Saturday, February 9, 2008

കിടപ്പാടം തേടി...

സുഖവും സ്വസ്തതയും നിറഞ്ഞ എന്റെ താമസസൌകര്യം നഷ്ടപെട്ടത് പെട്ടെന്നാണ്. കമ്പനിവക ഫ്ലാറ്റില്‍ ബാച്ചിലേഴ്സായ ഞങ്ങള്‍ അഞ്ചു പേര്‍(ഭാര്യ നാട്ടിലായതുകൊണ്ട് ഞാനുംബാച്ചിയല്ലേ?) സുഖമായി മൂന്ന് റൂമുകള്‍ പങ്കിട്ട് ജീവിച്ചു വരികയായിരുന്നു. പെട്ടെന്നാണ് ഫ്ലാറ്റില്‍ ബാച്ചിലേഴ്സ് അനുവദിക്കില്ലെന്നും അവരെ മാറ്റി കുടുംബക്കാരെ താമസിപ്പിക്കണമെന്ന് സ്പോണ്‍സറിന് നോട്ടിസ് കിട്ടിയത്. ഞങ്ങളും കുടുംബത്തില്‍ പിറന്നവര്‍ തന്നെ പക്ഷെ ദുബായില്‍ ആ
അര്‍ത്ഥമില്ല അതിന് . കമ്പനിയുടെ ഫ്ലാറ്റില്‍ ഇനി പറ്റില്ലെന്നറിഞ്ഞ് ഞാനാകെ വിഷമിച്ചു. കാരണം എന്റെ താമസം ഒറ്റയ്ക്ക് ഒരു റൂമിലായിരുന്നല്ലോ? ഇനി അത്തരത്തിലൊരു കിടിലന്‍ സൌകര്യം കിട്ടാന്‍ പോകുന്നില്ല.ഇനി കിടപ്പാടം സ്വയം അന്വേഷിച്ചോളാന്‍ കമ്പനിയില്‍ നിന്ന് ഓറ്ഡറ് കിട്ടി.


അല്ലാ എന്താണിപ്പോള്‍ ഇങ്ങനെയൊരു നോട്ടിസ് വരാന്‍ കാര്യം? കാര്യമറിയാന്‍ ഞാന്‍ ഒരു അന്വേഷണം നടത്തി. അടുത്ത റൂമില്‍ താമസിച്ചിരുന്ന ഫിലിപ്പയിനി ചെക്കനാണ് ഈ വിനയ്ക്ക് കാരണമെന്നറിഞ്ഞു.മേപ്പടിയാന്‍ കിച്ചണിലിലെ ജനലിലൂടെ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന അറബിതള്ളയുടെ പര്‍ദ്ദയില്ലാത്ത രൂപമൊന്ന് വീക്ഷിച്ചു പോലും. അതെങ്ങനെ
സാധിച്ചുവെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. അറബിത്തള്ള ആ ജനാലയില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ മാക്സിമം കാണാന്‍ കഴിയുന്നത് ആ
മുഖ മാത്രമായിരിക്കും. അത്രത്തോളം ഉയരത്തിലാണ് ഈ രണ്ട് ജനാലകളും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഒന്ന് കൂടി അന്വേഷിച്ചപ്പോള്‍ അറിഞ്ഞു പയ്യന്‍ കാണുക
മാത്രമല്ല ആത്മാവില്‍ നിന്നൊരു അപസ്വരം കൂടി പുറത്തിട്ടെന്ന്. വിവരം ഇത്രയുമറിഞ്ഞപ്പോള്‍ എന്റെ കോപാഗ്നി ഒന്ന് ശമിപ്പിക്കാന്‍ രണ്ട് വാക്ക് അവനോട് പറയാതെ പറ്റില്ലെന്നായി.

