Monday, February 11, 2008

ബാച്ചിലേഴ്സ് കിച്ചണ്‍

മുംബയില്‍ എത്തിയിട്ട് നാലു ദിവസം കൊണ്ട് ഒരു ജോലി തരപ്പെടുത്തി. ഇനി താമസ സൌകര്യമാണ് വേണ്ടത് . അങ്കിളിന്റെയും ഫാമിലിയുടെയും കൂടെയുള്ള നാലു ദിവസത്തെ താമസം ഇനി എത്രയും വേഗം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണല്ലോ? . മറ്റ് അസൌകര്യങ്ങളുണ്ടായിട്ടല്ല ഈ അങ്കിള്‍ എന്റെ പപ്പയുടെ സുഹ്യത്ത് മാത്രമാണ്. ഇതിലധികം ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ?

അങ്ങനെ അങ്കിളിന്റെ ഒരു സുഹ്യത്താണ് ഒരു ഫ്ലാറ്റില്‍ മറ്റ് നാല് ബാച്ചികളോടൊപ്പമുള്ള ഒരു താമസസൌകര്യം ശരിയാക്കി തന്നത്. രണ്ട്
സ്റ്റേഷനുകള്‍ കടന്ന് പോകുന്നത് വരെ ലോക്കല്‍ ട്രെയിനില്‍ ഉന്തിതള്ളല്‍ നടത്തിയാല്‍ഓഫിസില്‍ നിന്ന് താമസിക്കുന്നിടത്തെത്താം.

