്റപ്പെട്ടു. എങ്കിലും ഈ ജീവിതം ഇവിടെ വരെ കൊണ്ടെത്തിക്കാന്‍ കഴിഞ്ഞത് , അഴുക്ക് കുപ്പായമണിയുന്നതാണെങ്കിലും റെയില്‍ വേയില്‍ ഇങ്ങനെ ഒരു ജോലി ഉള്ളതുകൊണ്ടായിരുന്നതുകൊണ്ടായിരുന്നു. 2 കൊല്ലം കൂടിയേഉള്ളൂ എനിക്ക് റിട്ടയര്‍ ചെയ്യാന്‍.അതിനുമുമ്പായി അവളുടെ കല്യാണം നടത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി.”

രമേശിന് എന്നെപോലെയെങ്കിലും ഒരു ജോലിയുണ്ടായിരുന്നെങ്കില്‍ എന്റെ മകളെ അവള്‍ ആഗ്രഹിച്ചതുപോലെ ഞാന്‍ സന്തോഷത്തോടെ തന്റെ കയ്യില്‍ ഏല്പിച്ചെനെ. പക്ഷേ ഞാന്‍ ഈ അവസ്ഥയില്‍ എങ്ങനെ....?

“ഇല്ല .. നന്ദനയുടെ അച്ഛന്‍ പേടിക്കണ്ടാ. ഞാന്‍ കുറെ നാളായി തീരുമാനിച്ചതാണ്. ഞാന്‍ നന്ദനയോട് കാര്യം പറഞ്ഞു മനസിലാക്കാം. ഞാന്‍ ഒരിക്കലും നിങ്ങള്‍ക്ക് ഒരു തടസമാകില്ല. നന്ദനയുടെ അച്ഛന്‍ അവള്‍ക്ക് നല്ല ഒരു വിവാഹം ആലോചിച്ചുറപ്പിച്ചോളൂ.” ഇത്രയും പറയുമ്പോഴേക്കും രമേശിന്റെ കണ്ണ് നിറഞ്ഞിരുന്നു.

“രമേശ്.... നിസാരമായിട്ടാണ് നീയത് പറഞ്ഞതെങ്കിലും നിങ്ങള്‍ക്ക് പര്‍സ്പരം മറക്കാന്‍ കഴിയില്ലെന്ന് മറ്റാരെ ക്കാളും നല്ലതുപോലെ എനിക്കറിയാന്‍ കഴിയും. രമേശ് ഈ ഗ്രാമത്തിലുണ്ടെങ്കില്‍ എന്റെ മോള് ഒരു കല്യാണത്തിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
അവളോട് പറയാ‍ാതെ താനിവിടം വിടണം തനിക്കതിനു കഴിയുമോ? ഒരു പക്ഷെ ഒരു കൊല്ലം കഴിയുമ്പോള്‍ അവളുടെ മനസ് മാറിയേക്കാം. ”

ഒടുവില്‍ രമേശനതു തീരുമാനിച്ചു. വളരെ ക്കാലമായി താന്‍ തീരുമാനിച്ച ഒന്നായിരുന്നു ഈ നാടു വിടുക. എന്നാല്‍ തന്നെ അതിന് പിന്തിരിപ്പിച്ചത് നന്ദന ആയിരുന്നു. താന്‍ വിളിച്ചാല്‍ തന്നോടൊപ്പം ഇറങ്ങിവരും നന്ദന. എന്നാല്‍ ഒരായുസ് മുഴുവനും നന്ദനക്കായ് ചിലവഴിച്ച ആ അച്ഛനും അമ്മയുടെയും സ്വപനങ്ങളെ താന്‍ ഒരു പക്ഷെ തകര്‍ത്തുടക്കുകയായിരിക്കും ചെയ്യുന്നത്.അവളുടെ സ്നേഹം വാങ്ങി സന്തോഷകരമായ ഒരു ജീവിതംപകരം നല്‍കാന്‍ ചേരിയിലെ ആ കുടിലില്‍ തനിക്ക് സാധിക്കുമോ?

പിറ്റേന്ന് വൈകിട്ടത്തെ ട്രെയിനില്‍ രമേഷന്‍ ബോംബയ്ക്ക് ഒരു ടിക്കറ്റ് വാങ്ങി. ടിക്കറ്റുമായി സ്റ്റേഷനു പുറത്തു വന്നപ്പോള്‍ നന്ദനയുടെ അച്ഛനെ വീണ്ടും കണ്ടു. തീരുമാനം അറിയിച്ചിട്ട് രമേഷന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെട്ടത്, “ഞാന്‍ എവിടെയാണെങ്കിലും എന്റെ അഡ്രസ് ഞാന്‍ അങ്ങയെ അറിയിക്കും. നന്ദനയുടെ വിവാഹം എന്നെ അറിയിക്കണം. പങ്കെടുക്കാനല്ല.. നന്ദന സുഖമായിട്ട് ജീവിക്കുന്നുണ്ടല്ലോ എന്ന് സമാധാനിക്കാമല്ലോ?”
“രമേഷ് ഞാന്‍ ആവശ്യപ്പെട്ടത് ഒരു ക്രൂരക്യത്യമാണ് . എന്നെ ശപിക്കരുതെന്ന് ആ മനുഷ്യന്‍ യാചിക്കുന്നുണ്ടായിരുന്നു. ”
==============================
ഏഴ് വര്‍ഷങ്ങള്‍ . ഇടയ്ക്കെപ്പഴോ രമേഷന്‍ ആവശ്യപ്പെട്ടതുപോലെ ഒരു വിവാഹക്ഷണക്കത്ത് കിട്ടിയിരുന്നു. നന്ദനയോടൊപ്പമുള്ള പേര് വായിക്കാന്‍ ശക്തിയില്ലാതെ, ആ കവര്‍ മടക്കി പെട്ടിയില്‍ സൂക്ഷിച്ചു. ഒരു കമ്പനിയിലെ ലോഡിങ് പണിയില്‍ തുടങ്ങി സ്റ്റോര്‍ കീപ്പര്‍ വരെ ഉയര്‍ന്നു. നാട്ടില്‍ പോയൊരു വിവാഹം കഴിച്ചുകൂടെ എന്ന സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധം നിസ്സംഗമായ ഒരു ചിരിയോടെ അവഗണിക്കുമ്പോഴും അവര്‍ക്കറിയില്ലായിരുന്നു രമേഷിന്റെ നഷ്ടമായ പ്രണയത്തിന്റെ കഥ.