പാവം അവന്റെ മറുപടി ഇതായിരുന്നു. കിച്ചണില്‍ പാചകത്തിനിടെ കൂട്ടുകാരന്‍ ഒരു തമാശപൊട്ടിച്ചു. ചിരിച്ചത് അല്പം ഉച്ചത്തിലായി .ഫിലിപ്പയിനി ഡിഷിന്റെ
ഗന്ധം മുറിയില്‍ തങ്ങി നില്‍ക്കണ്ടാന്ന് കരുതി ജനാലതുറന്നത് ആ സമയത്തായിരുന്നത്രേ. അവരുടെ നോട്ടം കണ്ടപ്പൊള്‍ തന്നെ തല പിന്‍ വലിച്ചിരുന്നു. അല്പം
കഴിഞ്ഞ് അവര്‍ പോയോന്നറിയാന്‍ ഉള്ളിലെ സംശയം തലപൊക്കിയപ്പോള്‍ ഒന്ന് കൂടി എത്തി നോക്കിയത്രേ. ആ അറബ് മഹിള അവിടെത്തന്നെ ഉണ്ടായിരുന്നു.
കാര്യം ഇത്രയുമായെങ്കിലും ഫിലിപ്പൈനികള്‍ പെട്ടെന്ന് കിടപ്പാടം കണ്ടെത്തി. അവര്‍ക്കു ഒരുമയുണ്ട്, അതുകൊണ്ട് ഏതു ഉളക്കമേലിലും ആരുടെ കൂടെയും കിടക്ക
ഷെയറ് ചെയ്യാം . അഭിമാനവും അന്തസുമുള്ള ഇന്ത്യന് സര്‍വ്വോപരി മലയാളിക്കത് പറ്റില്ലല്ലൊ? പുതിയ കിടപ്പാടത്തിലേക്ക് മാറാനുള്ള കാലാവധി രണ്ടു ദിവസം ബാക്കി
നില്‍ക്കേ ഞാന്‍ എന്റെ സുഹ്യത്തിനോടൊപ്പം (ഇന്ത്യനാ മലയാളി അല്ല) ഒരു കിടപ്പാടം കണ്ടെത്തി. അല്പം ഭീമമായ തുക അഡ്വാന്‍സും കൊടുത്ത് താമസം
മാറാന്‍ വെള്ളിയാഴ്ചക്കായി കാത്തിരുന്നു.
അങ്ങനെ വെള്ളിയാഴ്ച ദിവസം ഒരു വാഹനവും സംഘടിപ്പിച്ച് സ്ഥാവരജംഗമ വസ്തു വകകള്‍ അതില്‍ ലോഡ് ചെയ്ത് ഒരു കി.മീ അകലേയുള്ള പുതിയ
കിടപ്പാടത്തിലേക്ക് വച്ചുപിടിച്ചു. സാധനങ്ങള്‍ ഒന്നന്നായി ഇറക്കി രണ്ടാം നിലയിലുള്ള കിടപ്പാടത്തില്‍ സ്വസ്ഥാനങ്ങളില്‍ വയ്ക്കവേ പുറത്ത് ഒരു വിളി. വാതില്‍ തുറന്ന്
നോക്കിയപ്പോള്‍ മധ്യവയസ്കനായ ഒരു അറബി. ആരാണിവിടെ പുതിയ താമസക്കാരന്‍ എന്ന് ഇഗ്ലീഷ് ഇങ്ങനെയും പറയാമെന്ന രീതിയില്‍ ചോദിക്കുമ്പോള്‍ ആദ്യം
അന്തിച്ചു.
പിന്നെ പറഞ്ഞു. അതെ ഞാനാണ്. കുടുംബമാണൊ? എന്ന ചോദ്യത്തിനുമുമ്പില്‍ ഞാന്‍ പതറി. ഇവിടെ കുടുംബക്കാരെ അനുവദിക്കുകയുള്ളുവെന്ന് ഇയാള്‍
പറയുമ്പോള്‍ എല്ലാം അറിഞ്ഞിട്ടാണ് ഇതിയാന്‍ വരുന്നതെന്ന് മനസിലായി.എനിക്ക് ഈ ഫ്ലാറ്റ് പരിശോധിക്കണം . ഞാനീ ബില്‍ഡിങിന്റെ എന്തോ അസോസിയേഷന്‍ മാനേജറാണെന്ന് പറഞ്ഞു കൊണ്ട് അതിയാന്‍ അകത്തേക്ക് കയറി
പെണ്ണുങ്ങള്‍ ആരുമില്ലേ ഇവിടെ? ഇയാള്‍ക്കെന്താ പെണ്ണുങ്ങളെ മാത്രം കണ്ടാ മതിയൊ? വഷളന്‍ , എന്ന് ഞാന്‍ ചിന്തിക്കുമ്പോള്‍ . എന്റെ കൂടെയുണ്ടായിരുന്ന ഒരു
മലയാളി സുഹ്യത്ത് “ആ സാധനം ഒഴിച്ച് ബാക്കിയെല്ലാം കൊണ്ട് വന്നിട്ടൊണ്ടെന്ന് പറയടാ“ന്ന് മലയാളത്തില്‍ പറയുന്നുണ്ടായിരുന്നു. പിന്നെ അരങ്ങേറിയത്
പുള്ളിക്കാ‍രന്റെ ഭീഷണി ആയിരുന്നു. പോലീസിനെ വിളിക്കും തന്റെ പേരില്‍ കേസെടുക്കുമെന്നുള്ള ഭീഷണിക്കിടയിലെപ്പൊഴോ എന്റെ ഹൌസ് ഓണര്‍ വന്നു. ശ്വാസം നേരെയാക്കി ഞാന്‍ അദ്ദേഹത്തെ എന്റെ ഹൌസ് ഓണര്‍ക്ക് കൈമാറി.

