Thursday, February 19, 2009

ഒരു കണ്ണീര്‍ കാഴ്ച

“മേരാ ടെസ്റ്റ് കാ ഡേറ്റ് ദോഡാ ആഗേ കര്‍കേ ദീജിയേ സാബ് ,
കമ്പനി മേരാ വിസ ക്യാന്‍സല്‍ കര്‍തെ ഹെ” .

26 വയസു തോന്നിക്കുന്ന ആ യുവാവിന്റെ ശബ്ദം എന്റെ കാതില്‍ വീണ്ടും വീണ്ടും മുഴങ്ങികൊണ്ടിരിക്കുന്നു. ദുബായില്‍ ഡ്രൈവിങ്ങ് ലൈസന്‍സെടുക്കാനുള്ള എന്റെ സാഹസികത 8 പ്രാവശ്യവും പൊട്ടിയിട്ടും, പ്രതീക്ഷ വിടാതെ ഇന്നലെ ഞാന്‍ ഒമ്പതാം അങ്കത്തിന് പണമടയ്ക്കാന്‍ ഗുണനിലവാരത്തിന് ISO 9000 കിട്ടിയ ഡ്രൈവിങ് സ്കൂളിന്റെ ഹെഡ് ഓഫിസില്‍ പോയതായിരുന്നു. കൌണ്ടറിലിരിക്കുന്ന അറബിയോട് ഒരു വടക്കേന്ത്യന്‍ യുവാവിന്റെ അഭ്യര്‍ത്ഥനയാണ് ഞാന്‍ മുകളില്‍ പറഞ്ഞത്.11 പ്രാവശ്യം റോഡ് ടെസ്റ്റ് ചെയ്തിട്ടും പരാജയമടങ്ങിയ ഒരു യുവാവ്. ഏതോ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ റീസഷന്‍ കാരണം ജോലി നഷ്ടപെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ ഭക്ഷണവും മറ്റും ചുരുക്കിയാവും ആ യുവാവ് നല്ല ഒരു ജോലിയും ശമ്പളവും സ്വപ്നം കണ്ട് ഈ സാഹസികതയ്ക്കു ഇറങ്ങി തിരിച്ചത്.

അയാളുടെ സംസാരത്തില്‍ നിന്ന് 28)തിയതി അയാളെ കമ്പനി നാട്ടിലേയ്ക്ക് കയറ്റി വിടുകയാണ്. മാര്‍ച്ച് 8 ന് തനിക്ക് കിട്ടിയ റോഡ് ടെസ്റ്റിന്റെ ദിവസം അതിനു മുന്‍പ് കിട്ടാനാണ് അയാള്‍ ആ അറബിയോട് യാചിക്കുന്നത്.

“നോ ഡേറ്റ് കലാസ്, കലാസ്” എന്ന് അയാളെ ഒഴിവാക്കുന്ന ആ അറബിയോട്,സംഭവത്തിന്റെ സീരിയസ് പറഞ്ഞ് മനസിലാക്കാന്‍ ഞാനും എന്റെ ഇഗ്ലീഷില്‍ ഒരു ശ്രമം നടത്തിനോക്കി. അവസാനം അറബി അയാളെ മറ്റൊരു കൌണ്ടറിലേക്ക് പറഞ്ഞുവിട്ടു.

ഗുണനിലവാരത്തിനാണ് ISO 9000 സര്‍ട്ടിഫിക്കേഷന്‍ കൊടുക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ഒരു ദിവസം ടെസ്റ്റ് ചെയ്യപ്പെടുന്ന ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും പരാജയപ്പെടുകയാണ് ചെയ്യുന്നതും.ഈ സ്ഥാപനത്തിന്റെ ഗുണനിലവാരത്തിന്എങ്ങനെയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയതെന്ന് എനിക്കും മനസിലാകുന്നില്ല.ഇന്നും ഫിനിഷിങ് പോയിന്റിലെത്തിയിട്ടില്ലാത്ത എന്റെ ഡ്രൈവിങ് പഠനത്തിലെ സംഭവങ്ങള്‍ പിന്നീട് മറ്റൊരു പോസ്റ്റിലൂടെ പറയാമെന്ന് ഉദ്ദേശിക്കുന്നു.

മലയാളം ടൈപ്പ് ചെയ്യാന്‍?