ഒരിക്കല്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു നാട്ടുകാരനില്‍ നിന്നാണ് ദു:ഖിപ്പിക്കുന്ന ആ വാര്‍ത്ത അറിഞ്ഞത്. അച്ഛന്‍ മരിച്ചു. മരണശയ്യയില്‍ കിടക്കുമ്പോള്‍ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നത്രേ.
.
അനുജനാണിപ്പോള്‍ വീട് നോക്കുന്നത്. റെയില്‍ വേ പോര്‍ട്ടറായി ജോലി നോക്കുന്ന അനുജന്‍ രഘുവിന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു. ആകെ തളര്‍ന്നു പോയെങ്കിലും ചായക്കട അച്ഛന്റെ ഓര്‍മ്മയ്ക്കായി അമ്മ ഒരു വിധം കൊണ്ടുപോകുന്നു. അന്ന് ആദ്യമായി വീട്ടിലേക്കൊരു കത്തെഴുതി.

മൂത്ത മകനായ തന്നെ മാത്രം ബിരുദം വരെ വിദ്യാഭ്യാസം ചെയ്യിച്ച ആ അച്ഛനമ്മമാര്‍ക്ക് അവസാനകാലത്തുപോലും ഒരു താങ്ങാവാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത രമേശനു കുറ്റം ബോധമുണ്ടാക്കി. അന്നുമുതല്‍ അമ്മയ്ക്കായി മാസം 2000 രുപ അയക്കാന്‍ തുടങ്ങി.
“നിന്റെ പണമല്ലടാ നിന്നെ ഒരു പ്രാവശ്യമൊന്ന് കണ്ട് കണ്ണടയ്ക്കണമെന്ന ആഗ്രഹം മാത്രമേ എനിക്കുള്ളൂ” അമ്മയുടെ ഈ വാചകങ്ങളാവും ഒരു പക്ഷെ ഈ വരവിന് പ്രേരിപ്പിച്ചത്. അമ്മയുടെ കത്തിനൊപ്പം നന്ദനയുടെ കത്തു കിട്ടിയപ്പോള്‍ താന്‍ അദ്ഭുതപെട്ടു.

പ്രിയ രമേശേട്ട,
അച്ഛന്‍ ഒടുവിലാ സത്യം എന്നോട് പറഞ്ഞു. രമേശന്റെ ഈ ഒളിച്ചോട്ടത്തിനു കാരണം എന്റെ അച്ഛനായിരുന്നുവെന്ന് ഞാനറിഞ്ഞില്ല. അച്ഛനാഗ്രഹിച്ച ഒരു ജീവിതം ഒരു പക്ഷെ എനിക്ക് കിട്ടിയില്ലെന്ന് മനസിലായപ്പോള്‍ തോന്നിയ കുറ്റബോധമായിരിക്കും ഈ വെളിപ്പെടുത്തലിനു കാരണം. അച്ഛനാണ് ഈ അഡ്രസ് എനിക്ക് തന്നത്.
മരിക്കുന്നതിനുമുമ്പ് അച്ഛന് രമേശേട്ടനെ ഒന്ന് കാണണമെന്നുണ്ട്. ഒരു പക്ഷെ അതിനു കഴിഞ്ഞില്ലെങ്കില്‍ അച്ഛന് മാപ്പ് നല്‍കണമെന്ന്.
പിന്നെ എന്റെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍ കഴിഞ്ഞയാഴച ഞാന്‍ താലിച്ചരടിന്റെ ബന്ധനത്തില്‍ നിന്നും മോചിതയായി. കോടതിയില്‍ വച്ചായിരുന്നു ആ ചടങ്ങ്. ചേരണ്ടാത്തതു ചേര്‍ത്തതിന്റെ വാശിയില്‍ ഞാന്‍ പൊട്ടിച്ചെറിഞ്ഞതാണ് എല്ലാമെന്ന് രമേശേട്ടന്‍ കരുതരുത്.

ഒരുപാട് സഹിച്ചു ക്ഷമിച്ചു. അച്ഛനെ വിഷമിപ്പിക്കരുതെന്ന ഒറ്റ ലക്ഷ്യത്തോടെ. അച്ഛന്റെ മരണം വരെയെങ്കിലും ഈ താലിച്ചരട് നിലനിര്‍ത്താന്‍ ഒരു പാട് ശ്രമിച്ചു. കഴിഞ്ഞില്ല.
രമേശേട്ടന്‍ അച്ഛനെ കാണാന്‍ വരുമെന്നും അച്ഛനു മാപ്പ് നല്‍കുമെന്നും പ്രതീക്ഷിക്കുന്നു
നന്ദന

ഒന്ന് രണ്ടാവര്‍ത്തി വായിച്ചു....മനസ് നാട്ടിലേത്തെക്കണമെന്ന് പറയുന്നതു പോലെ തോന്നി.


