Monday, August 20, 2007

കല്ലറയ്ക്കുള്ളിലെ ചലനം

ഞാനന്ന് 8 ലൊ 9 ലൊ പഠിക്കുന്നു.എന്റെ വീടിന്റെ മുന്നില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയാണ്.അതിന്റെ മുന്നിലായി അല്പം വിസ്ത്യതമായ മുറ്റമുണ്ട്.പള്ളിയില്‍ പ്രാര്‍ത്ഥനപരിപാടികള്‍ ഇല്ലാത്ത സമയങ്ങളില്‍ ഞങ്ങള്‍ കുട്ടികള്‍ മടലും, പന്തുമായി വന്നു ക്രിക്കറ്റ്, ചിലപ്പോ കിളിത്തട്ട്, സെവന്‍ഡീസ് , കുഴിപ്പന്ത്, കുട്ടിയുംകോലും തുടങ്ങിയ കളികള്‍ കൊണ്ട് ക്രിസ്തുരാജനെ സന്തോഷിപ്പിക്കും. അദ്ദേഹത്തിന്റെ മുഖത്തു നോക്കിയാ അറിയാം ഒരു ചിരി. അത് എത്രയോ പ്രാവശ്യം ഞാന്‍ കണ്ടിരിക്കുന്നു.

അന്ന് പതിവുപോലെ സ്കൂള്‍ കഴിഞ്ഞു അവിടെ കൂടി. അംഗ സംഖ്യ കുറവ്. ക്രിസ്തുവിനെ കൂടി കൂട്ടിയാലും കിളിത്തട്ടിന് ആളു തികയില്ല. ക്രിക്കറ്റിന് നോ ബാള്‍...ബാളില്ല. പിന്നെ വന്നവര്‍ സൊറ പറഞ്ഞിരുന്നു സമയം കളഞ്ഞു. ഈ ഒത്തുചേരല്‍ കല്ലറകള്‍ സ്ഥിതി ചെയ്യുന്ന സെമിത്തേരി ഭാഗത്തായിരുന്നു.സമയം കൊഴിഞ്ഞുകൊണ്ടിരുന്നു.

ഓരോരുത്തരായി കൂടണയാനായി പിരിയാന്‍ തുടങ്ങി. ഇപ്പോള്‍ ഞാനും രാജേഷും പിന്നെ ഒന്നും മിണ്ടാതെ ക്രിസ്തു രാജനും. എനിക്കു കുറച്ചു നേരം കൂടി ഇരിക്കണമെന്നു തോന്നി. എന്റെ ഇരിപ്പ് ജീവിച്ചിരുന്നപ്പോള്‍ ഉന്നതന്മാരായ വ്യക്തികളില്‍ പെട്ട ഒരാളുടെ കല്ലറയുടെ മുകളിലാണ്. കോണ്‍ക്രീറ്റ് കൊണ്ട് കെട്ടിപൊക്കി, മുകളില്‍ സുന്ദരിമാരായ രണ്ടു മാലാഖമാര്‍. ഇവര്‍ക്കിടയില്‍ സുന്ദരനാണെന്ന് സ്വയം പറയാറുള്ള ഞാന്‍ ആസനമുറപ്പിച്ചത്. “അണ്ണാ ഞാന്‍ പോവുകയാ”. എന്റെ കത്തിയടി നിന്നപ്പോ രാജേഷ് എഴുന്നേറ്റ് പൊടിയും തട്ടി ഇറങ്ങി.
അല്പനേരം കൂടി കഴിഞ്ഞ് വീട്ടിലേക്ക് ചേക്കാറാമെന്ന് തോന്നി എനിക്ക്. ഞാനെന്റെ ചിന്താമണ്ഡലങ്ങളില്‍ ,വോട്ട് തെണ്ടിയിറങ്ങുന്ന സ്ഥാനാര്‍ത്ഥിയെ പോലെ അലഞ്ഞു നടന്നു. സന്ധ്യ പകലിനെ വിഴുങ്ങാന്‍ തുടങ്ങി.
പെട്ടന്നാണത് സംഭവിച്ചത്. ഞാനിരുന്ന കല്ലറ ഒരു മുഴക്കത്തോടെ ഒന്നിളകിയത്.ഞാന്‍ ഞെട്ടിയെണീറ്റ് ചാടിയിറങ്ങി. പിന്നെ ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു.

