Monday, June 2, 2008

അവന്‍ വന്നിരിക്കുന്നു....

ഇത് സത്യമായിട്ടും സംഭവിച്ച കാര്യം തന്നെയാണ്. എന്റെ പ്രണയം അതിന്റെ മാസ്മരികതയില്‍ എത്തിയ ഒരു കാലം.
ആ സമയത്ത് പ്രിയതമയെ കാണാന്‍ ഒരു അവസരം കിട്ടിയാല്‍ ആരാണ് ഒഴിവാക്കുന്നത്. അതേ വൈകിട്ട് അവള്‍ ഹോസ്റ്റലില്‍ നിന്ന് നേരത്തെ വരും. പതിവു പോലെ അവളെ 6: 30 നു മുമ്പ് വീട്ടിലേക്ക് വണ്ടി കയറ്റി വിട്ടാല്‍ മതി. ഇനി വീട്ടില്‍ എന്തെങ്കിലും നമ്പരിട്ട് വേണം അങ്ങോട്ട് പോകാന്‍. നമ്പരിടേണ്ടി വന്നില്ല പപ്പാ തന്നെ പറഞ്ഞു കുറച്ച് പൈസ കയ്യില്‍ തന്നുകൊണ്ട് മാമന്റെ വീട്ടില്‍ കൊടുത്തിട്ട് വരാന്‍ .

വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ സമയം 5 മണി. ബൈക്ക് പറപ്പിച്ച് വിട്ടാല്‍ 5: 30ന് അവളെ കാണാം. പിന്നെ അവിടെ ചുറ്റി അടിച്ച് ഏതെങ്കിലും ഹോട്ടലില്‍ കയറിയിരുന്ന് ലഘു ഭഷണവും കഴിച്ച് , ചില്ലറ സൊള്ളല്‍ സംഭാഷണവും കഴിഞ്ഞ് ഒടുവില്‍ വേദനയോടെ പിരിയണം. പിന്നെ വേണം പൈസ കൊണ്ട് മാമന്റെ കയ്യില്‍ എത്തിയ്ക്കാന്‍ .

പ്ലാന്‍ ചെയ്തത് പോലെ 5:30ന് തന്നെ അവളെ കണ്ടെത്തി. ഏറെ നാളുകളായി കാണാത്തതിന്റെ വിഷമം ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കു വച്ചു.. പിന്നെ അവളുടെ പരിഭവങ്ങള്‍ കേള്‍ക്കണം. കഴിഞ്ഞ ആഴ്ച ഒരിക്കല്‍ പോലും ഒന്ന് ഫോണ്‍ ചെയ്യാത്തതിനുള്ള മുഖം കറുപ്പിക്കല്‍ ഇന്ന് ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു. അതിന്റെ സൂചന ഇന്നലെ വിളിക്കുമ്പഴേ ഉണ്ടായിരുന്നതു കൊണ്ട് ഞാന്‍ പ്രിപ്പയേര്‍ഡ് ആയിരുന്നു. അവളുടെ പരിഭവം മാറ്റാന്‍ ഞാന്‍ വിഷാദം, അനുകമ്പ,സെന്റിമെന്റല്‍ തുടങ്ങിയ കരുതിവച്ച ഭാവങ്ങള്‍ മാറി മാറി പ്രയോഗിച്ചു വിജയിച്ചുകൊണ്ടിരുന്നു. അവസാനം ഇനിയെന്നു കാണുമെന്ന ചോദ്യവുമായി പിരിയുമ്പോള്‍ സമയം 6:30 കഴിഞ്ഞു.

