Saturday, March 29, 2008

ഞാനും യു എ ഇ ബൊഗേഴ്സ് മീറ്റില്‍

വെള്ളിയാഴ്ച ദിനത്തിലെ പതിവ് പാചകപരീക്ഷണവും ജുമാപ്രാര്‍ത്ഥന ,ഉച്ചയൂണും കഴിഞ്ഞ് ഉച്ചമയക്കത്തിനായി കിടക്കയെ സമീപിച്ചു. “ടാ നിന്റെ മൊബയില് ചിലക്കുന്നു“ എന്ന സഹമുറിയന്റെ വിളികേട്ട് ക്ഷമിക്കണം ഞാന്‍ ഉടനെയെത്താം എന്ന ക്ഷമാപണം കിടയ്ക്കക്കു നല്‍കിയിട്ട് ഞാന്‍ അടുത്ത മുറിയിലിരിക്കുന്ന എന്റെ മൊബയില്‍ കൈക്കലാ‍ക്കിയപ്പോഴേക്കും അതിന്റെ പാട്ട് നിലച്ചിരുന്നു.

ഹരിയണ്ണനാണ് മിസ്കീന്‍ കാള്‍ ചെയ്തിരിക്കുന്നതെന്ന് മനസിലായപ്പോള്‍ തിരിച്ചു വിളി നടത്തി.
ടാ നീ വരുന്നില്ലേ? നീയല്ലേ പറഞ്ഞത് പോകുമ്പോള്‍ വിളിക്കണമെന്ന്
ഞാന്‍ എന്റെ ഓര്‍മ്മയില്‍ പരതി... എവിടെ പോകുന്ന കാര്യമാണ് അണ്ണന്‍ പറയുന്നത്?
ടാ ബ്ലോഗേഴ്സ് മീറ്റ് ... ഞങ്ങള്‍ ഇവിടെ റെഡിയായി നില്‍ക്കുകയാ.
അണ്ണാ ഒരു പതിനഞ്ച് മിനിറ്റ് ഞാന്‍ ഇതാ ഞാനെത്തി...
പിന്നെയുള്ള പ്രകടനങ്ങള്‍ ദ്രുതഗതിയിലായിരുന്നു.വലിച്ചുകേറ്റിയ പാന്റ് തിരിച്ചാണെന്ന് മനസിലായത് അത്അരയിലെത്തിയപ്പോഴാണ്.വലിച്ചൂരി നേരെയാക്കി. കിടക്കയോട് സോറി ഡാ പറഞ്ഞിറങ്ങി. മുടിചീകിയൊതുക്കിയത് ലിഫ്റ്റിനുള്ളില്‍ വച്ച്. ഹരിയണ്ണന്‍ പറഞ്ഞ സ്ഥലത്ത് ഓടിയെത്തിയപ്പോഴേക്കും പതിനഞ്ച് മിനിറ്റ് കഴിഞ്ഞിരുന്നു.അവിടെ ഹരിയണ്ണന്‍ ഒരു വണ്ടിയുമായി കാത്തു നില്‍ക്കുന്നു. ഞാന്‍ ആ വണ്ടിയില്‍ കയറി അതിനുള്ളിലുള്ള സീറ്റുകളിലെല്ലാം തിരഞ്ഞു. എവിടെ ഹരിയണ്ണന്‍ പറഞ്ഞ കുറുമാനും വഴിപോക്കനും.
