Saturday, November 19, 2016

ഒരു കൊച്ചു കേസ് ഡയറി

“തീരെ അനക്കമില്ലെന്നു തോന്നുന്നു”
സൈര അതിനെ സൂക്ഷിച്ചു നോക്കി.
മരിച്ചുവന്നു തോന്നുന്നു. അവള്‍ കുറച്ചു നേരം കൂടി അതിനെ നോക്കിയിരുന്നു.
അപ്പച്ചന്‍ മരിച്ചതുപോലെ ഇതും മരിച്ചിരിക്കുന്നു.

എന്നാലും അപ്പച്ചന്‍ എന്തിനായിരിക്കും മരിച്ചത്?  പപ്പയുടെ  നെഞ്ചില്‍ തലവച്ചു കിടന്നു അവള്‍  ഇന്നലെയും ചോദിച്ചിരുന്നു..

“നമ്മള്‍ എല്ലാവരും  ഒരിക്കല്‍ മരിക്കും………….എലിയും പല്ലിയും പാറ്റയും എല്ലാം.

“മരിച്ച അപ്പച്ചനെ എന്തിനാ പപ്പാ കല്ലറയില്‍  വച്ചത്?  അപ്പച്ചനെ കല്ലറയില്‍ വച്ചിട്ട് നമ്മളെല്ലാം ഇങ്ങു വന്നില്ലേ? പാവം അപ്പച്ചന്‍ കണ്ണ് തുറക്കുമ്പോള്‍ വിശക്കില്ലേ? ആരാ അതിനുള്ളില്‍ ചോറു കൊണ്ടു കൊടുക്കുക.?

മോളെ അപ്പച്ചന്‍ ദൈവത്തിന്റെ അടുത്തേക്കാ പോയിരിക്കുന്നത്. അവിടെ ആര്‍ക്കും വിശപ്പുണ്ടാവില്ല.

അവള്‍ക്കൊന്നും മനസിലായിരുന്നില്ല . കഴിഞ്ഞ ദിവസമാണ് സൈര ,  പപ്പയോടും മമ്മിയോടൊപ്പം നാട്ടില്‍ നിന്നുമേത്തിയത്. ഇത്തവണ തീരെ പ്രതീക്ഷിക്കാതെയാണ് നാട്ടില്‍ പോയത്.
സൈര ഓര്‍ക്കുന്നു. അന്ന് സ്കൂളില്‍ നിന്നും പപ്പയാണ്‌ വിളിച്ചു കൊണ്ടു വന്നത്. വന്നയുടന്‍ ഡ്രസ്സ്‌ മാറി എയര്‍പോര്ട്ടിലേക്ക്  പോകുകയായിരുന്നു. യാത്രയിലോന്നും പപ്പയും മമ്മിയും സംസാരിച്ചതു പോലുമില്ല.
നാട്ടിലെ വീട്ടില്‍  നല്ല ആള്‍ക്കൂട്ടമുണ്ടായിരുന്നു. അപ്പച്ചനെ ഒരു പെട്ടിയില്‍ കിടത്തി,കുറേ പേര്‍ ചേര്‍ന്നു താങ്ങിയെടുത്ത് ചര്‍ച്ചിലേക്ക്  കൊണ്ട് പോയി. അപ്പോഴും അപ്പച്ചന്‍ കണ്ണുകള്‍ അടച്ച് നല്ല ഉറക്കമായിരുന്നു. അമ്മച്ചി കരയുന്നുണ്ടായിരുന്നു, പപ്പയും ശബ്ദമില്ലാതെ കരയുന്നു.
ഒടുവില്‍ അപ്പച്ചനെ എല്ലാവരും ചേര്‍ന്ന് കല്ലറയിലാക്കി പ്രാര്‍ഥിച്ചു തിരികെ പോന്നു. കല്ലറയില്‍ നിന്നും അപ്പച്ചന്‍ ദൈവത്തിന്റെ അടുത്തേക്ക് പോയി .

പാവം പാറ്റ, ഇതിനെയും ദൈവത്തിന്റെ അടുത്തെത്തിക്കണം. സൈര മനസിലുറപ്പിച്ചു. അവിടെ ചെന്നാല്‍ , ഇവള്‍ക്ക് അപ്പച്ചനെക്കാണാന്‍  പറ്റുമോ?

“ഹാ  സുരേഷ് ...ഞാന്‍ ഇന്നലെ എത്തി,       ഇന്നലെ വൈകിട്ട്”
പപ്പയുടെ  ഫോണ്‍ വിളി  അവള്‍ കാതോര്‍ത്തു.