പപ്പ ഏല്‍പ്പിച്ച കാര്യവും നിര്‍വ്വഹിച്ച് തിരികെ വീട്ടിലോട്ട് പോകുന്നതിനു മുമ്പ് പെട്രോള്‍ വാഹനത്തില്‍ നിറച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു, പിന്നില്‍ നിന്നൊരു വിളി. “ഡാ മൂസാ നീ ഇവിടെയൊക്കെ ഉണ്ടോ?”
സഹപാഠി ആയിരുന്ന വിനോദ് ആയിരുന്നു. അക്കാലത്ത് വെറുതെ വായിനോക്കി നടന്നിരുന്ന എനിക്ക് കൂട്ടുകാര്‍ ഒരു വീക്ക് നെസ് ആയിരുന്നു.
അന്നും അത് തന്നെ സംഭവിച്ചു. അവന്റെ കൂടെ ഹോട്ടലില്‍ അത്താഴ ഭക്ഷണം കഴിഞ്ഞ് ചില്ലറ പൂര്‍വ്വകാലകഥകള്‍ പറഞ്ഞിരുന്ന് നേരം പോയത് അറിഞ്ഞില്ല. ഒരു ബൂത്തില്‍ കയറി വീട്ടില്‍ വരാന്‍ താമസിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തു. ഭാഗ്യം അമ്മ തന്നെയായിരുന്നു ഫോണെടുത്തത്.

അവനോട് യാത്രപറഞ്ഞ് പിരിഞ്ഞപ്പോള്‍ സമയം 11 മണി. വണ്ടി ഓടിച്ച് വരുമ്പോള്‍ എനിക്ക് ധൈര്യത്തിന്റെ കാര്യത്തില്‍ ഒരു കുറവും ഇല്ലായിരുന്നു. കാരണം ഞാന്‍ കണ്ട സിനിമയിലെ കഥ റീവൈന്‍ഡ് ചെയ്ത് നോക്കുക ഇത്തരം ഒറ്റയ്ക്കാവുന്ന സന്ദര്‍ഭങ്ങളില്‍ എന്റെ പതിവാണ്. അല്ലാതെ ഈ സമയത്ത് പ്രേതങ്ങളുടെയും കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ച ആ പെണ്ണിന്റെ ബോഡി കണ്ട വിവരവും ഞാന്‍ ഓര്‍മയിലേക്കു കയറ്റുകയേ ഇല്ല.അഥവാ ഇങ്ങനെയുള്ള ഓര്‍മ്മകള്‍ എന്റെ മനസിലേക്ക് കയറി വന്നാല്‍ തന്നെ ഞാന്‍ അവയെ ആട്ടിപായിക്കും.
ഇനിയുള്ള റോഡ് കേരളാ പി ഡബ്ലൂ ഡിയുടെ മുഖമുദ്ര പതിച്ച കുഴികള്‍ ഉള്ളതാണ് മാത്രവുമല്ല ഇരു വശവും റബ്ബര്‍ തോട്ടങ്ങളും വിജനവുമാണ്. ശ്വാനന്മാരുടെ പ്രണയസല്ലാപങ്ങള്‍ ഈ സമയത്താണ് സാധാരണ അരങ്ങേറുള്ളത് ഇവിടെ. അതിനിടയില്‍ ശല്യം ചെയ്യുന്ന എന്നേ പോലെയുള്ള ടൂ വീലന്മാരെ ഇവര്‍ പുറകേ ഓടി ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട്. പെട്ടെന്നുള്ള ഇവന്‍മാരുടെ ശബ്ദം കേട്ട് വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടത്തിനും സാധ്യതയുണ്ട്. മുന്‍പ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി ചില്ലറ പരുക്കുകള്‍ എനിക്കുണ്ടായിട്ടുള്ളത് കൊണ്ട് അതീവശ്രദ്ധയോടെ യാണ് ഞാന്‍ ആ ഇരു ചക്രവാഹനം ചലിപ്പിച്ചിരുന്നത്.