അവര് ചാര്‍ജ്ജ് ചെയ്യാന്‍ പോയിരിക്കുകയാ.., നീ ഡോറടയ്ക്ക് നമുക്കങ്ങോട്ട് പോകാം.
വണ്ടി മറ്റൊരിടത്ത് നിറുത്തി ഞങ്ങള്‍ അവരെയും കാത്ത് ഇരുന്നു. അല്പം കൂടി താമസിക്കാമായിരുന്നു എന്ന് എനിക്ക് തോന്നിയ നിമിഷം.
അതാ വരുന്നു രണ്ടു പേര്‍ . കുറുമാനെ തിരിച്ചറിയാം കഷണ്ടിയില്‍ സ്വന്തം പ്രതിബിംബം കാണുമ്പോള്‍ എന്ന എന്റെ ആശയം വഴിതെറ്റി. രണ്ടുപേര്‍ക്കും കഷണ്ടിയില്ല. ബുള്‍ഗാന്‍ താടി വച്ച ഒരു രൂപത്തിന് കുറുമാന്റെ ഛായ ഉള്ളതുപോലെ. ബ്ലോഗ് പ്രൊഫയിലില്‍ കണ്ട കുറുമാന്റെ ചിത്രം വീണ്ടും വീണ്ടും റീസ്റ്റോര്‍ ചെയ്തു നോക്കിയിട്ടും എനിക്ക് ഒന്നും പിടികിട്ടിയില്ല.
പിന്നീടുള്ള സംസാരത്തില്‍ നിന്നാണ് എന്റെ മുന്‍പിലുള്ള സീറ്റില്‍ ഇരിക്കുന്ന ആ മനുഷ്യന്‍ കുറുമാന്‍ എന്ന ബ്ലോഗര്‍ മാത്രമല്ല ഒരു വിഗ്ഗര്‍ കൂടി ആയ വിവരം അറിഞ്ഞത്. കാതടപ്പിക്കുന്ന ശബ്ദം ആയിരുന്നു കുറുമാന്‍ ചേട്ടന്റേത്. ആ ശബ്ദത്തിനു ശേഷം അടുത്തിരിക്കുന്ന വഴിപോക്കന്റെ ശബ്ദം ശ്രവിക്കാന്‍ ഞാനല്പം ബുദ്ധിമുട്ടി. ഞാന്‍ മൂസയാണെന്നും കനലാണെന്റെ ബ്ലോഗ് നാമമെന്നും പറഞ്ഞപ്പോള്‍ അങ്ങനെയും ഒരു ബ്ലോഗുണ്ടോയെന്ന മനസിലെ ചോദ്യത്തെ അടിച്ചിരുത്തികൊണ്ട് അവര്‍ ഞാന്‍ കണ്ടിട്ടുണ്ടെന്ന് മറുപടി നല്‍കി.