“അല്ല ഇത് നമ്മുടെ രമേശ് മോനല്ലേ? നീ വന്നോ ......നന്നായി”

അച്ഛന്റെ സുഹ്യത്തായ ഉസ്മാനിക്കയായിരുന്നു അത്. രമേഷ് ചിന്തകളില്‍ നിന്നുണര്‍ന്നു. നാടിന്റെ മാറ്റങ്ങള്‍ അവിസ്മരണീയ മാണെങ്കിലും തന്റെ വീടുള്‍പ്പെടുന്ന ചേരിക്ക്,ഒരു മാറ്റവുമില്ല. ഉസ്മാനിക്കയുടെ ശബ്ദം കേട്ട് കൂടുതല്‍ പേര്‍ ഇറങ്ങി വന്നു. തന്റെ മുഖത്തെ മാറ്റങ്ങളെ വായിച്ചെടുക്കുന്ന ആ മുഖങ്ങള്‍ക്കു നേരെ ‍രമേശ് മന്ദഹസിച്ചു.
==================================

Thursday, February 19, 2009

ഒരു കണ്ണീര്‍ കാഴ്ച

“മേരാ ടെസ്റ്റ് കാ ഡേറ്റ് ദോഡാ ആഗേ കര്‍കേ ദീജിയേ സാബ് ,
കമ്പനി മേരാ വിസ ക്യാന്‍സല്‍ കര്‍തെ ഹെ” .

26 വയസു തോന്നിക്കുന്ന ആ യുവാവിന്റെ ശബ്ദം എന്റെ കാതില്‍ വീണ്ടും വീണ്ടും മുഴങ്ങികൊണ്ടിരിക്കുന്നു. ദുബായില്‍ ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാനുള്ള എന്റെ സാഹസികത 8 പ്രാവശ്യവും പൊട്ടിയിട്ടും, പ്രതീക്ഷ വിടാതെ ഇന്നലെ ഞാന്‍ ഒമ്പതാം അങ്കത്തിന് പണമടയ്ക്കാന്‍ ഗുണനിലവാരത്തിന് ISO 9000 കിട്ടിയ ഡ്രൈവിങ് സ്കൂളിന്റെ ഹെഡ് ഓഫിസില്‍ പോയതായിരുന്നു. കൌണ്ടറിലിരിക്കുന്ന അറബിയോട് ഒരു വടക്കേന്ത്യന്‍ യുവാവിന്റെ അഭ്യര്‍ത്ഥനയാണ് ഞാന്‍ മുകളില്‍ പറഞ്ഞത്.11 പ്രാവശ്യം റോഡ് ടെസ്റ്റ് ചെയ്തിട്ടും പരാജയമടങ്ങിയ ഒരു യുവാവ്. ഏതോ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ റീസഷന്‍ കാരണം ജോലി നഷ്ടപെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ ഭക്ഷണവും മറ്റും ചുരുക്കിയാവും ആ യുവാവ് നല്ല ഒരു ജോലിയും ശമ്പളവും സ്വപ്നം കണ്ട് ഈ സാഹസികതയ്ക്കു ഇറങ്ങി തിരിച്ചത്.

അയാളുടെ സംസാരത്തില്‍ നിന്ന് 28)തിയതി അയാളെ കമ്പനി നാട്ടിലേയ്ക്ക് കയറ്റി വിടുകയാണ്. മാര്‍ച്ച് 8 ന് തനിക്ക് കിട്ടിയ റോഡ് ടെസ്റ്റിന്റെ ദിവസം അതിനു മുന്‍പ് കിട്ടാനാണ് അയാള്‍ ആ അറബിയോട് യാചിക്കുന്നത്.

“നോ ഡേറ്റ് കലാസ്, കലാസ്” എന്ന് അയാളെ ഒഴിവാക്കുന്ന ആ അറബിയോട്,സംഭവത്തിന്റെ സീരിയസ് പറഞ്ഞ് മനസിലാക്കാന്‍ ഞാനും എന്റെ ഇഗ്ലീഷില്‍ ഒരു ശ്രമം നടത്തിനോക്കി. അവസാനം അറബി അയാളെ മറ്റൊരു കൌണ്ടറിലേക്ക് പറഞ്ഞുവിട്ടു.

ഗുണനിലവാരത്തിനാണ് ISO 9000 സര്‍ട്ടിഫിക്കേഷന്‍ കൊടുക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ഒരു ദിവസം ടെസ്റ്റ് ചെയ്യപ്പെടുന്ന ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും പരാജയപ്പെടുകയാണ് ചെയ്യുന്നതും.ഈ സ്ഥാപനത്തിന്റെ ഗുണനിലവാരത്തിന്എങ്ങനെയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയതെന്ന് എനിക്കും മനസിലാകുന്നില്ല.ഇന്നും ഫിനിഷിങ് പോയിന്റിലെത്തിയിട്ടില്ലാത്ത എന്റെ ഡ്രൈവിങ് പഠനത്തിലെ സംഭവങ്ങള്‍ പിന്നീട് മറ്റൊരു പോസ്റ്റിലൂടെ പറയാമെന്ന് ഉദ്ദേശിക്കുന്നു.

Wednesday, November 26, 2008

കുട്ടന്റെ സങ്കടങ്ങള്‍...

കുട്ടന്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കം വരുന്നില്ല. അച്ഛന്‍ അമ്മയോട് ദേഷ്യപ്പെടുന്നു. കുട്ടനെ മാറ്റികിടത്തണമത്രേ. കുട്ടന്‍ മാറി കിടക്കില്ല.കുട്ടനു ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാവില്ലേ? അച്ഛനെന്താ അത് ആലോചിക്കാത്തത്?
അല്ലെങ്കിലും അച്ഛന് ഈയിടെയായി കുട്ടനോട് സ്നേഹമില്ല. അമ്മയോടും അതു തന്നെ.ഞങ്ങള്‍ എന്തു തെറ്റു ചെയതു . ഓഫീസില്‍ മാനേജറങ്കിള്‍ അച്ഛനെ വഴക്കു പറഞ്ഞത്രേ?കുട്ടനെ ഒരു ദിവസം ഓഫീസില്‍ കൊണ്ട് പോയിരുന്നുവെങ്കില്‍ ആ അങ്കിളിന്റെ തല എറിഞ്ഞു
പൊട്ടിക്കായിരുന്നു. നല്ല ഉരുളന്‍ കല്ലുണ്ടെങ്കില്‍ കുട്ടന്റെ ഉന്നം പിഴക്കില്ല.