ഈ വിജനമായ റോഡ് ഏകദേശം 3 കി.മീ വരെ നീളും. ആ പ്രദേശത്ത് ആള്‍ താമസം ഇല്ലെന്ന് തന്നെ പറയാം. അങ്ങ് ദൂരെ മിന്നാമിനുങ്ങ് പോലെ ചില വീടുകളിലെ വിളക്കുകള്‍ കാണാം. സ്ട്രീറ്റ് ലൈറ്റുകള്‍ ഇവിടെ കുറവാണ്. വളവുകളില്‍ ചിലപ്പോള്‍ ചെറുമിന്നലോടെ ഒന്ന് രണ്ടെണ്ണം കണ്ടെന്നുവരാം. ഈ വഴിയില്‍ എന്നെ സംബന്ധിച്ചിടത്തോളം രാത്രിയാത്രകളില്‍ ദുരിതഅനുഭവങ്ങള്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുള്ളതാണ് . ഒരു മാസം മുമ്പ് തുടര്‍ച്ചായായി 2 ദിവസങ്ങളില്‍ എന്റെ വാഹനം ഇവിടെ വച്ച് പഞ്ചറായി വഴിമുടങ്ങിയിട്ടുണ്ട്. അതും ഒരേ സ്ഥലത്ത് വച്ച്. ആ രണ്ടു ദിവസങ്ങളിലും ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല . എന്റെ കൂടെ എന്റെ അളിയന്‍ (സഹോദരി ഭര്‍ത്താവ് ) ഉണ്ടായിരുന്നു. അളിയന്റെ കയ്യില്‍ മൊബയില്‍ ഉണ്ടായിരുന്നതുകൊണ്ട് അന്ന് വര്‍ക്ക് ഷോപ്പ് നടത്തുന്ന എന്റെ മാമനെ വിളിച്ചു വരുത്തി പഞ്ചറുള്ള ടയര്‍ മാറ്റി ഞങ്ങള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞു.

ഇന്ന് അങ്ങനെ വല്ലതും സംഭവിച്ചാലോ എന്ന ചിന്ത എന്റെ മനസില്‍ ഭയം കോരിയെറിഞ്ഞു. ദൈവം സര്‍വ്വശക്തനാണെന്നും കരുണയുള്ളവനാണെന്നും ഓര്‍ക്കാന്‍ പിന്നെ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. ആ സമയത്ത് ഞാന്‍ മറ്റാരെക്കാളും ഒരു യഥാര്‍ത്ഥ ഭക്തനായി മാറി എന്നു തന്നെ പറയാം. വിജനമായ വഴിയില്‍ ചീവിടിന്റെ ശബ്ദം എന്റെ ഭയത്തിന്റെ ആക്കം കൂട്ടികൊണ്ടിരുന്നു. നശിച്ച കയറ്റം കാരണം ആക്സിലേറ്ററില്‍ എന്ത് പ്രയോഗം നടത്തിയാലും ഫലമില്ല എന്ന അവസ്ഥയിലാണ്.

റോഡിന്റെ ഇടതുവശം താഴ്ന്ന പ്രദേശമാണ്. തട്ടുതട്ടായി ക്യഷിചെയ്ത് വളര്‍ന്ന കൂറ്റന്‍ റബ്ബര്‍മരങ്ങള്‍ ഇരുട്ടിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ഇത്രയും താമസിക്കണ്ടതല്ലായിരുന്നു എന്ന് എനിക്ക് തോന്നി. എന്റെ ടൂവീലറിന് ശബ്ദം തീരെ കുറവായതായി അനുഭവപ്പെട്ടു. അതാണിവിടെ കടുത്ത നിശബ്ദതയ്ക്കുകാരണം. ഞാന്‍ ഓര്‍ക്കണ്ടാന്ന് വിചാരിക്കുന്ന ചിന്തകള്‍ എന്നെ കടന്നാക്രമിക്കുന്നു.