വാഹനം ഓടിച്ചിരുന്നത് ഹരിയണ്ണനായിരുന്നെങ്കിലും ക്യാപ്റ്റനായി ഇരുന്ന് വഴിപറഞ്ഞു കൊടുത്തിരുന്നത് കുറുമാന്‍ ചേട്ടനായിരുന്നു.
ഒടുവില്‍ ക്രീക്ക് പാര്‍ക്കില്‍ ഗേറ്റ് നമ്പര്‍ 2 കണ്ടെത്താന്‍ ഹരിയണ്ണന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ , സ്വന്തം വാഹനം താന്‍ തന്നെ ഓടിച്ചാലെ യഥാര്‍ത്ഥവഴി കണ്ടെത്താന്‍ കഴിയുമെന്ന് കുറുമാന്‍ ചേട്ടന്റെ ആഹ്വാനം. ഹരിയണ്ണന്‍ സാരഥിസ്ഥാനം കുറുമാന് കൈമാറി.ഗേറ്റ് നമ്പര്‍ 2വിനായുള്ള അന്വേഷണം ഞങ്ങളെ കൊണ്ട് ചെന്നെത്തിച്ചത് ക്രീക്ക് പാര്‍ക്കും കഴിഞ്ഞ് ദഹ്റയില്‍ . ഒടുവില്‍ നോയൂ ടേണ്‍ സിഗ്നലിലെ ചുമന്ന വെട്ട് നമ്മള്‍ കണ്ടില്ലാന്ന് വിചാരിക്കൂ എന്ന് പറഞ്ഞുകൊണ്ട് കുറുമാന്‍ ചേട്ടന്‍ ഒരു ജംഗ് ഷനില്‍ യു ടേണ്‍ ഭംഗിയായി നിര്‍വഹിച്ചു. ചോദിച്ച് ചോദിച്ച് വീണ്ടും ആദ്യയമെത്തിയ ക്രീക്ക് പാര്‍ക്കിലെ ഗേറ്റ്നമ്പര്‍ 5 ല്‍ എത്തി.
ഗേറ്റ് നമ്പര്‍ 2 നായുള്ള അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു.ചോദിച്ച് ചോദിച്ച് പോകാമെന്ന ഡയലോഗ് കുറമാന്‍ തുടര്‍ന്നു കൊണ്ടിരുന്നു.
ഗേറ്റ്നമ്പര്‍ 2 ലെത്തിയെങ്കിലും പാര്‍ക്കിങ്ങിനായുള്ള കറക്കം നാലുതവണ തുടര്‍ന്നു. ഒടുവില്‍ യു എ ഇ നിയമം അനുവദിക്കാത്ത ഒരു പാര്‍ക്കിങ്ങില്‍ വാ‍ഹനത്തെ വിട്ടേച്ച് തിരികെ വരുമ്പോള്‍ അതാ ഒരു പാര്‍ക്കിങ് സ്ഥലം. യു എ ഈ പോലീസിന് ധര്‍മ്മം കൊടുക്കേണ്ട അവസ്ഥയില്‍ നിന്നും രക്ഷനേടാനായി അവിടെ ഞാനും കുറുമാനും ഞങ്ങളുടെ താല്‍ക്കാലികമായ ബോഡി പാര്‍ക്കിങ് ചെയ്തുകൊണ്ട് ഹരിയണ്ണനെ വണ്ടിയെടുത്തുകൊണ്ട് വരാനായി വിട്ടു. ഇടയ്ക്ക് വന്ന ഒരു മറാട്ടി ബോഡിപാര്‍ക്കിങ്ങിന്റെ പേരില്‍ കുറുമാനോട് ഉടക്കിയെങ്കിലും ഞങ്ങള്‍ ആ പാര്‍ക്കിങ് സ്ഥലം കവര്‍ന്നെടുത്തു.
ഗേറ്റിനുമുമ്പില്‍ വന്നു നിന്ന അതുല്യ ചേച്ചിയുടെ വാഹനത്തില്‍ നിന്ന് കാറ്ററിങ്ങ് സാധനങ്ങള്‍ അകത്തേക്ക് ചുമന്നുകൊണ്ട് ഞങ്ങള്‍ യു എ ഇ ബ്ലോഗേഴ്സ് മീറ്റുന്ന ലൊക്കേഷനിലെത്തിചേര്‍ന്നു.അല്പനേരത്തെ കുശലാന്വേഷണത്തിനു ശേഷം കൈപ്പള്ളിയുടെ വാക് ധോരണിയിലേക്ക് ഊളിയിടേണ്ടി വന്നു. ആ വാക് ധോരണിയെ നിയന്ത്രണത്തിലാക്കാന്‍ അവലുംവെള്ളവും കൈപ്പള്ളിയ്ക്ക് നല്‍കിയ ആരുടെയോ ശ്രമവും വിഫലമായി. ബ്ലോഗിലെ പ്രശസ്തരായ എഴുത്തുകാരെ എന്റെ കണ്ണുകള്‍ ആരാധനയോടെ നേരിട്ട് നൊക്കികണ്ട് സായൂജ്യമടഞ്ഞു. കുറുമാന്‍ , അതുല്യചേച്ചി,തറവാടി ,വഴിപോക്കന്‍ ,അപ്പു,അനില്‍ശ്രീ, അഗ്രജന്‍ ,രണ്ടാമന്‍ ,ദേവേട്ടന്‍ അങ്ങനെ ഞാന്‍ വായനയിലൂടെ മാത്രം അറിഞ്ഞിരുന്ന ഒരുപാട് മുഖങ്ങള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞ ഈ ദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ല.