ഈയിടെയായി അച്ഛന്‍ കുട്ടന് ചോക്ലേറ്റ് വാങ്ങി വരാനും മറക്കുന്നു. കുട്ടനോട് അച്ഛന് അത്രയ്ക്കു
ദേഷ്യമാ. പ്രോഗ്രസ് കാര്‍ഡിലെ ഏ ഗ്രേഡ് കൊണ്ട് കാണിച്ചിട്ടും അച്ഛന്‍ ഒരുമ്മ തന്നില്ല.അമ്മയാണെങ്കില്‍ നെറ്റിയില്‍ ഉമ്മ തന്നിട്ട് എന്റെ കുട്ടന്‍ എന്നും ഇങ്ങനെ തന്നെയാവണമെന്നു പറഞ്ഞു. ഇതിനൊക്കെ വേണ്ടിയല്ലേ കുട്ടന്‍ കഷ്ടപെട്ട് സ്കൂളില്‍ പോകുന്നത്. അല്ലാണ്ട് സ്കൂളില്‍ പോകാന്‍ കുട്ടന് ഇഷ്ടമുണ്ടായിട്ടാ?

ടിവി കാണുന്നതിനും അമ്മയെ അച്ഛന്‍ വഴക്കു പറഞ്ഞു. അമ്മയുടെ ഫേവറയിറ്റ് സീരിയല്‍ അല്ലേ
അത് . ആ സീരിയലിലെ സെലീനചേച്ചിയുടെ ഉണ്ണിയെ പോലാ ഞാനെന്ന് അമ്മ പറയാറുണ്ട്.
അമ്മയെ പോലെ അച്ഛനെന്താ എന്നെ സ്നേഹിക്കാത്തത്?

അമ്മ ഉറങ്ങിയെന്നാ തോന്നുന്നത് . അച്ഛന്റെയും അമ്മയുടെയും ഇടയില്‍ കിടന്ന് ഉറങ്ങാന്‍
കുട്ടനെന്തൊരു സുഖമാ? കുട്ടന്‍ കണ്ണുകള്‍ അടച്ചു. കണ്ണു തുറന്നാല്‍ അച്ഛന്‍ ഇനിയും ഒച്ച വെയ്ക്കും. ടാ
നിനക്ക് ഉറക്കമില്ലേന്ന്.
അച്ഛനും ഉറങ്ങിയെന്നു തോന്നുന്നു. ഇല്ല അച്ഛന്‍ ദേ എഴുന്നേല്‍ക്കുന്നു. മങ്ങിയ വെളിച്ചത്തില്‍ കുട്ടന്‍ കണ്ടു. അച്ഛന്‍ തന്നെ എടുത്ത് മാറ്റി കിടത്തുന്നു. സാരമില്ല എന്തായാലും ഇനിയും കരഞ്ഞു ബഹളം വെച്ചാല്‍ അച്ഛന്‍ അമ്മയെയും വഴക്കു പറയും. തന്റെ തെറ്റിനും പാവം അമ്മയല്ലേ ഈയിടെയായി വഴക്കു കേള്‍ക്കുന്നത്.കുട്ടന്‍ കണ്ണുകള്‍ അടച്ചു തന്നെ കിടന്നു. അച്ഛന്‍ അതാ അമ്മയുടെ അടുത്തേക്ക്. അമ്മയെ തല്ലാനായിരിക്കുമോ?. അമ്മയെ തല്ലിയാല്‍ കുട്ടന്‍ കരഞ്ഞു ബഹളം വെയ്ക്കുമെന്ന് കരുതി വഴക്കു പറഞ്ഞാലും അമ്മയെ അച്ഛന്‍ തല്ലാറില്ല. ചിലപ്പോള്‍ കുട്ടന്‍ ഉറങ്ങിയ തക്കത്തിന് അച്ഛന്‍....
അമ്മേ....
കുട്ടന്‍ ഉച്ചത്തില്‍ നിലവിളിച്ചു

Thursday, October 16, 2008

എന്റെ, സത്യാന്വേഷണ പരീക്ഷകള്‍

രണ്ടാം തരത്തില്‍ പഠിക്കുന്ന കാലം. സ്ലേറ്റ്, കല്ലുപെന്‍സില്‍ ,പീടികയിലെ ഉണ്ടമിഠായി, നാരങ്ങാമിഠായി,പിന്നെ മലയാള പുസ്തകത്തിലെ പാഠങ്ങള്‍ ഇവയൊക്കെയെ ഉള്ളൂ അന്ന് മനസിലും സ്വപ്നങ്ങളിലും. നീളമുള്ള കല്ലുപെന്‍സില്‍ അതേ പോലെ സൂക്ഷിക്കണമെന്ന് എത്ര വിചാരിച്ചാലും ഒരു ദിവസത്തില്‍ കൂടുതല്‍ അതിനു കഴിയില്ല. താഴെ വീണൊ മറ്റൊ അത് തുണ്ടം തുണ്ടമാകും.