അങ്ങനെ ആ ഫ്ലാറ്റില്‍ ഞാന്‍ ജീവിതമാരംഭിച്ചു. മറ്റു ബാച്ചികള്‍ എന്നെപോലെ നല്ലവരായതിനാല്‍ എന്റെ ഉറ്റ സുഹ്യത്തുക്കളാവാന്‍
അധികകാലം വേണ്ടി വന്നില്ല.ബാല്‍ക്കണിയില്‍ സൊറപറഞ്ഞിരിക്കുന്നതിനാല്‍ രാത്രികളിലെ ഉറക്കത്തിന് അല്പം
കുറവുവന്നെന്നതൊഴിച്ചാല്‍ ജീവിതം സുഖം സ്വസ്തം.
ജോലിയില്‍ തുടക്കക്കാരായ ഞങ്ങളില്‍ അധികവും തുച്ഛമായ ശമ്പളം വാങ്ങുന്നവരായിരുന്നു. കിച്ചണ്‍ ഉള്ള സ്ഥിതിക്ക് പാചകം
തുടങ്ങിയാലെന്തെന്ന തീരുമാനം ഞങ്ങളില്‍ ശക്തി പ്രാപിച്ചത് ആ കാരണത്താലാവും.പാചകത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഒന്നും
തന്നെ അറിയാത്തവരാണ് എല്ലാവരും. അതൊക്കെ ചെയ്ത് സ്വയം പഠിക്കാവുന്നതല്ലേ? എന്ന അഭിപ്രായത്തോട് എല്ലാവരും
യോജിച്ചു.ആദ്യ രണ്ടാഴ്ച പാചകം എല്ലാ‍വരും ഒരുമിച്ച് പിന്നീട് ഓരോ ദിവസവും ഓരോ ആള്‍ എന്ന നിയമാവലി എല്ലാവരും കൈയ്യടിച്ച്
അംഗീകരിച്ചു. പിറ്റേന്ന് തന്നെ ഗ്യാസിന് ഓര്‍ഡര്‍ ചെയ്യുകയും താല്‍ക്കാലികമായി ഒരു സ്റ്റൌവും മണ്ണെണ്ണയും , ചില്ലറ പാത്രങ്ങള്‍ , മുളകുപൊടി ,
മല്ലിപൊടി, മഞ്ഞള്‍പൊടി തുടങ്ങി ലാലേട്ടനും മമ്മൂക്കയും ഹരിക്യഷ്ണന്‍സ് എന്ന സിനിമയില്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞ ലിസ്റ്റിലെ
നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള ചേരുവുകള്‍ ഒഴിച്ച് ബാക്കിയെല്ലാം പിന്നീട് വാങ്ങാമെന്ന് ഉറച്ചു. ആദ്യപാചകമെന്ന
നിലയില്‍ പാലു കാച്ചിയപ്പോള്‍ , തിളച്ചു പൊങ്ങി സ്റ്റൌവു കെടുത്തിയ കുറച്ച് പാല്, നഷ്ടപെട്ടെങ്കിലും ബാക്കി അവശേഷിച്ചതില്‍
മധുരം ചേര്‍ത്ത് കുടിച്ചു.
ഇനി ഏത് മണ്ണെണ്ണ സ്റ്റൌ കൊണ്ട് വന്നാലും എനിക്ക് റിപ്പയറ് ചെയ്യാന്‍ കഴിയുമെന്ന് മെക്കാനിക്കല്‍ എഞ്ജിനിയറിങ്ങ് പഠിച്ച ഞാന്‍
സ്വയം പ്രഖ്യാപിച്ചത് അന്നാണ്. ഒടുവില്‍ തീ കത്തിച്ച് ചോറ് വയ്ക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ആദ്യം ഒരു
പത്രത്തില്‍ വച്ച അരി ചോറായപ്പോള്‍ രണ്ടു പാത്രത്തിലേക്ക് മാറ്റി വേവിക്കേണ്ടി വന്നുവെന്ന് മാത്രം. പിന്നെ വേണ്ടത് കറിയാണല്ലോ?
തത്ക്കാലം മോരും കുറച്ചു കുമ്പളങ്ങായും ചേര്‍ത്ത് വെയ്ക്കാമെന്ന അഭിപ്രായം പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു. അമ്മ വീട്ടില്‍
വിളമ്പുന്ന കറികളില്‍ ഇങ്ങനെ ഒന്ന് ഞാനപ്പോള്‍ ഓര്‍ത്തതാണ് കാരണം. പിന്നെ താമസിച്ചില്ല അടുത്തുള്ള പച്ചക്കറികടയില്‍ നിന്ന്
കുമ്പളങ്ങായും മറ്റൊരു കടയില്‍ നിന്നും തൈരും എത്തിചേര്‍ന്നു. കുമ്പളങ്ങയെ ഐസ് ക്യൂബുകള്‍ പോലെ അരിഞ്ഞ് തൈരിനെ
മോരാക്കാനും എന്റെ സഹബാച്ചികള്‍ക്ക് അധികസമയം വേണ്ടിയിരുന്നില്ല.
ഞാന്‍ അമ്മയുണ്ടാക്കി തരുന്ന് ആ കറിയെ മനസിന്റെ റീസൈക്കിള്‍ ബിന്നില്‍ നിന്ന് റീസ്റ്റോര്‍ ചെയ്തെടുത്ത് ജെ പി ഇ ജെ ഫോര്‍മാറ്റിലുള്ള ആ ഫയലിനെ ഫോട്ടൊ മൈക്രോസോഫ്റ്റ് ഇമേജ് വീവറില്‍ ഓപ്പണ്‍ ചെയ്ത് മുന്നില്‍ നിറുത്തി പരിശോധിച്ചു. കറുത്ത