ദുബായിലെ കരാമയില്‍ പെണ്ണില്ലാതെ ജീവിക്കാന്‍ പാടില്ലെന്ന സത്യം മനസിലാക്കാന്‍ വന്നിട്ട് രണ്ട് വര്‍ഷമായ എനിക്കിപ്പഴാണ്
കഴിഞ്ഞത്. എന്തായാലും ഹൌസ് ഓണറിന്റെ പഞ്ചാരവാക്കിലൊ ചില്ലറയിലൊ അറബ് മഹാന്‍ ഒതുങ്ങി. പക്ഷെ ഈ കിടപ്പാടവും സ്ഥിരമല്ലെന്നെനിക്ക്
ബോധ്യമായി.

ഹേ അറബികളെ ഞാനൊന്ന് ചോദിച്ചോട്ടെ നിങ്ങളും ഒരുകാലത്ത് ബാച്ചികള്‍ അല്ലായിരുന്നോ? അന്ന് നിങ്ങള്‍ക്കാണ് ഈ അവസ്ഥയെങ്കില്‍ എന്തായിരിക്കുമെന്ന്
ഒരു നിമിഷം ചിന്തിച്ചു നോക്കൂ.
ആരും കുടുംബന്‍മാരോ കുടുംബിണി കളോ ആയി ജനിക്കുന്നില്ല .
സമൂഹംഅവരെ അങ്ങനെ ആക്കുകയാണ് ചെയ്യുന്നത്.
അല്ലെങ്കില്‍ സ്വയം അവര്‍ ആകുന്നു.
അതുവരെ അവര്‍ക്ക് ജീവിക്കണ്ടെ?

സമര്‍പ്പണം:
ദുബായില്‍ കിടപ്പാടം തേടുന്ന ബാച്ചികള്‍ക്കായി ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു

6 comments:

മാണിക്യം said...

ഐശ്വര്യമായി തേങ്ങാ ഞാന്‍ ഉടക്കുന്നു..
((((ട്ടേ)))
ഏതൊരു ചെറിയ സംഭവത്തെയും
രസകരമായി എഴുതി അവതരിപ്പിക്കുന്ന
മൂസ്സയുടെ കഴിവ് ഒരിക്കല്‍ കൂടി
തെളിയിച്ചിരിക്കുന്നു...
നന്മകള്‍ നേരുന്നു .