അടുത്തത് വാങ്ങാന്‍ പൈസയ്ക്കുവേണ്ടി പിറ്റേന്ന് സ്കൂളില്‍ പോകാനിറങ്ങുമ്പോള്‍ അമ്മയുടെ മുമ്പില്‍ കരഞ്ഞുകാട്ടണം. പത്ത് പൈസയുടെ കല്ലുപെന്‍സില്‍ വാങ്ങിത്തരാന്‍ അമ്മ അടുത്തുള്ള പീടിക വരെ കൂടെവരും. ഭരണിയിലിരിക്കുന്ന കടിച്ചാല്‍ പൊട്ടാത്ത ഉണ്ടമിഠായിക്ക് പീടികയില്‍ വച്ച് ഒന്നുകൂടി കരഞ്ഞാല്‍ അതും സാധിച്ചെടുക്കാം.ഒടുവില്‍ അതും വാങ്ങി വായിലിട്ട് സ്കൂള്‍ വരെ നടക്കണം. സ്കൂളിലെത്തിയാലുംഅവന്‍ വായില്‍ അലിഞ്ഞു തീരില്ല. ബെല്ല് മുഴങ്ങിയാല്‍ പിന്നെ ബാക്കിയാവുന്ന“കുഞ്ഞ്ഉണ്ടമിഠായി”പോക്കറ്റില്‍ റെസ്റ്റ് എടുക്കും.

ക്ലാസിലിരിക്കുമ്പോള്‍ മിഠായി വായിലുണ്ടേല്‍ ടീച്ചറ് അടിക്കും പോരാത്തതിന് നമ്മള്‍ രാവിലെ കരഞ്ഞ് കഷ്ട്പെട്ട് സമ്പാദിച്ച ഉണ്ടമുഠായി വെളിയില്‍പോയി തുപ്പിക്കളയാനും പറയും.
അന്നും ക്ലാസ് വിടുന്നതുവരെ കല്ലുപെന്‍സില്‍ നീളന്‍ ആയിരുന്നു. അവന്‍, അജയനാണത് ചെയ്തത്. ഞാന്‍ ബഞ്ചിന്റെ താഴെയിരുന്ന തോള്‍ സഞ്ചിയില്‍ സ്ലേറ്റ് തള്ളി കയറ്റുന്നതിലിരുന്നതിനിടയില്‍, ബഞ്ച് ചരിച്ച് ബഞ്ചിലിരുന്ന എന്റെ നീളന്‍ കല്ലുപെന്‍സിലിനെ താഴെ തള്ളിയിട്ട് നാലുതുണ്ടമാക്കിയത്.അവന്റെ പൊറത്തിട്ട് രണ്ട് കൊടുക്കാനാ തോന്നിയത്.
“തല്ലുണ്ടാക്കുന്നത് ചീത്തകുട്ടികളാ, ന്റെ മോന്‍ ചീത്തകുട്ടിയായാല്‍ പിന്നെ ഞാന്‍ ചത്തുപോകും” അമ്മയുടെ വാക്കുകള്‍ ഓര്‍മ്മവന്നു.
പാവം അമ്മ.അങ്ങനെ ചത്തുപോവണ്ട . ഞാന്‍ ചീത്തകുട്ടിയാവില്ല. കല്ലുപെന്‍സില്‍ കഷണങ്ങള്‍ പറക്കി സഞ്ചിയിലിട്ടു. എന്തായാലും നാളെ രാവിലെ കരച്ചില്‍ പ്രഹസനം നടത്തിയിട്ട് കാര്യമില്ല. ഇന്ന് രണ്ട് പെന്‍സിലല്ലേ സാധിച്ചെടുത്തത്?. ഒന്ന് കൊണ്ട് പോയാല്‍ മതിയെന്ന അമ്മയുടെ വാക്ക് കേട്ടില്ല. ഒരെണ്ണം ടീച്ചറ് പാട്ട് ചൊല്ലിപഠിപ്പിച്ചോണ്ടിരിക്കുമ്പോള്‍ കൈകൊട്ടിയപ്പോള്‍ കയ്യില്‍ നിന്നും തെറിച്ചു വീണ് ഏതാണ്ട് ചമ്മന്തിപരവമായി.ഏതായാലും ആ പാട്ട് ഇഷ്ടമായി. അല്ലേലും ലില്ലിടീച്ചറ് പഠിപ്പിച്ച ഏത് പാട്ടാ മോശം?.
“ഇലക്ട്രിക് ലൈറ്റേ വന്നാലും
എന്നുടെ വീട്ടില്‍ തെളിഞ്ഞാലും
എന്തുവെളിച്ചം ഹാ ഹാ ഹ
നീ കത്തുമ്പോള്‍ പുകയില്ല
നീകത്തുമ്പോള്‍ കരിയില്ല
.................”
ഇലക്ട്രിക് ബള്‍ബ് കത്തുമ്പോള്‍ നല്ല പ്രകാശമാ. സിനിയുടെയും തോമസിന്റെ വീട്ടിലും തെളിഞ്ഞു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്റെ വീട്ടിലും അത് തെളിക്കുന്ന സ്വിച്ചും പെട്ടിയും വച്ചിട്ടുണ്ട്,ബളുബ്ബില്ല .കരണ്ട് കിട്ടുമ്പോ “ബളുബ്ബ്” വാങ്ങി വയ്ക്കാമെന്ന് അമ്മ പറഞ്ഞു.
“ നമുക്ക് കരണ്ട് വാങ്ങിയാലെന്താമ്മേ? പപ്പേടെ കൈയ്യില്‍ അതിനും പൈസയില്ലേ?”
“അതല്ല മോനേ ... കരണ്ട് നമുക്ക് രണ്ടുമാസം കൂടി കഴിഞ്ഞേ കിട്ടൂ.”
“ഈ രണ്ട് മാസം എപ്പഴാ ഒന്ന് കഴിയ?”
സിനിയുടെ വീട്ടിലേ പോലെ നമ്മടെ വീട്ടിലും വെളിച്ചം. പിന്നെ വൈകിട്ട് വിളക്കു കത്തിച്ച് അതിന്റെ മുമ്പിലിരുന്ന് പാഠം വായിക്കുന്നത് വലിയ കഷ്ടമാ. അനിയത്തി കുട്ടി ഇഴഞ്ഞ് ഇഴഞ്ഞ് വിളക്കില്‍ പിടിക്കാന്‍ വരും. മണ്ടി, അവള്‍ക്കറിയില്ല അതില്‍ പിടിച്ചാല്‍ പൊള്ളുമെന്ന്. എത്ര തവണ ഞാന്‍ പറഞ്ഞു കൊടുത്തു. വലിയ കുട്ടി ആവുമ്പഴേ അവള്‍ക്കത് മനസിലാകത്തൊള്ളന്നാ അമ്മ പറയുന്നത്.എങ്കിലും പാഠം വായിച്ച് ഉറക്കം വരുമ്പോള്‍ വഴി തെറ്റി വരുന്ന തുമ്പികള്‍, വണ്ടുകള്‍ ഈയാം പാറ്റകള്‍ വിളക്കിനു ചുറ്റും വലം വയ്ക്കുന്നത് കാണാന്‍ രസമാണ്. സ്കൂളില്‍ പത്തും പന്ത്രണ്ടും പ്രാവശ്യം ചൊല്ലിപഠിച്ച പാഠങ്ങള്‍ കാണാതെ പറയാന്‍ അറിയാവുന്നതുകൊണ്ട് ഇവറ്റകളെ കണ്ടുകൊണ്ട് പാടം ഉറക്കെ പറയാന്‍ എനിക്കാവുമായിരുന്നു. ഒരിക്കല്‍ ഒരു ഈയാം പാറ്റയെ പിടിച്ച് അതിന്റെ ചിറക് വിളക്കില്‍കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പപ്പയുടെ തല്ല് കിട്ടിയത്. ശ്രദ്ധ ഈ “ചുടല്‍പ്രക്രിയ” യില്‍ ആയിരുന്നതുകൊണ്ട് ഓര്‍ക്കാപുറത്ത് വീണ അടിയില്‍ നിക്കറ് നനഞ്ഞു, പിന്നെ ഉച്ചത്തില്‍ നിലവിളിക്കാതിരിക്കുന്നതെങ്ങനെ? മാനവും പോയില്ലേ?