നിറത്തിലുള്ള കടുക്. കറിവേപ്പില അതില്‍ സൂം ചെയ്തപ്പോള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത് . എന്നാല്‍ അങ്ങനെ തന്നെയാവട്ടെ.
ചൂടെണ്ണയില്‍ കടുകിന്റെ പൊട്ടിതെറി, കറിവേപ്പിലെയുടെ ചാട്ടം ആസ്വദിച്ച് അവരെ സമാധാനിപ്പിക്കാന്‍ അല്‍പ്പം ഉള്ളി എറിഞ്ഞ്,
മഞ്ഞ നിറത്തിനായി മഞ്ഞള്‍ പൊടിയും അല്പം എരിവിനായി മുളകും ചേര്‍ത്ത് എല്ലാം ശുഭം എന്ന വിചാരത്തില്‍ മോരിനെയുംപിന്നീട്
സുന്ദരരൂപത്തിലുള്ള കുമ്പളങ്ങായെയുംഅതിലേക്ക് തള്ളിയിട്ടു. പിന്നെ അവിടെ കിടന്ന് വെന്തുവാടാ പീറ കുമ്പളങ്ങേ എന്ന്
പറഞ്ഞുകൊണ്ട് എല്ലാം മൂടി വച്ചു .. പെട്ടെന്ന് വെന്തുവരാന്‍ ഉള്ളിലെ വിശപ്പിന്റെ വിളി കൊണ്ട് എന്റെ സുഹ്യത്ത് മണ്ണേണ്ണ പമ്പിന്റെ
പിസ്റ്റണ്‍ ഇടയ്ക്കിടയ്ക്ക് ചലിപ്പിക്കുമായിരുന്നു.
അവസാനം ഇതില്‍ കൂടുതല്‍ സമയം ഇത് വേവാനെടുക്കില്ലെന്ന് മനസിലായപ്പൊള്‍ ,
അല്ലെങ്കില്‍ സഹബാച്ചിയുടെ വെന്തുകാണില്ലേ? എന്നുള്ള ചോദ്യം കേട്ടപ്പോള്‍ ,ഞാ‍നതിന്റെ മൂടി തുറന്നു. പാത്രം മൂടുന്നതിനുമുമ്പ്
മഞ്ഞനിറത്തില്‍ എന്നെ കൊതിപ്പിച്ചു നിന്നിരുന്ന മോരിനെ കാണാനില്ല. മാത്രവുമല്ല, തെരിവു പട്ടികളെ എറിയാന്‍ കല്ലില്ലെങ്കില്‍ ഞാന്‍
റെഡി എന്ന് പറയുന്നതുപോലെ കുമ്പളങ്ങാ കഷണങ്ങള്‍ എന്റെ മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ഒടുവില്‍,വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ള ശാസ്ത്രജ്ഞന്മാര്‍ പോലും ആദ്യ പരീക്ഷണത്തില്‍ തന്നെ വിജയം കാണാറില്ലെന്ന സത്യം ഉദ്ധരിച്ചു കൊണ്ട് ഞാന്‍ തടിയൂരി.
പിന്നെ ഉള്ളിയും മുളക് പൊടിയും പുളിയും ഉപ്പും ചേര്‍ത്ത് മറ്റൊരു വിഭവം ഒരുവന്റെ തലയിലുദിച്ചതുകൊണ്ടും അച്ചാര്‍ റെഡിമെയ്ഡായി വാങ്ങി വച്ചിരുന്നതു കൊണ്ടും വിശപ്പിന് ആശ്വാസം നല്‍കാന്‍ കഴിഞ്ഞു. ആദ്യദിവസം തന്നെ രണ്ട് പാഠങ്ങള്‍ ഞങ്ങള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞത് അങ്ങനാണ്. കുമ്പളങ്ങായെ വേറെയിട്ട് വേവിക്കണമെന്നും മോര് തിളച്ചുപോയാല്‍ പിന്നെ മോരായിട്ട് മോന്താനാവില്ലെന്നും.
പിന്നീട് പരീക്ഷണങ്ങള്‍ തുടങ്ങുന്നതുമുമ്പ് ഓഫിസിലുള്ള ഒരു വനിതാ സഹപ്രവര്‍ത്തകയുടെ ഉപദേശം സ്വീകരിക്കുക എന്ന ബുദ്ധി ഞാന്‍ തിരിഞ്ഞെടുത്തു. ആളു മലയാളി തന്നെ. മീന്‍ കറി വച്ചപ്പോള്‍ മീന്‍ കഷണങ്ങള്‍ പൊടിഞ്ഞ് കറിയില്‍ ലയിച്ച് ചേരുന്നതിന് പ്രതിവിധി കാണാതെ ഞാന്‍ ബുദ്ധിമുട്ടുകയും. ഉപ്പ് ആദ്യമേ തന്നെ ചേര്‍ത്താല്‍ ഈ പ്രശ്നം ഉണ്ടാവില്ലെന്ന് പറഞ്ഞു തന്ന എന്റെ സഹപ്രവര്‍ത്തകയെ ഇപ്പോഴും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ബീഫ് കറി വയ്ച്ചാല്‍ അഞ്ച് പേര്‍ക്ക് ചോറ് കഴിക്കാന്‍ തികയുന്നില്ലെന്ന് കണ്ടപ്പോള്‍ ബീഫ് കറിക്ക് ,”കുറച്ച് വെള്ളം കൂടി ചേര്‍ത്ത് കുക്കറില്‍ വയ്ക്കടാ“ എന്ന് എന്റെ സുഹ്യത്തിനെ ഞാനെന്റെ സ്വയബുദ്ധിയില്‍ ഒരിക്കല്‍ ഉപദേശിച്ചു. ഒടുവില്‍ അന്നത്തെ ബീഫ് കറിക്ക് “ഇറച്ചിവെള്ളം “ എന്ന പേരു നിര്‍ദ്ദേശിച്ചത് മറ്റൊരു സുഹ്യത്തായിരുന്നു.