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഞാനും ഒരു ബാച്ചിയാണെ....
കൊള്ളാം നല്ല വിവരണം ആശംസകള്‍ നേരുന്നൂ..
ജീവിതമെന്ന നാടകത്തില്‍ പ്രവാസമെന്നത് നഷ്ടപ്പെടുത്തലുകളുടെ വേദിയാണൊ..? മാഷെ....
ഒരുതരത്തില്‍ പറഞ്ഞാല്‍ എല്ലാ നൈമിഷികവികാരങ്ങളും മനസ്സിലാക്കുന്നതും ഈ പ്രവാസത്തിലൂടെയല്ലെ..?

nb: എന്റെ മാണിക്യമേ ഈ തേങ്ങ ഉടയ്ക്കാന്‍ മാത്രമേ ബൂലോകത്ത് വരുകയുള്ളൊ..?ഹിഹിഹി...

ഹരിയണ്ണന്‍@Hariyannan said...

ബാച്ചികള്‍ക്കുമാത്രമല്ല,കുടുംബമുള്ളവര്‍ക്കും താമസസൌകര്യത്തിനു ബുദ്ധിമുട്ടുള്ള സ്ഥലം തന്നെ ദുബായ്!
പണ്ട് കുടുംബം വരുന്നതിനുള്ള ഒരുക്കത്തില്‍ ഫ്ലാറ്റ് അന്വേഷിച്ച് അലഞ്ഞത് എനിക്കും മറക്കാനാവില്ല!!
ഉച്ചക്ക് ഡ്യൂട്ടികഴിഞ്ഞ് നല്ല വെയിലത്ത് കെട്ടിടങ്ങള്‍ക്കിടയിലൂടെ നടക്കും.കണ്ട പോസ്റ്റിലും ഭിത്തിയിലുമൊക്കെ ഒട്ടിച്ചുവച്ച ഫോട്ടോസ്റ്റാറ്റ് പരസ്യങ്ങളിലെ നമ്പരുകള്‍ നോക്കി ഫോണ്‍ ചെയ്യും.ഒടുവില്‍ രണ്ട് കാസര്‍ഗോട്ടുകാരായ ഏജന്റുമാരുടെ നമ്പരിനുമുന്നില്‍ അടിയറവുപറയുന്നതുവരെ ആ പണിതുടര്‍ന്നു.
ബാച്ചിയായിരിക്കുമ്പോള്‍ ഏതെങ്കിലും ഒരു റൂമില്‍ സ്ഥലംകിട്ടാനുള്ള പാച്ചില്‍;കുടുംബമാവുമ്പോള്‍ അങ്ങനെ പറ്റില്ലല്ലോ..!!

കനല്‍ said...

നന്ദി മാണിക്യം,
ഞാനങ്ങ് ദേ 2 അടി മേലോട്ടായി.
സജി,
അതേ നമുക്ക് നഷ്ടപെടുത്തലിന്റെ വേദി, ഇവിടെ വരാനാഗ്രഹിക്കുന്നവര്‍ക്ക് സ്വപനങ്ങള്‍ നെയ്തെടുക്കാനുള്ള വേദി
ഹരിയണ്ണാ.
കുടുംബങ്ങള്‍ക്ക് ഇങ്ങനെ ഒരു കാരണം പറഞ്ഞ് ഓടിച്ചു വിടില്ലല്ലോ? “2 ബാച്ചികള്‍ക്ക് ഒരു ബെഡ് റൂം ഷെയറ് ചെയ്യാന്‍ കൊടുത്താല്‍ ഫ്ലാറ്റിന്റെ മൊത്ത വാടകയുടെ കാല്‍ഭാഗം താനുണ്ടാക്കിയാ മതി” ഇങ്ങനെ ഒരാള്‍ ഒരു കുടുംബമായി താമസിക്കുന്നയാളിനോട് സംസാരിക്കുന്നതും ഞാന്‍ കേള്‍ക്കാനിടയായിട്ടുണ്ട്.

kunjadu said...

kollam a gud story...

kunjadu said...

a gud ,,, fantastic macha....

മലയാളം ടൈപ്പ് ചെയ്യാന്‍?