സ്കൂള്‍ വിട്ട് വീട്ടിലേക്കുള്ള നടത്തം ഒരു രസാണ്. വഴിയരികിലുള്ള പച്ച മാങ്ങ, പുളി , പേരക്ക എന്നിവയുടെ വിളവും പ്രായവും ക്യത്യമായിട്ട് അറിയാവുന്നത് ആ പറമ്പുകളുടെ ഉടമസ്ഥര്‍ക്കാവില്ല.റഷീദിക്കാക്കായുടെ പീടികയില്‍ പുതിയ ഗോലികള്‍ (ഗോട്ടികള്‍) വന്നിട്ടുണ്ട്. ഭരണിക്കുള്ളിലെ നിറമുല്ല ഗോലികള്‍ കാണാന്‍ നല്ലരസം. പത്ത് പൈസായ്ക്ക് ഒരെണ്ണം. നാളെ പത്ത് പൈസ സംഘടിപ്പിക്കാന്‍ എന്താ വഴി? എന്തായാലും ഗോലി വാങ്ങാനാണെന്ന് പറഞ്ഞാല്‍ അമ്മ പൈസ തരില്ല.

“എന്തടാ ഇവിടെ ഇങ്ങനെ നിന്നാല്‍ വീട്ടില്‍ പോകാന്‍ നേരം വൈകില്ലേ?”
റഷീദിക്കായുടെ ശബ്ദം കേട്ട് ഭരണികള്‍ക്കിടയിലൂടെ നോക്കി.കണ്ണാടി വച്ച് വായില്‍ ചുവന്ന മുറുക്കാന്‍ ചവയ്ക്കുന്ന റഷീദിക്കാ എന്നോടാണ് അത് ചോദിച്ചതെന്നു തോന്നുന്നു.

“ഇക്കാ വെള്ളം തര്വോ? ദാഹിക്കുന്നു.”
റഷീദിക്കാ മണ്‍കുടത്തില്‍ നിന്നും തണുത്തവെള്ളം ഗ്ലാസിലേക്ക് പകര്‍ന്നു തന്നു.
“ഇതാ കുടിച്ചിട്ട് വേഗം പോ? ഇന്നും വീട്ടില്‍ നിന്ന് ആള് തിരക്കി വരുന്നതുവരെ ചുറ്റി തിരിയാതെ.”

ദാഹമില്ലെങ്കിലും ഈ മണ്‍കുടത്തിലെ തണുത്ത വെള്ളത്തിന്റെ സ്വാദ് ആസ്വദിക്കുന്നത് ഒരു രസാണ്. ഗോലിഭരണിയെ ഒന്നു കൂടിപുഞ്ചിരിച്ചുകാട്ടി അവിടെ നിന്നും ഓടി.

വീടിനുമുന്നിലുള്ള ഇലക്ട്രിക് പോസ്റ്റിനു താഴെ ഒരാള്‍ മുകളിലേക്കു നോക്കി എന്തോ പറയുന്നു. ഞാനും മുകളിലേക്ക് നോക്കി. മുകളിലതാ ഒരാള്‍ കയറി നില്‍ക്കുന്നു. അയാള്‍ ഒരു കറുത്ത വയറ് അതില്‍ ചുറ്റികെട്ടുന്നു. ആ വയറിന്റെ മറ്റേ അറ്റം വീടിന്റെ മുകളിലൂടെ ഓടിനുള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്നു.