ഞാന്‍ ആദ്യം കണ്ട മലയാളം ബ്ലോഗ് വിശാലമനസ്കന്റെ ആയിരുന്നു. ആ ചേട്ടനെയും ഒടുവില്‍ ഇന്നലെ കാണാന്‍ കഴിഞ്ഞു. സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിച്ച സംഘാടകര്‍ക്ക് നന്ദി.
തിരികെ കുറുമാന്റെ വാഹനത്തിലുള്ള യാത്രയും തമാശനിറഞ്ഞതായിരുന്നു. അതും കൂടി പറയാന്‍ നിന്നാല്‍ ഓഫിസ് പണി നടക്കില്ല .
നന്ദി!

24 comments:

കനല്‍ said...

അങ്ങനെ ഞാനു ഒരു മീറ്റില്‍ പങ്കെടുത്തു. എന്തൊരു അനുഭവം. പറഞ്ഞാ തീരില്ല എല്ലാം പറയാന്‍ നിന്നാല്‍

അനില്‍ശ്രീ... said...

മൂസാ..

കൊള്ളാം... ഇത്ര വിപുലമായിരുന്നോ മീറ്റിന്റെ മുമ്പുള്ള ഭാഗങ്ങള്‍?

വിവരണത്തിന്റെ രണ്ടാം ഘട്ടം പ്രതീക്ഷിക്കാമോ?.. നിങ്ങളുടെ കാറില്‍ ഇരുന്ന് "ദുബായില്‍ രണ്ട് "വാഫി സിറ്റി"യുണ്ടോ, മൂന്ന് "അവര്‍ ഓണ്‍" സ്കൂള്‍ ഉണ്ടോ എന്നൊക്കെ ചോദിച്ചു എന്ന് പറയുന്നു.. അത് മൂസ അല്ലല്ലോ അല്ലേ?..

പാവങ്ങള്‍ ..അബുദാബിക്കാര്‍ .. മൂന്നു മണിയാകാന്‍ രണ്ട് മിനിറ്റ് ഉള്ളപ്പോള്‍ ഗേറ്റ് നമ്പര്‍ രണ്ടില്‍ എത്തി.. നല്ലോരു സ്ഥലമൊരുക്കിയില്ലേ.. അതിന് അബു ദാബിക്കാര്‍ക്ക് പ്രത്യേകം നന്ദി..

ശരത്‌ എം ചന്ദ്രന്‍ said...

മൂസാക്കാ... കൊള്ളാം....

അപ്പു ആദ്യാക്ഷരി said...

മൂസ. .... very nice.
ഇതാണ് വാങ്ങ്മയ ചിത്രം എന്നൊക്കെ പറയുന്നതു. വളരെ നല്ല വിവരണം.

തറവാടി said...

മൂസാ :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)
മൂസാ,
കലക്കന്‍ വിവരണം

കുറുമാന്‍ said...

മൂസാ രസികന്‍ വിവരണം....

പിന്നെ തിരിച്ചു വരുമ്പോഴുണ്ടായ തമാശയാണ് തമാശ. ഇന്നലെ വണ്ടിയുടെ ചൈല്‍ഡ് ലോക്ക് ഓണായിരുന്നില്ലെങ്കില്‍ ഇന്ന് ഞാന്‍ എവിടെയായിരുന്നേനെ എന്നാലോചിച്ച് ഞാന്‍ ആശ്വസിക്കുന്നു.

രണ്ട് ഫിലിപ്പിനിയെ തല്ലി കൊന്ന മലയാളി അറസ്റ്റില്‍ :)

ഹരിയണ്ണോ, ജാഗ്രതൈ :)

Shaf said...

സന്തോഷകരമായ മീറ്റായിരുന്നുവെന്നറിഞ്ഞതില്‍ സന്തോഷം..!

Shaf said...

സന്തോഷകരമായ മീറ്റായിരുന്നുവെന്നറിഞ്ഞതില്‍ സന്തോഷം..!

മുസ്തഫ|musthapha said...

കൊള്ളാം :)
അത് ശരി ഇയാളാണല്ലേ സി.ഐ.ഡി മൂസ :)

Sherlock said...

വിവരണം രസകരം..

ശ്രീവല്ലഭന്‍. said...

രസകരമായിരുന്നു മീറ്റ് എന്നറിഞ്ഞതില്‍ സന്തോഷം :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Good Narration

ബിന്ദു കെ പി said...

കൊള്ളാം, നല്ല വിവരണം..

ഉഗാണ്ട രണ്ടാമന്‍ said...

:)

സുല്‍ |Sul said...

മൂസാക്കാ നന്നായിട്ടോ.
-സുല്‍

ഏറനാടന്‍ said...

മൂസ്സക്കാ ഗംഭീരന്‍ റിപ്പോര്‍ട്ട്. പിന്നേ കുറുമാന്‍ ഫിലിപ്പീനിപെണ്ണുങ്ങളെ തല്ലാന്‍ പോയ കഥ ഉടന്‍ പ്രതീക്ഷിക്കുന്നു. ശേഷം ഭാഗം...?

കരീം മാഷ്‌ said...

കൊള്ളാം, നല്ല വിവരണം..

shams said...