വീടിനു മുന്നിലെത്തിയപ്പോഴാണ് ശ്വാസം വീണത്. തൊണ്ട വരണ്ടിരുന്നു. വെള്ളം കുടിക്കുമ്പോള്‍ , “എടാ തണുത്ത വെള്ളം ഇങ്ങനെ കുടിക്കാതെടാ, രാത്രി ചുമ ഇനിയും മാറിയിട്ടില്ല” എന്ന് അമ്മ പിറു പിറുക്കുന്നുണ്ടായിരുന്നു.പൂമുഖത്ത് എത്തിയപ്പോള്‍ പപ്പ ആരോടൊ സംസാരിക്കുന്നുണ്ടായിരുന്നു.
“ ഭൂമികുലക്കം ഞാന്‍ വണ്ടിയിലാരുന്നോണ്ട് അറിഞ്ഞില്ല ഇവിടെ എങ്ങനെ ഉണ്ടായിരുന്നു.”

എന്താണ് സംഭവിച്ചതെന്ന് എന്റെ ബുദ്ധിയില്‍ തെളിയാന്‍ തുടങ്ങിയത് അപ്പഴായിരുന്നു.

9 comments:

തൊമ്മാച്ച്ന്‍ said...

Good humour sense.

ശ്രീ said...

ഹ ഹ അതു നന്നായി മാഷേ...
(ഒന്നു വിറച്ചുകാണും അല്ലേ?)
:)

അഞ്ചല്‍ക്കാരന്‍ said...

ഒരു കുഞ്ഞു ചിരി.

usha said...

മൂസ്സെ കൊള്ളാം .. കല്ലറ അനങ്ങിയപ്പൊള്‍ വീട് വരെ ഓടി എത്തിയല്ലൊ.... എല്ലാര്‍ക്കും പറ്റില്ല കേട്ടോ.... മറ്റൊരു കല്ലറ പണിയേണ്ടി വന്നെനെ ഞാന്‍ ആയിരുന്നെങ്കില്‍.... നിന്റെ ഒരു ധൈര്യം...... സമ്മതിച്ചു.........


ഉഷ..

Visala Manaskan said...

ഹഹഹ...

ഈ ബ്ലോഗില്‍ നിന്ന് ഞാനൊരു പുലിയുടെ മുരളല്‍ കേള്‍ക്കുന്നു. ഒരു വെടിച്ചില്ല് സംഭവം ഇത്രേം കുറച്ച് പറയരുതായിരുന്നു. പറയാത്തതും കൂട്ടി ഞാന്‍ ആലോചിച്ച് ചിരിച്ചു.

എക്കെ ശരിയാവും. വീണ്ടും എഴുതുക.

യമഹേഡെ കഥയും വായിച്ചു. അതും ഇഷ്ടായി. ജെന്നിയെന്ന് കേട്ട് ‘അമ്മാ...’ എന്ന് പറഞ്ഞ് നൂറേ നൂറില് പ്യോയ കനലിനോട് സൂറിനേക്കൊണ്ട്.. എന്തെങ്കിലുമൊക്കെ പറയിക്ക്യാമായിരുന്നുട്ടാ..

അലക്കിപ്പൊളിക്കൂ ചുള്ളാ..

കനല്‍ said...

നന്ദി സുഹ്യത്തുക്കളെ,
ഈ ബ്ലോഗില്‍ ഇത്രയും കമന്റ് വന്നപ്പോള്‍ , എനിക്ക് തോന്നുന്നു എനിക്കും ചില്ലറ എഴുത്തുകള്‍ നടത്താന്‍ കഴിയുമെന്ന്.അനില്‍ , ശ്രീ , അഞ്ചല്‍കാരന്‍ , മാലാഖേച്ചി, എല്ലാര്‍ക്കും നന്ദിയുണ്ട്.
വിശാലമനസ്കന്റെ ബ്ലോഗ്ഗ് വായിച്ച് ഇതൊക്കെ എങ്ങെനെ കഴിയുന്നു എന്ന് അദ്ഭുതപെടാറുള്ള ഞാന്‍ ഈ കമന്റ് കണ്ടപ്പോള്‍ അല്പം പൊങ്ങി ട്ടൊ

Anonymous said...

നന്നായി മാഷേ..

കാപ്പിലാന്‍ said...

ഇവിടെയും പ്രേതം ഇറങ്ങിയോ കനലെ.... :)

നരിക്കുന്നൻ said...

ഹഹ. രസായിരിക്കുണു....കനലിന്റെ ശൈലിയാണ് രസം.

മലയാളം ടൈപ്പ് ചെയ്യാന്‍?