ഞാന്‍ വീട്ടിലേക്ക് ഓടികയറി. ഒരാള്‍ മുറിക്കുള്ളില്‍ കസേരയ്ക്കു മുകളില്‍ കയറി നിന്നുകൊണ്ട് ബളുബ്ബ് ഉറപ്പിക്കുന്നു. അയാള്‍ തന്നെ താഴെ ഇറങ്ങി സ്വിച്ചിട്ടു. ഇത്രയും നാള്‍ ഞാന്‍ അമര്‍ത്തിയിട്ടും പ്രവര്‍ത്തിക്കാത്ത ആ സ്വിച്ച് മുറിയിലാകെ വെളിച്ചം പരത്തുന്നു. എന്ത് വെളിച്ചമാ ഈ ബളുബ്ബിന്?നിമിഷങ്ങളോളം ബളുബ്ബിനെ നോക്കി നിന്നും. ഇതെങ്ങനെയാ പ്രകാശിക്കുന്നത്.അമ്മ വിളമ്പി തന്ന ചോറില്‍ കൈയിളക്കുമ്പോഴും ഇതായിരുന്നു ചിന്ത.

“ചോറ് കഴിക്കടാ.... ഇങ്ങനെ ഇളക്കി മറിച്ചോണ്ടിരിക്കാതെ. ”
അമ്മയുടെ ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.

“അമ്മേ ഈ കരണ്ട് എങ്ങനെയാ ഇരിക്കുന്നത്? നമുക്ക് ആ സ്വിച്ച് പെട്ടി തുറന്നാ കാണാന്‍ പറ്റ്വോ?”
എന്റെ സംശയം അമ്മയോട് ചോദിച്ചു.

“കരണ്ടിനെ കാണാന്‍ പറ്റില്ല. ചൂട് പോലെ തന്നെയാണ് അതും. എന്നുകരുതി നീ കരണ്ടിനോട് കളിക്കാന്‍ നില്‍ക്കണ്ടാ. ഇനി പഴയതുപോലെ നിന്റെ സ്വിച്ചിന് മുകളിലുള്ള ടൈപ്പടി വേണ്ട കേട്ടോ?
കരണ്ടടിച്ചാല്‍ പിന്നെ അറിയാല്ലോ? മൊയ്തുമ്മാ മരിച്ചത് എങ്ങനാന്ന് നിനക്കറിയാല്ലോ?”

അതിരാവിലെ പാല്‍ കടകളിലെത്തിക്കാനായി പാടവരമ്പിലൂടെ നടന്നു വരുമ്പോള്‍ പൊട്ടി കിടന്നിരുന്ന വൈദ്യുത കമ്പികള്‍ മൊയ്തുമ്മ അറിയാതെ ചവിട്ടിയാണ് മരിച്ചതെന്ന് അമ്മ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചു. പാവം മൊയുതുമ്മ.എങ്കിലും ഇത്രയും ഭീകരനായ കരണ്ട് ബള്‍ബ് കത്തിക്കുകയും റേഡിയോയില്‍ പാടുകയും ചെയ്യുന്നുണ്ടല്ലോ? ഈ കരണ്ടിനെ ഒന്ന് കാണാന്‍ എന്താ വഴി? ഞാന്‍ സ്വിച്ച് പെട്ടിയില്‍ നോക്കി. അമ്മ അടുക്കളയിലേക്ക് പോയ തക്കം നോക്കി കസേര നീക്കിയിട്ട്സ്വിച്ച് പെട്ടിയില്‍ പതുക്കെ തൊട്ടു . കുഴപ്പമില്ല, സ്വിച്ച് അമര്‍ത്തി ബളുബ്ബ് തെളിഞ്ഞു. പിന്നെ തിരിച്ചമര്‍ത്തി അത് കെടുത്തി. പതുക്കെ ചെവി ആ പെട്ടിയിലേക്ക് ചേര്‍ത്ത് വച്ച് നോക്കി. ഉള്ളില്‍ ഒരു അനക്കവുമില്ല. കരണ്ട് ഉറങ്ങുകയാ‍വും.

“ഡാ നിന്നോട് ഞാന്‍ പറഞ്ഞതല്ലേയുള്ളൂ സ്വിച്ചില്‍ ഇനി കളിക്കരുതെന്ന് ”
ഞാന്‍ ഒരു ഉണ്ണിക്കണ്ണന്‍ചിരി* ചിരിച്ചോണ്ട് താഴെ ഇറങ്ങി.
“ഞാന്‍ തൊട്ടില്ലമ്മേ അതില്‍. കരണ്ട് ഉള്ളിലുണ്ടോന്ന് നോക്കിയതാ ആ തുളകളിലൂടെ” (സുഷിരങ്ങള്‍- പ്ലഗിലെ).

രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും ഇതായിരുന്നു ചിന്ത. ഈ കരണ്ട് എങ്ങനെയാണ് വയറിലൂടെ വീട്ടിനുള്ളില്‍ വരുക?, ബളുബ്ബ് കത്തിക്കുക?, റേഡിയോ പാടിക്കുക? സ്കൂളിലെ ഹെഡ് മാഷിന്റെ മുറിയിലെ ഫാന്‍ കറക്കുന്നതും ഇവന്‍ തന്നെയല്ലേ?. ഇവനെ ഒന്ന് കാണാന്‍ എന്താ വഴി?