കനലെ , നന്നായിരിക്കുന്നു

കനല്‍ said...

ഡാങ്ക്യൂ ഡാങ്ക്യൂ ഡാങ്ക്യൂ
നന്‍റി നന്‍റി നന്‍റി നന്‍റി
ഇത്രയും കമന്റ് ഇവിടെ വന്നിരുന്നോ? ഞാനറിഞ്ഞില്ല
പലരും ആവശ്യപെട്ടത് പോലെ തന്നെ ബാക്കികൂടി വിശദീകരിച്ച് പറയണമെന്നുണ്ടായിരുന്നു.ആറിയ കഞ്ഞി പയങ്കഞ്ഞീന്ന് എന്റെ മുത്തശ്ശീ ഒരു പയഞ്ചൊല്ല് പറഞ്ഞത് ഓര്‍ക്കുന്നു. സത്യം പറഞ്ഞാല്‍ മീറ്റിനിടയിലെ വേറെയും ചില തമാശകളും ഞാന്‍ എന്റെ ഹാര്‍ഡ് ഡിസ്കിലിട്ടിരുന്നു.പിറ്റേദിവസം മുടിഞ്ഞതിരക്ക് കേറിവന്നതുകൊണ്ടല്ലേ ഞാന്‍ ലവിടെ ചുരുക്കിയത്.
ഏറനാടന്‍ ചേട്ടാ ഫിലിപ്പയിനി പെണ്ണുങ്ങളാ അന്ന് ഞങ്ങളെ ഞൊട്ടാന്‍ വന്നതെങ്കില്‍ കുറുമാനുമുമ്പേ ഞാന്‍ ചാടിവീണ് അതെല്ലാം ഏറ്റ് വാങ്ങിയേനെ. ഇത് കുറെ ഫിലിപ്പൈനി കന്നാലി ചെക്കന്മാര്. അവന്മാരെ തല്ലിയാ കൈനാറുമെന്ന് സ്വബോധത്തോടെയിരിക്കുന്ന എനിക്കറിയാമായിരുന്നു.അതുകൊണ്ട് പോടാ വീട്ടില്‍ പോടാ വീട്ടില്‍ ന്ന് ഞാന്‍ പറഞ്ഞിട്ട് ലവന്മാര് കേള്‍ക്കണ്ടേ? പിന്നെ കുറുമാന്‍ ചേട്ടനെ ചൈല്‍ഡ് ലോക്കിട്ട് പൂട്ടിയിരുന്നത് കൊണ്ട് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. കുറുമാന്‍ ചേട്ടന്‍ അവന്മാര്‍ക്കെതിരെ എന്തോ സ്വയമ്പന്‍ ഇഗ്ലീഷ് പ്രയോഗിച്ചു. അവന്മാര് പിന്നെ പറഞ്ഞത് ഞങ്ങള് ഗ്ലാസടച്ച് മ്യൂട്ട് ചെയ്തു.ഒന്നിറങ്ങി ചെന്ന് എന്റെ മസില്‍ പവറൊന്ന് കാട്ടിയാലോന്ന് ഞാനും ഒരു നിമിഷം ആലോചിച്ചിരുന്നു. ഇത് ഇന്ത്യയല്ലല്ലോ അറബി പോലീസിന് കാര്യം പറഞ്ഞാ മനസിലായില്ലെങ്കില്‍ കുബ്ബൂസുണ്ട കഴിക്കേണ്ട ഗതികേട് ഓര്‍ത്ത് ഞാന്‍ ക്ഷമിച്ചു.പിന്നെ ഹരിയണ്ണന്‍ വണ്ടിയും മുന്നോട്ടെടുത്തു.കുറുമാന്റെ കുടുംബവും കൂടെയുള്ളതുകൊണ്ട് അവരെയും പോലീസ് വരുന്നതുവരെ അവിടെ നിറുത്തി മുഷിയേണ്ടെ? എന്നോര്‍ത്തപ്പോള്‍ അത് തന്നെയായിരുന്നു ബുദ്ധിയെന്ന് പിന്നീട് എനിക്കും തോന്നി

ദേവന്‍ said...

ഉവ്വ, നമ്പര്‍ ടൂ ഗേറ്റ് തിരക്കി ഞങ്ങളും തെണ്ടിപ്പോയി.