ടീ വി കാണല്‍ പാചകത്തിനിടെ പാടില്ലെന്ന നിയമം പാസാക്കിയത് മറ്റൊരു സംഭവത്തില്‍ നിന്നാണ്. നല്ല അയിലമീന്‍ കറിവച്ച എന്റെ സുഹ്യത്തിന്റെ ശ്രദ്ധ ടിവിയിലെ കോമഡി പരിപാടിയില്‍ നിന്ന് തിരിച്ചെത്താന്‍ താമസിച്ചു പോയി. അന്ന് അയിലമീന്‍ കറിവച്ചെങ്കിലും അവന്‍ മാത്രമത് “കരിമീനായി“ കഴിച്ചു. ബാക്കിയുള്ളവര്‍ക്ക് അവന്റെ ചിലവില്‍ അന്നത്തെ ഭക്ഷണം ഹോട്ടലിലായിരുന്നു.

പിന്നീട് ഏതു കറിവയ്ക്കാനും ഞങ്ങള്‍ അഞ്ചു പേരും വിദഗ്ദര്‍ ആയി മാറിയപ്പോള്‍ സ്വരം നന്നായാല്‍ പാട്ട് നിര്‍ത്തണമെന്ന ആത്മവാക്യം മനസിലാക്കിയല്ലാരുന്നു പാചകപരിപാടി നിര്‍ത്തിയത്, മറിച്ച് ജോലി കഴിഞ്ഞ് ട്രെയിനിലെ ഉന്തും തള്ളിലും തളര്‍ന്നു വരുന്ന ഞങ്ങളെ അലസത, മടി തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചു തുടങ്ങിയിരുന്നു.എളുപ്പമുള്ള കറികള്‍ പുതിയവ പലതും കണ്ടുപിടിച്ചത് ഈ അവസ്ഥയിലാണെന്ന് പറയാം.സത്യത്തില്‍ എവരി ബാച്ചികള്‍ അമ്മയുടെയോ സഹോദരിയുടെയോ അതുമല്ലെങ്കില്‍ ജീവിതത്തിലേക്ക് കടന്ന് വരാന്‍ പോകുന്ന ഭാര്യയുടെയോ വില മനസിലാക്കുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളിലൊന്ന് അടുക്കളയിലെ പാത്രങ്ങള്‍ കഴുകുന്ന സമയത്താവും.

അവന്‍ ചെയ്തില്ലേല്‍ പിന്നെ ഞാനെന്തിനാ മിനക്കെടുന്നത് എന്ന മത്സരബോധവും കൂടി തുടങ്ങുമ്പോള് ‍പാചകപരിപാടി അവസാനിച്ചുവെന്ന് തന്നെ പറയാം. ഇങ്ങനെ പലപ്രാവശ്യം അവസാനിക്കുകയും ഹോട്ടല്‍ ഭക്ഷണം മടുപ്പുണ്ടാക്കുമ്പോള്‍ പുനരാരംഭിക്കുന്നതുമായ ഒരു പരിപാടിയാണ് ബാച്ചിലേഴ്സ് പാചകം.

12 comments:

Unknown said...

ബാച്ചീ പാചകം, ഓടിക്കൊണ്ടിരിക്കുമ്പോള്‍ അലസത ബാധിക്കുന്ന ഒരു തമാശ അതേപടി പകര്‍ത്തിയിരിക്കുന്നൂ.......
എന്റെ ഒരു സുഹ്രുത്ത്ത് ആദ്യമായിട്ടു ഗള്‍ഫില്‍ വന്നപ്പോള്‍, ലവനെ കിച്ചനില്‍ ഇരുത്തിയിട്ടു പോയി ഞങ്ങളേല്ലാം, ജോലിക്ക്... തിരിച്ചു വരുമ്പോള്‍ കണ്ടത്, തക്കാളിയും, ഉള്ളിയും പച്ചമുളകും നിരത്തി വച്ച് അതിന്റെ മുന്‍പില്‍ ഇരുന്നു കരയുന്ന അവനെയാണ്.. എന്റെ മനസ്സില്‍ ആദ്യം ഓടി വന്നതും ഈ കാര്യം തന്നെ.. നന്നായിരിക്കുന്നു മൂസാക്കാ.....