ശനിയാഴ്ച സ്കൂള്‍ അവധി ആയിരുന്നു. അമ്മ അനിയത്തി കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോയിരുന്നു. അവള്‍ക്ക് നല്ല ചുമയായിരുന്നു. അതെങ്ങനാ മരുന്ന് കുടിക്കില്ലല്ലോ? വായില്‍ അമ്മ ബലം പ്രയോഗിച്ച് ഒഴിച്ച് കൊടുത്താലും അവളത് തുപ്പികളയും. എനിക്കാണേ ആ ചുവന്ന മരുന്നിന്റെമധുരം വലിയ ഇഷ്ടമാണ്. അതിനു വേണ്ടി ഞാന്‍ "കള്ളചുമ" വരുത്താറുണ്ട് വല്ലപ്പോഴും.

പപ്പ പുറത്ത് പറമ്പില്‍ എന്തോ പണിയെടുക്കുന്നു. ഞാനും മുത്തശ്ശി* യുമേ ഉള്ളൂ വീട്ടില്‍. ഞാന്‍ എന്റെ പെട്ടിയെടുത്തു തുറന്നു. പൊട്ടിയ കളിപ്പാട്ടങ്ങള്‍ , വളമുറികള്‍, മുത്തുകള്‍, ബട്ടന്‍സ്, തീപ്പെട്ടി പിന്നെ ഒരു കാന്തം, അതിന് പിടിച്ച് വലിക്കാന്‍ രണ്ട് ആണികള്‍ ഇവയാണ് എന്റെ പെട്ടിയിലെ കളക്ഷനുകള്‍. ആണികളെ അല്പം അകലെ നിന്നു പോലും പിടിച്ചെടുക്കുന്ന കാന്തം എന്റെ ഹീറോ ആയിരുന്നു. പക്ഷെ ഇപ്പോള്‍ ആ സ്ഥാനം കരണ്ടിനാണ്. കാന്തത്തിന് ബള്‍ബ് കത്തിക്കാനാവില്ലല്ലോ? ഫാന്‍ കറക്കാനും റേഡിയോക്കുള്ളിലിരുന്ന് പാടാനും.

ഞാന്‍ പതുക്കെ സ്വിച്ച്പെട്ടിയില്‍ നോക്കി. എന്റെ ഹീറോയെ ഒന്ന് കാണാന്‍ എന്താ വഴി? മുത്തശ്ശി എന്നെ നോക്കുന്നില്ല. മുത്തശ്ശി മുത്തശ്ശിയുടെ പെട്ടിക്കുള്ളില്‍ എന്തോ അടുക്കി വയ്ക്കുകയാണ്. കണ്ണ് കാണില്ലേലും നമ്മള്‍ ആ പെട്ടിയിലൊന്ന് തൊട്ടാം മുത്തശ്ശി അറിയും. പിന്നെ വഴക്കു പറയും ചിലപ്പോ നല്ല തെറി കേള്‍ക്കും. നമക്കതൊന്നും ഒരു പ്രശ്നം അല്ലല്ലോ? പക്ഷെ അമ്മ കേട്ടാല്‍ പിന്നെ അമ്മയും മുത്തശ്ശിയും തമ്മില്‍ പൊരിഞ്ഞ വഴക്ക് നടക്കും. പിന്നെ പപ്പ ഇടപെട്ടാല്‍ അമ്മയ്ക്കാണ് അടി കിട്ടുന്നത് . ആ കൂട്ടത്തില്‍ എനിക്കും.

ഞാന്‍ കസേര വലിച്ചിട്ടുകയറി എന്റെ ഹീറൊയെ ആ തുളകളിലൂടെ നോക്കി. ആള്‍ അകത്തുള്ള ലക്ഷണമില്ല. ആ ആണിയെടുത്ത് ഒന്നു കുത്തി നോക്കിയാലോ? താഴെയിറങ്ങി ഒരു ആണിയെടുത്ത് വീണ്ടും കയറി. ആണിയെ അങ്ങോട്ട് കയറ്റി വിട്ടു. നോ രക്ഷ കറണ്ട്മാന്‍ ഇറങ്ങി വരുന്നില്ല. എന്റെ സെക്കന്റ് ഹീറോ കാന്തംമാനെ വിട്ട് ആണിയെ പിടിച്ചിടുത്തു. പിന്നെ ആണിയെയും പിന്നിലായി കാന്തം മാനെയും കടത്തി. ഒരു അനക്കവുമില്ല. സ്വിച്ചിട്ടാലോ?

പെട്ടെന്ന് പിന്നില്‍ നിന്നും എന്നെ ആരോ എന്നെ തല്ലിയതുപോലെ. ആ അടിയുടെ ശക്തിയില്‍ നിലത്ത് വീണഞാന്‍ ചുറ്റും നോക്കി.
ആ മുത്തശ്ശി തള്ളയാണോ എന്നെ സ്വന്തം താങ്ങ് വടികൊണ്ട് പൊട്ടിച്ചത്. എങ്കിലിന്ന് അമ്മ വരുമ്പോ മുത്തശ്ശിക്കിന്ന് ഓണം വാങ്ങികൊടുക്കും ഞാന്‍. ഇല്ല, മുത്തശ്ശി ഈ പരിസരത്തെങ്ങുമില്ല. അപ്പോപിന്നെ? പപ്പയുമില്ലല്ലോ ഇവിടെ? ഞാന്‍ ആകെ വിയര്‍ത്തു. കാന്തവും ആണിയും താഴെ തെറിച്ചു വീണിരുന്നു.

******************************


*ഉണ്ണിക്കണ്ണന്‍ചിരി - ഇത് പ്രയോഗിച്ചാ സാധാരണ അമ്മമാരില്‍ നിന്ന് തല്ലുകിട്ടാതെ പലപ്പോഴും രക്ഷപെടാം.
*മുത്തശ്ശി- ഈ കഥാനായകന്‍ “നന്നിയമ്മാ“ എന്നു വിളിക്കും. ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രം ജീവിക്കുന്നു.

മലയാളം ടൈപ്പ് ചെയ്യാന്‍?