Wednesday, November 26, 2008

കുട്ടന്റെ സങ്കടങ്ങള്‍...

കുട്ടന്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കം വരുന്നില്ല. അച്ഛന്‍ അമ്മയോട് ദേഷ്യപ്പെടുന്നു. കുട്ടനെ മാറ്റികിടത്തണമത്രേ. കുട്ടന്‍ മാറി കിടക്കില്ല.കുട്ടനു ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാവില്ലേ? അച്ഛനെന്താ അത് ആലോചിക്കാത്തത്?
അല്ലെങ്കിലും അച്ഛന് ഈയിടെയായി കുട്ടനോട് സ്നേഹമില്ല. അമ്മയോടും അതു തന്നെ.ഞങ്ങള്‍ എന്തു തെറ്റു ചെയതു . ഓഫീസില്‍ മാനേജറങ്കിള്‍ അച്ഛനെ വഴക്കു പറഞ്ഞത്രേ?കുട്ടനെ ഒരു ദിവസം ഓഫീസില്‍ കൊണ്ട് പോയിരുന്നുവെങ്കില്‍ ആ അങ്കിളിന്റെ തല എറിഞ്ഞു
പൊട്ടിക്കായിരുന്നു. നല്ല ഉരുളന്‍ കല്ലുണ്ടെങ്കില്‍ കുട്ടന്റെ ഉന്നം പിഴക്കില്ല.

ഈയിടെയായി അച്ഛന്‍ കുട്ടന് ചോക്ലേറ്റ് വാങ്ങി വരാനും മറക്കുന്നു. കുട്ടനോട് അച്ഛന് അത്രയ്ക്കു
ദേഷ്യമാ. പ്രോഗ്രസ് കാര്‍ഡിലെ ഏ ഗ്രേഡ് കൊണ്ട് കാണിച്ചിട്ടും അച്ഛന്‍ ഒരുമ്മ തന്നില്ല.അമ്മയാണെങ്കില്‍ നെറ്റിയില്‍ ഉമ്മ തന്നിട്ട് എന്റെ കുട്ടന്‍ എന്നും ഇങ്ങനെ തന്നെയാവണമെന്നു പറഞ്ഞു. ഇതിനൊക്കെ വേണ്ടിയല്ലേ കുട്ടന്‍ കഷ്ടപെട്ട് സ്കൂളില്‍ പോകുന്നത്. അല്ലാണ്ട് സ്കൂളില്‍ പോകാന്‍ കുട്ടന് ഇഷ്ടമുണ്ടായിട്ടാ?

ടിവി കാണുന്നതിനും അമ്മയെ അച്ഛന്‍ വഴക്കു പറഞ്ഞു. അമ്മയുടെ ഫേവറയിറ്റ് സീരിയല്‍ അല്ലേ
അത് . ആ സീരിയലിലെ സെലീനചേച്ചിയുടെ ഉണ്ണിയെ പോലാ ഞാനെന്ന് അമ്മ പറയാറുണ്ട്.
അമ്മയെ പോലെ അച്ഛനെന്താ എന്നെ സ്നേഹിക്കാത്തത്?

അമ്മ ഉറങ്ങിയെന്നാ തോന്നുന്നത് . അച്ഛന്റെയും അമ്മയുടെയും ഇടയില്‍ കിടന്ന് ഉറങ്ങാന്‍
കുട്ടനെന്തൊരു സുഖമാ? കുട്ടന്‍ കണ്ണുകള്‍ അടച്ചു. കണ്ണു തുറന്നാല്‍ അച്ഛന്‍ ഇനിയും ഒച്ച വെയ്ക്കും. ടാ
നിനക്ക് ഉറക്കമില്ലേന്ന്.
അച്ഛനും ഉറങ്ങിയെന്നു തോന്നുന്നു. ഇല്ല അച്ഛന്‍ ദേ എഴുന്നേല്‍ക്കുന്നു. മങ്ങിയ വെളിച്ചത്തില്‍ കുട്ടന്‍ കണ്ടു. അച്ഛന്‍ തന്നെ എടുത്ത് മാറ്റി കിടത്തുന്നു. സാരമില്ല എന്തായാലും ഇനിയും കരഞ്ഞു ബഹളം വെച്ചാല്‍ അച്ഛന്‍ അമ്മയെയും വഴക്കു പറയും. തന്റെ തെറ്റിനും പാവം അമ്മയല്ലേ ഈയിടെയായി വഴക്കു കേള്‍ക്കുന്നത്.കുട്ടന്‍ കണ്ണുകള്‍ അടച്ചു തന്നെ കിടന്നു. അച്ഛന്‍ അതാ അമ്മയുടെ അടുത്തേക്ക്. അമ്മയെ തല്ലാനായിരിക്കുമോ?. അമ്മയെ തല്ലിയാല്‍ കുട്ടന്‍ കരഞ്ഞു ബഹളം വെയ്ക്കുമെന്ന് കരുതി വഴക്കു പറഞ്ഞാലും അമ്മയെ അച്ഛന്‍ തല്ലാറില്ല. ചിലപ്പോള്‍ കുട്ടന്‍ ഉറങ്ങിയ തക്കത്തിന് അച്ഛന്‍....
അമ്മേ....
കുട്ടന്‍ ഉച്ചത്തില്‍ നിലവിളിച്ചു

മലയാളം ടൈപ്പ് ചെയ്യാന്‍?