Anonymous said...

aa kumpalanga ninne enthra sapichu kaanum athine nee nanam keduthiyille....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മൂസാക്കാ ഇക്കായുടെ മിക്ക പോസ്റ്റും ഞാന്‍ വായിക്കാറുണ്ട് അതില്‍ മൂസാക്കായുടെ കഴിവ് തികച്ചും വ്യത്യസ്ഥവുമാണ് ഇക്കായുടെ മനസ്സിലെ കാര്യങ്ങള്‍ വായനക്കാരിലെത്തിക്കുവാന്‍ കഴിയുന്ന ചില ശൈലികള്‍ നന്നായിരിക്കുന്നു അഭിനന്ദനം.

ഹരിയണ്ണന്‍@Hariyannan said...

വീട്ടില്‍ അമ്മ വച്ചുവിളമ്പിയതിനെ കുറ്റം പറഞ്ഞവര്‍ പിന്നീട് ബാച്ചികളായി ഏതെങ്കിലും ഒറ്റമുറികളില്‍ പുനര്‍ജനിക്കും.ശാപഭാരത്താല്‍ പഴയ കറികളെ ഓര്‍ത്ത് കൊതിയൂറുന്ന മനസ്സോടെ,എന്തെങ്കിലുമൊക്കെ ഉണ്ടാക്കിക്കഴിച്ച് തൃപ്തിയടഞ്ഞ് ശാപമോക്ഷത്തിനായി കാത്തിരിക്കും.
അത് എത്രയോ അകലെയാണെന്നത് മറ്റൊരു സത്യം!!

മാണിക്യം said...


“ലാലേട്ടനും മമ്മൂക്കയും ഹരിക്യഷ്ണന്‍സ് എന്ന സിനിമയില്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞ ലിസ്റ്റിലെ
നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള ചേരുവുകള്‍ ഒഴിച്ച് ബാക്കിയെല്ലാം പിന്നീട് വാങ്ങാമെന്ന് ഉറച്ചു.”


നളപാചകം വളരെ നന്നായിരിക്കുന്നു....
സ്വതസിദ്ധമായ നര്‍മ്മത്തില്‍
മൂ‍സ്സ വീണ്ടും കൈ അടി നേടുന്നു ..
ഒത്തിരി ഇഷ്ടായി ബാക്കി പ്രതീക്ഷിക്കുന്നു..

Abdhul Vahab said...

ബാച്ചീ പാചകം,

ശരിക്കും ഒരു നഗ്നമായ സത്യം. അഭിനന്ദനങ്ങള്‍

Malayali Peringode said...

ഇനിയുമെന്തെല്ലാം കാണാനും കേള്‍ക്കാനുമിരിക്കുന്നു!
ഹാ! സഹിക്കന്നെ!

നന്ദു said...

മൂസാ:)
ഹ..ഹ. കുമ്പളങ്ങാ പച്ചടി നന്നായി (ഏയ് പച്ചടി തന്നെയാണോ?)
ആ കൂട്ടുകാരൊക്കെ ഇപ്പോഴും ജീവനോടെയുണ്ടോ?.. ഈശ്വരാ

ബാച്ചികളുടേയൊക്കെ ഓരൊരൊ പ്രോബ്ലംസേ!!!!.

ഫസല്‍ ബിനാലി.. said...

ബാച്ചിലേര്സ് ഒരു പ്രസ്ഥാനം,
സംസ്ഥാന പ്രസിഡന്‍റെ ഇല്ലാത്ത പ്രസ്ഥാനം

അശംസകള്‍

Doney said...

ഹരിയണ്ണന്‍ പറഞ്ഞതാ കാര്യം...ശാപമോക്ഷമെത്ര അകലെ...

മരമാക്രി said...

ഇനി മേലാല്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

Mr. X said...

ഇതൊക്കെ തന്നെ നമ്മുടെയും കഥ...
കൊള്ളാം ട്ടോ!

മലയാളം ടൈപ്പ് ചെയ്യാന്‍?