“ പാര്‍ക്കിലോ?   ഇല്ലടാ … ഒരു മൂടില്ല., വേണ്ട ഞങ്ങളില്ല.”

ഇല്ല  പ്രത്യേകിച്ച്  പ്രോഗ്രാമോന്നുമില്ല… പക്ഷേ..

ഇനിയോരിക്കലാകട്ടെ….?

അതല്ലടാ..

മതി നിര്‍ത്ത്...ശരി.. ഞങ്ങള്‍ വരാം.

ഞാന്‍  അവളോട്‌  .. ചോദിക്കട്ടെ?

എവിടാ?  ഏതു  പാര്‍ക്കില്‍

ഓകെ ..ശരി ………..വരാന്നു പറഞ്ഞില്ലേ?

ഫോണ്‍ കട്ട് ചെയ്ത്  , കിച്ചനിലേക്ക് നോക്കി മമ്മിയോട്  സംസാരിക്കുന്നു.

സോനാ … ഡീ , സുരേഷ്  വിളിച്ചു .. ഇന്ന് വൈകിട്ട് അവരുടെ കൂടെ പാര്‍ക്കില്‍ കൂടണമെന്ന്. ശ്രീക്കുട്ടന്റെ ബര്‍ത്ത് ടെ അവിടെ ആഘോഷിക്കാമെന്ന്.
അമ്മയുടെ അനക്കമില്ല….

“എടീ .. സോനാ , നിന്നോടാണ്  ഞാന്‍ സംസാരിക്കുന്നത്.” അച്ഛന്‍ വീണ്ടും .

കേട്ടിച്ചായാ…. ഞാനിവിടെ  കിച്ചന്‍ വ്യത്തിയാക്കുകയാ… ഏഴു ദിവസം കൊണ്ട് ഇവിടെ പാറ്റ കയറി, നശിപ്പിച്ചു.


ശ്രീക്കുട്ടന്‍  നല്ല സന്തോഷത്തിലായിരുന്നു. സൈരയ്ക്ക് അവന്റെ റോബോട്ട് കാര്‍ കൊടുത്തിട്ടു  അവനോടൊപ്പം കാര്‍റെയ്സിംഗ്  കളിയ്ക്കാന്‍ അവളോടു ആവശ്യപ്പെടുന്നു. അവള്‍ക്ക് അതിനു താല്‍പ്പര്യമില്ലായിരുന്നു. ചേട്ടന്‍ ഹരിക്കുട്ടനു പോലും കൊടുക്കാത്ത റോബോട്ട് കാര്‍ , സൈരയ്ക്ക്  കൊടുത്തിട്ടും  അവള്‍ വരാത്തതില്‍ അവനു വിഷമം തോന്നി.
സൈരയും ശ്രീകുട്ടനും തുല്യ പ്രായക്കാരാണ്. അവള്‍ അവനെ  സൈരമോളേ യെന്നേവിളിക്കൂ. എല്ലാവരും അത് കേള്‍ക്കുമ്പോള്‍ ചിരിക്കും.

സൈരമോളെ വാ നമുക്ക് , ചേട്ടനെ   തോല്‍പ്പിക്കാം, ദൂരെ മാറിനിന്ന  അവളെ   അവന്‍ വീണ്ടും വിളിച്ചു.

അവളുടെ കൈയ്യില്‍ പിടിച്ചു വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് അവളുടെ കൈയിലെ, പ്ലാസ്റിക് ബോക്സ് കാണുന്നത്.

എന്താ സൈര മോളേ ഇത്?

പാവം ഒരു പാറ്റ … ഇത് മരിച്ചു പോയി  ശ്രീകുട്ടാ

അവള്‍ ആ ബോക്സ്‌ തുറന്നു കാണിച്ചു.

നീ  ഇതിനെ എന്ത് ചെയ്യാന്‍ പോകുന്നു? അവന്‍ ആകാംക്ഷയോടെ അതിനെ നോക്കി.

എനിക്കിതിനെ ദൈവത്തിന്റെ അടുത്ത് എത്തിക്കണം. അവിടെ എന്റെ അപ്പച്ചനുണ്ട്.

ദൈവത്തിന്റെ അടുത്തോ , അതങ്ങു ആകാശത്തല്ലേ?

അല്ല ശ്രീകുട്ടാ …. ദേ ഇവിടെ മണ്ണില്‍  കല്ലറയുണ്ടാക്കി, കുരിശു വച്ചാ മതി. ഇത് ദൈവത്തിന്റെ  അടുതെത്തിക്കോളും.