‘അവന്‍ വന്നിരിക്കുന്നു.........’
ഒരു ഗാഭീര്യ ശബ്ദം എന്റെ ഹ്യദയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് മുഴങ്ങി. മൂകതയില്‍ മുഴങ്ങിയ ആ ശബ്ദത്തിന്റെ ആക്കം കൊണ്ടാവണം എന്റെ കാലുകള്‍ ബ്രേക്കിലമര്‍ന്നുവോ?, എഞ്ജിന്‍ നിലച്ചുകൊണ്ട് എന്റെ വണ്ടി നിന്നു. എന്റെ വരവിനെ ഇത്രയധികം പ്രതീക്ഷിച്ചിരുന്ന പിശാച്.? അതോ പ്രേതമോ?. എന്റെ ഹ്യദയം പെരുമ്പറ മുഴക്കാന്‍ തുടങ്ങി.

ആ ശബ്ദത്തിന്റെ തുടര്‍ച്ച അല്പം ഇടവേളക്ക് ശേഷമാണ് വന്നത് . ഏതോ ബൈബിള്‍ വാക്യമായിരുന്നു.
എങ്കിലും ഇവിടെ ഈ സമയത്ത്?

റോഡിനു താഴെ പുതിയതായി പണിത വീട്ടില്‍ പ്രാര്‍ത്ഥന ആയിരുന്നു. പന്തകോസ് എന്ന വിഭാഗത്തിലുള്ള അവര്‍ ഒരു സ്പീക്കര്‍ ബോക്സ് റോഡിലേക്ക് കണക്ട് ചെയ്ത് വച്ചിരുന്നു. അത്രയും നേരം കാപ്പികുടിയോ മൌനപ്രാര്‍ത്ഥനയോ കഴിഞ്ഞു അവര്‍തുടങ്ങിയ ശബ്ദമായിരുന്നു ഞാന്‍ കേട്ടത്.

ഇന്നും ഞാനാ വഴിയില്‍ കൂടി പോകുമ്പോള്‍ ഈ ശബ്ദത്തിന്റെ ഓര്‍മ്മ എന്നില്‍ പുഞ്ചിരി ഉണ്ടാക്കാറുണ്ട്.

17 comments:

കനല്‍ said...

ഇത് സത്യമായിട്ടും സംഭവിച്ച കാര്യം തന്നെയാണ്.

ഇന്നും ആ വഴിയിലൂടെ പോകുമ്പോള്‍ ഞാന്‍ ചിരിയോടെ ഈ സംഭവം ഓര്‍ക്കാറുണ്ട്

അനില്‍ശ്രീ... said...

മൂസാ.. ഓര്‍മകള്‍ നന്നായിരിക്കുന്നു..

പെന്തക്കോസ്തുകാര്‍ അല്ലേ, അവര്‍ ഇതിലപ്പുറം ശല്യമുണ്ടാക്കാന്‍ സാധ്യതയുണ്ട്. കാരണം മൈക്ക് കണ്ടുപിടിച്ചത് തന്നെ അവര്‍ക്ക് വേണ്ടിയാണെന്നാണ് അവരുടെ വിചാരം. മൈക്കിന് എത്ര വരെ വോളിയം ഉണ്ടെന്ന് അവരോട് ചോദിച്ചാല്‍ മാത്രമേ അറിയൂ...

അല്ല,,,, ആ പെണ്‍കിട്ടിയുടെ കാര്യം പറഞ്ഞല്ലോ.. അത് ഇപ്പോള്‍ എവിടെയാ?

ശ്രീ said...

വിവരണം ചിരിപ്പിച്ചൂ, മാഷേ.
:)

കുഞ്ഞന്‍ said...

ഹഹ..

വിജനതയിലേക്ക് കൂടെ കൊണ്ടുപോകുന്ന എഴുത്ത്..!

ആളൊരു ധൈര്യവാന്‍ തന്നെ..!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹ്മം ഹ്മം ..

ജിജ സുബ്രഹ്മണ്യൻ said...

ഞാൻ ആദ്യം കരുതി വല്ല മോഷ്ടാവായിരിക്കും എന്നു കരുതി പാത്തിരുന്നവർ വിളിച്ചു പറഞ്ഞതാവും എന്ന് “അവൻ വന്നിരിക്കുന്നു” എടുത്തിട്ട് പെരുമാറിക്കോളാൻ!.