കൈപ്പള്ളി വഴിയേ പോയ ഒരാളോട് “ചേട്ടാ നമ്പര്‍ ടൂ എവിടാ?” എന്നു ചോദിച്ചെന്നും അങ്ങോരു “ഏതെങ്കിലും പമ്പിലോട്ട് കേറടേ അവിടെ ബാത്ത് റൂം കാണും: എന്നു പറഞ്ഞെന്നും കേള്‍ക്കുന്നു. എന്തരോന്തൊ.

ഹരിയണ്ണന്‍@Hariyannan said...

എടാ മൂസേ...

നിന്നോട് ദൈവം ക്ഷമിച്ചാലും കുറുമാന്‍ പൊറുക്കൂല്ല!!
:)
കൊള്ളാം.(ഞാനിവിടെ വരാന്‍ പോലും പറ്റാത്ത തിരക്കിലായിപ്പോയി!! എന്റെ ഒരു വിധി!!)

നീ പറയാന്‍ വിട്ടുപോയ ഒരുകാര്യമുണ്ട്. നമ്മള്‍ രണ്ടാളും ഒരു പത്തു ദിര്‍ഹം ചുമ്മാ ടിക്കറ്റെടുത്തുകളഞ്ഞത്!
നമ്പര്‍ 2( ദേവാട്ടാ..ഗേറ്റ് ഗേറ്റ്!) ഗേറ്റിലെ ടിക്കറ്റ് കൌണ്ടറില്‍ ഒരു അറബിണിച്ചേച്ചിയിരുന്നു അഞ്ചുരൂപാനിരക്കില്‍ പ്രവേശനടിക്കറ്റ് അളന്നുമുറിച്ചു കൊടുക്കുന്നുണ്ടായിരുന്നു.ആദ്യം പോയി മൂസ രണ്ടു ടിക്കറ്റെടുത്തു. അതുകഴിഞ്ഞ് നോക്കുമ്പോ ദേ എനിക്കും മൂസക്കും മുന്‍പേ കുറുമാന്‍,അതുല്യേച്ചി,ദില്‍ബു,വഴിപോക്കന്‍..ഒരു വന്‍ താരനിര...മറ്റേ ഗന്ധര്‍വ്വന്മാര്‍ താലം കൈമാറാന്‍ പോകുമ്പോലെ സാമ്പാര്‍ വട താലങ്ങളും പിടിച്ച് പാര്‍ക്കിലേക്ക് ഇടിച്ചു കയറുന്നു!
‘കുറുവണ്ണാ ...ടിക്കറ്റ് ഞാനെടുക്കണോ?’
‘കേറിപ്പോരെടേ...സ്വന്തം വീടായിട്ടു കരുതിക്കോ!’
എന്റെ പത്തുപോയല്ലോ ദൈവമേ എന്ന് മനസ്സില്‍ പറഞ്ഞിട്ട് ഞാന്‍ ‘വഴിപോക്ക’നോടു ചോദിച്ചു:
‘എന്തരെടേ..ഇവിടെ ചോയിക്കാനും പറയാനുമൊന്നും ആരും ഇല്ലേടെ?!’
ലവന്‍:‘ചുമ്മാ വരീന്‍ അണ്ണാ.അകത്തുപോണെങ്കീ നമ്മളെല്ലാം അകത്തു പോവും.ധൈര്യമായിട്ടിരിക്കീന്‍.’
നോം:‘എനിക്ക് ധൈര്യക്കുറവൊന്നുമില്ല, കേട്ടാ ചെല്ലാ!എന്റേല്‍ ഒറിജിനല്‍ ടികറ്റുണ്ടേ!!’

ഒരുപയോഗോം ഇല്ലെന്നു ഞാന്‍ കരുതിയ ആ ടിക്കറ്റ് ഞാന്‍ ഇപ്പോ ഇടക്കിടക്ക് നോക്കും.ഒരുപാട് ചിരിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കുള്ള ടിക്കറ്റാണല്ലോ അത്...!!

ഹരിശ്രീ said...

നല്ല വിവരണം.....

ആശംസകള്‍....

:)

Malayali Peringode said...

കള്ള ആത്മീയതക്കെതിരെ കല്ലെറിയാനാര്

മലയാളം ടൈപ്പ് ചെയ്യാന്‍?