ആര് പറഞ്ഞ്?

ഞാന്‍ കണ്ടതല്ലേ? എന്റെ അപ്പച്ചന്‍  അങ്ങനാ ദൈവത്തിന്റെ  അടുത്തെത്തിയത്‌. നീ അവിടെ ഒരു കുഴിയുണ്ടാക്ക് , ഞാന്‍ പ്രാര്‍ഥിക്കട്ടെ .

അവള്‍ ആ പെട്ടിക്കു നേരെ നിന്ന് കണ്ണടച്ച് പ്രാര്‍ഥിച്ചു. പോക്കറ്റില്‍ നിന്നു ഒരു നെല്ലിക്ക എടുത്തു പെട്ടിയില്‍ വച്ചു.

എന്തിനാ ഈ നെല്ലിക്ക ? ശ്രീകുട്ടന്‍ ചോദിച്ചു.

അവിടെ എന്റെ അപ്പച്ചനില്ലേ?  അപ്പച്ചന് നെല്ലിക്കാ വലിയ ഇഷ്ടാ..

ഡാ ശ്രീ , നിന്നെ അച്ഛന്‍ വിളിക്കുന്നു …  
ദൂരെ നിന്നും ഹരിക്കുട്ടന്റെ വിളി കേട്ട് അവര്‍ തിരിഞ്ഞു നോക്കി.

സൈരമോളേ നമുക്ക്  പോയാലോ?

വേണ്ട …. നീ പൊയ്ക്കോ. ഞാന്‍ ഇതിനെ കല്ലറയിലാക്കിയിട്ടു വരാം.

“ഇല്ല...ഞാനും നിന്റെ കൂടെ പോകൂ...  വേഗം ആകട്ടെ”
ശ്രീകുട്ടന്‍  തറയില്‍ വീണ്ടും ഇരുന്നു.

മെല്ലെ പെട്ടി കുഴിയില്‍ വച്ചു , വീണ്ടും പ്രാര്‍ഥന . പിന്നെ മണ്ണ് മൂടുന്നു. മണ്ണ് മൂടാന്‍ ശ്രീകുട്ടന്‍ സഹായിച്ചപ്പോള്‍ , “വേണ്ട ശ്രീ  നിനക്കറിയില്ല” എന്ന് പറഞ്ഞു അവള്‍ അവനെ മാറി നിറുത്തി.

ഒടുവില്‍ മണ്ണ് കൊണ്ട് കല്ലറയ്ക്ക് ഭംഗിയുള്ള രൂപം കടഞ്ഞെടുത്തു. അവള്ടെ കൊന്തയില്‍ നിന്നും  അടര്ത്തിമാതടിയ ഒരു കുരിശു നാട്ടി വച്ചു.


ഡിര്‍ര്‍ര്‍…...ഡീര്‍ര്‍ര്‍…..ദൂരെ നിന്നും  ഹരിയുടെ വണ്ടി പാഞ്ഞു വരുന്നു. ഇടയ്ക്ക് ഇന്‍ജന്‍റെ  ശബ്ദം മാറി പോലീസ് വാഹനത്തിന്റെ അലാറമാകുന്നുണ്ട്. പോലിസ വണ്ടി, സഡന്‍ ബ്രേക്കിടുന്ന ശബ്ദം പുറപ്പെടുവിച്ചു കൊണ്ട്  അവരുടെ ഇടയില്‍ മണ്ണ് ചിതറി തെറിപ്പിച്ചു നിന്നു.  കുരിശു തെറിച്ചു ദൂരേക്ക്‌ വീണു.

ഹും   കയറൂ... രണ്ടിനെയും … അറസ്റ്റ് ചെയ്തിരിക്കുന്നു.  

സൈര നിലവിളിച്ചു  കരഞ്ഞു…

ഉന്നതങ്ങളില്‍ നിന്നും ഓര്‍ഡര്‍ വാങ്ങാത്ത ഒരു അറസ്റ്റ്വാറണ്ട് ആയിരുന്നു അത്. അറസ്റ്റ് എന്തിനായിരുന്നുവെന്ന് പോലീസിനെതിരെ വിസ്താരം  നടന്നു.  
തുടര്‍ന്നു പോലീസിനു  ശിക്ഷ വാങ്ങിയ ഒരു കേസായി മാറി അത് .


മലയാളം ടൈപ്പ് ചെയ്യാന്‍?