അഭിലാഷങ്ങള്‍ said...

ഹ ഹ... ങും..! കൊള്ളാം..!!

എന്നിട്ട് സംഗതിയുടെ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ ഇയാള്‍ ചെയ്യേണ്ടിയിരുന്നത് എന്താണെന്ന് അറിയ്യോ? ഇല്ല അല്ലേ... ഞാന്‍ പറഞ്ഞുതരാം.. അതിനല്ലേ മ്മളൊക്കെ ഇവിടെ...

ആ പുതുതായി പണിത വീട്ടിലെ മൈക്കിലൂടെ പ്രാര്‍ത്ഥന നടത്തുന്ന ആളുടെ സമീപത്തെത്തുക, നല്ല ഗമയില്‍ ചുമ്മ മൈക്ക് തട്ടിപ്പറിക്കുക... എന്നിട്ട് പറയുക..

“യെസ്സ്... ഡിയര്‍.. ഞാന്‍ വന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ!!”

(ജയന്‍ സ്റ്റയിലില്‍ പറയാന്‍ മറക്കരുതേ..)

അപ്പോ അവര്‍ ചോദിക്കും: “താങ്കള്‍ ആരാണ്? എന്തിനാണ് വന്നത്?!”

അപ്പോ “യോഹന്നാൻ എഴുതിയാ സുവിശേഷം [43:5:43]“ അങ്ങട് പറയുക:

“ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.“

അപ്പോള്‍ അവര്‍ ചോദിക്കും: “ങേ.. ഇത് യോഹന്നാന്‍ എഴുതിയ സുവിശേഷം അല്ലേ?”

അപ്പോ ഉള്ള കാര്യമങ്ങ് പറയുക:

“സുവിശേഷവും സവിശേഷവും ഒന്നുമല്ല എന്റിഷ്ടാ.., ഞാന്‍ എന്റെ പിതാവ് പറഞ്ഞിട്ട് മാമന്റെ വീട്ടില്‍ പൈസകൊടുത്തുവിടാന്‍ വന്നതാ.. വണ്ടിയോടിക്കുമ്പോ പേടിപ്പിച്ചത് പോട്ടേ, എന്നെ നിങ്ങള്‍ക്ക് സ്വീകരിച്ചിരുത്തി ഒരു ചായയും പരിപ്പ് വടയും തരാനുള്ള സന്മനസ്സ് കാണിക്കാത്തതെന്താ? പിതാവ് പറഞ്ഞിട്ട് വന്നതുകൊണ്ടാണോ എന്നെ നിങ്ങള്‍ മൈന്റ് ചെയ്യാത്തത്? ങേ?”

:-)

നന്ദു said...

അതിഷ്ടപ്പെട്ടൂ മൂസാജീ,
പതിരാത്രി കറങ്ങിത്തിരിഞ്ഞു നടക്കുമ്പം ഓർക്കണം ഇങ്ങനെ ചില സംഭവങ്ങളും ഉണ്ടെന്ന്. എന്തായാലും അഭിലാഷങ്ങൾ പറഞ്ഞപോലെ അവിടേങ്ങാനും കയറിച്ചെന്നിരുന്നെലവരിടിച്ച് പരുവമാക്കിയേനെ!.

മാണിക്യം said...

മൂസ്സാ, പതിവു പോലെ ആദ്യാവസാ‍നം ആകാംഷയോടെ
പിടിച്ചിരുത്തി വായിപ്പിക്കാന്‍ സാധിച്ചു ...
പ്രണയവര്‍ണങ്ങളുടെ ചായകൂട്ട് അതിമനോഹരം ....

മുങ്കൂറ് പരിഭവങ്ങള്‍ തടുക്കാന്‍ തയ്യാറെടുത്ത് പോകുന്നത് ഒക്കേ ....

...”ഒന്ന് ഫോണ്‍ ചെയ്യാത്തതിനുള്ള മുഖം കറുപ്പിക്കല്‍ ഇന്ന് ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു.
അതിന്റെ സൂചന ഇന്നലെ വിളിക്കുമ്പഴേ ഉണ്ടായിരുന്നതു കൊണ്ട് ഞാന്‍ പ്രിപ്പയേര്‍ഡ് ആയിരുന്നു. അവളുടെ പരിഭവം മാറ്റാന്‍ ഞാന്‍ വിഷാദം, അനുകമ്പ,സെന്റിമെന്റല്‍ തുടങ്ങിയ
കരുതിവച്ച ഭാവങ്ങള്‍ മാറി മാറി പ്രയോഗിച്ചു വിജയിച്ചുകൊണ്ടിരുന്നു. .....”
,
തന്മയത്വത്തോടെ വര്‍‌ണിച്ചിരിക്കുന്നു........

അമ്പട അഭിലാഷങ്ങളെ അപ്പൊ യോഹന്നാന്‍ എഴുതിയ സുവിശേഷം 22 അദ്ധ്യായം മുതലുള്ളത്
അടിച്ചു മാറ്റിയത് നീയാ അല്ലേ? കോള്ളാം ബ്ലോഗാന്‍ പറ്റിയ മൊതലു തന്നെ !!
വച്ചൊ കൈയില്‍ വച്ചോ

..ഇന്ന് ഈ കഥ വായിച്ചു പോകുമ്പോള്‍ അറിയാതെ ചിരിച്ചു പോകുന്നു....
ഭാവുകങ്ങള്‍..
അഭിനന്ദനങ്ങല്‍ ,
അഭിലാഷങ്ങള്‍ !!

ജോസ്‌മോന്‍ വാഴയില്‍ said...

ഞാന്‍ ഗരുതി.... ഈ പ്രേതകഥ എനിക്ക് മാ‍ത്രമേ അറിയൂ എന്ന്.... ഹോ എന്നീട്ടിപ്പോ നോക്കണേ... നമ്മടെ മൂസാക്കേം...!!

ഗലക്കി മൂസാക്കേ.. ഗലക്കി...!!!

Jayasree Lakshmy Kumar said...

'അവന്‍ വന്നിരിക്കുന്നു’

ഞാനും വിചാരിച്ചു, ഇതാരോ കള്ളനെ കയ്യോടെ കണ്ടുപിടിച്ചതാണെന്ന്

Anonymous said...

കലക്കി ഉഗ്രന്‍

അരൂപിക്കുട്ടന്‍/aroopikkuttan said...

നല്ല “കഥ”!!

yousufpa said...

അവസാന ഭാഗം ഒന്നു കൂടെ നന്നാക്കായിരുന്നു.കുറച്ച് ആകാംക്ഷയും മറ്റും കൊടുത്തുകൊണ്ട്.

എന്തായാലും അസ്സലായിട്ടുണ്ട്.

ഒരു സ്നേഹിതന്‍ said...

'അവന്‍ വന്നിരിക്കുന്നു’
ഞാൻ കരുതി ശല്യം തീർന്നെന്ന്...
ആശംസകള്‍....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“അവന്‍ വന്നിരിക്കുന്നൂ” ഞാനും വന്നിരിക്കുന്നൂ ഈ കനലിനെ ഒന്നു കാണാനായി.
വായിച്ചു കുറെ ചിരിച്ചു
കൊള്ളാം

കുരാക്കാരന്‍ ..! said...

ഹ ഹാ , നന്നായിട്ടുണ്ട്..

പാതിരാത്രി ബൈക്കില്‍ പോവുമ്പോ, പാട്ടു പാടുന്നതും നല്ലതാ.. നല്ല ഉറക്കെയാണ് പാടുന്നതെന്കി വളരെ നല്ലതാ.. അഥവാ ആരെങ്ങിലും ചുമ്മാ പേടിപ്പിക്കാന്‍ വരുവാനെന്കി തന്നെ പെട്ടന്ന് പൊയ്ക്കൊള്ളും...
:)

മലയാളം ടൈപ്പ് ചെയ്യാന്‍?